सद्गुरु

യോഗ, അതിമാനുഷമായ കഴിവുകള്‍ നേടുന്നതിനല്ല, മനുഷ്യനായിരിക്കുന്നതുതന്നെ അതിവിശിഷ്ടമാണെന്നു മനസ്സിലാക്കുന്നതിനാണ്.

പ്രപഞ്ചത്തിലുള്ള എല്ലാം ഒരേ ഊര്‍ജം തന്നെയാണെങ്കിലും, അതുപല രൂപങ്ങളിലും പലനിലവാരത്തിലുമുള്ള ഊര്‍ജമായാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെ എല്ലാ മനുഷ്യരും ഒരേ ഊര്‍ജം കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെങ്കിലും നാമെല്ലാം ഒരേ നിലവാരത്തിലുള്ള കഴിവുകളോടെയല്ല പ്രവര്‍ത്തിക്കുന്നത്. സൃഷ്ടിപരമായ - കഴിവുകള്‍, പലവിധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ജീവിതം അനുഭവിച്ചറിയാനുമുള്ള കഴിവുകള്‍ ഇവയൊക്കെ നിങ്ങളിലെ ഊര്‍ജത്തിന്‍റെ ഒരു പ്രത്യേകരീതിയിലുള്ള പ്രവര്‍ത്തനമാണ്. ഈ ഊര്‍ജം ഒരു ചെടിയില്‍ റോസോപ്പൂക്കള്‍ ജനിപ്പിക്കുന്നു. മറ്റൊരു ചെടിയില്‍ അത് മുല്ലപ്പൂവായാണ് വിടരുന്നത്. നിങ്ങള്‍ക്ക് ഊര്‍ജത്തില്‍ അല്പം നിയന്ത്രണം നേടാന്‍ കഴിയുമെങ്കില്‍ ഒരിക്കലും സാധ്യമല്ലെന്നു നിങ്ങള്‍ കരുതിയിരുന്ന കാര്യങ്ങള്‍ സ്വാഭാവികമായും വളരെ ലളിതമായും ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കും.

ഇന്നു നാം വമ്പിച്ച സൗധങ്ങള്‍ പണിയുന്നതിനുപയോഗിക്കുന്ന അതേ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുതന്നെയാണ് ആദ്യകാലത്ത് ജനങ്ങള്‍ കുടിലുകള്‍ നിര്‍മിച്ചിരുന്നത്. അന്നു നാം വിചാരിച്ചിരുന്നത് നമുക്ക് മണ്ണുകുഴച്ച് കലങ്ങളും ഇഷ്ടികകളും ഒക്കെ മാത്രമേ നിര്‍മിക്കുവാന്‍ കഴിയൂ എന്നാണ്. നാം ഇന്ന് മണ്ണു കുഴച്ചെടുത്ത് കംപ്യൂട്ടറുകളും കാറുകളും ബഹിരാകാശവാഹനങ്ങളും അതില്‍നിന്നുമുണ്ടാക്കുന്നു. നാം അന്നു നിര്‍മ്മാണത്തിനുപയോഗിച്ച അതേ പദാര്‍ത്ഥങ്ങളില്‍നിന്നും തന്നെയാണ് ക്രമേണ ഉയര്‍ന്ന സാധ്യതകളിലേക്ക് എത്തിച്ചേര്‍ന്നത്. നമ്മുടെ ആന്തരികഊര്‍ജങ്ങള്‍ ഒരേപോലെ ഉള്ളവതന്നെയായിരുന്നു. ഈ ആന്തരിക ഊര്‍ജത്തെ ഉയര്‍ന്ന സാധ്യതകളിലേക്കായി ഉപയോഗപ്പെടുത്തുന്നതെങ്ങനെ? അതിനായി പൂര്‍ണമായ ഒരു സാങ്കേതികവിദ്യയുണ്ട് . ഓരോ മനുഷ്യനും ഇത് അന്വേഷിക്കുകയും കണ്ടെത്തുകയും വേണം. അല്ലെങ്കില്‍ നമ്മുടെ ജീവിതങ്ങള്‍ വളരെ പരിമിതവും യാദൃച്ഛികം മാത്രവും ആയിപ്പോകും.

ആന്തരികഊര്‍ജങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നിങ്ങളുടെ കഴിവുകള്‍ മറ്റു മണ്ഡലങ്ങളിലും വ്യാപരിച്ചുതുടങ്ങും. ജീവിതത്തിന്‍റെ ആത്യന്തികമായ ആവിഷ്കാരം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമാണ് യോഗ.

ആന്തരികഊര്‍ജങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നിങ്ങളുടെ കഴിവുകള്‍ മറ്റു മണ്ഡലങ്ങളിലും വ്യാപരിച്ചുതുടങ്ങും. ജീവിതത്തിന്‍റെ ആത്യന്തികമായ ആവിഷ്കാരം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമാണ് യോഗ. ശരീരത്തെ കൂട്ടിപ്പിരിക്കുക, കൈകാലുകള്‍ പിണച്ചുകെട്ടുക, ശ്വാസം പിടിച്ചിരിക്കുക, അല്ലെങ്കില്‍ മറ്റു ചില അഭ്യാസങ്ങള്‍ കാട്ടുക, ഇവയൊന്നും യോഗയല്ല. യോഗ എന്ന പദത്തിനര്‍ത്ഥം എല്ലാം ഒന്നാണെന്ന അനുഭവം നിങ്ങള്‍ക്കുണ്ടാകുക എന്നതാണ്. യോഗയെന്നാല്‍ കൂടിച്ചേരല്‍ അഥവാ സംലയനം എന്നാണ് അര്‍ത്ഥം. കൂടിച്ചേരല്‍ അഥവാ യൂണിയന്‍ എന്നു പറയുമ്പോള്‍ എന്ത് എന്തിനോടാണ് കൂടിച്ചേരുന്നത്?

ഇപ്പോള്‍ ഞാന്‍ എന്നു വിളിക്കപ്പെടുന്ന ഒന്നുണ്ട് . മറ്റേത് എന്നു വിശേഷിപ്പിക്കപ്പെടുന്ന വേറൊരെണ്ണവുമുണ്ട് . ഈ ഞാനും മറ്റേതും എന്നതില്‍ മറ്റേതിന്‍റെ വിശാലമായ അര്‍ത്ഥത്തിലെടുത്താല്‍ ജനങ്ങളുടെ സംഘങ്ങള്‍, വര്‍ഗങ്ങള്‍, രാജ്യങ്ങള്‍ എന്നിങ്ങനെയുള്ളതെല്ലാം അതില്‍പ്പെടും. ഞാനും മറ്റുള്ളതും എന്നതാണ് ലോകത്തിലെ ഭിന്നതയുടെ അടിസ്ഥാനം. എന്താണ് ഞാന്‍, എന്താണ് ഞാനല്ലാത്തത്. നിങ്ങളുടെ അനുഭവത്തില്‍ എന്തിനെയൊക്കെയാണ് നിങ്ങള്‍ ഞാന്‍ എന്നു വിശേഷിപ്പിക്കുന്നത്? ഞാന്‍ എന്നു പറയുന്നത് നിങ്ങളുടെ ശരീരം, മനസ്സ് (ചിന്തകളും വികാരങ്ങളും) ഊര്‍ജം എന്നിവയെയാണ്. നിങ്ങളുടെ ഊര്‍ജം നിങ്ങള്‍ നേരിട്ടറിയുന്നില്ല. നിങ്ങളുടെ മനസ്സും ശരീരവും ഇപ്പോഴത്തെ പോലെ പ്രവര്‍ത്തിക്കുന്നതിന് തീര്‍ച്ചയായും ഏതെങ്കിലും തരത്തിലുള്ള ഊര്‍ജം ചാലകശക്തിയായി ഉണ്ടാവണം. അതായത് ശരീരം, മനസ്സ്, ഊര്‍ജം എന്നിവയാണ് നിങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാന്‍ കഴിവുനല്‍കുന്ന മൂന്നു യഥാര്‍ത്ഥ ചാലകവസ്തുക്കള്‍.

നിങ്ങള്‍ ഇവിടെയിരിക്കുമ്പോള്‍ ഞാനും നിങ്ങളും എന്ന വേര്‍തിരിവില്ലാത്ത ഒരു അനുഭവത്തിലെത്തുകയാണ് യോഗ എന്നോ ആദ്ധ്യാത്മികതയെന്നോ പറയുന്നതിനര്‍ത്ഥം. അവിടെ ഞാന്‍ അല്ലെങ്കില്‍ നീ മാത്രമേയുള്ളൂ. ഈ ഐക്യത്തിലേക്കു നയിക്കുന്നതാണ് യോഗ. ഈ പൂര്‍ണമായ യോഗ ലഭിക്കുന്നതിന് എത്ര വഴികളാണുള്ളത്? നിങ്ങളില്‍ എന്താണോ ഉള്ളത് അതുപയോഗിച്ചു മാത്രമേ നിങ്ങള്‍ക്കു പരിശ്രമിക്കാനാകൂ. നിങ്ങള്‍ക്ക് അറിയാത്ത ഒന്നിനെപ്പറ്റി സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അതു വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ആകാം. ഞാന്‍ ഒരു പ്രത്യേകദൈവത്തെപ്പറ്റി സംസാരിക്കുന്നു എന്നിരിക്കട്ടെ. നിങ്ങള്‍ക്ക് എന്‍റെ ദൈവത്തെ വിശ്വസിക്കാം അവിശ്വസിക്കാം. രണ്ടു വിധത്തിലായാലും അതു നിങ്ങളെ വിചിത്രമായ സങ്കല്പങ്ങളില്‍ കൊണ്ടുചെന്നെത്തിക്കും. വളര്‍ച്ച ഉണ്ടാകുകയില്ല. നിങ്ങള്‍ ഇപ്പോള്‍ എന്താണ് എന്നു മനസ്സിലാക്കുകയും അവിടെ നിന്ന് അടുത്ത ചുവടുവയ്ക്കുകയും ചെയ്യുന്നതാണു വളര്‍ച്ച. നിങ്ങള്‍ക്കറിയാവുന്ന ഒന്നില്‍നിന്നും അറിഞ്ഞുകൂടാത്തതിലേക്ക് ഒരു ചുവടു നീങ്ങുവാന്‍ സഹായിക്കുകയാണ് യോഗയുടെ എല്ലാ രീതികളും ചെയ്യുന്നത്. നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതത്തിലേക്കു എത്തുവാന്‍ വേണ്ടി നിങ്ങള്‍ ശരീരത്തെ ഉപയോഗിക്കുകയാണെങ്കില്‍ നാം അതിനെ കര്‍മ്മയോഗ അഥവാ പ്രവൃത്തികളിലൂടെയുള്ള യോഗ എന്നു പറയും. സ്വന്തം പ്രകൃതിയിലേക്ക് എത്തിച്ചേരുന്നതിന് ബുദ്ധിയാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ നാം അതിനെ ബുദ്ധിയോഗ അഥവാ ജ്ഞാനയോഗ എന്നു പറയും. നിങ്ങളുടെ വികാരങ്ങളെയാണ് അന്തിമലക്ഷ്യത്തിലെത്താന്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിനെ നാം ഭക്തിയോഗ അഥവാ സമര്‍പ്പണം എന്നു പറയും. നിങ്ങളിലെ ഊര്‍ജത്തെ പരിണമിപ്പിച്ച് അന്തിമലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുകയാണെങ്കില്‍ അതിനെ ഊര്‍ജ്ജപരിവര്‍ത്തനയോഗ അഥവാ ക്രിയായോഗ എന്നാണു പറയുക.

നിങ്ങളിലെ ഊര്‍ജത്തെ പരിണമിപ്പിച്ച് അന്തിമലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുകയാണെങ്കില്‍ അതിനെ ഊര്‍ജ്ജപരിവര്‍ത്തനയോഗ അഥവാ ക്രിയായോഗ എന്നാണു പറയുക.

മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ചെങ്കില്‍മാത്രമേ നിങ്ങള്‍ എവിടെയെങ്കിലും എത്തുകയുള്ളൂ. ഓരോരുത്തരും ഇവയുടെ പ്രതര്യേകതരത്തിലുള്ള ചേരുവകളാണ്. കാരണം ഓരോവ്യക്തിയിലും ഈ ഘടകങ്ങള്‍ പലതരത്തിലാണ് ചേര്‍ന്നുകാണുന്നത്. അതുകൊണ്ട് ജീവിതസന്തുഷ്ടിക്ക് നിങ്ങള്‍ ആകെ ചെയ്യേണ്ടത് ഈ തലങ്ങളെ (ശരീരം, മനസ്സ്, ഊര്‍ജ്ജം) നിയന്ത്രിക്കുന്നതില്‍ കുറെ പ്രാവീണ്യം നേടുകയാണ്. ഈ ലോകത്തു വിജയിക്കുന്നതിന് ഈ തലങ്ങളെ വേണ്ടവിധത്തില്‍ നിയന്ത്രിച്ച്, ജീവിക്കുന്ന സാഹചര്യത്തിനും ചെയ്യാനാഗ്രഹിക്കുന്ന പ്രവൃത്തിക്കുമനുസരിച്ച് പരമാവധി പ്രയോജനപ്പെടുത്തിയാല്‍ മാത്രം മതി. ഇവിടെ മനുഷ്യന് ആഹ്ലാദകരമായി അനുഭവിക്കാവുന്ന എല്ലാംതന്നെ മതഭ്രാന്തന്മാര്‍ പരലോകങ്ങളിലേക്കു കയറ്റുമതി ചെയ്തിരിക്കുകയാണ്. നിങ്ങള്‍ പ്രേമത്തെക്കുറിച്ചു പറഞ്ഞാല്‍ അവര്‍ ദൈവികമായ പ്രേമത്തെക്കുറിച്ചു പറയും. നിങ്ങള്‍ ആനന്ദത്തെക്കുറിച്ചു പറഞ്ഞാല്‍ സ്വര്‍ഗീയ ആനന്ദത്തെക്കുറിച്ച് അവര്‍ പറയും. നിങ്ങള്‍ ശാന്തിയെയും സമാധാനത്തെയും കുറിച്ചു പറഞ്ഞാല്‍ നിത്യശാന്തിയെക്കുറിച്ചായിരിക്കും അവര്‍ പറയുക. മേല്പറഞ്ഞവയെല്ലാം തന്നെ മാനുഷികഗുണങ്ങളാണെന്ന കാര്യംപോലും നാം മറന്നുപോകുന്നു. ഒരു മനുഷ്യജീവി ആനന്ദിക്കുന്നതിനും സ്നേഹിക്കുന്നതിനും ശാന്തി അനുഭവിക്കുന്നതിനും പൂര്‍ണമായ കഴിവുള്ളവനാണ്. ഇവയെല്ലാം തന്നെ സ്വര്‍ഗത്തിലേക്കു കയറ്റുമതി ചെയ്യുവാന്‍ നിങ്ങളെന്തിനാണ് ആവശ്യപ്പെടുന്നത്?

മനുഷ്യനായിരിക്കുന്നതിന്‍റെ മഹത്വം പൂര്‍ണമായി മനസ്സിലാക്കാത്തതാണ് ദൈവത്തെയും സ്വര്‍ഗത്തെയും കുറിച്ചൊക്കെ ഇത്രയധികം സംഭാഷണങ്ങള്‍ നടക്കുന്നതിനു കാരണം. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഭൗതികപരിമിതികള്‍ക്കുമപ്പുറമുള്ള കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയും. അവയൊന്നും തന്നെ അതിമാനുഷഗുണങ്ങളല്ല, മനുഷ്യസാധ്യമായ കാര്യങ്ങള്‍ തന്നെയാണ്.