सद्गुरु

ഓരോ ആദിയോഗി പ്രതിമയോടൊപ്പം 111 അടി നീളവും 111 അടി വീതിയുമുളള ഒരു വേദിയും വൈദീക വിധിപ്രകാരം പ്രതിഷ്‌ഠിച്ചിട്ടുള്ള ഒരു ശിവലിംഗവുമുണ്ടായിരിക്കും. സാധകനെ സ്വാഭാവികമായും ധ്യാനനിരതനാകാന്‍ വേണ്ട ചൈതന്യപ്രഭാവം അതില്‍ നിന്നും പ്രസരിച്ചുകൊണ്ടേയിരിക്കും.

സദ്‌ഗുരു: എണ്ണായിരം മുതല്‍ പന്തീരായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ദക്ഷിണ അമേരിക്കയില്‍ ലിംഗാരാധന പ്രചാരത്തിലുണ്ടായിരുന്നു എന്ന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ടര്‍ക്കിയിലും ഉത്തരാഫ്രിക്കയിലും ലിംഗാരാധന നിലനിന്നിരുന്നു. ലോകത്തില്‍ മിക്കവാറും എല്ലായിടത്തും സര്‍പ്പാരാധനയും പ്രചാരത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളായിട്ടാണ്‌ ഈ സമ്പ്രദായങ്ങള്‍ക്കു മാറ്റം വന്നത്‌. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അത്‌ നാമാവശേഷമായി. ആരംഭകാലങ്ങളില്‍ ലോകത്തിന്റെ എല്ലാഭാഗങ്ങളിലും സപ്‌തര്‍ഷികളുടെ സ്വാധീനം പ്രബലമായിരുന്നു.

ആദിയോഗി ആവിഷ്‌ക്കരിച്ച യോഗശാസ്‌ത്രത്തിന്റെ പ്രഭാവം സ്‌പര്‍ശിക്കാത്ത ഒരു മനുഷ്യസമൂഹവും ഈ ലോകത്തിലില്ല. യോഗ ലോകമെങ്ങും വ്യാപിച്ചിരുന്നു

ആദിയോഗി ആവിഷ്‌ക്കരിച്ച യോഗശാസ്‌ത്രത്തിന്റെ പ്രഭാവം സ്‌പര്‍ശിക്കാത്ത ഒരു മനുഷ്യസമൂഹവും ഈ ലോകത്തിലില്ല. യോഗ ലോകമെങ്ങും വ്യാപിച്ചിരുന്നു. മതമോ വിശ്വാസ പ്രമാണമൊ ആയിട്ടല്ല, മറിച്ച്‌ ജീവിതശൈലികളുടെ രൂപത്തില്‍. കാലക്രമത്തില്‍ അതിന്‌ പലവിധ മാറ്റങ്ങളും കോട്ടങ്ങളും സംഭവിച്ചു. എന്നാലും അറിഞ്ഞോ അറിയാതെയോ ലോകത്തിന്റെ പല ഭാഗങ്ങളിലായി ലക്ഷക്കണക്കിനാളുകള്‍ അവരവരുടേതായ രീതികളില്‍ യോഗാഭ്യാസം ചെയ്‌തു വരുന്നുണ്ട്‌. ലോകചരിത്രമെടുത്തു നോക്കിയാല്‍, ആരുടേയും നിര്‍ബന്ധത്തിനു വഴങ്ങാതെ ജനങ്ങള്‍ സ്വമേധയാ അനുഷ്‌ഠിച്ചു വരുന്ന ഒരേയൊരു ജീവിതരീതി യോഗത്തിന്റേതാണെന്നു കാണാം.

ആദിയോഗിയുടെ യോഗശാസ്‌ത്രത്തിന്റെ ഗുണഭോക്താക്കളാണ്‌ ഈ ലോകത്തില്‍ വളര്‍ന്നു വികസിച്ചിട്ടുള്ള ഓരോ സംസ്‌ക്കാരവും. ആരുടേയും ശാസനകള്‍ക്കും ഭീക്ഷണികള്‍ക്കും വഴങ്ങാതെ തന്നെ കഴിഞ്ഞ ഇരുപത്‌ സഹസ്രാബ്ദങ്ങളായി ലോകത്തില്‍ യോഗ നിലനിന്നുവരുന്നുണ്ട്‌. ഒരു ഭരണകൂടവും ഇതിന്റെ പ്രചരണത്തിനായി മുന്‍കൈ എടുത്തിട്ടില്ല. യോഗത്തിന്റെ തനതായ ശക്തിയും പ്രഭാവവും ഫലസിദ്ധിയുംതന്നെയാണ്‌ അതിന്റെ നിലനില്‍പിനു നിദാനം. പല കാലങ്ങളിലായി യോഗശാസ്‌ത്രത്തിന്‌ പല വിധത്തിലുളള തളര്‍ച്ചകള്‍ ബാധിച്ചിട്ടുണ്ട്‌ എന്നത്‌ വാസ്‌തവം, എന്നാല്‍ ഇപ്പോള്‍ അത്‌ ശക്തമായൊരു തിരിച്ചുവരവിന്റെ വഴിയിലാണ്‌.

ആദിയോഗിക്ക്‌ അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിരിക്കണം. ഞാന്‍ മരിക്കുന്നതിനുമുമ്പേ ആ ആഗ്രഹം സഫലമാകണം. ആ പ്രയത്‌നത്തിന്റെ ഭാഗമായിട്ടാണ്‌, ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇരുപത്തിയൊന്നടി ഉയരത്തിലുളള ആദിയോഗി പ്രതിമകള്‍ സ്ഥാപിക്കാന്‍ ഞാനൊരുമ്പെടുന്നത്‌. ആ പ്രതിമകള്‍ തയ്യാറായിവരികയാണ്‌. ഓരോ ആദിയോഗി പ്രതിമയോടൊപ്പം 111 അടി നീളവും 111 അടി വീതിയുമുളള ഒരു വേദിയും വൈദീക വിധിപ്രകാരം പ്രതിഷ്‌ഠിച്ചിട്ടുള്ള ഒരു ശിവലിംഗവുമുണ്ടായിരിക്കും. സാധകനെ സ്വാഭാവികമായും ധ്യാനനിരതനാകാന്‍ വേണ്ട ചൈതന്യപ്രഭാവം അതില്‍ നിന്നും പ്രസരിച്ചുകൊണ്ടേയിരിക്കും. ഈ മണ്‌ഡപം സ്ഥാപിക്കാന്‍ പോകുന്നത്‌ യു. എസ്സിലെ ടെന്നിസി ആശ്രമത്തിനു സമീപമാണ്. സിനോസേയിലും, സിയാട്ടിലും ടൊറൊന്‍ടോയിലുമായിരിക്കും തുടര്‍ന്നുളള പ്രതിഷ്‌ഠകള്‍. യു.എസ്സില്‍ മാത്രം 50 ആദിയോഗി പ്രതിഷ്‌ഠകള്‍. വേറെയും പല നഗരങ്ങള്‍ ഇതിനായുളള അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്‌. ഓരോ സംസ്ഥാനത്തിലും ഓരോ പ്രതിമ.

ഇന്ത്യയിലെ ആദിയോഗി പ്രതിമകള്‍ : ഈ ആവശ്യവുമായി മുന്നോട്ടുവരുന്നവരാരാണോ അവര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത്‌ പ്രതിമാസ്ഥാപനം നടത്തണമെന്നാണ്‌ ഞങ്ങള്‍ കരുതുന്നത്‌. ഭാരതത്തിന്റെ നാലുകോണുകളിലായി 112 അടി ഉയരത്തില്‍ ഓരോ ആദിയോഗി പ്രതിമ സ്ഥാപിക്കണം. അരുണാചലപ്രദേശങ്ങളിലെ സര്‍ക്കാര്‍ ഈ ആവശ്യവുമായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ സൂര്യകിരണങ്ങള്‍ ഏറ്റവും ആദ്യം പതിക്കുന്നത്‌ അരുണാചലപ്രദേശത്താണല്ലോ. ഇന്ത്യയില്‍ ആദ്യമായി എത്തുന്ന സൂര്യകിരണം ആദിയോഗി പ്രതിമയുടെ മുഖത്തായിരിക്കണം, എന്ന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജാതിമതവര്‍ണലിംഗ വ്യത്യാസമന്യേ എല്ലാവരും മാനവജാതിക്കുവേണ്ടി ആദിയോഗി നല്‍കിയിട്ടുള്ള സംഭാവനകള്‍ തിരിച്ചറിയണം, ആദരിക്കണം. ഒരു മനുഷ്യന്‍ എന്ന നിലയിലുളള എല്ലാ പരിമിതികള്‍ക്കും അപ്പുറത്തേക്കു കടന്ന മഹാപുരുഷനായിട്ടാണ് നമ്മള്‍ ആദിഗുരുവിനെ ആരാധിക്കേണ്ടത്‌, അല്ലാതെ ഈശ്വരനായിട്ടല്ല. ഒരു മനുഷ്യന്റെ സര്‍വ്വ സാദ്ധ്യതകളുടേയും സാക്ഷാത്‌കാരമായിരുന്നു ആദിയോഗി. ഒരു മനുഷ്യന്‌ അസാധ്യമായിട്ടുള്ളത്‌ എന്തെല്ലാമാണോ അതെല്ലാം അദ്ദേഹം ജീവിതത്തില്‍ സാധിച്ചു. മനുഷ്യനു മുമ്പില്‍ അവന്റെ സാദ്ധ്യതകളുടെ ജാലകം ആദ്യമായി തുറന്നുകാട്ടിയത്‌ ആദിയോഗിയാണ്‌. വെറുതെ വാക്കാല്‍ വിവരിക്കുകയല്ല അദ്ദേഹം ചെയ്‌തത്‌, സുവ്യക്തമായ വഴികളും രീതികളും അദ്ദേഹം അവതരിപ്പിച്ചു. എങ്ങനെ അത്‌ ജീവിതത്തില്‍ പ്രായോഗികമാക്കാമെന്നും പഠിപ്പിച്ചു. മനുഷ്യമനസ്സിനുവേണ്ടി ഇത്രയും മഹത്തായ സംഭാവനകള്‍ അതിനു മുമ്പോ പിന്‍പോ ആരും ചെയ്‌തിട്ടില്ല.

ആദിയോഗി ഒരു മനുഷ്യനായിരുന്നു. അതാണ്‌ നമ്മള്‍ എപ്പോഴും ഓര്‍മ്മ വെക്കേണ്ടത്‌. സ്വന്തം ജീവിതപശ്ചാത്തലം എന്തു തന്നെയായാലും ഓരോ മനുഷ്യനും ഈ ഔന്നത്യത്തിലേക്കെത്താന്‍ കഴിയുമെന്ന്‍ അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നു

112 അടി ഉയരത്തില്‍ നിര്‍മിക്കുന്ന മൂന്ന്‍ ആദിയോഗി പ്രതിമകളില്‍ ഒന്ന്‍ ഉത്തരഖണ്‌ഡത്തില്‍ സ്ഥാപിക്കണമെന്നു കരുതുന്നു. ഹരിദ്വാറിലേക്കുളള വഴിയില്‍. രണ്ടാമത്തേത്‌ കന്യാകുമാരിയിലാവണം. മൂന്നാമത്തേത്‌ രാജസ്ഥാനില്‍ ഇന്ത്യ – പാക്‌ അതിര്‍ത്തിക്കരികില്‍. നാടിന്റെ നാലു കോണുകളിലായി നാല്‌ ഊക്കന്‍ ആദിയോഗി പ്രതിമകള്‍. ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. ആദിയോഗിയെ സംബന്ധിച്ച്‌ ഒരു പുസ്‌തകവും ഞങ്ങള്‍ തയ്യാറാക്കുന്നുണ്ട്‌. അദ്ദേഹത്തെ ഒരു മനുഷ്യനായിത്തന്നെ നമ്മള്‍ കാണണം. എന്നാല്‍ മാത്രമേ അദ്ദേഹത്തെ മാതൃകയാക്കി നമുക്ക്‌ നമ്മെ സ്വയം വാര്‍ത്തെടുക്കാനാവൂ. രാമന്‍, കൃഷ്‌ണന്‍, ബുദ്ധന്‍, യേശു ആ നിര അങ്ങനെ നീണ്ടു പോകുന്നു. എന്നാല്‍ അവരെല്ലാം നമ്മുടെ സങ്കല്‍പത്തിലെ ദൈവങ്ങളാണ്‌. അതു കൊണ്ടുതന്നെ അവരുടെ വാക്കുകള്‍ അനുസരിക്കാനൊ വഴികള്‍ പിന്‍തുടരാനൊ നമ്മള്‍ തയ്യാറാവുന്നില്ല. കാരണം “അവര്‍ ദൈവങ്ങള്‍, നമ്മള്‍ മനുഷ്യര്‍. അവരെക്കൊണ്ടായതൊന്നും നമ്മളെക്കൊണ്ടാവില്ല," എന്ന വേര്‍തിരിവാണ്‌. ആദിയോഗി ഒരു മനുഷ്യനായിരുന്നു. അതാണ്‌ നമ്മള്‍ എപ്പോഴും ഓര്‍മ്മ വെക്കേണ്ടത്‌. സ്വന്തം ജീവിതപശ്ചാത്തലം എന്തു തന്നെയായാലും ഓരോ മനുഷ്യനും ഈ ഔന്നത്യത്തിലേക്കെത്താന്‍ കഴിയുമെന്ന്‍ അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനു വേണ്ടത്‌ ആത്മാര്‍ത്ഥമായ പരിശ്രമം മാത്രം. ഒരു മനുഷ്യനും മനുഷ്യനായിമാത്രം കഴിയാന്‍ ജനിച്ചവനല്ല – അതിനപ്പുറത്തേക്കു കടന്നുചെല്ലാനുളള സാദ്ധ്യതകളെ യോഗ ശാസ്‌ത്രത്തിലൂടെ ആദിഗുരു നമ്മെ ബോധ്യപ്പെടുത്തുന്നു. അവയെ വളര്‍ത്തിയെടുക്കാനും സഫലീകരിക്കാനുമുളള മാര്‍ഗ്ഗങ്ങളും അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ഈ ഓര്‍മ്മപ്പെടുത്തലാണ്‌ ആദിയോഗിയുടെ പ്രതിമാ സ്ഥാപനത്തിലൂടെ നമ്മള്‍ ലക്ഷ്യമാക്കുന്നത്‌.