सद्गुरु

"ഗുരുവെന്നാല്‍, ആ വ്യക്തിയെ കാണുമ്പോള്‍ തന്നെ മനസ്സില്‍ ഊര്‍ജ്ജപ്രവാഹമുണ്ടാവണം. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യംതന്നെ ഉല്ലാസപ്രദമാവണം' എന്നെല്ലാമാണോ വിചാരിച്ചിരിക്കുന്നത്. എങ്കില്‍തെറ്റിപ്പോയി.

വികാരവിജ്രംഭിതനാക്കുന്നതും ഉത്സാഹപ്പെടുത്തുന്നതും തല്‍ക്കാലത്തേക്ക് പ്രയോജനപ്പെടും. നാളെ ഈ വിദ്യ ഫലിക്കാതെയും വരാം. അതിനുപകരം ഒഴിവാക്കാനാവാത്ത ആ പരമസത്യത്തെ നിങ്ങളുടെ ഉള്ളിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞാല്‍ അത് അവിടെയിരുന്ന് അവിരാമം പ്രവര്‍ത്തിക്കും.

ഗുരു നിങ്ങളെ ഉത്തേജിപ്പിക്കാന്‍ വന്ന ആളല്ല. നിങ്ങളെ സമാധാനപ്പെടുത്തുന്നതും ധൈര്യപ്പെടുത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും അല്ല അദ്ദേഹത്തിന്‍റെ ജോലി. നിങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ചില അതിരുകള്‍ തകര്‍ത്തെറിയാനാണ് ഗുരു വന്നിരിക്കുന്നത്. നിങ്ങള്‍ കുരുങ്ങിയിരിക്കുന്ന ചങ്ങലക്കെട്ടുകളില്‍നിന്നു നിങ്ങളെ സ്വതന്ത്രനാക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്.

ഒരു മുറിക്കുള്ളില്‍ അടച്ചുപൂട്ടി കഴിയുന്നതിനേക്കാള്‍ അഭികാമ്യം സ്വതന്ത്രനായി ആപത്തുകള്‍ അഭിമുഖീകരിക്കുന്നതാണ്.പരിധിക്കുള്ളില്‍ കഴിയാന്‍ ഉറുമ്പുപോലും ഇഷ്ടപ്പെടുന്നില്ല.

ഒരു മുറിക്കുള്ളില്‍ അടച്ചുപൂട്ടി കഴിയുന്നതിനേക്കാള്‍ അഭികാമ്യം സ്വതന്ത്രനായി ആപത്തുകള്‍ അഭിമുഖീകരിക്കുന്നതാണ്.പരിധിക്കുള്ളില്‍ കഴിയാന്‍ ഉറുമ്പുപോലും ഇഷ്ടപ്പെടുന്നില്ല. ഏതു ജീവിക്കും സ്വതന്ത്രമായി വിഹരിക്കാനാണ് ഇഷ്ടം. ഈ സ്വാതന്ത്ര്യതൃഷ്ണ സമസ്തജീവികളിലും കാണാനാവും.

ഏതിനോടെങ്കിലും ബന്ധിക്കപ്പെട്ട് കഴിയമ്പോള്‍, ജീവനു സംതൃപ്തിയുണ്ടാവില്ല. അതുകൊണ്ടുതന്നെ ഒന്നു ലഭിക്കുമ്പോള്‍ അടുത്തതിനെ തേടി അതു പോയ്ക്കൊണ്ടേയിരിക്കും. ഇതാണ് മുക്തിക്കുള്ള അന്വേഷണം. ഈ തേടലിനെ തികഞ്ഞ ജാഗ്രതയോടെ നടത്തുവാന്‍ ഗുരു സഹായിക്കും. ഉണര്‍ന്ന ചേതനയോടെ മുക്തിമാര്‍ഗ്ഗത്തിലേക്ക് സഞ്ചരിക്കാനും അതു നേടുവാനും ഗുരു തുണചെയ്യുന്നു.

ഭഗവത്ഗീതയില്‍ നിന്നോ ബൈബിളില്‍ നിന്നോ ഖുറാനില്‍ നിന്നോ രണ്ടു പേജ് വികാരാധീനനായി ചൊല്ലിക്കഴിയുമ്പോള്‍ അയാളെ ഗുരുവെന്ന് കരുതിക്കളയും. മതപ്രബോധകന്‍ വേറെ, ഗുരു വേറെ. അക്ഷരാഭ്യാസമില്ലാതിരുന്ന കാലത്ത് പരിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നു കരുതപ്പെട്ട പുസ്തകങ്ങളൊക്കെ അക്ഷരമറിയാവുന്ന ആരൊക്കെയോ വായിച്ച് അതിനു വിശദീകരണവും നല്‍കിയപ്പോള്‍ മറ്റു പോംവഴികള്‍ ഒന്നുമില്ലാതെ അത് അപ്പാടെ സ്വീകരിക്കേണ്ടിവന്നു. ആ അവസ്ഥ മാറി എത്രയോ കാലമായിട്ടും അവരെത്തന്നെ ആശ്രയിച്ചു കഴിയുന്നത് നിരര്‍ത്ഥകമാണ്.

"ഗുരുവേ മുക്തിക്കു വഴിയെന്ത്?" ശിഷ്യന്‍ ചോദിച്ചു. "ഹിമാലയത്തിലേക്ക് പോകൂ. ഭഗവത് ഗീതയുമായി സദാ സമയവും കഴിയുക. വേറൊന്നിലും ശ്രദ്ധ തിരിയരുത്. മുക്തി ഉറപ്പ്."
കുറെ മാസങ്ങള്‍ കഴിഞ്ഞ് ശിഷ്യനെ കാണാന്‍ ഗുരു ഹിമാലയത്തിലെത്തി. ശിഷ്യന്‍ വ്യസനത്തോടെ ഗുരുവിനെ സ്വീകരിച്ചു.

'താങ്കള്‍ പറഞ്ഞപോലെ ചെയ്തു. പക്ഷേ വഴക്കും വക്കാണവുമായി എന്നല്ലാതെ വേറെ ഒരു ഗുണവുമില്ല. താങ്കള്‍ വേണം ഇവരെ ഉപദേശിച്ചു നേരെയാക്കാന്‍" ശിഷ്യന്‍ വീട്ടിനുള്ളിലേക്കു നോക്കി "ഹേ ഭഗവതി, ഗീതാ രണ്ടുപേരും ഒന്നിറങ്ങിവന്നേ. എന്‍റെ ഗുരു കാണാന്‍ വന്നിരിക്കുന്നു" എന്നു പറഞ്ഞു!
ഗുരു ഒന്നും പഠിപ്പിക്കുന്ന ആളല്ല. ജനനത്തില്‍ നിന്നും മരണത്തില്‍നിന്നും സ്വതന്ത്രമാവാന്‍ സഹായിക്കുന്നയാളാണ്. ഈ ജډത്തില്‍നിന്നും സ്വതന്ത്രനാവാന്‍ ആവശ്യമുള്ള ചില ഉപകരണങ്ങള്‍ അദ്ദേഹം തയ്യാറാക്കിത്തരുന്നു. അത്രതന്നെ.

ഗുരു തത്വജ്ഞാനിയല്ല. അദ്ധ്യാപകന്‍ അല്ല. ഒരു പ്രത്യേക ലക്ഷ്യത്തിലെത്തിച്ചേരാന്‍ വഴി കാട്ടുന്ന ജീവനുള്ള വഴികാട്ടിയാണ് ഗുരു. ഇത്തരം വഴികാട്ടിയില്ലാതെ ലക്ഷ്യത്തിലെത്താന്‍ സാധിക്കില്ലേ? തീര്‍ച്ചയായും സാധിക്കും. സാഹസങ്ങള്‍ക്കു തയ്യാറുണ്ടെങ്കില്‍ ശ്രമിച്ചുനോക്കാം. പക്ഷെ, പലപ്പോഴും വഴിതെറ്റും. ചിലപ്പോള്‍ തട്ടിവീഴും. കറങ്ങിക്കറങ്ങി നടന്ന് ലക്ഷ്യം കാണാതെ പോകാം. ഇങ്ങനെയൊന്നും സംഭവിക്കാതെ ഗുരു ഈ ജോലി എളുപ്പമാക്കിത്തരും.

നിങ്ങള്‍ക്ക് വേദനകളില്‍നിന്നു മോചനം വേണം, ആരോഗ്യം വേണം. ശരീരവും മനസ്സും സ്വന്തം നിയന്ത്രണത്തിലാണെങ്കില്‍ മാത്രമേ ഇതൊക്കെ സാധിക്കൂ. ഇത്തരം ഒരു അന്തരീക്ഷം സൃഷ്ടിച്ചുതരുന്നയാളാണ് ഗുരു. ഞാന്‍ എങ്ങനെയാണ് ഗുരുവായത്? ആരു പറഞ്ഞാലും അനുസരിക്കാത്തവനാണ് ഞാന്‍. എന്‍റെ വാക്കുകേട്ട് അനുസരിച്ച് ആരെങ്കിലും നടക്കണം എന്നു ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ പരമാനന്ദത്തിന്‍റെ അവസ്ഥയില്‍ ഞാന്‍ എത്തിയപ്പോള്‍, എന്‍റെ ശരീരത്തിലെ ഓരോ കണികയും ആ അവസ്ഥയില്‍ നിറഞ്ഞു തുളുമ്പി ഹര്‍ഷപുളകിതമായപ്പോള്‍ എന്‍റെ ചുറ്റുമുണ്ടായിരുന്ന എല്ലാവര്‍ക്കും ഇതേ അനുഭവം സാദ്ധ്യമാണ്എന്ന് ആ ഊര്‍ജ്ജ പ്രവാഹംകൊണ്ട് ഞാനറിഞ്ഞു.

ഒന്നുമല്ലാത്ത ഒന്നിനെ തേടുന്ന ഈ അന്വേഷണത്തില്‍ മേല്‍പ്പറഞ്ഞ ആനന്ദാനുഭൂതി നഷ്ടമാക്കിയവരോട് എന്‍റെ അനുഭവം; എന്‍റെ നേട്ടം തുടങ്ങിയവയെല്ലാം പങ്കിടാന്‍ ഞാന്‍ വിരഞ്ഞു. ഒരു പ്രത്യേകഘട്ടമായപ്പോള്‍ ഈ പങ്കുവെക്കലില്‍ പങ്കാളികളാകാന്‍ വന്നവരുടെ എണ്ണം പെരുകിവന്നു. അതു നിയന്ത്രിക്കാനും ചിട്ടയിലാക്കാനുംവേണ്ടി ഞാനും ക്ലാസ്സുകള്‍ തുടങ്ങി.

ഗുരു ശിഷ്യബന്ധത്തില്‍ ഇതിനെല്ലാം അപ്പുറത്ത് രണ്ട് മനസ്സുകള്‍ തമ്മിലുള്ള അടുപ്പം പൂവിടുന്നു. മറ്റാരും സ്പര്‍ശിക്കാത്ത ഒരു പരിമാണത്തെ തൊട്ടുണര്‍ത്താന്‍ ഗുരുവിനു മാത്രമേ കഴിയൂ.

സാധാരണ ഗതിയില്‍ ബന്ധം എന്നു പറയുമ്പോള്‍ അത് ശരീരവുമായിട്ടുള്ള ബന്ധത്തെക്കുറിച്ചാവാം, മാനസികമായ ബന്ധത്തെക്കുറിച്ചാവാം, വൈകാരികമായ ബന്ധത്തെക്കുറിച്ചും ആവാം. എന്നാല്‍ ഗുരു ശിഷ്യബന്ധത്തില്‍ ഇതിനെല്ലാം അപ്പുറത്ത് രണ്ട് മനസ്സുകള്‍ തമ്മിലുള്ള അടുപ്പം പൂവിടുന്നു. മറ്റാരും സ്പര്‍ശിക്കാത്ത ഒരു പരിമാണത്തെ തൊട്ടുണര്‍ത്താന്‍ ഗുരുവിനു മാത്രമേ കഴിയൂ.

നിങ്ങളുടെ അഹങ്കാരത്തിന് അദ്ദേഹം തുണ നല്‍കില്ല. അതിനെ കഷണങ്ങളാക്കി, മധുരിക്കുന്ന ഭക്ഷ്യമാക്കി നിങ്ങള്‍ക്കു തന്നെ നല്‍കാന്‍ ഗുരുവിനേ കഴിയൂ. നിങ്ങളെ ഉറക്കാതെ, സദാ ഉണര്‍ന്നിരിക്കാന്‍, ഉണര്‍വോടെയിരിക്കാന്‍ ഗുരു പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

ഏറ്റവും സൗകര്യത്തോടെ ആരോടൊപ്പം കഴിയാന്‍ ആവുന്നുണ്ടോ അദ്ദേഹം യഥാര്‍ത്ഥ ഗുരുവല്ല, പക്ഷെ ആരുടെ സാമീപ്യത്തിലാണോ നിങ്ങള്‍ക്ക് ഏറ്റവും അസൗകര്യം തോന്നുന്നത്, ആ വ്യക്തിയെ ആ നിലയിലും വേര്‍പിരിയാന്‍ കഴിയാതെ, മനസ്സുകൊണ്ട് ഇഷ്ടപ്പെടുമ്പോഴാണ് അദ്ദേഹം യഥാര്‍ത്ഥ ഗുരുവാകുന്നത്.

ഞാന്‍ ഗുരുവെന്ന നിലയില്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. എന്നെ എങ്ങനെ മറിച്ചിട്ടാലും ജയം തന്നെ. ആരാമങ്ങളില്‍ അധിവസിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുമ്പോള്‍, "ഇല്ല വരുന്നില്ല" 'മരുഭൂമിയിലേ ജീവിക്കുന്നുള്ളു" എന്നു പറഞ്ഞ് നിങ്ങള്‍ വഴിമാറിപ്പോയാല്‍ അത് എന്‍റെ തോല്‍വിയല്ലല്ലോ!

ഒരു വ്യക്തിയെന്ന നിലയില്‍ ഈ സമൂഹത്തിനും രാജ്യത്തിനും എന്തൊക്കെ ചെയ്യണം എന്ന് ആഗ്രഹിക്കുന്നോ അതെല്ലാം ഞാന്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. എവിടെയെങ്കിലും എന്തെങ്കിലും കുത്തിനിറയ്ക്കണം എന്നുള്ള ചിന്തയോടെ ഞാന്‍ ഒന്നും ചെയ്യുന്നില്ല.

സത്യത്തില്‍ എനിക്കു വേണ്ടത് കിട്ടിക്കഴിഞ്ഞിരിക്കുന്നു. വെറുതെ കണ്ണടച്ച് ഇരുന്നാല്‍ മതി. പക്ഷെ മറ്റുള്ളവര്‍ക്ക് എന്‍റെ ആവശ്യം ഉണ്ട്. എന്തു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോഴും അതില്‍ എന്‍റെ ജീവന്‍തന്നെയുണ്ട് എന്ന കരുതലിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.

ഒരു ഗുരുവെന്നനിലയില്‍ എന്‍റെ സ്വപ്നം എന്താണ് എന്നറിയണ്ടേ? എന്നെങ്കിലുമൊരുനാള്‍ ഇവിടെയുള്ളവരുടെ എല്ലാം അകക്കണ്ണുകള്‍ പൂര്‍ണ്ണമായും വിടര്‍ന്നു വിരിയണം. അപ്പോള്‍ എന്‍റെ പ്രവര്‍ത്തനമോ, സാന്നിദ്ധ്യമോ അവര്‍ക്കു വേണ്ടാതെയാവും. ആ നിറവാര്‍ന്ന നാള്‍ വന്നു ചേരണം അതാണ് എന്‍റെ സ്വപ്നം.

ചോദ്യം:- ഒരു ഗുരുവിന്‍റെ കടമ എന്താണ്?

ഗുരു:- ഞാന്‍ പറയുന്നതുകേട്ടു നിങ്ങള്‍ ഞെട്ടരുത്. ഒരു ഗുരുവിന്‍റെ ലക്ഷ്യം അടിസ്ഥാനപരമായി സംഹരിക്കലാണ്.

നിങ്ങളുടെ ഇന്നത്തെ അവസ്ഥയെ പരിപൂര്‍ണ്ണമായി നശിപ്പിച്ചാലല്ലാതെ ഇതിനെക്കാള്‍ മഹത്തായ ഒന്ന് അനുഭവിക്കാന്‍ നിങ്ങള്‍ തയാറാവുകയില്ല. നിങ്ങളെ ബന്ധിച്ചിരിക്കുന്ന തളകളെല്ലാം മുറിച്ചു മാറ്റിയാല്‍ മാത്രമേ പരിധികളില്ലാത്തതിന്‍റെ രുചി ആസ്വദിക്കാനാവൂ. നിങ്ങളുടെ അഹങ്കാരത്തെ തുടര്‍ച്ചയായി അരിഞ്ഞുകളഞ്ഞാല്‍ മാത്രമേ ചില ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ നിങ്ങള്‍ക്കു കഴിയുകയുള്ളൂ. അത്തരം ഉന്നത അനുഭവങ്ങളിലേക്ക് ആനയിക്കാന്‍ നിങ്ങളിലെ ചില അടിസ്ഥാനവൈകല്യങ്ങളെ അരിഞ്ഞ് അഴിക്കുന്ന സുഹൃത്താണ് ഗുരു.