सद्गुरु

ചോദ്യകര്‍ത്താവ്: ഞാനിവിടെ വന്നതുമുതല്‍, ഒരു ദിവസം ഞാന്‍ സ്നേഹത്തിലാണ്, മറ്റൊരു ദിവസം ഞാന്‍ ദുഃഖത്തിലാണ്, ഒരു ദിവസം ഞാന്‍ സൗഹാര്‍ദ്ദത്തിലാണ്, മറ്റൊരു ദിവസം ഞാന്‍ കുരയ്ക്കുന്ന പട്ടിയെപ്പോലെയാണ്. ഈ മനോഭാവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ വികാരങ്ങള്‍ ഉണ്ടാകുന്നത് ഒരു കാരണവുമില്ലാതെയാണെന്ന് ഞാന്‍ ഇവിടെ മനസ്സിലാക്കി.

സദ്ഗുരു: ഇതു മഴക്കാലമാണ്, നിങ്ങള്‍ക്കറിയാമല്ലോ? ഏതു സമയവും മേഘങ്ങള്‍ വന്നുകൂടും, മഴപെയ്യും, പിന്നെ സൂര്യപ്രകാശവും വരും. കഴിഞ്ഞുപോയ ദിവസങ്ങളിലെല്ലാം നിങ്ങളുടെ വികാരങ്ങള്‍ക്കും, നിങ്ങളുടെ ചിന്തകള്‍ക്കും, നിങ്ങളുടെ പ്രശ്നങ്ങള്‍ക്കുമെല്ലാം കാരണക്കാര്‍ മറ്റുള്ളവരാണെന്ന് നിങ്ങള്‍ കരുതി. മറ്റുള്ളവര്‍ക്കതില്‍ പങ്കില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നത് നല്ലകാര്യമാണ്; അത് നിങ്ങളുടെ മാത്രം ഭ്രാന്താണെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതു മനസ്സിലാക്കാന്‍ വളരെയധികം ആളുകള്‍ ഒരു ജീവിതകാലം തന്നെയെടുക്കും. അവര്‍ക്ക് എഴുപതുവയസ്സ് പ്രായമായിരിക്കാം, എങ്കിലും അവരുടെ വികാരങ്ങളും ചിന്തകളും എല്ലാം ഏതെങ്കിലും തരത്തില്‍ മറ്റുള്ളവര്‍ മൂലമാണെന്ന് അവര്‍ കരുതുന്നു. അവരുടെ അനുഭവങ്ങളുടെ ആസ്ഥാനം അവര്‍ക്കുള്ളില്‍ തന്നെയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. നിങ്ങളുടെ അനുഭവങ്ങളുടെ ഇരിപ്പിടം നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്, അല്ലേ?

ഇതു നിങ്ങളുടെ ഭ്രാന്താണെന്നും, മറ്റാര്‍ക്കും അതില്‍ ഒന്നും ചെയ്യാനില്ലെന്നും മനസ്സിലായിത്തുടങ്ങിയെങ്കില്‍, നിങ്ങള്‍ അതിനൊരു പരിഹാരം കണ്ടെത്തണമെന്നാണ് എനിക്ക് തോന്നുന്നത്. പരിഹാരമെന്തെന്നാല്‍ നിങ്ങളെ ഞങ്ങള്‍ അലിയിക്കുക എന്നതു മാത്രമാണ്, അതല്ലാതെ ശരിക്കും മറ്റൊരു പരിഹാരവുമില്ല. ഞാന്‍ നിങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞു വരുന്നു - ഈ ലോകത്ത് ഒരേയൊരു പ്രശ്നമേയുള്ളൂ, അത് നിങ്ങളാണെന്ന്. ഈ ഒരു പ്രശ്നത്തെ നിങ്ങള്‍ പരിഹരിക്കുകയാണെങ്കില്‍, ശരിക്കും ഈ ലോകത്തില്‍ മറ്റൊരു പ്രശ്നവുമില്ല. അപ്പോള്‍ നിങ്ങളെ അലിയിക്കുവാന്‍, സള്‍ഫ്യൂറിക് ആസിഡു പോരാ. നിങ്ങള്‍ക്ക് അതിനെക്കാള്‍ ശക്തമായതുവേണം. അങ്ങനെയൊരു ശക്തികൊണ്ടാണ് ഞങ്ങള്‍ ഈ സ്ഥലം നിറച്ചിട്ടുള്ളത്.

ഈ ലോകത്ത് ഒരേയൊരു പ്രശ്നമേയുള്ളൂ, അത് നിങ്ങളാണെന്ന്. ഈ ഒരു പ്രശ്നത്തെ നിങ്ങള്‍ പരിഹരിക്കുകയാണെങ്കില്‍, ശരിക്കും ഈ ലോകത്തില്‍ മറ്റൊരു പ്രശ്നവുമില്ല.

ഇവിടെ നിങ്ങള്‍ക്ക് അല്പം വിവേകമുണ്ടെങ്കില്‍, അല്പമെങ്കിലും, നിങ്ങളുടെ വാതില്‍ ഒരല്പം, ഒരു മില്ലീമീറ്ററെങ്കിലും, തുറന്നാല്‍ ഇത് നിങ്ങളിലേക്ക് പ്രവേശിച്ച് നിങ്ങളെ അലിയിക്കും. നിങ്ങള്‍ മുറുകെ അടച്ചിരുന്നാല്‍, അതു നിങ്ങളെ അലട്ടും. അതു നിങ്ങളെക്കൊണ്ട് ഭ്രാന്തമായ പ്രവൃത്തികള്‍ ചെയ്യിക്കും, കാരണം ഈ ഊര്‍ജത്തിന്‍റെ പ്രകൃതം അതാണ്. നിങ്ങളെവിടെയാണോ അവിടെ തുടരാന്‍ അത് അനുവദിക്കില്ല. അത് നിങ്ങളെ അതിവേഗം മുന്നോട്ടു നയിച്ചു കൊണ്ടിരിക്കും.

ഇതുപോലൊരു സ്ഥലം സൃഷ്ടിച്ചതിന്‍റെ ഉദ്ദേശംതന്നെ നിങ്ങളുടെ ജീവിതത്തെ അതിവേഗം മുന്നോട്ടു നയിക്കുക എന്നതാണ്. അധികം ആള്‍ക്കാരും എഴുപതുവയസ്സില്‍ തിരിച്ചറിയുന്നത്, നിങ്ങള്‍ പതിനെട്ടില്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അതും കടന്നുപോയെങ്കില്‍, ഇപ്പോഴെങ്കിലും നിങ്ങളുടെ അനുഭവങ്ങളുടെ ഉറവിടം മറ്റാരിലുമല്ല, നിങ്ങള്‍ക്കുള്ളില്‍തന്നെയാണെന്ന് മനസ്സിലാക്കാന്‍ സമയമായി. നിങ്ങളുടെ ചിന്തകള്‍ക്കും, നിങ്ങളുടെ വികാരങ്ങള്‍ക്കും, നിങ്ങളുടെ അബദ്ധങ്ങള്‍ക്കും, നിങ്ങളല്ലാതെ മറ്റാരുമായും ഒരു ബന്ധവുമില്ല.
ഇതുമനസ്സിലാക്കിയാല്‍ മാത്രം മതി, നിങ്ങള്‍ തന്നെയാണ് പ്രശ്നമെന്ന് ബോധ്യമാകും. ഒരിക്കലെങ്കിലും, പ്രശ്നമെന്തെന്ന് നിങ്ങളറിഞ്ഞാല്‍, പരിഹാരം എളുപ്പമുള്ളതാകും. പ്രശ്നമെന്തെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍, പരിഹാരവുമില്ല, അല്ലേ? പ്രശ്നമെന്തെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍, പരിഹാരം കണ്ടെത്താനുള്ള സാധ്യത എവിടെ? നിങ്ങള്‍ പ്രശ്നത്താല്‍ കഷ്ടപ്പെടുമെന്നുമാത്രം. ഇപ്പോള്‍, നിങ്ങള്‍ക്ക് പ്രശ്നമെന്താണെന്നെങ്കിലും അറിയാം, അതിനാല്‍ പരിഹാരം അധികം അകലെയല്ല.