सद्गुरु

ലക്ഷകണക്കിന് കുട്ടികളെ പഠിപ്പിക്കണം, ലക്ഷകണക്കിന് തൈകള്‍ നട്ടുവളര്‍ത്തണം  ഇതിനൊക്കെ പണം വേണ്ടേ? ഞങ്ങള്‍ക്ക് സര്‍ക്കാര്‍ വക ധനസഹായമൊന്നുമില്ല. ലക്ഷകണക്കിന് രോഗികള്‍ക്ക് ഞങ്ങള്‍ സൗജന്യ വൈദ്യ സഹായവും നല്‍കുന്നുണ്ട്

എകണോമിക്സ് ടൈംസിന് സദ്‌ഗുരു നല്‍കിയ അഭിമുഖസംഭാഷണത്തില്‍ നിന്നെടുത്ത പ്രസക്തമായ ചില ഭാഗങ്ങള്‍.

ചോദ്യം: വ്യാജ ഗുരുക്കന്മാരേയും വ്യാജ മതനേതാക്കന്മാരേയും കുറിച്ച് വ്യാപകവും നിശിതവുമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുന്ന കാലം. പി.കെ. തുടങ്ങിയ ചലച്ചിത്രങ്ങള്‍ അത് പരസ്യമായി പറയുന്നു. അങ്ങനെയുള്ള ആള്‍ദൈവങ്ങളേയും അവരുടെ പ്രവര്‍ത്തനങ്ങളേയും കുറിച്ച് അങ്ങേക്കെന്താണ് പറയാനുള്ളത്?

സദ്‌ഗുരു: മാദ്ധ്യമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ള ഒരു വാക്കാണ് "ആള്‍ ദൈവങ്ങള്‍.” ആരും സ്വയം അങ്ങനെ വിശേഷിപ്പിക്കാറില്ല. നിങ്ങള്‍ പറഞ്ഞ പടം ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ അതിനെപറ്റി പൊതുവെ പലതും കേള്‍ക്കാനിടയായിട്ടുണ്ട്. അഴിമതി നിറഞ്ഞതാണീ ലോകം, പോലീസിലും, രാഷ്ട്രീയത്തിലും, കഷ്ടകാലത്തിന് മത നേതാക്കന്മാര്‍ക്കിടയിലും അത് പടര്‍ന്നു പിടിച്ചിരിക്കുന്നു. നാടിനെ സംബന്ധിച്ചിടത്തോളം സത്യസന്ധത, വിവേകം തുടങ്ങിയവ അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കയാണ്. മുന്തിയ കാറോടിക്കുന്ന ഒരാള്‍ ഒരു പക്ഷെ തെരുവില്‍ ചുവന്ന വിളക്കു കണ്ട് തന്‍റെ വാഹനം നിര്‍ത്തിയേക്കാം. എന്നാല്‍ ഒരു മൊപ്പെഡ് ഓടിക്കുന്നയാള്‍ അത് ഗൗനിക്കാതെ ഓടിച്ചുപോകുന്നതായി കാണാം. അതായിരിക്കുന്നു സാമാന്യ മനോഭാവം, അഴിമതി ആരംഭിക്കുന്നതും, വളരുന്നതും നമ്മുടെ വീടുകളില്‍തന്നെയാണ്.

അഴിമതി നിറഞ്ഞതാണീ ലോകം, പോലീസിലും, രാഷ്ട്രീയത്തിലും, കഷ്ടകാലത്തിന് മത നേതാക്കന്മാര്‍ക്കിടയിലും അത് പടര്‍ന്നു പിടിച്ചിരിക്കുന്നു

മഹത്തായ സാമൂഹ്യസേവനം നിര്‍വഹിക്കുന്ന നിരവധി ആദ്ധ്യാത്മിക നേതാക്കന്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്. മാറി മാറി വന്ന ഭരണങ്ങളുടെ ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്കു പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. അതിനു കാരണക്കാര്‍ ഇവിടത്തെ ആദ്ധ്യാത്മിക നേതാക്കന്മാരാണ്. അതിന് അവരെ അഭിനന്ദിക്കുകതന്നെ വേണം. ഈ കൂട്ടത്തില്‍ ചൂഷണം ലക്ഷ്യമാക്കിയിട്ടുള്ള ചെറിയൊരു വിഭാഗമുണ്ട്. എണ്ണത്തില്‍ കുറവാണ്, എന്നാലും ജനവിശ്വാസമാര്‍ജിക്കാന്‍ അവര്‍ക്കു സാധിച്ചിരിക്കുന്നു. ഒരു ശുദ്ധീകരണം നിശ്ചയമായും നമ്മള്‍ നടത്തേണ്ടതുണ്ട്. ശിക്ഷിക്കപ്പെടേണ്ടവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. സത്യം സര്‍വജന ക്ഷേമത്തിലേക്കെത്തിക്കുന്നതായിരിക്കണം.

ചോദ്യം: വളരെയധികം പ്രതിജ്ഞാബദ്ധമായ ഒരു ആത്മീയ പ്രസ്ഥാനമാണല്ലൊ അങ്ങയുടേത്. എന്നിട്ടും ഇത്രമാത്രം പരസ്യത്തിന്‍റെ ആവശ്യമുണ്ടൊ?

സദ്‌ഗുരു: ആശ്രമം തുടങ്ങി ആദ്യത്തെ ഇരുപതുവര്‍ഷം ഒരു ലഘുലേഖപോലും ഞങ്ങള്‍ അച്ചടിപ്പിച്ചില്ല. അത് ഞങ്ങളുടെ ഒരു ചട്ടമായിരുന്നു. കേട്ടറിഞ്ഞാണ് ജനങ്ങള്‍ ആശ്രമത്തിലേക്കു വന്നുകൊണ്ടിരുന്നത്. ഇപ്പോഴും ഏതാണ്ട് അങ്ങനെതന്നെ, സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞാണ് അധികംപേരും ആശ്രമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ വരുന്നത്. കാലക്രമേണ പല പുതിയ പദ്ധതികളും ഞങ്ങള്‍ ആവിഷ്കരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യക്ഷേമം തുടങ്ങിയ പലതും. ഇങ്ങനെയുള്ള പദ്ധതികള്‍ നടത്തികൊണ്ടുപോകാന്‍ വലിയ ധനസഹായം ആവശ്യമാണല്ലൊ. അപ്പോഴാണ് ഞങ്ങള്‍ ആദ്യമായി ഇതിനെ കുറിച്ചൊക്കെ പറയാനും ലഘുലേഖകള്‍ അച്ചടിച്ചു വിതരണം ചെയ്യാനും തയ്യാറായത്. ഇന്ന് ഇവിടെ 4000ലധികം സന്നദ്ധസേവകരുണ്ട്. അവരില്‍ അധികംപേരും ദിവസവും 16 മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണ്.

കാര്യമായ പലതും ഈ രംഗത്ത് ഞങ്ങള്‍ ചെയ്യുന്നുണ്ട്; സര്‍ക്കാരിന്‍റെ പിന്‍തുണയില്ലാതെ. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലോകം കൂടുതലായി അറിയണമെന്നുതന്നെയാണ് എന്‍റെ ആഗ്രഹം

കഴിഞ്ഞ 9 വര്‍ഷമായിട്ടാണ് ലോകം ഞങ്ങളുടെ ശബ്ദം കേട്ടു തുടങ്ങിയത്. അത്  വലിയൊരു പരസ്യമായി ഞാന്‍ കാണുന്നില്ല. ഇപ്പോഴും എന്‍റെയാളുകള്‍ക്കിഷ്ടം നിശ്ശബ്ദമായി സേവനമനുഷ്ഠിക്കാനാണ്. നാലാള്‍ അറിഞ്ഞാലേ പദ്ധതികള്‍ തുടര്‍ന്നു കൊണ്ടുപോകാനാവു എന്ന് ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കാറുണ്ട്. ലക്ഷകണക്കിന് കുട്ടികളെ പഠിപ്പിക്കണം, ലക്ഷകണക്കിന് തൈകള്‍ നട്ടുവളര്‍ത്തണം  ഇതിനൊക്കെ പണം വേണ്ടേ? ഞങ്ങള്‍ക്ക് സര്‍ക്കാര്‍ വക ധനസഹായമൊന്നുമില്ല. ലക്ഷകണക്കിന് രോഗികള്‍ക്ക് ഞങ്ങള്‍ സൗജന്യ വൈദ്യ സഹായവും നല്‍കുന്നുണ്ട്. ഇതിന്‍റെയൊക്കെ പുറകില്‍ കഠിനമായ അദ്ധ്വാനമുണ്ട്, ഭാരിച്ച പണച്ചെലവും. ഏഷ്യയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രസ്ഥാനമാണ് ഞങ്ങളുടേത്. കാര്യമായ പലതും ഈ രംഗത്ത് ഞങ്ങള്‍ ചെയ്യുന്നുണ്ട്; സര്‍ക്കാരിന്‍റെ പിന്‍തുണയില്ലാതെ. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലോകം കൂടുതലായി അറിയണമെന്നുതന്നെയാണ് എന്‍റെ ആഗ്രഹം. അതിനുള്ള ശ്രമങ്ങളും ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.