യോഗയും ധ്യാനവും , കുണ്ഡലിനി ശക്തിയുടെ ഉത്തേജനത്തിനുവേണ്ടി
അടിസ്ഥാനപരമായ ജീവശക്തിയെ കുണ്ഡലിനി എന്നു വിളിക്കുന്നു. യോഗ, ധ്യാനം തുടങ്ങിയവ മൂലം ഉത്തേജിതമാകുമ്പോള്‍ വളഞ്ഞു പുളഞ്ഞു നിര്‍ജീവമായിക്കിടക്കുന്ന കുണ്ഡലിനി ശക്തി മുകളിലേയ്ക്കുളള സഞ്ചാരം ആരംഭിക്കും.
 
 

सद्गुरु

യോഗ, ധ്യാനം തുടങ്ങിയ സാധനകളുടെ സഹായത്തോടെ ആന്തരിക പ്രയാണം ചെയ്യുന്നവര്‍ക്ക് കുണ്ഡലിനി ശക്തിയുടെ മഹത്വത്തെക്കുറിച്ചു മനസ്സിലാക്കുവാന്‍ കഴിയും.

 

സദ്ഗുരു : എല്ലാ യോഗ ധ്യാന പരിശീലനങ്ങളും പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ ഒരു അനുഭവം നമുക്കു നല്‍കാനായി രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്‌. ഇത്തരം പരിശീലനങ്ങള്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രണ വിധേയമാക്കുന്നവയാണ്‌. പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ ഈ പരിശീലനങ്ങള്‍ മൂലം എന്തെല്ലാം നമുക്ക്‌ അനുഭവവേദ്യമാകുന്നുവോ, അവയെല്ലാം ലൌകീക ജീവിതവുമായി ബന്ധമുള്ളവയല്ല എന്നു കരുതരുത്‌. അതൊരു പൂര്‍ണതയുള്ള അനുഭവവും, ഒരു പുതിയ പരിണാമവും, സാധാരണ ജീവിതത്തിനതീതമായ ഒരു തലത്തിലുള്ളതും ആയിരിക്കും.

എല്ലാ യോഗ ധ്യാന പരിശീലനങ്ങളും പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ ഒരു അനുഭവം നമുക്കു നല്‍കാനായി രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്‌.

ആ അടിസ്ഥാന തലത്തെ നമുക്ക്‌ ദൈവാംശം എന്നു പറയാം, അല്ലെങ്കില്‍ ശക്തി എന്നുപറയാം, അല്ലെങ്കില്‍ ``ഞാന്‍” എന്നും പറയാം. കാഴ്ച, കേള്‍വി, സ്‌പര്‍ശനം, രുചി, ആസ്വാദനം തുടങ്ങിയവ ഒക്കെയും കടന്ന് നമ്മെ ഉള്ളിലേക്കുള്ള സഞ്ചാരത്തിന് ഈ യോഗ-ധ്യാന പരിശീലനങ്ങള്‍ സഹായിക്കുന്നു.

യോഗയും ധ്യാനവും കൊണ്ട്‌ ഓരോ മനുഷ്യനും സ്വന്തം കഴിവുകളെ പാരമ്യത്തിലെത്തിച്ചുകൊണ്ട്‌ ജീവിതത്തിന്‍റെ ജയപരാജയങ്ങളെ നിര്‍ണയിക്കാന്‍ സാധിക്കും. ഏറെപ്പറയുകയാണെങ്കില്‍ ജനനമരണങ്ങള്‍ പോലും നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുത്താന്‍ കഴിയും.

ഇതെങ്ങനെ സാധിക്കുന്നു? അതെ, അതിനുള്ള ശക്തി നമുക്കുണ്ട്‌. നമ്മുടെ ശരീരം ആ രീതിയിലാണു രൂപവല്ക്കരിക്കപ്പെട്ടിട്ടുള്ളത്‌. അത്തരത്തിലുള്ള ശക്തിയെ അല്ലെങ്കില്‍ പ്രാപ്തിയെ സ്വയം മനസ്സിലാക്കുവാന്‍ ഈ പരിശീലനങ്ങള്‍ നമ്മെ സഹായിക്കുന്നു. നാമറിയാതെതന്നെ നമ്മുടെ ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന അപരിമിതമായ ശക്തിയെ നമുക്കു സ്വയം തിരിച്ചറിയാനുള്ള അത്ഭുതകരമായ പരിശീലനങ്ങളാണവ. അങ്ങനെ അനുഭവിച്ചറിയാന്‍ സാധിക്കുമോ എന്നു ചോദിച്ചാല്‍, സാധിക്കും എന്നുതന്നെയാണുത്തരം; നമ്മെക്കൊണ്ടതിനു കഴിയും.

അതിനുവേണ്ടി പരിശ്രമിക്കുന്നതിനു മുമ്പ്‌ ആ ശക്തിയെപ്പറ്റി നമുക്കു മനസ്സിലാക്കാം. അടിസ്ഥാനപരമായ ജീവശക്തിയെ കുണ്ഡലിനി എന്നു വിളിക്കുന്നു. ഇത്‌ ഓരോ മനുഷ്യന്‍റെ ഉള്ളിലും സ്ഥിതി ചെയ്യുന്നു. യോഗാ, ധ്യാനം തുടങ്ങിയവയുടെ സഹായത്തോടെ ആന്തരിക പ്രയാണം (inward journey) ചെയ്യുന്നവര്‍ കുണ്ഡലിനി ശക്തിയുടെ മഹത്വത്തെക്കുറിച്ചു മനസ്സിലാക്കും. ആ അറിവു ലഭ്യമാകുന്നതോടെ പരമാനന്ദമെന്തെന്നുള്ളതും മനസ്സിലാകും.

ഈ കുണ്ഡലിനി എന്തു ചെയ്യുന്നു? ഒരു പാമ്പ്‌ അനങ്ങാതെ ഒരിടത്ത് ഒതുങ്ങിക്കിടക്കുകയാണെങ്കില്‍ അതവിടെ കിടക്കുന്നതുപോലും നാമറിയില്ല. പക്ഷേ അതേ പാമ്പ്‌ വളഞ്ഞ്‌ പുളഞ്ഞ്‌ ഓടിപ്പോകുമ്പോഴാണ്‌ നാമത്‌ ശ്രദ്ധിക്കുന്നത്‌. മനുഷ്യ ശരീരത്തില്‍ നട്ടെല്ലിന്‍റെ താഴെ സുഷുപ്‌തിയിലാണ്ടു കിടക്കുന്ന കുണ്ഡലിനി ശക്തിയും ഈ പാമ്പിനെപ്പോലെത്തന്നെയാണ്‌. യോഗ, ധ്യാനം തുടങ്ങിയവ മൂലം ഉത്തേജിതമാകുമ്പോള്‍ കുണ്ഡലിനി ശക്തി മുകളിലേയ്ക്കുളള സഞ്ചാരം തുടങ്ങും.

നട്ടെല്ലിന്‍റെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന മൂലാധാര ചക്രം മുതല്‍ ശിരസ്സിലുള്ള സഹസ്രഹാര ചക്രം വരെയുള്ള ഏഴു ചക്രങ്ങളെയും അവയുടെ മുഴുവന്‍ കഴിവും പ്രത്യക്ഷപ്പെടുന്ന രീതിയില്‍ കുണ്ഡലിനി പ്രാവര്‍ത്തികമാക്കുന്നു. മനുഷ്യന്‍റെ പ്രവൃത്തികള്‍, നേട്ടങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയവക്കെല്ലാം കാരണഹേതുവായിട്ടുള്ളത്‌ ഈ ഏഴു ചക്രങ്ങളാണ്‌.

മനുഷ്യന്‍റെ പ്രവൃത്തികള്‍, നേട്ടങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയവക്കെല്ലാം കാരണഹേതുവായിട്ടുള്ളത്‌ ഈ ഏഴു ചക്രങ്ങളാണ്‌.

മൂലാധാരചക്രം ഉണര്‍ന്ന അവസ്ഥയില്‍ ഉള്ള ഒരു മനുഷ്യന്‌ ഭക്ഷണം, ഉറക്കം തുടങ്ങിയവയില്‍ കൂടുതല്‍ താല്‍പര്യമുണ്ടാകും. അനുഭവം, വിവരശേഖരണം തുടങ്ങിയവയുടെ അടിസ്ഥാന ഉറവായിരിക്കുന്ന ഈ ചക്രമാണ്‌ മനുഷ്യന്‍റെ വളര്‍ച്ചയുടെ ചാലകശക്തി. പഞ്ചഭൂതങ്ങളില്‍ ഭൂമിയ്ക്കു സമാനമായി കരുതപ്പെടുന്ന ചക്രമാണിത്‌. ജനനേന്ദ്രിയത്തിനു അല്‍പ്പം മുകളിലായി സ്ഥിതി ചെയ്യുന്നതാണ്‌ സ്വാധിഷ്‌ഠാനം. ജലതത്വത്തിന്‍റെ ഉദാഹരണമാണ്‌ ഈ ചക്രം. ഇഹലോക ജീവിതത്തിന്‍റെ സുഖങ്ങള്‍ക്കുള്ളതാണ്‌ ഇത്‌. നമ്മുടെ പൊക്കിളിനരികിലായി മണിപ്പൂരകം കാണപ്പെടുന്നു. അഗ്നിതത്വത്തെ പ്രതിഫലിക്കുന്ന ഈ ചക്രം ഉത്തേജിതാവസ്ഥയിലിരിക്കുമ്പോള്‍ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യനായി മാറുന്നു. അങ്ങനെയുള്ളവര്‍ ജീവിതത്തില്‍ വളരെ ശോഭിക്കും.

ഹൃദയ മദ്ധ്യേ സ്ഥിതി ചെയ്യുന്ന അനാഗതചക്രം വായുതത്വത്തിന്‍റെ പ്രതീകമാണ്‌. സൃഷ്‌ടി, സ്‌നേഹം തുടങ്ങിയവയുടെ ആത്മചക്രമാണിത്‌. തൊണ്ടയിലുള്ള വിശുദ്ധി ചക്രം ആകാശതത്വത്തെ പ്രതിഫലിപ്പിക്കുന്നു. തിന്മകളെ തടയുന്ന ചക്രമാണിത്‌. പുരികമദ്ധ്യേ ഉള്ള ആഗ്നാചക്രം ഉയര്‍ന്ന തലത്തിലുള്ള വിജ്ഞാന സമ്പാദനത്തിനു കാരണഭൂതനാകുന്നു. അവസാനമായി, നിറുകയില്‍ സ്ഥിതിചെയ്യുന്നതാണ്‌ സഹസ്രഹാരം. സ്വയം മറന്ന്‍ സ്വാതന്ത്ര്യത്തിന്‍റെ ആനന്ദം പകരുന്ന ചക്രമാണിത്‌. ശിവന്‍ ശിരസ്സില്‍ സര്‍പ്പത്തെ ധരിച്ചുകൊണ്ട്‌ നൃത്തം ചെയ്യുന്നില്ലേ; കുണ്ഡലിനി ശക്തി ശിരസ്സിലുള്ള സഹസ്രഹാര ചക്രത്തെ ഉണര്‍ത്തിയ അവസ്ഥയെയാണ്‌ അത്‌ പ്രതിഫലിപ്പിക്കുന്നത്‌.

ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടാകന്ന സംശയം സാധാരണ മനുഷ്യന്‌ ഈ ഏഴു ചക്രങ്ങളെയും ചലിപ്പിക്കാനുള്ള കഴിവുണ്ടാകുമോ എന്നതാണ്. തീര്‍ച്ചയായും ഉണ്ടാകും. എങ്ങിനെ?

 

 
 
 
 
  0 Comments
 
 
Login / to join the conversation1