सद्गुरु

ചോദ്യകര്‍ത്താവ്: പ്രിയപ്പെട്ട സദ്ഗുരു, എനിക്കു ചുറ്റുമുള്ള ജീവിതം എനിക്കെങ്ങനെ ശരിക്കുമറിയാന്‍ കഴിയും?

സദ്ഗുരു: ഒരു ചിന്തയ്ക്ക് ജീവിതത്തെ അറിയാന്‍ കഴിയില്ല. ഒരു വികാരത്തിന് ജീവിതത്തെ അറിയാന്‍ കഴിയില്ല. ഒരു അഹംബോധത്തിന് ജീവിതത്തെ അറിയാന്‍ കഴിയില്ല. ജീവിതത്തിനു മാത്രമേ ജീവിതത്തെ അറിയാന്‍ കഴിയൂ. ചിന്തകളുടെയും, അഭിപ്രായങ്ങളുടെയും, വികാരങ്ങളുടെയും ഒരു ഭാണ്ഡമാകുന്നത് അവസാനിപ്പിച്ച്, ഒരു ജീവനായി - തുടിക്കുന്ന, സ്പന്ദിക്കുന്ന ഒരു ജീവനായി - ഇവിടെ ജീവിക്കുകയാണെങ്കില്‍, ജീവിതത്തെ അറിയുകയെന്നത് തികച്ചും സ്വാഭാവികമാണ്. അതിനാല്‍ നമ്മള്‍ ജ്ഞാനോദയമെന്ന് ഉദ്ദേശിക്കുന്നത് ഇതു മാത്രമാണ് - ഒരു ചിന്തയാകുന്നതിനു പകരം, ഒരു വികാരമാകുന്നതിനു പകരം, ഒരു അഹംബോധമാകുന്നതിനു പകരം, നിങ്ങള്‍ ജീവിതമാകൂ, വെറും ജീവിതം. ഒരുതരത്തില്‍ അതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം.

ജ്ഞാനോദയമല്ല പരമമായ കാര്യം. ഒരു തരത്തില്‍ അതാണുതാനും. മറ്റൊരുതരത്തില്‍, അതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. കാരണം ആത്യന്തികമായി നിങ്ങള്‍ ജീവനാണ്, പിന്നീടാണ് മറ്റെല്ലാം, അല്ലേ? നിങ്ങള്‍ക്കു ജീവനുള്ളതുകൊണ്ടുമാത്രമാണ് ചിന്തിക്കാന്‍ കഴിയുന്നത്. നിങ്ങള്‍ക്കു ജീവനുള്ളതുകൊണ്ടുമാത്രമാണ് വികാരങ്ങള്‍ ഉള്ളത്. നിങ്ങള്‍ക്കു ജീവനുള്ളതു കൊണ്ടു മാത്രമാണ് അഹംബോധമുണ്ടാവുന്നത്. അതിനാല്‍ ഏറ്റവും മൗലികമായത് ജീവനാണ്. അത് ഏറ്റവും മൗലികമാകുന്നതുപോലെയാണ്, മറ്റൊന്നുമല്ലാതെ വെറും ശുദ്ധമായ ജീവന്‍. അവിടെ മറ്റെല്ലാ കാര്യങ്ങളുമുണ്ട്, പക്ഷേ നിങ്ങള്‍ അവയുമായി താദാത്മ്യം പ്രാപിക്കുന്നില്ല. അനുഭവപരമായും ബുദ്ധിപരമായും ഞാനിതല്ല, ഞാനതല്ല എന്നുള്ള അറിവ് ഒരു വ്യക്തിയെ സ്വതന്ത്രനാക്കുന്നില്ല. അതിലും ആഴത്തിലുള്ള ചിലത് ആവശ്യമാണ്.

നിങ്ങള്‍ക്കു ജീവനുള്ളതു കൊണ്ടു മാത്രമാണ് ചിന്തിക്കാന്‍ കഴിയുന്നത്. നിങ്ങള്‍ക്കു ജീവനുള്ളതു കൊണ്ടു മാത്രമാണ് വികാരങ്ങള്‍ ഉള്ളത്. നിങ്ങള്‍ക്കു ജീവനുള്ളതു കൊണ്ടു മാത്രമാണ് അഹംബോധമുണ്ടാവുന്നത്. അതിനാല്‍ ഏറ്റവും മൗലികമായത് ജീവനാണ്.

ഇപ്പോള്‍, നിങ്ങളുടെ നിലനില്പിന്‍റെ കേന്ദ്രം നിങ്ങളുടെ വ്യക്തിത്വമോ നിങ്ങളുടെ താദാത്മ്യമോ ആണ്. എല്ലാ വ്യക്തിത്വങ്ങളും നിങ്ങള്‍ എടുത്തണിഞ്ഞിരിക്കുന്നു; അവ ഒരു 'മൂടുപടം' ആണ്. അതിനാല്‍ നിങ്ങളുടെ നിലനില്പിന്‍റെ കേന്ദ്രബിന്ദുതന്നെ നിങ്ങളണിഞ്ഞിരിക്കുന്ന മൂടുപടമാണ്. അത് യാഥാര്‍ത്ഥ്യത്തിലധിഷ്ഠിതമല്ല. അങ്ങിനെ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമല്ലാതെയിരിക്കുമ്പോള്‍, ജീവിതത്തെ അതായിരിക്കുന്ന തരത്തില്‍ അനുഭവിക്കുന്നത് എങ്ങനെയെന്ന പ്രശ്നമേ ഉദിക്കുന്നില്ല.

ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞു, ജീവിതത്തെ അതെങ്ങനെയാണോ അങ്ങനെ നിങ്ങള്‍ക്കറിയണമെന്ന് - പൂക്കളെയും, ചന്ദ്രനെയും, മേഘങ്ങളെയുമെല്ലാം. ഇന്ന് മേഘാവൃതമായതിനാല്‍ ചന്ദ്രനെ അറിയാനുള്ള സാധ്യതയില്ല. പക്ഷെ നിങ്ങള്‍ വെറും ജീവനാവുകയാണെങ്കില്‍, മേഘങ്ങളില്ല, ചന്ദ്രനില്ല, പൂക്കളില്ല, തുടിക്കുന്ന ജീവന്‍ മാത്രമേയുള്ളൂ. നിങ്ങളെങ്ങനെയാണോ അതുപോലെയാണ് മറ്റുള്ളതെല്ലാം. പൂക്കളും, മേഘങ്ങളും, മലകളും, ചന്ദ്രനുമെല്ലാം നിലനില്ക്കുന്നത് നിങ്ങള്‍ വെറും ജീവനല്ലാതെ മറ്റെന്തോ ആയതുകൊണ്ടാണ്. നിങ്ങള്‍ വെറും ജീവനാകുകയാണെങ്കില്‍, ആ കാര്യങ്ങളൊന്നുംതന്നെ ഉണ്ടാകില്ല - ജീവന്‍ മാത്രമെ ഉണ്ടാകുകയുള്ളൂ. തുടിക്കുന്ന ഊര്‍ജഖണ്ഢം മാത്രം.

നിങ്ങള്‍ക്കതിനെ സൃഷ്ടിയെന്നു വിളിക്കാം. നിങ്ങള്‍ക്കതിനെ സ്രഷ്ടാവെന്നു വിളിക്കാം. അല്ലെങ്കില്‍ 'ഞാന്‍' എന്നു വിളിക്കാം. എല്ലാം ഒന്നുതന്നെ. നിങ്ങളെന്തു തന്നെ വിളിച്ചാലും, അതു വെറും ജീവനാണ്. ചിലത് പ്രത്യക്ഷമാണ്, കൂടുതലും പരോക്ഷമാണ്. എങ്കിലും അത് ജീവനാണ്. ഞാന്‍ എല്ലാറ്റിനെയും 'ജീവന്‍' എന്നു വിളിക്കുന്നു, കാരണം എല്ലാം ഏതെങ്കിലും തരത്തിലുള്ള ചലനത്തിലാണ്. എല്ലാം ഏതെങ്കിലും തരത്തിലുള്ള സാധ്യതയാണ്. ഈ പ്രപഞ്ചത്തിലുള്ള ഓരോ അണുവും ഓരോ സാധ്യതയാണ്. അതിനാല്‍ അതു ജീവനാണ്. നിങ്ങള്‍ ജീവിതമെന്നു വിളിക്കുന്നത് വെറും ഒരു സാധ്യതയാണ്. അതില്‍ നിന്ന് നിങ്ങള്‍ എന്തുണ്ടാക്കുന്നു എന്നുള്ളതാണ് എല്ലാം, അല്ലേ?