सद्गुरु

ശേഖര്‍ ഗുപ്തയുമായുള്ള “ഓഫ് ദി കഫ്” എന്ന പരിപാടിക്കിടെ സദസ്സിലെ ഒരാള്‍ ചോദിച്ചു, ഈ പ്രപഞ്ചം ആകസ്മികമാണോ, അതോ ആസൂത്രിതമാണോ, നാമിവിടെ കളിക്കാരാണോ, അതോ കളിക്കപ്പെടുകയാണോ?

ചോദ്യം: സദ്ഗുരു, ഞാനൊരു നടനും എഴുത്തുകാരനുമാണ്. ഞാന്‍ ഈ പ്രപഞ്ചം ആകസ്മികവും അവ്യവസ്ഥവുമാണോ, അതോ അസൂത്രിതമാണോ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. നാം കളിക്കാരാണോ, അതോ ഒരാളാല്‍ കളിക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുകയാണോ?

സദ്ഗുരു: ഞാന്‍ ചോദ്യമോന്ന് ലളിതമാക്കട്ടെ: “ഞാന്‍ എങ്ങനെ ജീവിക്കണമെന്ന് എനിക്ക് തീരുമാനിക്കാനാകുമോ, അതോ ഇത് മറ്റാരെങ്കിലും നിയന്ത്രിക്കുന്നതാണോ? മറ്റൊരാളാല്‍ തട്ടിക്കളിക്കപ്പെടുകയാണോ, അതോ എനിക്കും പന്തു തട്ടാന്‍ പറ്റുമോ?” ലോകത്തില്‍ ഈയൊരു സംസ്കാരത്തില്‍ മാത്രമാണ് നിങ്ങളുടെ ജീവിതം നിങ്ങളുടെ കര്‍മ്മമാണെന്ന് പറഞ്ഞിട്ടുള്ളത്. ഇതിനര്‍ത്ഥം നിങ്ങളുടെ ജീവിതം നിങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്നാണ്. ഏറ്റവും ശക്തമായി ജീവിക്കാനുള്ള വഴിയാണിത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ജീവിതത്തിന്‍റെ ശക്തമായ ഈ സമീപനത്തെ നാം വിധിയെന്ന രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയിരിക്കുന്നു.- “അയ്യോ കര്‍മ്മം” – ഇത് മറ്റെവിടെ നിന്നെങ്കിലും വന്നതു പോലെ.

കര്‍മ്മം എന്നാല്‍ പ്രവൃത്തി – നിങ്ങളുടെ പ്രവൃത്തി. നിങ്ങളിവിടെ ഇരിക്കുമ്പോള്‍ നിങ്ങള്‍ വിവിധ തരം പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. ശാരീരികമായും, മാനസികമായും, വികാരങ്ങളുടെ തലത്തിലും, ഊര്‍ജ്ജത്തിന്‍റെ തലത്തിലും പ്രവൃത്തി ഇരുപത്തിനാലു മണിക്കൂറും നടക്കുന്നു. നിങ്ങള്‍ അവബോധത്തോടെയിരിക്കുമ്പോളും, ഉണര്‍ന്നിരിക്കുമ്പോളും, ഉറങ്ങുമ്പോളും – നിങ്ങള്‍ നാലു തരത്തിലുള്ള കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്നു.

ലോകത്തില്‍ ഈയൊരു സംസ്കാരത്തില്‍ മാത്രമാണ് നിങ്ങളുടെ ജീവിതം നിങ്ങളുടെ കര്‍മ്മമാണെന്ന് പറഞ്ഞിട്ടുള്ളത്. ഇതിനര്‍ത്ഥം നിങ്ങളുടെ ജീവിതം നിങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്നാണ്.

നിങ്ങള്‍ രാവിലെ എഴുന്നേറ്റ സമയം മുതല്‍ ഇതുവരെ നിങ്ങള്‍ ശാരീരികമായും, മാനസികമായും, വികാരങ്ങളുടെ തലത്തിലും, ഊര്‍ജ്ജത്തിന്‍റെ തലത്തിലും കര്‍മ്മം ചെയ്തിട്ടുണ്ട്. നിങ്ങള്‍ ചെയ്ത പ്രവൃത്തികള്‍ എത്ര അവബോധത്തോടെ ചെയ്തുവെന്നാണ് കരുതുന്നത്? അധികം ആളുകള്‍ക്കും ഇത് ഒരു ശതമാനത്തിലും കുറവാണ്! തൊണ്ണൂറ്റി ഒന്‍പതു ശതമാനവും അതിലധികവും അവബോധത്തോടെയല്ല ചെയ്യുന്നത്. നിങ്ങള്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം പ്രവൃത്തിയും അവബോധത്തോടെയല്ലാതെ ചെയ്യുമ്പോള്‍, സ്വാഭാവികമായും മറ്റാരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചെയ്യുന്നതു പോലെ തോന്നും.

പ്രജ്ഞ എന്നു പറയുമ്പോള്‍ ഇതാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്‌ - കൂടുതല്‍ അവബോധമുള്ളവരാകുക. നിങ്ങളുടെ അവബോധത്തോടെയുള്ള പ്രവൃത്തി ഒരു ശതമാനത്തിലും കുറവ് എന്നതില്‍ നിന്ന് രണ്ടു ശതമാനമോ, അഞ്ചു ശതമാനമോ ആയി എന്നിരിക്കട്ടെ. പെട്ടെന്ന് നിങ്ങള്‍ക്ക് ശാക്തീകരണം അനുഭവപ്പെടും. നിങ്ങളുടെ കൂടെയുള്ളവര്‍ നിങ്ങള്‍ അമാനുഷികനാണെന്ന് വിചാരിക്കും. കാരണം, നിങ്ങള്‍ക്ക് നിങ്ങളുടെ ഉള്ളില്‍ നിന്ന് എന്തു പുറത്തു വരുന്നു എന്നതിനെപ്പറ്റിയും നിങ്ങളുടെ നേര്‍ക്ക്‌ എന്തു വരുന്നു എന്നതിനെപ്പറ്റിയും അവബോധമുണ്ടാവുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും: ഇതു നിങ്ങളുടെ സൃഷ്ടിയാണ്. നാം “നിങ്ങളുടെ കര്‍മ്മം” എന്നു പറയുമ്പോള്‍ “നിങ്ങളുടെ ജീവിതം നിങ്ങളുടെ സൃഷ്ടിയാണ്” എന്നാണ് അര്‍ത്ഥമാക്കുന്നത്‌.