सद्गुरु

ജീവിതത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചും, സൃഷ്ടിയുടെ ഓരോ രഹസ്യത്തെക്കുറിച്ചും സൂക്ഷ്മമായി നിരീക്ഷിച്ച് ഗഹനമായി പഠിച്ചുരൂപീകരിച്ച നമ്മുടെ സംസ്കാരത്തിനു തുല്യമായ മറ്റൊന്ന് ഈ ലോകത്ത് എവിടെയുമില്ല. ജീവിതത്തിന്‍റെ പൂര്‍ണ്ണതയെ അടിവേരോളം അറിഞ്ഞ ഒരു സംസ്കാരത്തില്‍ ജനിച്ചു വളര്‍ന്നിട്ടും ലോകത്തിനു മുന്നില്‍ നാം കോമാളികളായി ചിത്രീകരിക്കപ്പെടുന്നു. ഇതിനു കാരണമെന്ത്?

അടിസ്ഥാന ജീവസന്ധാരണത്തിനുപോലും നാം നമ്മളെ വിശ്വസിക്കാതെ സ്വയം ആശ്രയിക്കാതെ ഈശ്വരനെ മാത്രം വിശ്വസിച്ച് കഴിയുന്നതുകൊണ്ടാണ് ഈ കോമാളി മുഖം നമുക്ക് ലോകസമൂഹം വെച്ചുനീട്ടുന്നത്.

ജീവിക്കാന്‍ കൈയും കാലും മതി. ശരീരവും മനസ്സും പരമാവധി ഉപയോഗപ്രദമാക്കുന്നതെങ്ങനെ എന്നറിയാന്‍ വേണ്ടത്ര പരിശീലനവും വേണം. എന്നാല്‍ ഇവയൊന്നും വേണ്ട എന്നു വച്ച്, ജീവിക്കാന്‍ സഹായിക്കണേ എന്നു സദാ ഈശ്വരനോട യാചിക്കുന്നതു ലജ്ജാകരമാണ്. ദൈനംദിന ജീവിതത്തില്‍ ഈശ്വരന്‍റെ ആവശ്യം ഉദിക്കുന്നില്ല.

ഈശ്വരവിശ്വാസം, ആത്മീയത, മതവിശ്വാസം ഇവ ഓരോന്നും വ്യത്യസ്തമാണ്. വ്യത്യസ്ത തലങ്ങളിലാണ് ഇവ നിര്‍വചിക്കപ്പെടേണ്ടത്. ഇതു നിങ്ങള്‍ ആദ്യം തന്നെ മനസ്സിലാക്കണം. ഒരു മതത്തിലുള്ള ആള്‍ എന്നു പറയുമ്പോള്‍ത്തന്നെ നിങ്ങള്‍ ആ മതവിശ്വാസിയാണെന്ന് വരുന്നു. യേശുവോ, നബിയോ, കൃഷ്ണനോ പറഞ്ഞതെല്ലാം നിങ്ങള്‍ അപ്പാടെ വിശ്വസിക്കുന്നത് എന്തിന്?

ആത്മീയം വേറിട്ട ഒരു വിഷയമാണ്. വിശ്വാസത്തിന്‍റെ അടിത്തറയിലല്ല അതു രൂപം കൊള്ളുന്നത്. അന്വേഷണം, അഭയം തേടല്‍ തുടങ്ങിയ രണ്ടു വ്യത്യസ്ത മനോവ്യാപാരങ്ങളില്‍ നിന്ന് ആത്മീയമായ ഉണര്‍വ് പിറക്കുന്നു. തനിക്ക് അറിവില്ലാത്ത ഒരു കാര്യം അറിയില്ല എന്ന് സധൈര്യം തുറന്നു പറഞ്ഞ്, അത് അന്വേഷിച്ചു കണ്ടു പിടിക്കാന്‍ തുനിയുന്നതാണ് ആത്മീയം.

ഒരു ഗുരു മരണാസന്നതായി കിടക്കുകയായിരുന്നു. ഗുരുവിന്‍റെ പ്രിയശിഷ്യന്മാര്‍ അദ്ദേഹത്തിനു ചുറ്റും ഇരിക്കുന്നുണ്ട്.

അപ്പോള്‍ അവിടെ ഒരു യുവാവ് എത്തി. കൊല്ലങ്ങള്‍ക്കു മുമ്പ് ഗുരുവിന്‍റെ ആശയങ്ങളുമായി പൊരുത്തപ്പെടാനാവാതെ പിരിഞ്ഞു പോയ ശിഷ്യനായിരുന്നു അത്.ഗുരുവിന്‍റെ പാദത്തില്‍ നമസ്കരിച്ചുകൊണ്ട് "താങ്കള്‍ പറഞ്ഞതെല്ലാം വാസ്തവമാണ് എന്നു ഞാനറിഞ്ഞു ഗുരുവേ." എന്ന് അയാള്‍ പറഞ്ഞു.

"വരു എനിക്കറിയാവുന്ന അമൂല്യങ്ങളായ രഹസ്യങ്ങള്‍ നിനക്കു പറഞ്ഞു തരാനായി ഇത്രയും കാലം ഞാന്‍ കാത്തിരിക്കുകയായിരുന്നു" ഗുരു അയാളോട് ഇങ്ങനെ പറഞ്ഞതു കേട്ട ശിഷ്യരെല്ലാം അമ്പരന്നു.
"ഇത്രയും കാലം വിശ്വസ്ഥതയോടെ താങ്കളോടൊപ്പം നിന്ന ഞങ്ങളേക്കാള്‍ വഴക്കിട്ടു പിരിഞ്ഞു പോയ അവന് എന്തിനിത്ര പ്രാധാന്യം കൊടുക്കുന്നു." അവര്‍ ചോദിച്ചു. ഗുരു മറുപടി ഇങ്ങനെ നല്‍കി "നിങ്ങള്‍ എന്നെ മാത്രം വിശ്വസിച്ചു. എന്നല്ലാതെ നിങ്ങള്‍ക്കു സ്വയം വിശ്വാസമില്ലായിരുന്നു. എന്നാല്‍ ഇവനോ, തന്നില്‍തന്നെ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച് അന്വേഷണത്തിനു പുറപ്പെട്ടു. ഇവന്‍ തന്നെയാണ് എന്‍റെ യഥാര്‍ത്ഥ ശിഷ്യന്‍."
ഞാനും പറയുന്നത് ഇതുതന്നെ.

തനിക്കാവശ്യമുള്ളത് അന്വേഷിച്ചു കണ്ടെത്താനുള്ള വ്യഗ്രത എപ്പോള്‍ നഷ്ടമാവുന്നുവോ, ആത്മീയ പാതയില്‍ മുന്നേറുവാനുള്ള നിങ്ങളുടെ യോഗ്യതയും അപ്പോള്‍ തന്നെ നഷ്ടമാവുന്നു.

ഈശ്വരന്‍റെ മക്കളോ, ഈശ്വരന്‍റെ ദൂതന്മാരോ, എന്തിന് ഈശ്വരന്‍ തന്നെ നേരിട്ടു വന്നു പറഞ്ഞാലും അതു ശരിയായി വിശകലനം ചെയ്യാതെ കണ്ണടച്ചു വിശ്വസിച്ചാല്‍ എന്തു സംഭവിക്കും?
നിങ്ങളില്‍ നിന്നും വേറിട്ട വിശ്വാസമുള്ള ആളുമായി എതിരിടേണ്ടി വരുമ്പോള്‍ രണ്ടു വിശ്വാസങ്ങളും പരസ്പരം പോരടിക്കും. നിങ്ങള്‍ ശത്രുക്കളായിത്തീരും.

തനിക്കാവശ്യമുള്ളത് അന്വേഷിച്ചു കണ്ടെത്താനുള്ള വ്യഗ്രത എപ്പോള്‍ നഷ്ടമാവുന്നുവോ, ആത്മീയ പാതയില്‍ മുന്നേറുവാനുള്ള നിങ്ങളുടെ യോഗ്യതയും അപ്പോള്‍ തന്നെ നഷ്ടമാവുന്നു. മതത്തില്‍ മാത്രം അന്ധമായി വിശ്വസിച്ച് പ്രവര്‍ത്തനം തുടരുമ്പോള്‍ നിങ്ങളുടെ വികാരങ്ങളെ ഇളക്കി മറിക്കാനും എളുപ്പത്തില്‍ സാധിക്കുന്നു.
ഈശ്വരന്‍റെ പേരില്‍ തീവ്രവാദവും അക്രമവും നടത്തുവാന്‍ നിങ്ങള്‍ പ്രേരിതനാവുന്നു. വിശ്വാസത്തിന്‍റെ പേരില്‍ നിരന്തരമായ ചൂഷണത്തിന് നിങ്ങള്‍ വിധേയനാവുകയും ചെയ്യുന്നു.
നവദമ്പതികള്‍ ഊട്ടിയില്‍ വന്നിരിക്കുകയാണ്. അവര്‍ സഞ്ചരിച്ചിരുന്ന കുതിരയുടെ കാലിടറി. "ഒരു പ്രാവശ്യം" എന്ന് ഭര്‍ത്താവു പറഞ്ഞു
രണ്ടാം തവണയും ഇതുപോലെ ഇടറിയപ്പോള്‍ തോക്കെടുത്ത് കുതിരയെ അയാള്‍ വെടിവെച്ചു കൊന്നു.
നവവധു വിരണ്ടുപോയി. "എന്തിനാണ് കുതിരയെ വെടി വച്ചത്." അവള്‍ ക്ഷോഭിച്ച് അലറി. അവള്‍ക്കു നേരെ തോക്കു ചൂണ്ടി ഭര്‍ത്താവു പറഞ്ഞു "ഒരു തവണ."
മതവാദികള്‍ ഇങ്ങനെയാണ്. അവരുടെ വിശ്വാസങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവര്‍ക്ക് ഈ "ഒരു തവണ"യുടെ ആനുകൂല്യം പോലും അവര്‍ കൊടുക്കാറില്ല.
എന്നാല്‍ ആത്മീയ വീഥിയില്‍ സഞ്ചരിക്കുന്നവര്‍ ഇങ്ങനെയല്ല.
"ഉണ്ട്, ഇല്ല" എന്നുള്ള ഈ രണ്ടു തീരുമാനങ്ങളും സ്വീകരിക്കാതെ സത്യംഅന്വേഷിച്ച് അറിയാന്‍ ഇറങ്ങുന്നവരാണവര്‍.

അച്ഛനമ്മമാരെന്നല്ല ആരു പറഞ്ഞാലും അപ്പാടെ വിശ്വസിക്കാതെ, ഒരു മതവിശ്വാസത്തിന്‍റെ പേരിലും തന്‍റെ ജീവിതം രൂപപ്പെടുത്താതെ, അനുഭവിച്ചറിഞ്ഞ് നിങ്ങള്‍ മുന്നോട്ടു പോകണം.
ഇപ്പോള്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം പാതയുടെ ആരംഭമായിരിക്കാം. പക്ഷെ എവിടെ നില്‍ക്കുന്നു എന്നറിയാതെ എത്തേണ്ട ലക്ഷ്യത്തിന് എതിര്‍ദിശയില്‍ യാത്ര തുടര്‍ന്നാല്‍. എന്ന് എവിടെ എത്തും?
വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്താശക്തിയെ കളങ്കപ്പെടുത്തി, അഴിക്കാന്‍ പറ്റാത്ത കുരുക്കുകള്‍ സൃഷ്ടിക്കാതിരുന്നാല്‍ മാത്രമേ ആത്മീയം നിങ്ങള്‍ക്ക് വശപ്പെടൂ.

ലോകത്ത പല രാജ്യക്കാരും മനുഷ്യന്‍റെ സൃഷ്ടാവ് ഈശ്വരനാണ് എന്നുവിശ്വസിക്കുന്നു. എന്നാല്‍ നമ്മുടെ പാരമ്പര്യത്തില്‍ ഈശ്വരനെ സൃഷ്ടിക്കാനുള്ള നൈപുണ്യം മനുഷ്യനുണ്ടായിരുന്നു.
പരമോന്നത അവസ്ഥയില്‍ മനുഷ്യന്‍ എത്തിച്ചേരാന്‍ അവന്‍റെ സഹായികളായി കുറെ ദൈവങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടു. അവരില്‍ ചിലര്‍ രസിപ്പിക്കുന്നവരായിരുന്നു. മറ്റു ചിലര്‍ ഭയമുളവാക്കുന്നവരായിരുന്നു. ചിലര്‍ സ്നേഹമുള്ളവര്‍. ചിലര്‍ ക്ഷോഭിക്കുന്നവര്‍. ഇങ്ങനെ ഓരോ സൃഷ്ടികളും മനുഷ്യന്‍റെ വളര്‍ച്ചയെ സഹായിച്ചു.
ഈശ്വരനു താമസിക്കാനുള്ള കുടിയിരിപ്പുകള്‍ അല്ല ക്ഷേത്രങ്ങള്‍. മനുഷ്യന്‍റെ വളര്‍ച്ച ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളാണവ. ആ മഹത്തായ വിജ്ഞാന പാരമത്യയെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല.
അങ്ങനെയെങ്കില്‍ ഈശ്വരന്‍ വെറും ഭാവനാ സൃഷ്ടി മാത്രമാണോ?അദ്ദേഹത്തെപ്പറ്റി ചിന്തിച്ചു വിഷമിക്കണ്ട എന്നാണോ?

ഒരു ചെറിയ വിത്തു ഭൂമിയില്‍ വീണുമുളച്ച് വന്‍മരമായി വളരുന്നല്ലോ.എങ്ങനെ? ഈ വിത്തില്‍ നിന്ന് ഈ മരമേ വളരു, ഈ പൂവേ വിടരു, എന്നു നേരത്തേ നിര്‍ണ്ണയിച്ച് എല്ലാം ഒരുക്കി വച്ചത് ആരാണ്? ഇത്തരം ചട്ടക്കൂടുകള്‍ സൃഷ്ടിച്ചത് ആരാണ്? നിങ്ങളുടെ കഴിവിനുമപ്പുറത്തു സ്ഥിതി ചെയ്യുന്ന ആ മഹാശക്തിയെ ദൈവം എന്നല്ലാതെ വേറെ എന്തു പേരിട്ടു വിളിക്കാന്‍ സാധിക്കും?
ചിലനൂറ്റാണ്ടുകള്‍ക്കുമുന്‍പ് നിങ്ങളുടെ കഴിവുകള്‍ മുഴുവനും ദിശോന്മുഖമാക്കി പുറത്തു കൊണ്ടു വരുന്ന പല ചടങ്ങളുകളും നമ്മുടെ നാട്ടില്‍ നടപ്പുണ്ടായിരുന്നു. പക്ഷെ കാലക്രമത്തില്‍ ഇവയെല്ലാം രൂപമാറ്റം സംഭവിച്ച് പ്രാര്‍ത്ഥനകള്‍, വഴിപാടുകള്‍ എന്നുള്ള രീതിയിലേക്കു തരംതാണു.
ഈശ്വരന് നിവേദനം കൊടുക്കാനുള്ള വേദിയല്ല അമ്പലം.പ്രാര്‍ത്ഥിച്ച് ഈശ്വരനെ സന്തോഷിപ്പിച്ചുകാര്യം സാധിക്കാനും പറ്റുകില്ല.

ക്ഷേത്രം എന്നാല്‍ ശക്തിയുടെ സംഗമസ്ഥലം എന്നാണ് മനസ്സിലാക്കേണ്ടത്. ആ സംഗമം തുടര്‍ന്നു നിലനിറുത്താന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട രൂപമാണ് ഈശ്വരന്‍.
ഒരു തടസ്സം സംജാതമാവുമ്പോള്‍ ആദ്യം അതിനെ സ്വന്തം ശരീരബലം കൊണ്ട് മാറ്റാന്‍ ശ്രമിക്കുന്നു. അതു വിജയിക്കാതെ വരുമ്പോള്‍ ബുദ്ധിപരമായ നീക്കത്തിലൂടെ പരിശ്രമം തുടരുന്നു. ഇങ്ങനെ ശരീരവും മനസ്സും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, കാര്യക്ഷമതയും ഉണര്‍വും കൂടിചേരുമ്പോള്‍ നിങ്ങളുടെ ധിഷണാ വൈഭവം ഉയര്‍ന്ന തലത്തിലേക്ക് എത്തിച്ചേരുന്നു.
ഈ സന്ദര്‍ഭത്തില്‍ ഉള്ളിലെ ഊര്‍ജ്ജവും വിദ്യുത് തരംഗമായി വിജൃംഭിച്ച് ഇവയ്ക്കൊപ്പം കൂടികലര്‍ന്ന് അത്ഭുതകരങ്ങളായ പരിണാമങ്ങള്‍ ഉളവാകുന്നു.

ഒരു രൂപമായിക്കാണാതെ ദൈവികം എന്നതിനെ സ്വന്തം ഉള്ളില്‍ തന്നെ തിരയണം. അങ്ങനെ തിരഞ്ഞു വരുമ്പോള്‍ തന്‍റെയുള്ളിലെ ദൈവത്തെ അറിഞ്ഞ് അനുഭവിക്കാനായാല്‍, പിന്നെ ആ ഈശ്വരന്‍ അവിടെയും ഉണ്ടാവും, ഇവിടെയും ഉണ്ടാവും, എവിടെയും ഉണ്ടാവും എന്ന് ധൈര്യമായി നിങ്ങള്‍ക്ക് അംഗീകരിക്കാം.

ഈ മഹത്ശക്തിയെ ഉണര്‍ത്തി വളര്‍ത്തുവാനാണ് ക്ഷേത്രങ്ങള്‍ എന്നറിയപ്പെട്ട ഊര്‍ജ്ജ കേന്ദ്രങ്ങള്‍ സ്ഥാപിതമായത്.
സ്വന്തം ചേതനയില്‍ ജാഗ്രരൂകമായിരിക്കുന്ന ശക്തിസ്രോതസ്സിനെ ഒരു മുതല്‍ക്കൂട്ടായി കരുതി, അത് വരും തലമുറകള്‍ക്കും പ്രയോജനകരമാവണം എന്ന ചിന്തയോടെ, ക്ഷേത്രങ്ങള്‍ എന്നനാമധേയത്തില്‍ ശക്തി കേന്ദ്രങ്ങള്‍ സ്ഥാപിച്ചതു ജ്ഞാനികളാണ്. പക്ഷെ പിന്നീടു വന്നതലമുറകള്‍ക്ക് ഈ ശക്തിഗ്രഹിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു.
എങ്കിലും തികഞ്ഞ ശ്രദ്ധയോടെ, ഏകോന്മുഖമായ താല്പര്യത്തോടെ, ക്ഷേത്രങ്ങളില്‍ വരുന്നവര്‍ക്ക് ഈ ശക്തി പ്രഭാവം അറിയാനും, ഉണരാനും സാധിക്കും.

ആരംഭിച്ച ഇടത്തില്‍ തന്നെ വീണ്ടുമെത്തിയിരിക്കുന്നു, ഈശ്വരന്‍ ഉണ്ടോ ഇല്ലയോ?
ഇതറിയാനുള്ള ആഗ്രഹം ഉണ്ടെങ്കില്‍ ആരോടു ചോദിച്ച് അറിയാനാവും?
ഈ അന്വേഷണം നിങ്ങളില്‍ നിന്നു തന്നെ തുടങ്ങുക.
പരിധികളില്ലാത്ത, എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഈശ്വരന്‍ എന്നൊരു ശക്തിയുണ്ടെങ്കില്‍ അതു നിങ്ങളുടെ ഉള്ളിലും കാണേണ്ടതല്ലേ?

ഒരു രൂപമായിക്കാണാതെ ദൈവികം എന്നതിനെ സ്വന്തം ഉള്ളില്‍ തന്നെ തിരയണം. അങ്ങനെ തിരഞ്ഞു വരുമ്പോള്‍ തന്‍റെയുള്ളിലെ ദൈവത്തെ അറിഞ്ഞ് അനുഭവിക്കാനായാല്‍, പിന്നെ ആ ഈശ്വരന്‍ അവിടെയും ഉണ്ടാവും, ഇവിടെയും ഉണ്ടാവും, എവിടെയും ഉണ്ടാവും എന്ന് ധൈര്യമായി നിങ്ങള്‍ക്ക് അംഗീകരിക്കാം.
ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. ബുദ്ധിയോടെ ജീവിക്കാന്‍ അറിയാമെങ്കില്‍ ഈശ്വരന്‍ ഇല്ലാതെയും ജീവിതം നയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. പക്ഷെ അതറിയാതെ, വെറും മഠയനായി ജീവിക്കുന്നവന്‍റെ പൂജാമുറിയില്‍ എത്ര ദൈവചിത്രങ്ങള്‍ തൂക്കിയിരുന്നാലും ഒരു പുണ്യവുമില്ല.
ഗുരുവിനോടുള്ള ചോദ്യവും ഗുരുവിന്‍റെ മറുപടിയും.