യോഗികള്‍ അവരുടേതായ ലോകത്ത് കുടുങ്ങിപ്പോവുമൊ?
എവറസ്റ്റിന്‍റെ മുകളിലെത്തുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ഒരാള്‍ ആവശ്യമില്ലാത്ത ഒരു ചുവടുപോലും ഇരു വശങ്ങളിലേക്കും വെക്കുകയില്ല. തന്‍റെ മുഴുവന്‍ ഊര്‍ജവും കൊടുമുടിയുടെ മുകളിലെത്താന്‍ മാത്രമേ ഉപയോഗിക്കൂ
 
 

 

सद्गुरु

അമ്പേഷി: ഗുരുനാഥാ, ദീര്‍ഘനേരം സമാധിയിലും ധ്യാനത്തിലും കഴിയുന്ന യോഗികള്‍ അവരുടേതായ ലോകത്ത് കുടുങ്ങിപ്പോവും എന്ന് അങ്ങ് പറയുന്നത് കേട്ടിട്ടുണ്ട്. ഞങ്ങള്‍ക്കുവേണ്ടി അതൊന്നു വിശദീകരിക്കാമോ?

സദ്‌ഗുരു: ഗൗതമന്‍ ഒരിക്കലും ഒരേ സ്ഥലത്തുതന്നെ പന്ത്രണ്ടുകൊല്ലം ഇരുന്നിട്ടില്ല. ദീര്‍ഘനേരത്തെ ധ്യാനത്തില്‍പ്പോലും അദ്ദേഹം ഇരുന്നിട്ടില്ല. തിരിച്ചുവരാനാവാത്ത ധ്യാനത്തിലേക്ക് ഒരിക്കലും അദ്ദേഹം പോയിട്ടില്ല, എന്നാല്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായ സന്യാസിമാര്‍ പലരും വര്‍ഷങ്ങളോളം സമാധിയിലിരുന്നിട്ടുണ്ട്. ഗൗതമന്‍ അത്തരം സമാധിയിലേക്ക് പോകാതിരിക്കാന്‍ കാരണം, അദ്ദേഹത്തിന് അതിന്‍റെ ആവശ്യമില്ല എന്നറിയാമായിരുന്നതാണ്. എട്ട് ധ്യാനരീതികള്‍ ശീലിക്കുകയും എട്ടുതരത്തിലുള്ള സമാധികള്‍ അനുഭവിക്കുകയും ചെയ്ത അദ്ദേഹം തന്‍റെ ബോധോദയത്തിനുശേഷം അവയെല്ലാം ഉപേക്ഷിച്ചു.

സാധാരണയില്‍ നിന്ന് ഉന്നതവും സുന്ദരവുമായ അനുഭവതലമായതിനാല്‍ നിങ്ങള്‍ അതില്‍ കുടുങ്ങിപ്പോവാന്‍ സാധ്യതയുണ്ട്

അദ്ദേഹം പറഞ്ഞു, "ഇത് അതല്ല." ഇത് നിങ്ങളെ ഒരിക്കലും സാക്ഷാത്കാരത്തിനടുത്ത് എത്തിക്കുകയില്ല. സാധാരണയില്‍ നിന്ന് ഉന്നതവും സുന്ദരവുമായ അനുഭവതലമായതിനാല്‍ നിങ്ങള്‍ അതില്‍ കുടുങ്ങിപ്പോവാന്‍ സാധ്യതയുണ്ട്. ഇവിടെ, നിങ്ങള്‍ ധ്യാനത്തിലാണെങ്കില്‍ നിങ്ങളുടെ കാലുവേദനയെങ്കിലും നിങ്ങളെ വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരും, എന്നാല്‍ അവിടെ വേദന അറിയാത്തതിനാല്‍ അത് കൂടുതല്‍ അപകടകരമാണ്. പല യോഗികളും ഇത്തരം അവസ്ഥകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. അവര്‍ അവരുടേതായ ലോകം സൃഷ്ടിച്ചു.

ഞാന്‍ നിങ്ങളെ പോക്കുവെയിലിന്‍റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവാന്‍ പോകുന്നു. തങ്ങള്‍ക്കുചുറ്റും, അവരുടേതായ ലോകം സൃഷ്ടിച്ച അനേകം യോഗികള്‍ ഉണ്ട്. അവര്‍ വസിക്കുന്ന ഗുഹയില്‍ സ്വന്തം ലോകം സൃഷ്ടിച്ച് അതില്‍ അവര്‍ ജീവിക്കുന്നു. ഇത് ഒരു തമാശയല്ല. അവര്‍ക്ക് വേണ്ടതെല്ലാം അവിടെ അവര്‍ സൃഷ്ടിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഭൂമിയും മറ്റു സൌകര്യങ്ങളും എല്ലാം സൃഷ്ടിച്ചശേഷം അവര്‍ അവിടെ സന്തുഷ്ടരായി കഴിയുന്നു.

ഒരു പരമാണുവിനു വേണ്ട ഇടത്തില്‍ ഒരു പ്രപഞ്ചം സൃഷ്ടിക്കാനാവും, അതിന് കാരണം 'ഇത്ര' 'അത്ര' എന്നുള്ള അളവുകോല്‍ അവിടെയില്ല

ഒരു ഗുഹയുടെ ഉള്ളില്‍ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെടുന്നു. ഒരു പരമാണുവിനു വേണ്ട ഇടത്തില്‍ ഒരു പ്രപഞ്ചം സൃഷ്ടിക്കാനാവും, അതിന് കാരണം 'ഇത്ര' 'അത്ര' എന്നുള്ള അളവുകോല്‍ അവിടെയില്ല. അതെല്ലാം മനസ്സിന്‍റെ സൃഷ്ടികളാണ്. ഇങ്ങനെയുള്ള നിരവധി യോഗികള്‍ ഉണ്ടെങ്കിലും അവരാരും സാക്ഷാത്കാരത്തിന്‍റെ കാര്യത്തില്‍ നിങ്ങളില്‍ നിന്നും വ്യത്യസ്തരല്ല. അവര്‍ കഴിയുന്നത് വേറൊരു ലോകത്താണെന്നുമാത്രം. അവര്‍ സൃഷ്ടികര്‍ത്താക്കള്‍ കൂടിയായതിനാല്‍ നിങ്ങളെക്കാള്‍ കെട്ടുപാടുകള്‍ അവര്‍ക്കുണ്ടാവും. നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടോ? അതിനാല്‍ ഇതൊരു അന്തിമമോചനമാവുന്നില്ല.

മറ്റൊരു തരത്തിലുള്ള പ്രവൃത്തികള്‍, എന്നു മാത്രമേ അതിനെ വിശേഷിപ്പിക്കാനാകു. വ്യത്യസ്ത രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നു എന്നുമാത്രം. ഒരു ചിത്രകാരന്‍ ക്യാന്‍വാസില്‍ ഒരു ലോകം വരയ്ക്കുന്നു, എന്നാല്‍ യോഗി ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കുന്നു. ചിത്രകാരന് തന്‍റെ ചിത്രം യാഥാര്‍ത്ഥ്യമാണെന്നു തോന്നുന്നു. അത് അദ്ദേഹത്തെ സംബന്ധിച്ചടത്തോളം യാഥാര്‍ത്ഥ്യം തന്നെയാണ്. ഒരു കവിക്ക് സ്വന്തം കവിത യാഥാര്‍ത്ഥ്യം തന്നെയാണ്. ചിത്രകാരന്‍റെ സൃഷ്ടി ദ്വിമാന സ്വഭാവമുള്ളതാകുമ്പോള്‍, യോഗി സൃഷ്ടിക്കുന്നത് ത്രിമാനസ്വഭാവമുള്ളതാണ്.

ഇത് കൂടുതല്‍ വഞ്ചനയാണ്. ചിത്രകാരന്‍ തന്‍റെ രചനയുമായി പൂര്‍ണ്ണമായി താദാത്മ്യം പ്രാപിക്കുമ്പോള്‍, താന്‍ വരച്ച ലോകം സത്യമാണെന്ന് വിശ്വസിക്കുന്നു, അയാള്‍ക്കത് സത്യം തന്നെയാണ്. ദ്വിമാന സൃഷ്ടികളുടെ കാര്യം ഇങ്ങിനെയായാല്‍, തനിക്കു ചുറ്റും ത്രിമാന സൃഷ്ടികള്‍ നടത്തുന്നയാള്‍ അതുമായി കൂടുതല്‍ ബന്ധപ്പെടുകതന്നെ ചെയ്യും. അതിനാല്‍ വ്യത്യസ്ത അനുഭവതലങ്ങളില്‍ എത്തിച്ചേരുന്നതില്‍ കാര്യമില്ല. അത് നിങ്ങളെ മോചനത്തിലേക്ക് നയിക്കുകയില്ല.

നിരവധി പേരെ സമാധിയിലെത്തിക്കാന്‍ വേണ്ട ഊര്‍ജം ഇവിടെയുണ്ട്. അതേ സ്ഥിതിയില്‍ മൂന്നുമാസമോ, ആറുമാസമോ വേണമെങ്കില്‍ നിങ്ങള്‍ക്ക് കഴിയാന്‍ സാധിക്കും,എന്നാല്‍ അതുകൊണ്ടെന്തു പ്രയോജനം? കര്‍മ്മബന്ധങ്ങളാല്‍ ഉണ്ടാകുന്ന ബാഹ്യപ്രശ്നങ്ങളില്‍ നിന്ന് കുറച്ചുനാള്‍ ഒഴിഞ്ഞു നില്‍ക്കുവാന്‍ വേണ്ടി അങ്ങനെ ചെയ്തെന്നുവരാം. എന്നാല്‍ അത് വേറെ. അതാണ് ഏറ്റവും സുഖപ്രദമായ സമാധി. നിങ്ങള്‍ക്ക് സ്വര്‍ഗത്ത് ജീവിക്കാം, നിങ്ങള്‍ക്ക് എന്തുവേണമെന്നുവെച്ചാല്‍ അത് ചെയ്യാം, എന്നാല്‍ അത് നിങ്ങളെ മോചിപ്പിക്കുകയില്ല. അത് നിങ്ങളെ പരമാനന്ദത്തിലേക്ക് എത്തിക്കുകയില്ല. അത് നിങ്ങള്‍ക്ക് സന്തുഷ്ടിയും ശാന്തിയും പ്രദാനം ചെയ്യും എന്നാല്‍ അത് നിങ്ങളെ ഒന്നില്‍നിന്നും മോചിപ്പിക്കുകയില്ല. മറ്റൊരു തരത്തില്‍ അതിനെ കര്‍മ്മം എന്ന് വേണമെങ്കില്‍ പറയാം.

ശരി, ഇപ്പോള്‍ നിങ്ങള്‍ക്ക് ഭാഗ്യവശാലോ, നിര്‍ഭാഗ്യവശാലോ ജീവിതത്തിന്‍റെ വ്യത്യസ്തമായ ഒരു അനുഭവതലത്തിന്‍റെ ഹ്രസ്വദര്‍ശനം ലഭിച്ചു. അത് എന്ത് മാറ്റങ്ങളാണ് വരുത്തിയത്?

സാക്ഷാത്കാരത്തിനടുത്തേക്ക് അത് നിങ്ങളെ എത്തിച്ചുവോ? ഇല്ല. ആത്മസാക്ഷാത്കാരമാണ് നിങ്ങളുടെ അന്തിമ ലക്ഷ്യമെങ്കില്‍, നിങ്ങളെ അതിലേക്ക് എത്തിക്കാത്ത എല്ലാ പ്രവൃത്തികളും വ്യര്‍ത്ഥമാണ്. എവറസ്റ്റിന്‍റെ മുകളിലെത്തുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ഒരാള്‍ ആവശ്യമില്ലാത്ത ഒരു ചുവടുപോലും ഇരു വശങ്ങളിലേക്കും വെക്കുകയില്ല. തന്‍റെ മുഴുവന്‍ ഊര്‍ജവും കൊടുമുടിയുടെ മുകളിലെത്താന്‍ മാത്രമേ ഉപയോഗിക്കൂ. നിങ്ങളുടെ ബോധതലത്തിനപ്പുറമെത്താന്‍, നിങ്ങള്‍ക്കുള്ളതെല്ലാം നല്‍കിയാലും മതിയായെന്നുവരില്ല.

 
 
  0 Comments
 
 
Login / to join the conversation1