सद्गुरु

ആരോഗ്യമുള്ള ശരീരം വേണമെന്നു കരുതി ചിലര്‍ യോഗ പഠിക്കാന്‍ വരുന്നു. ചിലര്‍ പ്രഭാതസവാരി നടത്തുന്നു. മറ്റുചിലര്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നു.ഈ പഠിക്കുന്നതെല്ലാം മുടങ്ങാതെ ചെയ്യുന്നുണ്ടോ എന്നു നോക്കിയാല്‍ ഇല്ല തന്നെ. അവരോടു ചോദിച്ചാല്‍ "ഇന്നു ക്ഷീണം തോന്നി. നാളെത്തൊട്ട് മുടങ്ങാതെ ചെയ്യാം" എന്ന് മറുപടി കിട്ടും.

യഥാര്‍ത്ഥത്തില്‍ അടുത്ത ദിവസം ഇവര്‍ ഇതൊക്കെ ചെയ്യുമോ. സാദ്ധ്യത കുറവാണ്. ഇഷ്ടമുള്ളതു ചെയ്യാതെ അലസതയോടെ ഇരിക്കുമ്പോള്‍ സ്വന്തം മനസ്സുതന്നെ നിങ്ങളെ ശാസിക്കും "എന്തൊരു മടിയാണ്. വേഗം എഴുനേല്‍ക്ക്" എന്ന്. നിങ്ങളുടെ മനസ്സിന്‍റെ കുറ്റബോധമാണ് ഈ ശാസന നടത്തുന്നത്. ഞാന്‍ മടിയനല്ല ഉത്തരവാദിത്വബോധമുള്ളവനാണ് എന്ന് സ്വന്തം മനസ്സിനോട് പറയുമ്പോള്‍ത്തന്നെ നിങ്ങളുടെ ഉള്ളില്‍ സ്വന്തം കഴിവുകേട് അംഗീകരിക്കാന്‍ പറ്റാത്ത ദുരഭിമാനം നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് നാളെ ചെയ്യാം എന്നു മനസ്സിനോട് കളവുപറഞ്ഞു കബളിപ്പിക്കുന്നത്.

കര്‍ണാടകത്തിലെ ചില ഗ്രാമങ്ങളില്‍ ഒരു പ്രത്യേക അന്ധവിശ്വാസം നിലനില്‍ക്കുന്നുണ്ട്. സൂര്യന്‍ അസ്തമിച്ചാല്‍ അവിടെയുള്ള പ്രേതപിശാചുക്കള്‍ വീട്ടിനുള്ളില്‍ കയറാന്‍ ശ്രമിക്കും. ഇവറ്റകളെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ അവ ക്ഷോഭിച്ച് പല കുഴപ്പങ്ങളും ഉണ്ടാക്കും എന്ന് അവര്‍ക്കു ഭയവുമുണ്ട്.

അതിന് അവര്‍ ഒരു ചതിപ്രയോഗം നടത്തി. ചോരച്ചുവപ്പുനിറം പ്രേതങ്ങള്‍ക്കിഷ്ടമാണ്. അതുകൊണ്ട് ആ ചോരച്ചുവപ്പുനിറത്തില്‍ എല്ലാ വീടിന്‍റെ കതകിലും "നാളെ വരു" എന്ന് എഴുതിവച്ചു. "പ്രേതപിശാചുക്കള്‍ ഈ അറിയിപ്പു കണ്ട് കതകുനോക്കിയിട്ടു തിരിച്ചു പോകും" എന്ന് ആരു ചോദിക്കുമ്പോഴും പറയും.

ഇപ്പോള്‍, ഇന്ന് എന്നുപറയുമ്പോള്‍ അത് ഉടന്‍ തന്നെ അഭിമുഖീകരിക്കേണ്ടതായി വരും. 'നാളെ' എന്നത് വരാത്തതായിത്തന്നെ ഇരിക്കുന്നു.

ആരോഗ്യം, ആഹ്ലാദം, വിജയം തുടങ്ങി ജീവിതത്തിന് ആവശ്യമുള്ള ഘടകങ്ങളെയെല്ലാം നാളെ വരാന്‍ നിര്‍ദ്ദേശിച്ചാല്‍ അവയെല്ലാം സന്തോഷത്തോടെ ഒതുങ്ങിമാറും.

ആരോഗ്യം, ആഹ്ലാദം, വിജയം തുടങ്ങി ജീവിതത്തിന് ആവശ്യമുള്ള ഘടകങ്ങളെയെല്ലാം നാളെ വരാന്‍ നിര്‍ദ്ദേശിച്ചാല്‍ അവയെല്ലാം സന്തോഷത്തോടെ ഒതുങ്ങിമാറും. അതിനാല്‍ ജാഗ്രതയോടെ ഇരിക്കൂ. മനസ്സിന്‍റെ ഉള്ളറകളില്‍ കൂത്താടുന്ന ഒരു പിശാചുണ്ട് തന്ത്രപരമായി അതുരുവിടുന്ന സൂത്രവാക്കാണ് "നാളെ മുതല്‍" എന്നത്. ഈ തന്ത്രത്തിന് ഒരിക്കലും ഇടം നല്‍കരുത്.
ചെയ്യേണ്ടതൊന്നും ചെയ്യാതെ ഇരിക്കുന്നവന് നാളെയാണ് ഏറ്റവും നല്ലനാള്‍. നാളെയാവട്ടെ എന്നു പറയുമ്പോള്‍ ചുമതല തീര്‍ന്നല്ലോ.

ഇങ്ങനെ നാളേയ്ക്ക് എന്നത് ഒരു ശീലമായി വളര്‍ന്നു വളര്‍ന്ന് ഏതിനുംപരിഹാരമായി പാര്‍ലമെന്‍റുവരെ അംഗീകരിക്കുന്ന അവസ്ഥയിലായിരിക്കുന്നു കാര്യങ്ങള്‍.
'നാളെ' എന്നൊന്നിനെ നാം കാണുന്നതേയില്ല. 'നാളെ'യെന്നത് ഇന്നായി രൂപം മാറുമ്പോഴാണ് നാം അതിനെ അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് 'നാളെ' എന്ന കാര്യം ജീവിതത്തില്‍ അനുഭവപൂര്‍ണ്ണമാകുന്നതേയില്ല.
ശങ്കരന്‍പിള്ള കാര്‍മെക്കാനിക്കിനെ സമീപിച്ചു. "എന്‍റെ കാറിന്‍റെ ഹോണ്‍ കൂടുതല്‍ ശബ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാറ്റിത്തരൂ" എന്ന് ആവശ്യപ്പെട്ടു. "ഹോണിന് കുഴപ്പമൊന്നുമില്ലല്ലോ"."വണ്ടിയുടെ ബ്രേക്ക് ശരിയല്ല. അതു നന്നാക്കാന്‍ ചെലവാക്കുന്നതിനേക്കാള്‍ കുറവായ പണമേ ഹോണിന്‍റെ ശബ്ദം കൂട്ടാന്‍ ആവശ്യമുള്ളൂ. അതുകൊണ്ട് കുറഞ്ഞ കാശുചെലവുള്ള ഒരു പണി മതി എന്നു കരുതി".

നാളേയ്ക്ക് എന്നതും ഇതുപോലെയുള്ള ഒരുപണിയാണ്. അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന നടപടിയാണത്. രാത്രി പത്തുമണിക്കുശേഷം വയര്‍ നിറയെ അടദോശതിന്നു. അതുകൊണ്ട് ഉണരാനും വൈകി. രാവിലെ ആറുമണിക്ക് യോഗാചെയ്യണം. ഉടന്‍തന്നെ നടക്കാനും പോകണം. രണ്ടും കൂടി ചെയ്യാന്‍ ശരീരത്തിന് ആവതുണ്ടാകുമോ?

വെളുപ്പിനു നാലുമണിക്ക് ഉണരത്തക്കവിധത്തില്‍ ഭക്ഷണം കുറച്ച് കഴിച്ചു നോക്കൂ. താനേ ഉണരും. യോഗ ചെയ്യാം. നടക്കാന്‍ പോകാം ഇങ്ങനെ കുറെദിവസം തുടര്‍ന്നു ചെയ്യുമ്പോള്‍ ഫലം അറിയാം. അതിനുശേഷം നിങ്ങളോടിത് ആരുംതന്നെ എടുത്തുപറയേണ്ടതില്ല.
മനസ്സിനു ദൃഢതയുണ്ടാകുകയും, ഒപ്പം അനുകൂലസാഹചര്യം സൃഷ്ടിക്കുകയും ചെയ്താല്‍ ആഗ്രഹിച്ചതെല്ലാം 'നാളെ'യ്ക്ക് എന്നുമാറ്റിവയ്ക്കാതെ ചെയ്തുതീര്‍ക്കാനുള്ള ശക്തി നമുക്ക് സ്വയം ലഭിക്കും.