सद्गुरु

തുടക്കത്തില്‍ വിഗ്രഹാരാധന ഒരാവശ്യമാണ്. പക്ഷേ ഒരു ഘട്ടത്തില്‍ അതില്‍നിന്നും മുക്തനാകണം എന്ന തോന്നലുണ്ടായാല്‍ മുക്തനാവുക തന്നെ വേണം.

 

എന്തിനാണ്‌ ഈശ്വരനെ വണങ്ങുന്നത്‌?

കുഞ്ഞുനാള്‍ മുതല്‍ക്കു തന്നെ ഈശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ പരീക്ഷയില്‍ ജയിക്കും, ധനം ധാരാളം ലഭിക്കും, അസുഖമെല്ലാം മാറും, ആശിച്ചതെല്ലാം ലഭിക്കും എന്നൊക്കെ പറഞ്ഞ്‌ ഈശ്വരാരാധന മൂലം ആദായമുണ്ടാകും എന്ന വിശ്വാസം നിങ്ങളുടെ മനസ്സില്‍ പതിപ്പിച്ചുവച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ നിങ്ങള്‍ ഈശ്വരാരാധന ചെയ്യുന്നത്‌. ഈശ്വനെ പ്രാര്‍ത്ഥിച്ചാല്‍ സമ്പത്തു നഷ്‌ടപ്പെടും, പ്രശ്‌നങ്ങളുണ്ടാകും എന്നും മറ്റും പറഞ്ഞാല്‍ നിങ്ങള്‍ ഈശ്വരാരാധന ചെയ്യുമോ? അതുകൊണ്ട്‌ ഇന്നത്തെ കാലത്ത്ഈശ്വരാന്വേഷണം നടത്തുന്നത് നിങ്ങള്‍ക്കു സന്തോഷമായിട്ടും സുഖമായിട്ടും ജീവിക്കാന്‍ വേണ്ടിയാണ്‌. ആരെങ്കിലും നിങ്ങളോട്‌ കഴുതയെ തൊഴുതാല്‍ പുണ്യം കിട്ടുമെന്നുന്നു പറഞ്ഞാല്‍ നിങ്ങള്‍ ഉടനേ കഴുതയെ തൊഴാന്‍ തുടങ്ങും. അതായത്‌ ക്ഷേത്രദര്‍ശനം എന്നത്‌ ഈശ്വരനെ തേടുക എന്ന ലക്ഷ്യത്തില്‍ നിന്നും മാറി നിങ്ങളുടെ അത്യാഗ്രഹത്തിനു വേണ്ടിയും, നിങ്ങളെ അലട്ടുന്ന ഭയത്തില്‍ നിന്നും രക്ഷ നേടാനും വേണ്ടിയുള്ള ഒരാശ്രയം എന്നായിപ്പോകുന്നു. ക്ഷേത്രത്തില്‍ പോയി വിഗ്രഹത്തിനു മുന്നില്‍ നിന്ന്‍ മനസ്സില്‍ എഴുതി വച്ച നീണ്ട ഒരു പട്ടിക ഏറ്റുപറയുന്നു. ഇത്‌ ശരിക്കും ആത്മീയാന്വേഷണമാണോ? നിങ്ങളുടെ ഭയവും അത്യാഗ്രഹവും കൈകാര്യം ചെയ്യാന്‍ ഒരു വാഹനമായിട്ട്‌ നിങ്ങള്‍ ഈശ്വരനെ കാണുന്നു. അതു നല്ലതല്ല.

ക്ഷേത്രദര്‍ശനം എന്നത്‌ ഈശ്വരനെ തേടുക എന്ന ലക്ഷ്യത്തില്‍ നിന്നും മാറി നിങ്ങളുടെ അത്യാഗ്രഹത്തിനു വേണ്ടിയും, നിങ്ങളെ അലട്ടുന്ന ഭയത്തില്‍ നിന്നും രക്ഷ നേടാനും വേണ്ടിയുള്ള ഒരാശ്രയം എന്നായിപ്പോകുന്നു

ജീവിതത്തില്‍ ഈശ്വരനെക്കുറിച്ചുള്ള അന്വേഷണം എങ്ങനെ ഉണ്ടാക്കാനാകും?

ജീവിതം ആനന്ദമയമാണെന്ന്‍ നിങ്ങള്‍ അനുഭവിച്ചറിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക്‌ ഈശ്വരനെക്കുറിച്ചറിയാന്‍ സാധിക്കൂ. ഒരു മനോഹര ചിത്രത്തെയോ, സുഗന്ധം പരത്തുന്ന പുഷ്‌പത്തെയോ കാണുമ്പോള്‍ ഇതാരാണ്‌ സൃഷ്‌ടിച്ചത്‌ എന്ന ചോദ്യം നിങ്ങളില്‍ നിന്നു വന്നു എങ്കില്‍ നിങ്ങള്‍ ഈശ്വരനെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി എന്നര്‍ത്ഥം. ഒരു മനുഷ്യന് ആന്തരികമായി ആനന്ദത്തിലിരിക്കുമ്പോള്‍ മാത്രമേ ഈശ്വരനെക്കുറിച്ച്‌ അന്വേഷിക്കാന്‍ സാധിക്കുകയുള്ളു. പ്രാപഞ്ചിക ജീവിതത്തില്‍ ശാന്തിയും സമാധാനവും കാംക്ഷിക്കുന്നവര്‍ക്ക് ഈശ്വരനെ തേടി നടക്കേണ്ട കാര്യമില്ല. ജീവിതത്തില്‍ ശാന്തിയും സമാധാനവും ലഭിക്കുമ്പോള്‍, അതെല്ലാം നല്‍കിയതാരാണെന്ന ചോദ്യത്തില്‍ നിന്നും ദൈവത്തെക്കുറിച്ചുള്ള അന്വേഷണം നിങ്ങള്‍ക്ക് തുടങ്ങാം. സന്തോഷവും സൌഭാഗ്യവും ആവശ്യപ്പെട്ടുകൊണ്ടാണ്‌ ഈശ്വരനെ ഭജിക്കുന്നത്‌ എങ്കില്‍, ദുഃഖങ്ങള്‍ വരുമ്പോഴാണ്‌ കൂടുതലായി ഈശ്വരനെ ആശ്രയിക്കുന്നത്‌ എങ്കില്‍, ഈശര പ്രാര്‍ത്ഥന എന്ന് പറയുന്നത് നിങ്ങളുടെ സുഖ സൌകര്യങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതല്ലേ?

വിഗ്രഹാരാധന എന്തിനാണ്?

വിഗ്രഹങ്ങള്‍ എന്നു പറയുന്നത്‌ ഈശ്വരന്‍റെ ശരിക്കുമുള്ള രൂപമാണ്‌ എന്നാണ് ചിലര്‍ പറയുന്നത്‌. അതു മനുഷ്യന്‍ നിര്‍മ്മിച്ചതാണ്‌. ഒരു കുഞ്ഞിനെ അതിന്‍റെ മാതാവ്‌ മാറോടണച്ചുറക്കുന്നു. കുഞ്ഞ്‌ ശാന്തനായി ഉറങ്ങുന്നു, പക്ഷേ കുഞ്ഞ്‌ വളര്‍ച്ച പ്രാപിച്ച ശേഷം ഒറ്റയ്ക്ക് കിടത്തേണ്ടത്‌ ആവശ്യമാണ്‌. പെട്ടെന്നൊരു ദിവസം കുഞ്ഞിനെ മാതാവിന്‍റെ കൂടെയല്ലാതെ ഒറ്റയ്ക്കു കിടത്തുമ്പോള്‍, കുഞ്ഞ്‌ ഭയന്നു പോകും. അപ്പോള്‍ കെട്ടിപ്പിടിച്ചു കിടക്കാന്‍ ഒരു ടെഡി ബെയറോ ഒരു മിക്കി മൌസോ കൊടുക്കുന്നു. കുഞ്ഞ്‌ അതിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ ഉറങ്ങുന്നു. കുഞ്ഞ്‌ വളര്‍ന്ന് ഒരു പ്രായമേത്തുമ്പോള്‍, പാവയെ ഉപേക്ഷിച്ചിട്ട്‌ ഒറ്റക്ക് ഉറങ്ങാന്‍ കിടക്കും. കുഞ്ഞുപ്രായത്തില്‍ അതിന്‌ ഒരു പാവയുടെ ആവശ്യം ഉണ്ടായിരുന്നു. ആ സമയത്ത്‌ കുഞ്ഞിന്‌ പാവ നല്‍കാതിരുന്നാല്‍ കുഞ്ഞു പരിഭ്രമിക്കും, വിഷമിക്കും. അതുപോലെ തന്നെ നിങ്ങള്‍ക്കും ഒരു രൂപം, അതായത്‌ വിഗ്രഹം ആവശ്യമാണ്‌. നിങ്ങള്‍ വിഗ്രഹാരാധന ചെയ്‌തോളു. പക്ഷേ ഒരു ഘട്ടത്തില്‍ അതില്‍നിന്നും മുക്തനാകണം എന്ന തോന്നലുണ്ടായാല്‍ മുക്തനാവുക തന്നെ വേണം.

ക്ഷേത്രത്തിനു പിന്നിലുള്ള ശാസ്ത്രീയത

ഭാരതത്തില്‍ ക്ഷേത്രങ്ങള്‍ ആരാധനക്കു വേണ്ടി നിര്‍മിക്കപ്പെട്ടവയല്ല –അടുത്ത കാലത്തായി അങ്ങനെയൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്‌. ക്ഷേത്ര നിര്‍മ്മാണത്തില്‍ മനോഹരമായ ശാസ്‌ത്രം അടങ്ങിയിട്ടുണ്ട്‌. വിഗ്രഹം, ഗര്‍ഭഗൃഹം, പരിക്രമ എന്നു തുടങ്ങിയ പലതും ശരിയായ രീതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അവിടം ശക്തി പ്രതിധ്വനിക്കുന്ന ഒരു ഇടമായി തീരും. വിഗ്രഹത്തിന്‍റെ അളവ്‌, രൂപം, മുദ്ര, പ്രതിഷ്‌ഠക്ക് ഉപയോഗിച്ച മന്ത്രം, എന്നിവയൊക്കെ ശരിയായ അളവിലും, രീതിയിലും അനുസരിച്ചാണെങ്കില്‍ ആ വിഗ്രഹ പ്രതിഷ്‌ഠ ഉള്ള സ്ഥലം ശക്തി നിറഞ്ഞതായിരിക്കും. ആ രീതിയില്‍ അവിടെ ശക്തിയുള്ള പ്രകമ്പനങ്ങളുടെ പ്രസരണം ഉണ്ടായിരിക്കും. ക്ഷേത്രം അതിനുവേണ്ടിയുള്ളതാണ്‌. ഇതു പുരാതന ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിശദീകരണം.

വിഗ്രഹം, ഗര്‍ഭഗൃഹം, പരിക്രമ എന്നു തുടങ്ങിയ പലതും ശരിയായ രീതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അവിടം ശക്തി പ്രതിധ്വനിക്കുന്ന ഒരു ഇടമായി തീരും

എന്നാല്‍ അടുത്ത കാലത്തു നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ വ്യാപാരസമുച്ചയം പോലെയാണു കാണപ്പെടുന്നത്‌. വ്യാപാരസ്ഥലങ്ങള്‍ മനുഷ്യന്‍റെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുന്നതുപോലെ അവയും ഈശ്വരനെ വച്ച്‌ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. പുരാതനമായ ക്ഷേത്രങ്ങള്‍ ആത്മീയ ശാസ്‌ത്രം അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ടവയാണ്‌. പാരമ്പര്യമായി “ക്ഷേത്രങ്ങളില്‍ പോയി തൊഴണം, പൂജാരിക്കു പണം നല്‍കണം, ഈശ്വരനോട് അതുമിതും ആവശ്യപ്പെടണം” എന്നൊന്നും ആരും പറഞ്ഞിട്ടില്ല. ക്ഷേത്രത്തില്‍ പോയി ശാന്തനായി കുറച്ചു നേരം ഇരിക്കുകയും, മനസ്സ് ശാന്തമായി കഴിഞ്ഞാല്‍, എഴുന്നേറ്റു പരിക്രമ ചെയ്യുക എന്നതാണ്‌ പ്രധാനം. രാവിലെ സാധാരണ നിത്യജീവിതത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പ്‌ ക്ഷേത്രദര്‍ശനം നടത്തി, അവിടെ അല്‍പസമയം ശാന്തനായി ഇരുന്നിട്ടു വരിക എന്നത്‌ പണ്ടൊക്കെ ഒരു ശീലമായിരുന്നു. അത്‌ അവിടെ നിറഞ്ഞുനില്‍ക്കുന്ന പോസിറ്റീവ്‌ പ്രകമ്പനങ്ങള്‍ മൂലം നിങ്ങളെ റീച്ചാര്‍ജ്‌ ചെയ്യാന്‍ വേണ്ടിയായിരുന്നു. ക്ഷേത്രം എന്നത്‌ ഒരിക്കലും നിങ്ങളുടെ ദുരാഗ്രഹങ്ങളെ സാധിച്ചു തരാന്‍ ഈശ്വരനോട്‌ അപേക്ഷിക്കേണ്ടുന്ന സ്ഥലമായിരുന്നില്ല. അതൊരു പ്രാര്‍ത്ഥനാമന്ദിരം പോലുമായി കരുതപ്പെട്ടിരുന്നില്ല, അതൊരു ഊര്‍ജകേന്ദ്രമായിരുന്നു. നിങ്ങള്‍ സ്വയം റീചാര്‍ജ്‌ ആകുകയാണെങ്കില്‍, ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യമില്ലാതെയാകുന്നു.

ക്ഷേത്രം, അതൊരു പ്രാര്‍ത്ഥനാമന്ദിരം പോലുമായി കരുതപ്പെട്ടിരുന്നില്ല, അതൊരു ഊര്‍ജകേന്ദ്രമായിരുന്നു. നിങ്ങള്‍ സ്വയം റീചാര്‍ജ്‌ ആകുകയാണെങ്കില്‍, ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യമില്ലാതെയാകുന്നു

നിങ്ങളുടെയുള്ളിലുള്ള ഊര്‍ജത്തെ വര്‍ദ്ധിപ്പിച്ച് നിങ്ങള്‍ക്കു സ്വയം നിങ്ങളെത്തന്നെ മനസ്സിലാക്കാന്‍ പ്രാപ്‌തരാക്കുക – അതാണ്‌ എന്‍റെ ജോലി. അതുവഴി നിങ്ങളിലുള്ള ദൈവാംശത്തെ നിങ്ങള്‍ മനസ്സിലാക്കിയാല്‍, നിങ്ങളുടെ ചുറ്റുമുള്ള എല്ലാത്തിലും നിങ്ങള്‍ക്കതു കാണാന്‍ സാധിക്കും. ആ അനുഭവം നിങ്ങള്‍ക്കു ലഭ്യമാകുന്നതുവരെ ജ്ഞാനികള്‍ക്കോദൈവത്തിനോ ആര്‍ക്കും നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ പറ്റുകയില്ല. നിങ്ങള്‍ക്ക്‌ അവരെ നമസ്കരിക്കാം, പൂവിട്ടു പൂജിക്കാം, അവരുടെ സ്തുതി ചൊല്ലാം, എന്നാലും നിങ്ങളുടെ ദുരിതത്തില്‍ നിന്നും നിങ്ങള്‍ മുക്തനാകാന്‍ പോകുന്നില്ല. കൃഷ്‌ണന്‍, രാമന്‍, ഗൌതമബുദ്ധന്‍, യേശു എന്ന്‍ തുടങ്ങി പല അവതാര പുരുഷന്മാരും സന്യാസിമാരും, ഋഷികളും വന്നിട്ടും മനുഷ്യരുടെ ദുരിതങ്ങള്‍ക്ക്‌ അറുതി വന്നിട്ടില്ല. ചുരുക്കം ചിലര്‍ മാത്രമാണ്‌ അതൊക്കെ കടന്നു വന്നിട്ടുള്ളത്‌. അതുകൊണ്ട്‌ യാഗങ്ങള്‍ നടത്തിയാലും, അല്ല ഈശ്വരന്‍ തന്നെ ഇറങ്ങി വന്നാലും, നിങ്ങള്‍ സ്വയം മാറാതെയിരിക്കുന്നിടത്തോളം കാലം ഒരു മാറ്റവുമുണ്ടാകില്ല.