വിഷാദം എന്തുകൊണ്ട് ?
കാരണം എന്താണെന്ന് വ്യക്തമായിട്ടറിയില്ല, പക്ഷെ വിഷാദമഗ്നനാണ്. ഈ ഒരവസ്ഥയില്‍ നിങ്ങള്‍ ഈയിടെയെങ്ങാനും എത്തിച്ചേര്‍ന്നിട്ടുണ്ടോ?അല്ലെങ്കില്‍, പ്രിയപ്പെട്ട ആരെയെങ്കിലുമൊക്കെ ഈ ഒരവയിസ്ഥയില്‍ കണ്ടിട്ട് അവരെ എങ്ങിനെ സഹായിക്കണമെന്നറിയാതെ അമ്പരപ്പെട്ടിട്ടുണ്ടോ? എങ്കില്‍ വിഷാദത്തിനെക്കുറിച്ചുള്ള ഈ പംക്തി സഹായകരമാകും.
 
 

सद्गुरु

കാരണം എന്താണെന്ന് വ്യക്തമായിട്ടറിയില്ല, പക്ഷെ വിഷാദമഗ്നനാണ്. ഈ ഒരവസ്ഥയില്‍ നിങ്ങള്‍ ഈയിടെയെങ്ങാനും എത്തിച്ചേര്‍ന്നിട്ടുണ്ടോ?അല്ലെങ്കില്‍, പ്രിയപ്പെട്ട ആരെയെങ്കിലുമൊക്കെ ഈ ഒരവയിസ്ഥയില്‍ കണ്ടിട്ട് അവരെ എങ്ങിനെ സഹായിക്കണമെന്നറിയാതെ അമ്പരപ്പെട്ടിട്ടുണ്ടോ? എങ്കില്‍ വിഷാദത്തിനെക്കുറിച്ചുള്ള ഈ പംക്തി സഹായകരമാകും.

സദ്‌ഗുരു : എന്തിനീ വിഷാദം? നിങ്ങളുടെ പ്രശ്നത്തില്‍ ആശങ്കയോ അലിവോ ഇല്ലാത്തതുകൊണ്ടല്ല ഞാനിതു പറയുന്നത്‌, മറിച്ച്‌ നിങ്ങളുടെ മനസ്സിന്‍റെ പ്രകൃതം കണക്കിലെടുത്തിട്ടാണ്‌. ബാഹ്യമായ, തക്കതായ കാരണങ്ങളൊന്നും ഇല്ലാതെ, നിങ്ങള്‍ സ്വയം വിഷാദം ഉളവാക്കുന്നുവെന്നുവച്ചാല്‍, തീവ്രമായ വികാരങ്ങളെയും ചിന്തകളെയും ഉല്‍പാദിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നുവെന്നതാണ്‌ അത് പ്രകടിപ്പിക്കുന്നത്. അത്‌ തെറ്റായ സ്ഥിതിവിശേഷമാണ്. ഏതെങ്കിലും ചെറുതോ വലുതോ ആയ പ്രശ്നത്തിനുമേല്‍, കടുത്ത വികാരങ്ങളോ, തീവ്രമായ ചിന്തയോ ഇല്ലെങ്കില്‍, നിങ്ങള്‍ക്കു വിഷാദരാവാന്‍ കഴിയില്ല. നിങ്ങള്‍ക്ക്‌ അനുകൂലമാവുന്നതിനുപകരം പ്രതികൂലമായി പ്രവര്‍ത്തിക്കുന്ന ചിന്തകളെയും വികാരങ്ങളെയും നിങ്ങള്‍ തന്നെ സൃഷ്‌ടിക്കുന്നു, അതാണതിന്റെ സത്യാവസ്ഥ. അപ്പോള്‍, സ്വയം വിഷാദം സൃഷ്‌ടിക്കാന്‍ പോരും വിധം ശക്തരാണു നിങ്ങള്‍.

. ബാഹ്യമായ, തക്കതായ കാരണങ്ങളൊന്നും ഇല്ലാതെ, നിങ്ങള്‍ സ്വയം വിഷാദം ഉളവാക്കുന്നുവെന്നുവച്ചാല്‍, തീവ്രമായ വികാരങ്ങളെയും ചിന്തകളെയും ഉല്‍പാദിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നുവെന്നതാണ്‌ അത് പ്രകടിപ്പിക്കുന്നത്.

വിഷാദങ്ങളില്‍ വലിയ പങ്കും സ്വയം സൃഷ്‌ടിച്ചവയാണ്‌. ചുരുക്കം ചിലയാളുകള്‍ക്കു മാത്രം അതൊരു രോഗമാണ്. അവര്‍ക്ക്‌ മറിച്ചാവാന്‍ നിവൃത്തിയില്ല. ജനിതഘടകം ഉള്‍പ്പെടെയുള്ള പല കാരണങ്ങള്‍കൊണ്ടും അവരുടെ ഉള്ളില്‍ നിന്ന് വിഷാദം രോഗാവസ്ഥയില്‍ പുറത്തേക്ക് തള്ളിവരികയാണത്‌. അവരുടെ വിഭ്രാന്തിക്കും, വിഷാദത്തിന്റെ വ്യാപ്തിക്കും അതിന്‍റേതായ കാരണങ്ങളുണ്ട്. ആ ഒരു സ്ഥിതിവിശേഷം നമുക്ക് മനസ്സിലാക്കാന്‍ പറ്റും. പക്ഷെ, സമൂഹത്തിന്ടെ ഉള്ളിലോട്ട് ഇറങ്ങിച്ചെല്ലുമ്പോല്‍ ജനത്തിലെ വലിയ ഒരു വിഭാഗം തന്നെ ഭ്രാന്തിലേക്ക്‌ വലിച്ചിഴയ്ക്കപ്പെടാന്‍ യോഗ്യതയുള്ളവരാണെന്ന സത്യാവസ്ഥ നമ്മെ അമ്പരപ്പിക്കും. സുബുദ്ധിക്കും ഉന്മാദത്തിനുമിടയ്ക്കുള്ള അതിര്‌ വളരെ നേര്‍ത്തതാണെന്നതുതന്നെ കാരണം. ആളുകള്‍ അതിനെ ഉന്തിത്തള്ളിക്കൊണ്ടേയിരിക്കും. നിങ്ങള്‍ക്കു കോപം വരുന്നു. ആ രേഖയെ പിടിച്ചു തള്ളുകയാണു നിങ്ങള്‍. അങ്ങിനെയാണ്‌ "എനിക്ക്‌ കലി കയറി" എന്ന പ്രയോഗം ഉണ്ടായത്‌. ആര്‍ക്കും ആരുടെയും നേര്‍ക്ക്‌ കലികയറാനാവില്ല. നിങ്ങള്‍ക്കാണ് കലികയറുന്നത്. നിങ്ങള്‍ സുബുദ്ധിക്കും ഉന്മാദത്തിനുമിടയ്ക്കുള്ള അതിരുകളെ പിടിച്ചുതള്ളുകയും, കുറെസമയം ഉന്മാദത്തിലേക്ക്‌ പോവുകയും, തുടര്‍ന്നു മടങ്ങിവരികയും ചെയ്യുകയാണ്‌, അത്രതന്നെ.

എല്ലാദിവസവും ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ദിവസവും 10 മിനിറ്റ് ആരുടെയെങ്കിലും നേര്‍ക്ക്‌ തീവ്രകോപം പ്രകടിപ്പിക്കുക. മൂന്നുമാസങ്ങള്‍ക്കുള്ളില്‍ വൈദ്യചികിത്സ വേണ്ടിവരുന്ന തലത്തില്‍ എത്തിയിട്ടുണ്ടാവും നിങ്ങള്‍. ഈ പറഞ്ഞുവരുന്നതിന്റെ പൊരുള്‍ അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാവും. വേണമെങ്കില്‍ ഒന്നു പരീക്ഷിച്ചുനോക്കൂ. കാരണം, ആ രേഖയെ പിടിച്ചുതള്ളുകയും, വീണ്ടും വീണ്ടും ആ വഴിക്ക്‌ തിരിച്ചുവരികയും ചെയ്‌താല്‍, പിന്നെ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ക്ക്‌ മടങ്ങിവരാനേ കഴിയാതാവും. അപ്പോഴാണ്‌ "ചികിത്സ ആവശ്യമായ രോഗി" എന്ന പദവി നിങ്ങളുടെ മേല്‍ മുദ്രവയ്ക്കപ്പെടുക. ഒരു നിമിഷത്തേക്കെങ്കിലും രോഗിയായിട്ടുണ്ടെങ്കില്‍, നിങ്ങള്‍ രോഗിയായിക്കഴിഞ്ഞുവെന്നു മനസ്സിലാക്കണം.

നിങ്ങള്‍ക്കു സമനില നഷ്‌ടപ്പെട്ടു കഴിഞ്ഞുവെന്ന് രോഗനിര്‍ണ്ണയം നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടണമെന്നില്ല, പക്ഷേ നിങ്ങള്‍ ആ വഴിയിലൂടെത്തന്നെ പൊയ്ക്കൊണ്ടിരിക്കയാണ്‌. വെറിപിടിക്കുക, ആളുകളോട്‌ തട്ടിക്കയറുക എന്നത്‌ സ്വതസിദ്ധമായ അവകാശമായിട്ടാണു നിങ്ങള്‍ കരുതുന്നത്‌. ഈ കളി തുടര്‍ന്നുപോയാല്‍, നിങ്ങള്‍ക്ക്‌ മടങ്ങിവരാന്‍ പറ്റാത്ത ഒരു ദിവസം വന്നേക്കാം. അന്ന് നിങ്ങള്‍ക്ക്‌നിശ്ചയമായും വൈദ്യസഹായം തേടേണ്ടിവരും.

ദിവസവും 10 മിനിറ്റ് ആരുടെയെങ്കിലും നേര്‍ക്ക്‌ തീവ്രകോപം പ്രകടിപ്പിക്കുക. മൂന്നുമാസങ്ങള്‍ക്കുള്ളില്‍ വൈദ്യചികിത്സ വേണ്ടിവരുന്ന തലത്തില്‍ എത്തിയിട്ടുണ്ടാവും നിങ്ങള്‍.

വിഷാദം ശ്രദ്ധയാര്‍ജിക്കുന്നതാണ്‌.

രോഗിയായി മാറാന്‍ എല്ലാവര്‍ക്കും കുട്ടിക്കാലം മുതലേ പ്രചോദനങ്ങളുണ്ട്‌. രോഗശയ്യയിലായ അവസരങ്ങളിലാണല്ലോ നിങ്ങള്‍ക്ക്‌ മറ്റുള്ളവരുടെ ശ്രദ്ധ പരമാവധി കിട്ടുയിട്ടുള്ളത്‌. നിങ്ങള്‍ ആഹ്‌ളാദഭരിതരായിരുന്നപ്പോള്‍, ആനന്ദത്താല്‍ ആര്‍ത്തുവിളിച്ചപ്പോള്‍, അവര്‍, മുതിര്‍ന്നവര്‍ നിങ്ങളുടെ നേര്‍ക്ക്‌ ആക്രോശിക്കയായിരുന്നു. എന്നാല്‍, നിങ്ങള്‍ കിടപ്പിലായ അവസരങ്ങളിലോ "അയ്യോ പാവം" പറഞ്ഞാശ്ലേഷിച്ചു. ചെറുപ്പത്തില്‍ തന്നെ അസുഖം വരുന്നത് നല്ലതാണെന്നു നിങ്ങള്‍ ധരിച്ചു. കാരണം, അപ്പോള്‍ നിങ്ങള്‍ക്ക്‌ മാതാപിതാക്കളുടെയും മറ്റും ശ്രദ്ധ കിട്ടിയിരുന്നു. അത്തരം ദിവസങ്ങളില്‍, സ്‌കൂളില്‍ പോവാതെ കഴിക്കാമായിരുന്നു. അങ്ങിനെ ചെറുപ്പത്തില്‍ നിങ്ങള്‍ ശാരീരികരോഗത്താല്‍ ശയ്യാവലംബിയാവുന്ന കല വശമാക്കി. എന്നാല്‍ വിവാഹത്തിനുശേഷം, മനോരോഗിയായി മാറുന്ന കലയാണു നിങ്ങള്‍ അഭ്യസിച്ചത്‌. ശ്രദ്ധ കിട്ടണമെന്നു തോന്നുമ്പോള്‍ നിങ്ങള്‍ ഒരു കോണില്‍ പോയിരിക്കും, വിഷാദത്തിലാണെന്ന നാട്യത്തില്‍. അപ്പോള്‍, ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കാന്‍ എത്തുകയായി. അങ്ങിനെ ഈ കളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ, ഒരു ദിവസം ആ രേഖ മുറിച്ചു കടന്നാല്‍ പിന്നെ മടങ്ങിവരാന്‍ കഴായാതാവും. അന്ന് നിങ്ങള്‍ ചികിത്സയര്‍ഹിക്കുന്ന 'മനോരോഗി' ആയി മാറിയിട്ടുണ്ടാവും.
നിര്‍ഭാഗ്യവശാല്‍, ഈ ഭൂമിയിലെ രോഗങ്ങളില്‍ 70%വും ആളുകള്‍ പല രീതികളിലൂടെ സ്വയം വരുത്തിവയ്ക്കുന്നവയാണെന്നതാണ്‌ എന്റെ അഭിപ്രായം.

സാംക്രമികരോഗങ്ങള്‍ പോലും അങ്ങിനെ ഉണ്ടാവുന്നവയാണ്‌. ശരീരത്തിനെയും മനസ്സിനെയും നിശ്ചിതവിതാനത്തില്‍ നിര്‍ത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍, വൈറസും ബാക്‌ടീരിയയും വേറൊരാളെ ആക്രമിക്കുന്ന അതേ തോതില്‍ നിങ്ങളെ ബാധിക്കില്ല. എന്തുവന്നാലും ശരി, എനിക്ക്‌ എന്റെ കര്‍മ്മം നിര്‍വിഘ്‌നം തുടരണം എന്ന മട്ടില്‍ സ്വയം സജ്ജമാക്കിയാല്‍ അത്‌ സാധ്യമാണുതാനും. കഴിഞ്ഞ 29 വര്‍ഷങ്ങള്‍ക്കിടയില്‍ പനിയാണെന്നോ ജലദോഷമാണെന്നോ, അതാണെന്നോ ഇതാണെന്നോ ഒക്കെപ്പറഞ്ഞ്‌ ഒരു പരിപാടിയും ഞാന്‍ റദ്ദാക്കിയിട്ടില്ല, എന്തു സംഭവിച്ചാലും ശരി. 'യാതൊന്നാണോ ഞാന്‍ ചെയ്യേണ്ടുന്നത്‌, അത്‌ ഞാന്‍ ചെയ്‌തിരിക്കും, അതില്‍ നിന്നും എന്തൊക്കെ സംഭവിച്ചാലും പിന്തിരിയില്ല,' ഈ മനോഭാവം ഉണ്ടായാല്‍, നിങ്ങള്‍ കൂടെക്കൂടെ ശയ്യാവലംബിയാവുകയേ ഇല്ല. അതാണ്‌ സത്യം.

ലേശം കാറ്റോ മഴയോ മഞ്ഞോ ഉണ്ടായാലുടനെ കമ്പിളികൊണ്ട് മൂടിപ്പുതച്ചുകിടക്കുന്ന രീതി ശീലിച്ചാല്‍, നിങ്ങളുടെ ശരീരം കൂടെക്കൂടെ രോഗശയ്യയിലാവാന്‍ പഠിക്കും. നേരെമറിച്ച്‌, എന്തുവന്നാലും വേണ്ടില്ല, ചെയ്യാനുള്ള ജോലി ചെയ്‌തുതീര്‍ത്തേ ഉള്ളു ബാക്കി കാര്യം, എന്ന മനോഭാവം പുലര്‍ത്തിയാലോ, എത്ര കടുത്ത അണുബാധ ഉണ്ടായാല്‍ പോലും, നിങ്ങളുടെ ശരീരം കഴിവതും പൂര്‍വ്വാവസ്ഥയില്‍ കുതിച്ചെത്തും.

കുട്ടിക്കു രോഗം വന്നാല്‍ അവനെ മാറിനിന്നു നിരീക്ഷിക്കുക, ഒരിക്കലും അടുത്തുചെന്ന് ലാളിക്കരുത്‌.

അപ്പോള്‍ സ്വാസ്ഥ്യത്തിന്‌ ഉതകുന്ന അവശ്യം സ്ഥിതിഗതികള്‍, അവശ്യ പ്രചോദനം, നിങ്ങള്‍ക്കുവേണ്ടിയും, മക്കളുണ്ടെങ്കില്‍ അവര്‍ക്കും കൂടി വേണ്ടി ഒരുക്കിവയ്ക്കുക. രോഗത്തിനുവേണ്ടിയുള്ള പ്രചോദനം സൃഷ്‌ടിക്കരുത്‌. കുട്ടിക്കു രോഗം വന്നാല്‍ അവനെ മാറിനിന്നു നിരീക്ഷിക്കുക, ഒരിക്കലും അടുത്തുചെന്ന് ലാളിക്കരുത്‌. അത്‌ തന്റെ ജീവിതത്തിലെ ഏറ്റവും നന്നല്ലാത്ത സമയമാണെന്ന് കുട്ടി മനസ്സിലാക്കണം. വേഗം സുഖം പ്രാപിക്കുക എന്നതവന്റെയും കൂടി ആവശ്യമാണെന്നു അവന്‍ മനസ്സിലാക്കണം. അതേ സമയം, കുട്ടികള്‍ സന്തോഷത്തോടെയിരിക്കുമ്പോള്‍ അവരെ ഏറ്റവും നന്നായി ശ്രദ്ധിക്കുക.

രോഗിയായിരിക്കുന്നതുകൊണ്ട്‌ പ്രയോജനമില്ല, ആനന്ദത്തോടെയിരിക്കുന്നതാണ്‌ പ്രയോജനപ്രദമെന്ന് കുട്ടി തന്റെ ഉള്ളില്‍ നിന്നു പഠിക്കും, അവന്‍റെ രാസഘടകങ്ങള്‍ തന്നെ അവനെ പഠിപ്പിക്കും. ഇക്കാര്യം നിങ്ങള്‍ സ്വന്തം ജൈവ–രാസപ്രക്രിയകള്‍ക്കും, നിങ്ങളുടെ കൂടെയുള്ളവര്‍ക്കും വ്യക്തമാക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ ഇപ്പോഴത്തേതുപോലെ, കൂടെക്കൂടെ രോഗികളായി മാറില്ലെന്ന് നിങ്ങള്‍ തിരിച്ചറിയും.

അതിനാല്‍, നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയും കൂടി ഈ മനോഭാവം പുലര്‍ത്തുക. അതോടെ, നിങ്ങളും സ്വാസ്ഥ്യമുള്ളവരായി മാറും. മനസ്സിനെ ഏതു വഴിക്കും തിരിച്ചുവിടാം. ഇല്ല, എനിക്കു ഏഴുവയസ്സുള്ളപ്പോള്‍ അച്ഛന്‍ എന്നെ അപമാനിച്ചതിനാല്‍ ഞാന്‍ ഇങ്ങിനെയേ പെരുകയുമാറുകയുള്ളൂ, എന്നും പറയാം. ആ വക നിര്‍ബ്ബന്ധബുദ്ധി വച്ചു പുലര്‍ത്താനാവുമെങ്കില്‍, അതില്‍ നിന്ന് മുഖം തിരിക്കാനും കഴിയും, അല്ലേ? അതിനു സമയമായി. ശാരീരികാസ്വാസ്ഥ്യമോ, വിഷാദരോഗമോ ഉള്ളതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല എന്നത് മനസ്സിന്റെയും, ശാരീരികഘടകങ്ങളുടെയും, രാസവിദ്യകളുടെയും, ഊര്ജത്തിന്റെയും (energy) തലത്തില്‍ നിങ്ങള്‍ വ്യക്തമായി അറിഞ്ഞിരിക്കണം. അതുകൊണ്ട്‌ യാതൊരു പ്രയോജനമില്ല, നേരെ മറിച്ച് കൂടുതല്‍ പ്രശ്നങ്ങളെ സൃഷ്ടിക്കും എന്നുമാത്രം. ഇതുമനസ്സിലാക്കി, ആനന്ദത്തോടെ, ആത്മഹര്‍ഷത്തോടെ വര്‍ത്തിച്ചാല്‍, മാനസികസ്വാസ്ഥ്യം നിലനില്‍ക്കും.

Photo credit to : https://pixabay.com/en/woman-desperate-sad-tears-cry-1006100/

 
 
 
 
  0 Comments
 
 
Login / to join the conversation1