सद्गुरु

ശേഖര്‍ കപൂര്‍ : ശിവന്റെ വാഹനമാണ് നന്ദി എന്ന് കേട്ടിട്ടുണ്ട്. എപ്പോഴും ശിവന്‍ വിളിക്കുന്നതും കാത്തിരിക്കുകയാണോ നന്ദി? നന്ദിയുടെ യഥാര്‍ത്ഥ തത്വമെന്താണ്?

സദ്‌ഗുരു : ശിവന്‍ വിളിക്കുന്നതും, എന്തെങ്കിലും പറയുന്നതും കാത്തിരിക്കുകയല്ല നന്ദി. അവിരാമമായ കാത്തിരിപ്പിന്റെ പ്രതീകമാണ് നന്ദി. ഭാരതീയ സംസ്ക്കാരത്തില്‍ ശാന്തമായ കാത്തിരിപ്പിന് വലിയ പ്രാധാന്യമുണ്ട്. സ്വസ്ഥമായി കാത്തിരിക്കാന്‍ കഴിയുന്ന ഒരാള്‍ സ്വാഭാവികമായും ധ്യാനമനസ്കനായിരിക്കും. ഇന്നോ നാളെയോ ശിവന്‍ പുറത്തേക്ക് വരുമെന്ന കാത്തിരിപ്പല്ല നന്ദിയുടെത്. അനന്തമായ ഒരു കാത്തിരിപ്പാണത്... സ്വീകരിക്കാന്‍... ഏറ്റുവാങ്ങാന്‍...
സദാ സന്നദ്ധമായ ഒരു മനസ്സ്, അതാണ്‌ ആ കാത്തിരിപ്പിന്റെ പൊരുള്‍.

ഇന്നോ നാളെയോ ശിവന്‍ പുറത്തേക്ക് വരുമെന്ന കാത്തിരിപ്പല്ല നന്ദിയുടെത്. അനന്തമായ ഒരു കാത്തിരിപ്പാണത്... സ്വീകരിക്കാന്‍... ഏറ്റുവാങ്ങാന്‍...

ശിവനുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത് നന്ദിയാണ്. സ്വീകാര്യക്ഷമത - എന്നാല്‍ അതേപടി ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത, അതാണ്‌ നന്ദി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് 'ശാന്തമായി ഇരിക്കുക’, എന്ന ഈ മനോഭാവം അവശ്യം ഉണ്ടായിരിക്കണം. ക്ഷേത്രത്തില്‍ പോകുന്നത് സ്വര്‍ഗ്ഗപ്രാപ്തിക്കുവേണ്ടിയല്ല, അതിനുമിതിനും വേണ്ടി കെഞ്ചാന്‍ വേണ്ടിയുമല്ല, ആ പരിസരത്ത് ശാന്തമായി കുറെ സമയം ചിലവഴിക്കാനാണ്. അത് തന്നെയാണ് നന്ദിയും ഓര്‍മിപ്പിക്കുന്നത്‌, അതായത് "ധ്യാനലിംഗം - അതിനരികില്‍ ചെന്ന് അല്‍പ്പനേരം വെറുതെ ഇരിക്കൂ", പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട, ഒന്നിനും വേണ്ടി യാചിക്കുകയും വേണ്ട.

ശേഖര്‍ കപൂര്‍ : കാത്തിരിപ്പും പ്രതീക്ഷയും, രണ്ടും രണ്ടല്ലേ?

സദ്‌ഗുരു : നന്ദി കാത്തിരിക്കുന്നത് എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല, അത് ശുദ്ധമായ ധ്യാനമാണ്. അത് തന്നെയാണ് നിങ്ങള്‍ക്കുള്ള സന്ദേശവും - സ്വസ്ഥമായിരിക്കുക, നിദ്രയിലാണ്ടു പോകരുത്, ജാഗ്രതയോടെ ഉണര്‍ന്നിരിക്കണം.

ശേഖര്‍ : അതായത് നന്ദിയുടെ ആ ഇരിപ്പ്. യഥാര്‍ത്ഥത്തില്‍ ധ്യാനാവസ്ഥയാണ് എന്ന്, അല്ലെ?

സദ്‌ഗുരു : വളരെപ്പേര്‍ ധ്യാനത്തെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതും ഒരു തരത്തിലുള്ള പ്രവൃത്തിയാണ് എന്നാണ് അവരുടെ ധാരണ. അത് തെറ്റാണ്, ധ്യാനം പ്രവൃത്തിയല്ല, അതൊരു ഗുണവിശേഷമാണ്. അത് തന്നെയാണ് ധ്യാനം എന്ന അവസ്ഥയെ മറ്റുള്ളതില്‍ നിന്നൊക്കെ വ്യത്യസ്തമാക്കുന്നത്‌. നിങ്ങളുടെ പ്രാര്‍ത്ഥന എന്ന് പറയുന്നത് അതാണ്‌ - സ്വന്തം സങ്കടങ്ങള്‍, പ്രതീക്ഷകള്‍, അപേക്ഷകള്‍ - അങ്ങിനെയെല്ലാം ഈശ്വരന് മുന്നില്‍ നിരത്തുക എന്നത്. ധ്യാനം എന്നാല്‍ കാതോര്‍ക്കലാണ്, പ്രകൃതിയുടെ സ്പന്ദനങ്ങള്‍ക്കായി നിങ്ങള്‍ ശ്രദ്ധയോടെ കാതോര്‍ത്തിരിക്കുന്നു. പ്രപഞ്ച സൃഷ്ടിയുടെ പാരമ്യത്തെ നേരിട്ടറിയാന്‍ ശ്രമിക്കുന്നു. ഒന്നും പറയാനില്ല, എന്നാല്‍ എല്ലാം കേള്‍ക്കാന്‍ തയ്യാറാണ്. അത് തന്നെയാണ് നന്ദിയുടെ സ്വഭാവം. ജാഗ്രതയോടെ, ഉണര്‍വോടെ, ശാന്തചിത്തനായി ഇരിക്കുന്നു. "ഉണര്‍വ്," അത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്, ഉറക്കം തൂങ്ങിക്കൊണ്ടല്ല, ഒന്നും മനസ്സിലാക്കാതെയുമല്ല - തികഞ്ഞ ബോധം, കാര്യഗ്രഹണശക്തി, അതേ സമയം ഒരുവിധ ഉത്കണ്ഠകളും പ്രതീക്ഷകളുമില്ല.

അതാണ്‌ ധ്യാനം - ശാന്തമായ കാത്തിരിപ്പ്, പ്രത്യേകിച്ച് ഒന്നിനും വേണ്ടിയല്ല! പ്രവര്‍ത്തിക്കുകയോ, പ്രതികരിക്കുകയോ ചെയ്യുന്നില്ല - അതാണ്‌ ധ്യാനത്തിന്റെ പ്രത്യേകത. യാതൊരു തരത്തിലുള്ള ഇടപെടലും കൂടാതെ കാത്തിരിക്കാന്‍ തയ്യാറാവുമ്പോള്‍, പ്രപഞ്ചം അസന്ദിഗ്ദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു - മറ്റൊന്നിലും മനസ്സിനെ കൊളുത്തിടാനനുവദിക്കാതെ, ജാഗ്രതയോടെ ഉണര്‍ന്നിരിക്കുമ്പോള്‍ അനന്തമായ ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള അവബോധം മനസ്സില്‍ തെളിഞ്ഞു വരുന്നു. വിശാലമായ ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ് താന്‍ എന്ന ബോധം മനസ്സിലുദിക്കുന്നു. ധ്യാനാവസ്ഥയില്‍ മാത്രമാണ് ആ ബോദ്ധ്യം തെളിഞ്ഞു വരിക, സ്വാനുഭവമായി മാറുക. നന്ദി ഈ അറിവിന്റെ പ്രതീകമാണ്. അദ്ദേഹം നമ്മളെ സദാ ഓര്‍മ്മപ്പെടുത്തുന്നു, "എന്നെപ്പോലെ കാത്തിരിക്കാന്‍ പഠിക്കൂ.”

ജാഗ്രതയോടെ ഉണര്‍ന്നിരിക്കുമ്പോള്‍ അനന്തമായ ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള അവബോധം മനസ്സില്‍ തെളിഞ്ഞു വരുന്നു.

ശേഖര്‍ കപൂര്‍ : ധ്യാനലിംഗത്തിന് സമീപമുള്ള നന്ദി – അതു ലോഹമാണെന്ന് അറിയാം, ഉരുക്കാണോ?

സദ്‌ഗുരു : ഇങ്ങനെ ഒരു നന്ദിയുടെ രൂപം ഇവിടെ മാത്രമേ കാണൂ, അത്രയും അസാധാരണമാണിത്. ഇതിന്റെ ഉപരിതലം നിര്‍മ്മിച്ചിരിക്കുന്നത് ചെറിയ ലോഹത്തുണ്ടുകള്‍ കൊണ്ടാണ്. ഒന്നിനും ആറിഞ്ചില്‍ കൂടുതല്‍ വലിപ്പമില്ല. മഞ്ഞള്‍പ്പൊടി, എള്ള്, ഭസ്മം, ചിലതരം എണ്ണകള്‍, മണല്‍, പ്രത്യേക തരത്തിലുള്ള മണ്ണുകള്‍, ഇവയൊക്കെ അതില്‍ നിറച്ചിട്ടുണ്ട്. ഏകദേശം ഇരുപതു ടണ്‍ വസ്തുക്കള്‍ കൊണ്ടാണ് അത് നിറച്ചിട്ടുള്ളത്, അതിനു ശേഷം അത് മുദ്ര വെച്ചടച്ചു. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു പ്രത്യേക ശാസ്ത്രം അനുസരിച്ചാണ്. ഇതിന്റെ ഫലം - ഈ വൃഷഭം വളരെ വിശേഷപ്പെട്ട ഒരു ചൈതന്യം അതിനു ചുറ്റും സദാ പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്നു.