सद्गुरु

നമ്മുടെ സംസ്കാരത്തിന്‍റെ വളർച്ചയിൽ പുരാതന ഭാരതത്തെ ഏഴു നദികളുടെ നാട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നദികൾ ഇത്രയും പ്രധാനപെട്ടതായതു കൊണ്ടാണ് നാം നദികളെ പൂജിക്കുന്നത്. പക്ഷെ നാം അവയെ പൂജിക്കുകയേ ചെയ്തുള്ളൂ; അവയെ സംരക്ഷിച്ചില്ല.

കോടിക്കണക്കിനു വര്‍ഷങ്ങളായി ഈ നദികൾ ഇവിടെ ഒഴുകികൊണ്ടിരിക്കുകയാണ്. പക്ഷെ ഇന്ന് ഈ നദികൾ അപകടത്തിന്‍റെ വക്കിലാണ്. നമ്മുടെ ശ്രദ്ധ മുഴുവനും നദികളെ എങ്ങിനെ പ്രയോജനപ്പെടുത്താം, അണക്കെട്ടുകൾ എങ്ങിനെ പണിയാം, കനാലുകൾ എങ്ങിനെ ഉണ്ടാക്കാം, നദികളെ ഉപയോഗിച്ച് എങ്ങിനെ കൂടുതൽ ഭക്ഷണം ഉൽപാദിപ്പിക്കാം എന്നിവയിലായിരുന്നു. ഒരു ബില്യൺ ആളുകൾക്ക് ഭക്ഷണം ഉത്പാദിപ്പിച്ചു എന്ന റെക്കോർഡ് നമുക്കുണ്ട്. ഇത് ഒരു ചെറിയ നേട്ടമല്ല. പക്ഷെ ഇതിനിടയിൽ നാം ഒന്ന് കൂടി ചെയ്തിട്ടുണ്ട്; വരും തലമുറകൾക്ക് കുടിക്കുവാനും, കഴിക്കുവാനും ഒന്നും ഉണ്ടാകില്ല എന്ന സ്ഥിതിയിലേക്ക് നാം എത്തി ചേർന്നു.

കോടിക്കണക്കിനു വര്ഷങ്ങളായിട്ട് ഈ നദികൾ ഇവിടെ ഒഴുകികൊണ്ടിരിക്കുകയാണ്. പക്ഷെ ഇന്ന് ഈ നദികൾ അപകടത്തിന്‍റെ വക്കിലാണ്.

ഇന്നത്തെ രീതിയിൽ നമ്മുടെ നദികൾ നശിച്ചുകൊണ്ടിരുന്നാൽ ഇരുപതു വർഷത്തിനകം അവയെല്ലാം മഴക്കാലത്ത്‌ മാത്രം ഒഴുകുന്നവയായി തീരും. കോടിക്കണക്കിനു വര്ഷങ്ങളായി എക്കാലവും ജലം നല്കികൊണ്ടിരുന്ന ഈ നദികൾ , രണ്ട് തലമുറകളുടെ സമയം കൊണ്ട് വല്ലപ്പോഴും മാത്രം നീരൊഴുക്കുള്ളവയായി തീരും. കാവേരി നദി മൂന്ന് മാസത്തോളം സമുദ്രത്തിൽ എത്തുന്നില്ല; എന്നിട്ടും രണ്ട് സംസ്ഥാനങ്ങൾ ഈ ജലത്തിനായി യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. കൃഷണ നദിയും നാലോ അഞ്ചോ മാസക്കാലം സമുദ്രത്തിൽ എത്തുന്നില്ല. ഇതു തന്നെയാണ് എല്ലായിടത്തും സംഭവിക്കുന്നത്. മറ്റു പല അനിശ്ചിതാവസ്ഥകളേയും നമുക്ക് നേരിടുവാൻ കഴിഞ്ഞേക്കും; പക്ഷെ ജലം ഇല്ലാതാകുകയും, ഭക്ഷണം ഉത്പാദിപ്പിക്കുവാൻ സാധിക്കാതെ വരുകയും ചെയ്‌താൽ നാം കടുത്ത പ്രതിസന്ധിയിലാകും.

ഒരു വർഷം കൊണ്ട് 5.3 ബില്യൺ ടൺ മേൽ മണ്ണാണ് നമുക്ക് നഷ്ടപ്പെടുന്നത്. അതായത് ഏകദേശം ഒരു മില്ലി മീറ്റർ കനത്തിൽ ഉള്ള മേൽ മണ്ണ്. ഈ നഷ്ടം വന്ന മണ്ണ് തിരിച്ചു കൊണ്ടുവരാതെ, ഇതേ രീതിയിൽ നാം മുന്നോട്ടു പോകുകയാണെങ്കിൽ മുപ്പത്തഞ്ചോ, നാല്പതോ വർഷത്തിനകം നമുക്ക് കൃഷി ചെയ്യുവാൻ പറ്റിയ മണ്ണ് ഇല്ലാതാകും. ഭക്ഷ്യോത്പാദനത്തിനുള്ള നമ്മുടെ കഴിവ് വളരെ വേഗത്തിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മുപ്പത്തഞ്ചോ, നാല്പതോ വർഷത്തിൽ നമ്മുടെ മേൽ മണ്ണിന്‍റെ ഇരുപത്തി അഞ്ചു ശതമാനം ഇല്ലാതായി കഴിഞ്ഞു. ഇങ്ങിനെ തുടർന്നാൽ നമ്മുടെ രാജ്യം ഒരു മരുഭൂമിയായി തീരും.

പ്രാചീന കാലം മുതലേ തന്നെ നാം പിന്തുടരുന്ന സമ്പ്രദായം ഇതാണ് - വിളവെടുപ്പ് കഴിഞ്ഞാൽ ചെടിയുടെ ബാക്കി ഭാഗങ്ങളെല്ലാം, മൃഗങ്ങളുടെ അവശിഷ്ടങ്ങളും മണ്ണിൽ തന്നെ ഇടും. പക്ഷെ ഇന്ന് നമ്മൾ എല്ലാം എടുക്കുകയാണ്; മണ്ണിലേക്ക് ഒന്ന് നിക്ഷേപിക്കുന്നില്ല. വളം ഇട്ടു കൊടുത്താൽ എല്ലാം ശരിയാകുമെന്നാണ് നമ്മുടെ വിചാരം. അങ്ങിനെ ഒന്നും സംഭവിക്കില്ല. നമ്മൾ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്‍റെ പോഷക ഗുണവും, സ്വാദും കുറഞ്ഞു വരികയാണ്. നമ്മുടെ ഭൂമിയെ മരുഭൂമിയാക്കി മാറ്റുന്നതുകൊണ്ട്, ഭക്ഷണം ഉത്പാദിപ്പിക്കുവാനുള്ള നമ്മുടെ കഴിവ് തന്നെ നമുക്ക് നഷ്ടപ്പെട്ടേക്കും.

ഈ ഹരിതാഭമായ ഭൂമി മരുഭൂമിയാകുന്നത് സങ്കല്പിക്കുവാൻ നിങ്ങൾക്ക് പ്രയാസമായിരിക്കും. ലോകത്തിലെ ഏറ്റവും രൂക്ഷമായ മരുഭൂമിയായ ആഫ്രിക്കയിലെ കാലഹാരി ഒരു കാലത്ത് വളരെ ഫലഭൂയിഷ്ഠമായിരുന്നു; അതിലൂടെ നദികൾ ഒഴുകിയിരുന്നു. ഇന്നത് മരുഭൂമിയാണ്. ഇത് പലകാരണങ്ങളാൽ സംഭവിച്ചിട്ടുണ്ട്; ഇനിയും സംഭവിക്കുകയും ചെയ്യും. പണ്ട് അത് പ്രകൃത്യാ ഉള്ള കാരണങ്ങളാൽ ആണ് സംഭവിച്ചതെങ്കിൽ, ഇന്ന് നമ്മളാണ് അതിനു കാരണം ഒരുക്കുന്നത്.

ഇത് ഒരാളുടെ സ്വന്തം ഉത്സാഹവും പ്രയത്നവും കൊണ്ട് പരിഹരിക്കുവാൻ സാധിക്കുകയില്ല. നമ്മൾ കുറച്ചു പേര് നദീതീരത്തു പോയി മരങ്ങൾ നട്ടത് കൊണ്ടും ഇതിനു പരിഹാരമാകുന്നില്ല. ഇത് നമുക്ക് കുറച്ചു സംതൃപ്തി നല്കുമായിരിക്കും; പക്ഷെ അത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാകുന്നില്ല. നിർബന്ധമായും നടപ്പാക്കുവാൻ സാധ്യതയുള്ള ഒരു സർക്കാർ പദ്ധതിയാണ് നമുക്ക് ആവശ്യം. നദികളിൽ ജലം ഉണ്ടാകണമെങ്കിൽ അതിനടുത്തുള്ള സ്ഥലങ്ങൾ നനവുള്ളതായിരിക്കണം. നമ്മുടെ നദികളിൽ അധികവും കാടുകളിൽ നിന്നുള്ള ജലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഭൂമി മഴക്കാടുകൾ കൊണ്ട് നിറഞ്ഞിരുന്നപ്പോൾ ജലം മണ്ണിലേക്ക് ഊറി ഇറങ്ങി അരുവികളിലേക്കും നദികളിലേക്കും എത്തുമായിരുന്നു; അപ്പോൾ നദികളിൽ ജലം സമൃദ്ധമായി ഒഴുകുകയും ചെയ്തിരുന്നു. സാധാരണ ജനങ്ങളുടെ വിശ്വാസം ജലം ഉള്ളത് കൊണ്ടാണ് മരങ്ങൾ വളരുന്നത് എന്നാണ്. പക്ഷെ ഇത് തെറ്റാണ്. മരങ്ങൾ ഉള്ളതുകൊണ്ടാണ് ജലം ലഭ്യമാകുന്നത്. കാട് ഇല്ലാതായാൽ നദികളും ഇല്ലാതാകും. ഇന്ത്യയിൽ ഇന്ന് ഒരു വലിയ ഭാഗം ഭൂമി കൃഷി ഭൂമിയാണ്; ഇത് കാടാക്കി മാറ്റുവാൻ സാധ്യമല്ല. ഇതിനു ഒരു പരിഹാരം ഇതാണ് - നദികളുടെ ഇരു കരകളിലും, ഒരു കിലോമീറ്റര്‍ വീതിയിൽ, പോഷക നദികളിലാണെങ്കിൽ അര കിലോമീറ്റര്‍ വീതിയിൽ - മരങ്ങൾ വച്ച് പിടിപ്പിക്കുക; സർക്കാർ ഭൂമിയാണെങ്കിൽ അത് കാട്ടു മരങ്ങൾ ആയിരിക്കണം. സ്വകാര്യ വ്യക്തികളുടെ ഭൂമിയാണെങ്കിൽ അവിടെ മണ്ണ് നശിപ്പിക്കുന്ന കൃഷിയിൽ നിന്നും മാറി മരങ്ങളിൽ അധിഷ്ഠിതമായ തോട്ട കൃഷി ആരംഭിക്കണം.

കർഷകർ പണിയെടുക്കുന്നത് സ്വന്തം ഉപജീവനത്തിന് വേണ്ടിയാണ്. സംഭവിച്ചു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കര്ഷകന് ഒന്നും അറിയുകയില്ല. ഈ മാറ്റത്തിന്‍റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ലാഭം കാണിച്ചു കൊടുക്കുകയാണെങ്കിൽ - മണ്ണ് ഉഴുതു കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ ലാഭം തോട്ട കൃഷിയിൽ നിന്നും ലഭിക്കും എന്ന് മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ - അത് നടപ്പാക്കുവാൻ അവർ തയ്യാറായിരിക്കും. പക്ഷെ ആദ്യത്തെ കുറച്ചു വർഷങ്ങളിൽ, മരങ്ങളിൽ നിന്നും വിളവ് ലഭിച്ചു തുടങ്ങുന്നത് വരെ അവർക്ക് ധന സഹായം നൽകണം. അതോടൊപ്പം മരങ്ങളിൽ നിന്നും ലഭിക്കുന്ന ഫലങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്ന വ്യവസായങ്ങൾ തുടങ്ങുവാൻ സ്വകാര്യസംരംഭകരെ പ്രോത്സാഹിപ്പിക്കുകയും വേണം. അത്യാവശ്യമായ ഇത്രയും മരങ്ങൾ നട്ടു വളർത്തിയാൽ പതിനഞ്ചു വർഷം കൊണ്ട് നമ്മുടെ നദികളിൽ ഇരുപതു ശതമാനം ജലം കൂടുതലായി ലഭ്യമാകും.

ഇത് സാധ്യമാകണമെങ്കിൽ സർക്കാരിന്‍റെ പദ്ധതി ഉണ്ടാകണം. കാര്യമായ മാറ്റം വരുത്തുവാൻ രാജ്യ വ്യാപകമായി സർക്കാർ നടപ്പാക്കുന്ന പദ്ധതി ഉണ്ടാകണം. നമ്മുടെ നദികളെ എങ്ങിനെ ചൂഷണം ചെയ്യാം എന്നതിൽ നിന്നും മാറി, നമ്മുടെ നദികളെ എങ്ങിനെ പോഷിപ്പിക്കാം എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ നദികളെ രക്ഷിക്കുന്നതിന് ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട് എന്ന് രാജ്യത്തെ എല്ലാ ജനങ്ങളെയും അറിയിക്കേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ നദികളെ എങ്ങിനെ ചൂഷണം ചെയ്യാം എന്നതിൽ നിന്നും മാറി, നമ്മുടെ നദികളെ എങ്ങിനെ പോഷിപ്പിക്കാം എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇതിനായി സെപ്റ്റംബർ മൂന്നു മുതൽ ഒക്ടോബർ രണ്ട് വരെയുള്ള മുപ്പതു ദിവസം ഞാൻ ഒരു റാലി നയിക്കുവാൻ ഉദ്ദേശിക്കുന്നു. അതിൽ ഞാൻ സ്വയം വാഹനമോടിച്ച് പതിനാറു സംസ്ഥാനങ്ങളിലെ ഏഴായിരം കിലോമീറ്റർ ദൂരം യാത്ര ചെയ്യും. അതിനിടയിൽ 23 പ്രധാനപ്പെട്ട നഗരങ്ങളിൽ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഇതെല്ലാം നമ്മുടെ നദികളെ സംരക്ഷിക്കുന്നതിനുള്ള ഒരു അടിസ്ഥാനം രൂപീകരിക്കുവാനായിട്ടാണ് ഞാൻ ചെയ്യുന്നത്. റാലി ഡൽഹിയിൽ സമാപിക്കുമ്പോൾ നദീ സംരക്ഷണത്തിനായുള്ള പദ്ധതിയുടെ രൂപരേഖ (റിവർ റിജുവനേഷൻ പോളിസി റെക്കമെൻഡേഷൻ) സർക്കാരിന് സമർപ്പിക്കും. ഇത് വരെയും ഓരോ സംസ്ഥാനവും അവരവരുടെ സ്വന്തം നിലക്കാണ് ഇതിനായി പ്രയത്നിച്ചുകൊണ്ടിരുന്നത്. നമുക്ക് വേണ്ടത് എല്ലാ സംസ്ഥാനങ്ങളും ചേർന്നു നടത്തുന്ന ഒരു കൂട്ടായ പ്രവർത്തനമാണ്.

ഇതിന്‍റെ സമവാക്യം വളരെ ലളിതമാണ്. നദികൾക്കടുത്ത് മരങ്ങൾ ഉണ്ടാകണം. ഈ പച്ചപ്പ്‌ നമ്മൾ ഉണ്ടാക്കുകയാണെങ്കിൽ, അത് ജലം മണ്ണിൽ പിടിച്ചു നിർത്തുകയും നദികളിൽ നീരൊഴുക്ക് കൂട്ടുകയും ചെയ്യും. ഈ സത്യം നാടൊട്ടുക്കും അറിയിച്ച്, ഒരു പദ്ധതി ആവിഷ്കരിച്ച്, അത് നടപ്പാക്കുകയാണെങ്കിൽ, നമ്മുടെ നാടിന്‍റെയും, വരും തലമുറയുടെയും ക്ഷേമത്തിന് വേണ്ടിയുള്ള ശരിയായ ഒരു കാൽ വെപ്പായിരിക്കും.

കുറിപ്പ് : സദ്ഗുരു നിങ്ങളുടെ നഗരത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന സമയവും, ഈ രാജ്യ വ്യാപകമായ പരിപാടിയിൽ താങ്കൾക്കു എങ്ങിനെ പങ്കെടുക്കാം എന്നും അറിയുന്നതിനായി RallyForRivers.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.