सद्गुरु

ചോദ്യം അല്ലയോ സദ്ഗുരു! ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം ആ വ്യക്തിയുടെ മരണസമയം ആണെന്ന് പല ആദ്ധ്യാത്മിക പാരമ്പര്യങ്ങളിലും കാണുന്നുണ്ട്. അതു വാസ്തവത്തില്‍ ശരി തന്നെയാണോ?

സദ്ഗുരു: ചിരിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ മരണനിമിഷത്തിനുമുമ്പുള്ള ഓരോ നിമിഷവും അഥവാ എല്ലാ നിമിഷവും വളരെ പ്രധാനപ്പെട്ടതുതന്നെയാണ്. ബഹുഭൂരിപക്ഷം ആളുകളും ആ സത്യം തിരിച്ചറിയാതെ ജീവിതത്തിന്‍റെ അവസാനനിമിഷം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള നിരവധി നിമിഷങ്ങള്‍ എല്ലാം തന്നെയും, അഗാധമായി നിങ്ങളുടെ ഉള്ളില്‍ തറയ്ക്കുന്ന വിധം അനുഭവവേദ്യമായ നിമിഷങ്ങളായിരുന്നിട്ടില്ല എങ്കില്‍ അവസാനനിമിഷവും നിങ്ങള്‍ക്കത് അനുഭവിക്കാന്‍ സാധിക്കില്ല.

ഇതൊന്നു ശ്രമിച്ചു നോക്കുക - നിങ്ങള്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്ന അവസരത്തില്‍ ശ്രമിച്ചു നോക്കണം, ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍നിന്നും ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ആ നിമിഷത്തെപ്പറ്റി, പൂര്‍ണ്ണ അവബോധം നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന്. അപ്രകാരം സാധിക്കുന്നു എങ്കില്‍ നിങ്ങളുടെ ജീവിതത്തിലൊരിക്കലും സാധ്യമാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലാത്ത പലതും യാഥാര്‍ത്ഥ്യമായി നിങ്ങള്‍ക്കനുഭവിക്കാന്‍ കഴിയും. നിങ്ങളങ്ങനെ നിത്യവും ചെയ്തു ശീലിക്കുന്നു എങ്കില്‍, ജീവിതത്തില്‍ നിന്നും മരണത്തിലേക്കുള്ള അവസ്ഥാന്തരവും പൂര്‍ണ്ണ അവബോധത്തോടെ കടന്നുപോകാന്‍ കഴിയും.

ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍നിന്നും ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ആ നിമിഷത്തെപ്പറ്റി, പൂര്‍ണ്ണ അവബോധം നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ?. അപ്രകാരം സാധിക്കുന്നു എങ്കില്‍ നിങ്ങളുടെ ജീവിതത്തിലൊരിക്കലും സാധ്യമാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലാത്ത പലതും യാഥാര്‍ത്ഥ്യമായി നിങ്ങള്‍ക്കനുഭവിക്കാന്‍ കഴിയും.

ശരിക്കും ഈ പരിവര്‍ത്തനനിമിഷത്തിന് പല അര്‍ത്ഥങ്ങളും, പ്രത്യാഘാതങ്ങളും ഉണ്ട്. എന്നാല്‍ ഇന്നു ലോകമെമ്പാടും പ്രചരിപ്പിച്ച് ജനം ധരിച്ചിരിക്കുന്ന വിധം മരണത്തെക്കുറിച്ചുള്ള ഭാവനകള്‍ തികച്ചും വിചിത്രമാണ്. ഒന്നാലോചിച്ചുനോക്കൂ; നിങ്ങള്‍ എപ്പോഴെങ്കിലും മരിച്ചിട്ടുണ്ടോ? ഇല്ല.അതു കൊണ്ടു തന്നെ മരണം നിങ്ങള്‍ക്കാര്‍ക്കും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങള്‍ എപ്പോഴെങ്കിലും മരിച്ചു പോയ ഒരാളിനെ കണ്ടിട്ടുണ്ടോ? അതും ഇല്ല. മരിച്ച് ജീവന്‍ വിട്ടുപോയ മൃതശരീരം കണ്ടു കാണും. എന്നാല്‍ ജീവന്‍ പോയൊരാള്‍ തിരിച്ചുവന്ന് "ഞാന്‍ ഇങ്ങനെയാണ് മരിച്ചതെന്ന്" വിവരിച്ച ഒരാളിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല.എന്നാല്‍ മരണതുല്യമായ അനുഭവങ്ങള്‍ ഉള്ളവരുണ്ടായിരിക്കാം. മരണാവസ്ഥയുടെ ഏകദേശഅനുഭവം എന്നു പറയുന്നതിലും കാര്യമില്ല. ഞാന്‍ ഏകദേശം ജീവിച്ചു എന്ന് പറയുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ, അതും ഇല്ല.

അപ്പോള്‍ മരണം നിങ്ങളാരും അനുഭവിച്ചിട്ടില്ല, നിങ്ങള്‍ കണ്ടിട്ടില്ല, അത്തരം നേരിട്ടുള്ള അറിവ് നിങ്ങള്‍ക്കിന്നുവരെ ആരില്‍നിന്നും കിട്ടിയിട്ടുമില്ല. പിന്നെ എവിടെ നിന്നാണ് മരണം എന്നറിയപ്പെടുന്ന എന്തോ ഒന്ന് ഉണ്ടെന്ന ആശയം നിങ്ങള്‍ക്ക് കിട്ടിയത്? മരണത്തെക്കുറിച്ച് അജ്ഞരായ കുറേപ്പേര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കഥയില്‍ നിന്നാണ്. അത് മിഥ്യയാണ്. യാതൊരു അവബോധവും ഇല്ലാതെ ജീവിക്കുന്ന ചിലരുടെയൊക്കെ കല്‍പ്പിതമായ കഥനം മാത്രമാണ് മരണം. ഇവിടെ വാസ്തവത്തില്‍ ജീവന്‍ മാത്രമേയുള്ളൂ. ഒരുതലത്തില്‍നിന്ന് മറ്റൊന്നിലേക്കും, അതില്‍നിന്ന് വേറൊന്നിലേക്കും സദാ ചലിച്ചും കൊണ്ടിരിക്കുന്ന ജീവന്‍. ആ ജീവന്‍റെ പ്രക്രിയയ്ക്ക് പല പല തലങ്ങളും ഉണ്ട്. അത്രമാത്രം. ഈ പരിണാമ പ്രക്രിയക്കിടയില്‍ ഭൗതിക ശരീരത്തില്‍ നിന്നും ജീവന്‍റെ വേര്‍പെടലിനെയാണ് നാം സാധാരണമായി മരണം എന്നു ധരിച്ചിരിക്കുന്നത്.

അതു കൊണ്ടു മരണം എന്നത് ശരിയോ?തെറ്റോ? ഇത്തരം ചോദ്യങ്ങള്‍ തന്നെ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ അവ ബാലിശമാണ്. കാരണം അതു ശരിയാണെന്നു പറഞ്ഞാലും തെറ്റാണെന്നു പറഞ്ഞാലും ശരി, നിങ്ങള്‍ മരിക്കും. മരണം നിശ്ചയമാണ്. ജനിക്കുന്ന ആ നിമിഷം തന്നെ നിങ്ങളുടെ മരണവും ഒരു ശിക്ഷാവിധി എന്നോണം നിങ്ങളുടെ മേലുണ്ടെന്ന സത്യം ഓര്‍ക്കണം. എവിടെ, എപ്പോള്‍, എങ്ങനെ എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. (ചിരിക്കുന്നു) എന്നാലും നിങ്ങള്‍ മരണത്തിന്‍റെ നിരയില്‍ (ക്യൂ) ആണ്. നിങ്ങള്‍ക്കു മരണം ഉറപ്പാണ്. അല്ല?. നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ കഴിയുമോ ഇല്ലയോ എന്നു നമുക്ക് അറിഞ്ഞുകൂടാ. നിങ്ങള്‍ വിവാഹിതന്‍ ആകുമോ ഇല്ലയോ എന്നും നമുക്ക് അറിഞ്ഞുകൂടാ. നിങ്ങള്‍ സന്തുഷ്ടനായിരിക്കുമോ ഇല്ലയോ എന്നതും അജ്ഞാതമാണ്. നിങ്ങള്‍ക്കുണ്ടാകുന്ന ദുരിതം എത്രയാണെന്നതും നിങ്ങള്‍ക്കറിയുമോ ഇല്ലയോ എന്നതും അജ്ഞാതം തന്നെ. പക്ഷേ നമുക്കറിയാം നിങ്ങള്‍ ഒരു ദിവസം മരിക്കും, ആ ഒരു കാര്യം ഉറപ്പാണ്.

മരണത്തെ തെറ്റായ ഒരു സംഗതിയായി കാണേണ്ട ആവശ്യമില്ല. അതനിവാര്യമാണ്. മരണം ഉള്ളതുകൊണ്ടാണ് ജീവനുള്ളത്.

മരണത്തെ തെറ്റായ ഒരു സംഗതിയായി കാണേണ്ട ആവശ്യമില്ല. അതനിവാര്യമാണ്. മരണം ഉള്ളതുകൊണ്ടാണ് ജീവനുള്ളത്. യഥാര്‍ത്ഥത്തില്‍ മരണം എന്താണെന്നതിനെക്കുറിച്ച് നിങ്ങള്‍ക്കാര്‍ക്കും ഒരു ഗ്രാഹ്യവും ഇല്ലാത്തതു കൊണ്ടു മാത്രമാണ് മരണഭയം മുഴുവനും. ലോകത്തിലുള്ള എല്ലാത്തിനെയും കുറിച്ച് നിങ്ങള്‍ സ്വയം ചില ആശയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജീവനെക്കുറിച്ച് എന്തെല്ലാം ഭാവനകള്‍ ഉണ്ടായിരുന്നാലും, മരണത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ആ നിമിഷത്തെക്കുറിച്ച് നിങ്ങള്‍ക്കൊന്നും അറിയില്ല എന്നതാണ് സത്യം. മനുഷ്യ മനസ്സിനാല്‍ ദുഷിപ്പിക്കാത്തതും കലുഷിതമാക്കാത്തതുമായ ജീവന്‍റെ ഒരംശം, മരണം മാത്രമാണ്. ബാക്കിയെല്ലാം നാം വളരെ പവിത്രമായി കരുതുന്നവ പോലും, മനുഷ്യമനസ്സിനാല്‍ ദുഷിപ്പിക്കപ്പെട്ടതാണ്. സ്നേഹം, ബന്ധങ്ങള്‍, ദൈവം, ആദ്ധ്യാത്മിക വശങ്ങള്‍ എന്നുവേണ്ട എല്ലാറ്റിനേയും മനുഷ്യമനസ്സുകള്‍ അവരുടെ ഇഷ്ടത്തിനൊത്ത് വളച്ചൊടിച്ച് ദുഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും അവര്‍ക്ക് ഒരു തുമ്പും കിട്ടാത്ത ഒന്നാണ് മരണം. അതിനെക്കുറിച്ച് വളരെ ആധികാരികമെന്നോണം സംസാരിക്കുന്ന വളരെപ്പേരുണ്ടെങ്കില്‍ പോലും. തങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കു പോകുമെന്ന് അവര്‍ക്കറിയാം, അവര്‍ക്കത് വളരെ ഉറപ്പാണ്. അവര്‍ക്കതത്ര കണ്ട് ഉറപ്പാണെങ്കില്‍ എന്തിനവര്‍ കാത്തിരിക്കുന്നു, എന്ന് ഞാന്‍ ചിന്തിച്ചുപോവുകയാണ് (ചിരിക്കുന്നു).

ഈ ജീവിച്ചിരിക്കുന്ന സ്ഥലത്തെക്കാളും നല്ല സ്ഥലത്തേക്കാണ് പോകുന്നതെന്ന് അത്ര ഉറപ്പുണ്ടെങ്കില്‍ നിങ്ങള്‍ വേഗം പുറപ്പെടണം. പക്ഷെ എവിടെക്കാണ് പോകുന്നത്, നിങ്ങള്‍ക്കിനി എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് നിങ്ങള്‍ക്കാര്‍ക്കും നൂറുശതമാനവും ഉറപ്പില്ല. അതുകാരണം സ്വയം ഒരാശ്വാസത്തിനുവേണ്ടി ജീവിതം മാനസികമായി ഒന്ന് കൈകാര്യം ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാന്‍വേണ്ടി മാത്രം നിങ്ങള്‍ ഈ കെട്ടുകഥകളൊക്കെ ചമയ്ക്കുന്നു. എന്നാല്‍ മരണം എന്ന ആശയം തന്നെ നിങ്ങള്‍ക്കു ലഭിച്ചത് ആവശ്യമായ ധാരണകളോ ശരിയായ അറിവോ ഇല്ലാതെ, മറ്റുള്ളവര്‍ പലതും പറഞ്ഞതു കൊണ്ടാണ്. നേരെമറിച്ച് സമൂഹം ഇങ്ങനെ പറഞ്ഞു പരത്തിയില്ലായിരുന്നെങ്കില്‍ നിങ്ങളുടെ ഇപ്പോഴത്തെ അസ്ഥിത്വം ഏപ്രകാരമാണോ അതു ശാശ്വതമല്ലെന്ന് സ്വയം ബോധ്യം വന്നേനെ. അല്ലെങ്കില്‍ സ്വയം അറിയാന്‍ കഴിഞ്ഞേനെ. അതു നിങ്ങള്‍ അറിയുമായിരുന്നു, പക്ഷേ നിങ്ങള്‍ക്ക് അതേക്കുറിച്ച് മറ്റ് ആശയങ്ങള്‍ ഉണ്ടാകുകയില്ലായിരുന്നു. ഇപ്പോഴും നിങ്ങള്‍ക്ക് അതേക്കുറിച്ച് ഒരാശയവുമില്ല. പക്ഷേ ഉണ്ടെന്നു സങ്കല്പിക്കുകയാണ്.

നിങ്ങള്‍ക്കു മരണം സംഭവിക്കാനാഗ്രഹമില്ല, കാരണം ഇത്രയും കാലം നിങ്ങള്‍ നിങ്ങളുടെ മനസ്സിലാണ് ജീവിച്ചത്, ഈ ഭൂമിയിലല്ല. ജീവിതകാലം മുഴുവന്‍ മനസ്സിന്‍റെ ചാപല്യങ്ങള്‍ക്ക് വിധേയനായി ഈ ലോകത്ത് നിന്നും അകന്ന് ജീവിച്ചതുമൂലം നേടിയ അനുഭവങ്ങള്‍ കാരണം മരണം സംഭവിക്കുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ജീവനെക്കുറിച്ച് വെറുതെ ചിന്തിക്കുന്നു എന്നല്ലാതെ, നിങ്ങള്‍ ജീവനെ അനുഭവവേദ്യമാക്കുന്നില്ല. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നിങ്ങളെത്ര നിമിഷം യഥാര്‍ത്ഥ പൊരുളനുഭവിച്ചു. നിങ്ങളാ നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കുക മാത്രമാണ്. അതുകാരണം ഒരു ദിവസത്തേക്ക് നിങ്ങള്‍ ഒരു മാനസികമായ അസ്തിത്വമാണ്, എന്നു പറയാം മറിച്ച് അസ്തിത്വപരമായി ജീവിക്കുകയല്ലായിരുന്നു. നിങ്ങളുടെ മനസ്സില്‍ ഇതുവരെ എന്തുസംഭവിച്ചുവോ, അതെല്ലാം അപ്രസക്തമായിരുന്നു കാരണം നിങ്ങള്‍ക്കെന്തു വേണമെങ്കിലും സങ്കല്‍പ്പിക്കാം, അതെല്ലാം ശരിയാണെന്ന് മനസ്സില്‍ ധരിക്കുകയും ചെയ്യാം. നിങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിക്കുന്നതും ധരിക്കുന്നതും ചിന്തിക്കുന്നതുമൊക്കെ ജീവിതയാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നതാണു സത്യം. നിര്‍ഭാഗ്യവശാല്‍ മനുഷ്യരാശിയാകെ ഇങ്ങനത്തെ ചിന്താസങ്കല്‍പ്പങ്ങള്‍ക്ക് വിലകല്പിക്കുന്നവരാണെന്നു കാണാം. ഇത്ര കണ്ട് ജീവിതത്തിന് അനാവശ്യപ്രാധാന്യം കല്‍പ്പിക്കുന്നവരാകയാല്‍ അവര്‍ക്കു ജീവിതം തന്നെ നഷ്ടമാകുകയാണ്. എന്നു വച്ചാല്‍ സ്വയം മനസ്സില്‍ ഉരുത്തിരിഞ്ഞു വരുന്ന നിസ്സാരകാര്യങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കുന്നതിനാല്‍, അതിമഹത്തരമായിട്ടുള്ള പ്രപഞ്ചശില്പിയുടെ മനോഹരസൃഷ്ടികള്‍ തന്നെ നിങ്ങള്‍ക്കന്യമായി പോകുന്നു എന്നര്‍ത്ഥം. നിങ്ങള്‍ നിങ്ങളുടെ മനസ്സിന്‍റെ തന്നെ നിസ്സാരസങ്കല്പസൃഷ്ടികളില്‍ മുഴുകിയതിനാലാണ് നിങ്ങള്‍ക്ക് അതെല്ലാം നഷ്ടമായത്.