ചോദ്യകർത്താവ് : യഥാർത്ഥ ഗുരുവിനെയും കപട ഗുരുവിനെയും എങ്ങിനെയാണ് തിരിച്ചറിയുക?

സദ്ഗുരു : നിങ്ങൾ ഒരു ഗുരുവിന്‍റെ അടുത്തു ചെല്ലുമ്പോൾ വളരെ സുഖമായിട്ടു തോന്നുന്നുണ്ടെങ്കിൽ അയാൾ നിങ്ങള്‍ക്കു പറ്റിയ ഗുരുവല്ല. അദ്ദേഹത്തോടൊപ്പമിരിക്കുമ്പോൾ ഒരു ആകർഷണം തോന്നുന്നുണ്ടെങ്കിലും കൂടെ ഒരു ഭയവും അനുഭവപ്പെടുന്നുണ്ടെങ്കിൽ അദ്ദേഹം നിങ്ങള്‍ക്കു യോജിച്ച ഗുരുവാണ്. നിങ്ങളെ ഭയപെടുത്തുന്നില്ലെങ്കിൽ ആ ഗുരു നിങ്ങള്‍ക്കു ഗുണമൊന്നും ചെയ്യുകയില്ല. നിങ്ങൾ എന്തെല്ലാമാണോ അതെല്ലാം അദ്ദേഹം വെല്ലുവിളിക്കണം; എന്തെന്നാൽ അതാണ് അദ്ദേഹത്തിന്‍റെ ജോലി. നിങ്ങളുടെ പരിമിതികളെ വെല്ലുവിളിച്ച് മറ്റെന്തെങ്കിലും സംഭവിക്കുവാനുള്ള സാധ്യത സൃഷ്ടിക്കലാണ് ഗുരുവിന്‍റെ കർത്തവ്യം. നിങ്ങളുടെ പരിമിതികളെ അംഗീകരിച്ച് നിങ്ങളെ സമാധാനപ്പെടുത്തുന്നുണ്ടെങ്കിൽ അദ്ദേഹം നിങ്ങളുടെ ഗുരുവല്ല.

 

നിങ്ങളുടെ പരിമിതികളെ അംഗീകരിച്ച് നിങ്ങളെ സമാധാനപ്പെടുത്തുന്നുണ്ടെങ്കിൽ അദ്ദേഹം നിങ്ങളുടെ ഗുരുവല്ല.

 

ആശ്വാസം വാഗ്ദാനം ചെയ്യുന്ന പലരും ഗുരുക്കന്മാരായി വരുന്നു എന്നതാണ് ഒരു വലിയ പ്രശ്നം. ആശ്വാസമാണ് വേണ്ടതെങ്കിൽ ഒരു മനഃശാസ്ത്രജ്ഞന്‍റെ അടുത്തു പോയി ഹൃദയം തുറന്നു സംസാരിച്ചാൽ മതി. അവർ നിങ്ങളെ ആശ്വസിപ്പിക്കുവാൻ നല്ല കാര്യങ്ങൾ പറയും. ഒരു ഗുരു നിങ്ങളെ കുറിച്ച് നല്ല കാര്യങ്ങൾ പറയുകയില്ല. നിങ്ങളിലുള്ള തെറ്റുകളെല്ലാം അദ്ദേഹം ചൂണ്ടി കാണിക്കും. നിങ്ങൾ ഏതു തരത്തിൽ ഇരുന്നാലും അദ്ദേഹം നിങ്ങളിൽ ഉള്ള തെറ്റുകൾ കണ്ടുപിടിക്കും. എന്തെന്നാൽ ആത്യന്തികമായി സംഭവിക്കേണ്ടത് സംഭവിക്കുന്നത് വരെ നിങ്ങൾ എങ്ങനെയായാലും അദ്ദേഹത്തിന് തൃപ്തിയാകുകയില്ല - ജീവിതത്തിലും അത് ശരിയാകുകയില്ല. - ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങൾ ദുഃഖം അനുഭവിച്ചു കൊണ്ടേയിരിക്കും. ആന്തരികമായ ആ അനുഭവം നിങ്ങളെ സ്പർശിക്കുന്നത് വരെ നിങ്ങൾ പരിപൂര്‍ണനാകില്ല. അത് സംഭവിക്കുന്നത് വരെ ഗുരു നിങ്ങളിൽ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു കൊണ്ടേയിരിക്കും. അതു കൊണ്ട് അദ്ദേഹത്തോടൊപ്പമിരിക്കുന്നത് അത്ര സുഖകരമായ കാര്യമല്ല.