सद्गुरु

ചോദ്യകര്‍ത്താവ്: ദൈവത്തെപ്പറ്റിയുള്ള അങ്ങയുടെ ആശയം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സദ്ഗുരു: ദൈവത്തെക്കുറിച്ചുള്ള 'ആശയം' എന്ന് നിങ്ങള്‍ പറയുമ്പോള്‍, ആദ്യം നമുക്ക് ആശയം എന്താണെന്ന് മനസ്സിലാക്കാം. ആശയം എന്നാല്‍ മനുഷ്യര്‍ കെട്ടിച്ചമക്കുന്ന എന്തോ ഒന്നാണ്. അതാണ് ആശയത്തിന്‍റെ അര്‍ത്ഥം, അല്ലേ? അതിനാല്‍ നിങ്ങള്‍ മനുഷ്യര്‍ ഉണ്ടാക്കിയെടുത്ത ഒന്നിനെക്കുറിച്ചാണോ ചോദിക്കുന്നത്?

ചോദ്യകര്‍ത്താവ്: എന്താണ് അങ്ങയുടെ ആശയം?

സദ്ഗുരു: എനിക്ക് ആശയമൊന്നും ഇല്ലെങ്കിലോ? നോക്കൂ, ഞാന്‍ ചോദിക്കുന്നത് ഇതാണ്: നിങ്ങള്‍ക്ക് ദൈവത്തെക്കുറിച്ചുള്ള ആശയമാണോ അറിയേണ്ടത്? അതോ നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമെന്താണെന്നാണോ അറിയേണ്ടത്?

ചോദ്യകര്‍ത്താവ്: അങ്ങേയ്ക്ക് യാഥാര്‍ത്ഥ്യമായത് എനിക്ക് യാഥാര്‍ത്ഥ്യമാകണമെന്നില്ല.

സദ്ഗുരു: നോക്കൂ, 'എന്‍റെ യാഥാര്‍ത്ഥ്യം', 'നിങ്ങളുടെ യാഥാര്‍ത്ഥ്യം' എന്നൊന്നില്ല. യാഥാര്‍ത്ഥ്യം ഒന്നേയുള്ളൂ. നമ്മള്‍ അതുമായി സംസര്‍ഗ്ഗത്തിലായിരുന്നുവെങ്കില്‍, അത് ഒരു പ്രശ്നമേയല്ല. ഇപ്പോഴുള്ള പ്രശ്നം നാം പല ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നതാണ്. ഓരോ സംസ്ക്കാരത്തിനും, ഓരോ വര്‍ഗ്ഗത്തിനും ദൈവത്തെക്കുറിച്ച് അവരവരുടേതായ ആശയങ്ങളുണ്ട്, ഇതാണ് ഈ ലോകത്തിലെ സംഘര്‍ഷത്തിന്‍റെ മൂലകാരണം. നിങ്ങളുടെ ദൈവം ഒരു രീതിയില്‍; മറ്റാരുടെയെങ്കിലും ദൈവം മറ്റൊരു രീതിയില്‍; ഈ രണ്ടു വ്യക്തികളും തമ്മില്‍ കലഹിക്കുന്നു. ദൈവത്തിന്‍റെ ആള്‍ക്കാരെല്ലാം നിരന്തരം വഴക്കിടുന്നു. നിര്‍ഭാഗ്യകരം, അല്ലേ? 'ആശയം' എന്ന വാക്കിന്‍റെ അര്‍ത്ഥംതന്നെ 'ഉണ്ടാക്കിയെടുത്തത്' എന്നാണെന്ന് മനസ്സിലാക്കാതെ നാം നമ്മെത്തന്നെ ആശയങ്ങള്‍ക്ക് വിട്ടുകൊടുത്തതാണ് അതിനു കാരണം.

അതിനാല്‍ നിങ്ങളുണ്ടാക്കിയ ദൈവങ്ങളെല്ലാം തികച്ചും സംസ്ക്കാരപരമാണ്. നിങ്ങള്‍ ഏത് സംസ്ക്കാരവുമായാണോ സമ്പര്‍ക്കത്തിലുള്ളത്, അത്തരത്തിലുള്ള ദൈവത്തെക്കുറിച്ചായിരിക്കും നിങ്ങള്‍ സംസാരിക്കുക, അല്ലേ? ഇന്ത്യയില്‍ മുന്നൂറായിരം ദൈവങ്ങളുണ്ട്; വളരെ സമ്പന്നമായ സംസ്ക്കാരം. (ചിരിക്കുന്നു) ശരിക്കും, വളരെ സമൃദ്ധമായ ഭാവനകള്‍! അവര്‍ ആശയങ്ങള്‍ക്കു മീതെ ആശയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു, നിരവധി ദൈവങ്ങളെയും. അവസാനം നിങ്ങളെ അത് ആശയക്കുഴപ്പത്തിലെത്തിക്കുകയെങ്കിലും ചെയ്യും. അത് കൊള്ളാം, നിങ്ങള്‍ക്കറിയാമോ? തെറ്റായ നിഗമനത്തിലെത്തിയ വ്യക്തികളെക്കാള്‍ മെച്ചം ആശയക്കുഴപ്പത്തിലായ വ്യക്തികളാണ്. കാരണം, തെറ്റായ നിഗമനത്തിലെത്തിയ വ്യക്തികള്‍ മുഴുവന്‍ ആവേശത്തോടെ അതിലേക്കു പോകുന്നു. ആശയക്കുഴപ്പത്തിലായവര്‍ പൊരുതാന്‍ മടിക്കുന്നു, അല്ലേ? (ചിരിക്കുന്നു).

നോക്കൂ, 'എന്‍റെ യാഥാര്‍ത്ഥ്യം', 'നിങ്ങളുടെ യാഥാര്‍ത്ഥ്യം' എന്നൊന്നില്ല. യാഥാര്‍ത്ഥ്യം ഒന്നേയുള്ളൂ. നമ്മള്‍ അതുമായി സംസര്‍ഗ്ഗത്തിലായിരുന്നുവെങ്കില്‍, അത് ഒരു പ്രശ്നമേയല്ല. ഇപ്പോഴുള്ള പ്രശ്നം നാം പല ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നതാണ്.

ഇപ്പോള്‍, 'ദൈവത്തെക്കുറിച്ചുള്ള ആശയം' നിങ്ങളില്‍ വന്നത്, തലമുറകളായി ആളുകള്‍ നിങ്ങള്‍ക്ക് വിശ്വാസപ്രമാണങ്ങള്‍ പകര്‍ന്നു തന്നതുകൊണ്ടാണ്. നോക്കൂ, നിങ്ങള്‍ വിശ്വസിക്കുന്നതും വാസ്തവവും ആയി ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. നിങ്ങള്‍ ജനിച്ച നാള്‍ മുതല്‍, ഞങ്ങള്‍ കഠിന പ്രയത്നം ചെയ്യുകയാണെങ്കില്‍, നിങ്ങളെ ഏതു തരത്തിലുമുള്ള വിഡ്ഢിത്തവും വിശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്കാകും, അല്ലേ? എന്തു വിഡ്ഢിത്തവും വിശ്വസിപ്പിക്കാം - ഞങ്ങള്‍ നിങ്ങളുടെ മേല്‍ അല്പം പ്രയത്നിക്കണമെന്ന് മാത്രം.

ലോകത്തിലെങ്ങും നിലനില്ക്കുന്ന വിവിധ തരത്തിലുള്ള വിശ്വാസരീതികളെ ഒന്നു നോക്കൂ. മറ്റുള്ളവരുടെ വിശ്വാസപ്രമാണങ്ങള്‍ നിങ്ങള്‍ക്ക് തികച്ചും പരിഹാസാത്മകമായി തോന്നാം, പക്ഷെ അവര്‍ നിങ്ങളുടേതുനോക്കി ചിരിക്കുന്നത് നിങ്ങളറിയുന്നില്ല. നാം വളര്‍ന്നു വന്ന സംസ്ക്കാരം നമ്മെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. നമ്മുടെ മനസ്സു മുഴുവനും അതിനെ ചുറ്റിപ്പറ്റിയാണ് വളരുന്നത്. അതിനാല്‍ ദൈവത്തെക്കുറിച്ച് കൂടുതല്‍ ആശയങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതു കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവുമില്ല. കാരണം, അത് ഒരു വ്യക്തിക്കോ, ഒരു സമൂഹത്തിനോ, ലോകത്തിനു മുഴുവനുമോ സമാധാനം നേടികൊടുത്തിട്ടില്ല.

നിങ്ങള്‍ക്ക് പരമാര്‍ത്ഥമെന്താണെന്ന് അറിയണം, അല്ലേ? നിങ്ങള്‍ക്ക് ദൈവം എന്ന ആശയം എവിടെ നിന്നു കിട്ടി? നിങ്ങള്‍ ജനിച്ചു; നിങ്ങള്‍ കണ്ണു തുറന്നു; ഈ മുഴുവന്‍ സൃഷ്ടിയും അപ്പോള്‍ തന്നെ അവിടെ ഉണ്ടായിരുന്നു. നിങ്ങളല്ല അവ സൃഷ്ടിച്ചതെന്ന് വ്യക്തമാണ്. യുക്തിപരമായി നിങ്ങളുടെ മനസ്സ് തീരുമാനിച്ചു, സൃഷ്ടിയുണ്ടെങ്കില്‍, ഒരു സ്രഷ്ടാവും ഉണ്ടാകണം എന്ന്. സാംസ്ക്കാരികമായി നിങ്ങള്‍ക്ക് ഏത് സ്രഷ്ടാവിനെ സ്വീകരിക്കുന്നതായിരുന്നോ സൗകര്യം, ചോദ്യം ചെയ്യാതെ തന്നെ, ആ സ്രഷ്ടാവിനെ നിങ്ങള്‍ അംഗീകരിച്ചു. പക്ഷെ അടിസ്ഥാനപരമായി നിങ്ങള്‍ സൃഷ്ടിയെ അനുഭവിച്ചറിഞ്ഞതുകൊണ്ട് മാത്രമാണ് നിങ്ങള്‍ സ്രഷ്ടാവിനെക്കുറിച്ച് ചിന്തിച്ചത്, അല്ലേ? നിങ്ങളിവിടെ എത്തിയപ്പോള്‍ എല്ലാം ശൂന്യമായിരുന്നു; ഒരു സൃഷ്ടിയും ഇല്ലായിരുന്നു എന്നു കരുതുക. അങ്ങനെയായിരുന്നെങ്കില്‍, നിങ്ങള്‍ അപ്പോള്‍ ഒരു സ്രഷ്ടാവിനെക്കുറിച്ച് ചിന്തിക്കുമോ? ഉവ്വോ? നിങ്ങള്‍ സൃഷ്ടിയെ കണ്ടതുകൊണ്ടും, നിങ്ങള്‍ക്ക് വിശദീകരണമൊന്നും ഇല്ലാത്തതുകൊണ്ടും മാത്രം , നിങ്ങള്‍ മുകളില്‍ സ്വര്‍ഗ്ഗത്തിലിരുന്ന് എല്ലാം ചെയ്യുന്ന ഒരു സ്രഷ്ടാവിനെക്കുറിച്ച് തികച്ചും ബാലിശമായ ഒരു വിശദീകരണത്തിലെത്തി.

ഇത് പല സംസ്ക്കാരങ്ങളെപ്പറ്റി പറയുമ്പോഴും ശരിയാണ്. നിങ്ങള്‍ തീര്‍ച്ചയായും മറ്റുള്ള സംസ്ക്കാരങ്ങളുമായി ഇടപഴകണം; അപ്പോള്‍ ഈ ആശയം എന്നതിലേക്ക് നോക്കുന്നത് രസകരമായിരിക്കും. നിങ്ങള്‍ക്കറിയാമോ, ഈ ലോകത്തില്‍ ദൈവത്തെക്കുറിച്ചും ഈ അസ്തിത്വത്തെക്കുറിച്ചും എത്ര തരത്തിലുള്ള ആശയങ്ങളാണുള്ളതെന്ന്? എണ്ണിയാലൊടുങ്ങാത്ത അത്രയും കഥകളുണ്ട്. ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ വര്‍ഷങ്ങളായി വളര്‍ന്നുവന്നതാണ്. അതിനാല്‍ നമുക്ക് വളരെ വൈവിധ്യമുള്ള കഥകളുണ്ട്. അത് വളരെ അതിശയകരമാണ്. അത് മനുഷ്യന്‍റെ ഭാവനയെക്കുറിച്ച് വളരെ അതിശയകരമായ കാര്യങ്ങള്‍ പറയുന്നു. അതേ സമയം, മറ്റൊരു തലത്തില്‍, അത് വളരെ ബാലിശവുമാണ്.

ലോകത്തിലെ സംഘര്‍ഷം എപ്പോഴും ഒരു വ്യക്തിയുടെ വിശ്വാസവും മറ്റൊരു വ്യക്തിയുടെ വിശ്വാസവും തമ്മിലാണ്.

അതിനാല്‍ നാം വിശ്വസിക്കുന്ന എല്ലാ ആശയങ്ങളും, നാം സൃഷ്ടിയെ അറിഞ്ഞതു കൊണ്ടു മാത്രമാണ് നമ്മിലേക്കു വന്നത്. സൃഷ്ടിയെപ്പറ്റി നമുക്കൊരു വിശദീകരണം ആവശ്യമായതിനാല്‍, നാം നമ്മുടെ മനസ്സില്‍ ഒരു സ്രഷ്ടാവിനെ സൃഷ്ടിച്ചു. അദ്ദേഹം നിലനില്ക്കുന്നുണ്ടോ ഇല്ലയോ? ഞാനതിനെ ചോദ്യം ചെയ്യുന്നില്ല. ഞാന്‍ നിങ്ങളുടെ അനുഭവത്തെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും അനുഭവിക്കണമെങ്കില്‍, അത് അനുഭവിക്കാന്‍ എന്തു ഉപാധിയാണ് ഉള്ളതെന്ന് നിങ്ങള്‍ നോക്കണം, അല്ലേ?

നിങ്ങള്‍ക്ക് സ്രഷ്ടാവിനെ അനുഭവിക്കണം, അല്ലേ? ഇപ്പോള്‍ നിങ്ങള്‍ക്കുള്ള ഒരേയൊരു കാര്യം വിശ്വാസമാണ്. ഇന്ന് ലോകത്തിലെ സംഘര്‍ഷങ്ങള്‍ ജനങ്ങള്‍ പറയുന്നതുപോലെ നല്ലതും ചീത്തയും തമ്മിലല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തിലെ സംഘര്‍ഷം എപ്പോഴും ഒരു വ്യക്തിയുടെ വിശ്വാസവും മറ്റൊരു വ്യക്തിയുടെ വിശ്വാസവും തമ്മിലാണ്. അങ്ങനെയല്ലേ? നിങ്ങള്‍ ഒരു കാര്യത്തില്‍ വിശ്വസിക്കുന്നു; മറ്റു ചിലര്‍ മറ്റു ചിലത് വിശ്വസിക്കുന്നു; ഉടനെ അവിടെ സംഘര്‍ഷമുണ്ടാകുന്നു. തുടക്കത്തില്‍ നാം പറയും, നാമെല്ലാം സഹോദരന്മാരാണെന്ന്. പക്ഷേ നാളെ, നിങ്ങള്‍ വിശ്വസിക്കുന്നത് ശരിയെന്ന് നിങ്ങളും, ഞാന്‍ വിശ്വസിക്കുന്നത് ശരിയെന്ന് ഞാനും തറപ്പിച്ചു പറയുമ്പോള്‍, നമ്മള്‍ പരസ്പരം കലഹിക്കും. തീര്‍ച്ചയായും, നമ്മള്‍ വഴക്കിടും.

ഇങ്ങനെയുള്ള വഴക്കുകള്‍ വീണ്ടും വീണ്ടും നാം ഈ ഭൂമിയില്‍ ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ നാം എന്നിട്ടും അതേ കാര്യവുമായി മുന്നോട്ടു പോകുന്നു. അതുകൊണ്ട് നിങ്ങളുടെ വിശ്വാസം സംസ്ക്കാരത്തില്‍ അധിഷ്ഠിതമാണ്. ഏതു സംസ്ക്കാരമാണ് നിങ്ങളെ സ്വാധീനിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ വിശ്വാസങ്ങളും. ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നതിനും അവിശ്വസിക്കുന്നതിനും ഒക്കെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല. നിങ്ങളുടെമേല്‍ ആരെങ്കിലും എത്ര സ്വാധീനം ചെലുത്തി എന്നതുമായി മാത്രമേ അതിനു പ്രസക്തിയുള്ളൂ.