വിജിയുടെ മഹാസമാധി
തന്‍റെ ശരീരത്തിലണിഞ്ഞിരുന്ന ആഭരണങ്ങളൊക്കെ അഴിച്ചുവച്ചശേഷം സാധനയിലേക്കിറങ്ങി ശംഭോ ജപം തുടങ്ങി വിജി. ശംഭോ ജപം അതിന്‍റെ പാരമ്യത്തിലെത്തിയപ്പോള്‍ ശംഭോ എന്നുച്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവരുടെ ശരീരം ഉപേക്ഷിക്കപ്പെട്ട്‌ അവര്‍ മഹാസമാധിയായി
 
 

सद्गुरु

"അനായാസേന ജീവന്‍ ഉപേക്ഷിക്കുന്നതെങ്ങനെ എന്നു വിജി മനസ്സിലാക്കിയിരുന്നു. പക്ഷേ അതിനുള്ള ശക്തി സംഭരിക്കാന്‍ വിജിക്കു കഴിയും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല"

ആ പൌര്‍ണമിക്കു മുമ്പുള്ള രണ്ടു പൌര്‍ണമി ദിനങ്ങളിലും ഭക്ഷണസാധനങ്ങള്‍ പാകം ചെയ്‌തു സ്വന്തം കൈകള്‍ കൊണ്ടു തന്നെ എല്ലാവര്‍ക്കും വിജി വിളമ്പിക്കൊടുത്തിരുന്നു. എല്ലാവരോടും അവര്‍ കാണിച്ച സ്‌നേഹം സ്വാഭാവികമായിരുന്നു. അവരോട്‌ അടുത്തിടപഴകിയവരൊക്കെ, “സ്വന്തം മാതാവുപോലും ഇത്രയും സ്‌നേഹം കാണിക്കില്ലല്ലോ” എന്നു ശ്ലാഘിച്ചു പറഞ്ഞു. അന്നത്തെ ആ പൌര്‍ണമി ദിവസം ധാരാളം അനുയായികളും ബ്രഹ്മചാരികളും ആശ്രമത്തില്‍ ഉണ്ടായിരുന്നതിനാല്‍ “എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കാന്‍ മെനക്കെടണ്ട, എന്തെങ്കിലും മധുരം മാത്രം കരുതിയാല്‍ മതി” എന്ന്‍ സദ്‌ഗുരു വിജിയോടു പറഞ്ഞിരുന്നു. ചില അനുയായികളോടൊപ്പം വെളുപ്പിനേ തന്നെ മധുരപലഹാരം ഉണ്ടാക്കിയിട്ട്‌ എട്ടുമണിക്കു തന്നെ തീവ്രമായ സാധനയിലേക്കിറങ്ങിയ വിജി ‘ശംഭോ ശംഭോ’ എന്നു ജപിച്ചു കൊണ്ടിരുന്നു. മദ്ധ്യാഹ്നമായപ്പോള്‍ വീണ്ടും കുളിച്ചു വന്ന്‍ തന്‍റെ ശരീരത്തിലണിഞ്ഞിരുന്ന ആഭരണങ്ങളൊക്കെ അഴിച്ചുവച്ചശേഷം സാധനയിലേക്കിറങ്ങി. വൈകുന്നേരമായപ്പോള്‍ നാലുമണിക്ക് വീണ്ടും കുളിച്ചുവന്ന്‍ ശംഭോ ജപം തുടങ്ങി വിജി. സന്ധ്യയാകാറായപ്പോള്‍ അതായത്‌ ശരിക്കും 6.15 മണിക്ക് ശംഭോ ജപം അതിന്‍റെ പാരമ്യത്തിലെത്തിയപ്പോള്‍ ശംഭോ എന്നുച്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവരുടെ ശരീരം ഉപേക്ഷിക്കപ്പെട്ട്‌ അവര്‍ മഹാസമാധിയായി. ഹൃദയത്തെ അടിസ്ഥാനപ്പെടുത്തിയ അനാഹതചക്രം വഴി അവരുടെ പ്രാണന്‍ ശരീരം വിട്ടു പുറത്തേക്കു പോയതായി സദ്‌ഗുരു പ്രസ്‌താവിച്ചു.

ശംഭോ ജപം അതിന്‍റെ പാരമ്യത്തിലെത്തിയപ്പോള്‍ ശംഭോ എന്നുച്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവരുടെ ശരീരം ഉപേക്ഷിക്കപ്പെട്ട്‌ അവര്‍ മഹാസമാധിയായി

പല യോഗികളും ജ്ഞാനികളും എത്രയോ പരിശ്രമിച്ച ശേഷവും അവര്‍ക്കു ലഭിക്കാതെ പോയ മഹാസമാധി നില കൈവരിച്ച വിജിയെപ്പറ്റി കേട്ടറിഞ്ഞ്‌ യിരക്കണക്കിനാളുകള്‍ ആശ്രമത്തില്‍ തടിച്ചുകൂടി. പൌര്‍ണമി തീരും മുമ്പുതന്നെ അന്തിമക്രിയകള്‍ നടത്തണമെന്ന്‍  തീരുമാനിച്ച്‌ പന്ത്രണ്ടു മണിക്കൂറിനു ശേഷം ചടങ്ങുകള്‍ നടന്നു. സദ്‌ഗുരുവിന്‍റെ `ശൂന്യ’ കുടിലിനരികില്‍ ഉള്ള, നന്ദവനത്തില്‍ വിജിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയ ശേഷം സദ്‌ഗുരു അനുയായികളോടു സംസാരിച്ചു.

“വിജിയെക്കുറിച്ചു പറയുക എന്നത്‌ അത്ര എളുപ്പമുള്ള ഒന്നല്ല. എന്നോടൊപ്പം ഉണ്ടായിരുന്ന വിജിക്കും, ഞാന്‍ മനസ്സിലാക്കിയ വിജിക്കും, മറ്റുള്ളവര്‍ കാണുന്ന വിജിക്കും തമ്മില്‍ ധാരാളം വ്യത്യാസങ്ങളുണ്ടായിരുന്നു. വിജിയെ വെറും സ്‌ത്രീയായി എനിക്കു കരുതാന്‍ പറ്റില്ല. ഒരു ഉന്നത നിലയിലുള്ള ജീവനായിരുന്നു വിജി. അവളുടെ വികാരങ്ങള്‍ നിയന്ത്രണ വിധേയമായിരുന്നില്ല. ഉള്ളിലുണ്ടായിരുന്ന കുട്ടിത്തം പലപ്പോഴും പുറമേയും പ്രകടമായിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു സമാധിനില ലഭിച്ചത്‌ അസാധ്യമായ ഒരു കാര്യമാണ്‌. സാധാരണ രീതിയില്‍ മഹായോഗികള്‍ക്കു പോലും മഹാസമാധി പ്രാപ്‌തിക്കു വളരെ പരിശ്രമിക്കേണ്ടിയിരിക്കും. സ്വാമി നിര്‍മലാനന്ദക്ക് പോലും തനിക്ക് മഹാസമാധിയാകാന്‍ സാധിക്കുമോ എന്നൊരാശങ്കയുണ്ടായിരുന്നു. അവസാനത്തെ അഞ്ചു ദിവസം വെറും പട്ടിണി കിടക്കുകയായിരുന്നു. ദൈവാനുഗ്രഹം കൊണ്ട്‌ അദ്ദേഹം അഞ്ചാം ദിവസം തന്നെ മഹാസമാധിയായി. ജീവിതം മുഴുവന്‍ തീവ്രസാധനകള്‍ ചെയ്‌ത ശേഷവും പ്രാണത്യാഗം ചെയ്യാന്‍ യോഗികള്‍ ബുദ്ധിമുട്ടുമ്പോള്‍ വിജിക്ക് അത്‌ അനായാസേന സാധിച്ചു."

"അനായാസേന ജീവന്‍ ഉപേക്ഷിക്കുന്നതെങ്ങനെ എന്ന വിദ്യ വിജി മനസ്സിലാക്കിയിരുന്നു. പലപ്പോഴും ഇക്കാര്യത്തെക്കുറിച്ച്‌ എന്നോട്‌ വിജി സംസാരിച്ചിട്ടുണ്ട്‌. പക്ഷേ അതിനുള്ള ശക്തി സംഭരിക്കാന്‍ വിജിക്കു കഴിയും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. ഇത്രയും പെട്ടെന്ന്‍ മഹാസമാധി നിലയിലേക്കെത്തിച്ചേരുമെന്ന്‍  ഞാന്‍ കരുതിയില്ല, എന്തുകൊണ്ടെന്നാല്‍ ഇതിനൊക്കെ തീവ്രസാധനകളുടെ ആവശ്യമുണ്ട്‌. പക്ഷേ ഇപ്പോള്‍ ഓര്‍ത്തുനോക്കുമ്പോള്‍ അവര്‍ സ്‌നേഹപൂര്‍വം ശംഭോ എന്നുച്ചരിച്ചുകൊണ്ട്‌ കഴിഞ്ഞതുകൊണ്ട്‌ ആ ശംഭോ തന്നെ അവരെ കൈപിടിച്ചു വിളിച്ചു കൊണ്ടുപോയതായി തോന്നുന്നു. സ്‌നേഹം കൊണ്ടു മാത്രമാണ്‌ വിജി ഇത്‌ നേടിയെടുത്തത്‌. ഒരു മനുഷ്യന്‌ ദേഹത്യാഗം ചെയ്യാന്‍ ഇതിനേക്കാളും എളുപ്പവഴിയില്ല. അവളുടെ പേര്‌ വിജയകുമാരി എന്നാണ് അതായത്‌ വിജയത്തിന്‍റെ പുത്രി. മുമ്പ്‌ സദ്‌ഗുരുവിന്‍റെ സഹോദരിയായും ഇപ്പോള്‍ എന്‍റെ ഭാര്യയായും ജീവിച്ചിട്ട്‌ എന്നെ ശൂന്യതയിലാഴ്‌ത്തിയിട്ട്‌ അവള്‍ പോയി. പക്ഷേ നമ്മുടെ ഹൃദയങ്ങളില്‍ അവള്‍ എന്നും നിറഞ്ഞു നില്‍ക്കും. ധ്യാനലിംഗ നിര്‍മ്മാണത്തില്‍ അവളുടെ പങ്ക്‌ സ്‌തുത്യര്‍ഹമാണ്‌. എന്നാലും അവളില്ലാതെ ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കാന്‍ ആ ശംഭോ തന്നെ ഇനി വഴികാട്ടിത്തരണം. ഇവിടെ നമുക്ക്‌ വ്യത്യസ്‌തമായ ജീവിതരീതിയാണ്‌. എന്തുകൊണ്ടെന്നാല്‍ ആത്മീയ ജീവിതം നയിക്കുന്നവര്‍ക്ക്‌ അവരുടെ ഉന്നത ലക്ഷ്യം മഹാസമാധിയാവുക എന്നതാണ്‌. പക്ഷേ നമ്മുടെ സമൂഹത്തില്‍ പല ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. നിങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കണം. പലരും ധരിച്ചിരിക്കുന്നത്‌ ഇത്തരം കാര്യങ്ങള്‍ മഹര്‍ഷിമാരുടെ കാലത്തോടുകൂടി കഴിഞ്ഞുപോയി എന്നാണ്. ജനനമരണങ്ങള്‍ നിയന്ത്രണാധീനമാണെന്ന്‍ അവര്‍ കരുതിയിരുന്നു. ആത്മീയം എന്നത്‌ ഇപ്പോഴും ജീവനോടെ ഇരിക്കുക തന്നെയാണ്‌. ഇപ്പോള്‍ ഇവിടെയുള്ള സാഹചര്യം അതിനെ അന്വര്‍ത്ഥമാക്കുകയാണ്‌."

ജീവിതം മുഴുവന്‍ തീവ്രസാധനകള്‍ ചെയ്‌ത ശേഷവും പ്രാണത്യാഗം ചെയ്യാന്‍ യോഗികള്‍ ബുദ്ധിമുട്ടുമ്പോള്‍ വിജിക്ക് അത്‌ അനായാസേന സാധിച്ചു

ഇത്രയും അനായാസേന ആരും ദേഹത്യാഗം ചെയ്യരുത്‌ എന്നാണെന്‍റെ അഭിപ്രായം. പക്ഷേ വിജി അതിനായി ആഗ്രഹിച്ചു. എന്‍റെ സഹായം കൂടാതെ തന്നെ അവളതു സഫലീകരിക്കുകയും ചെയ്‌തു. അവള്‍ സ്‌നേഹം കൊണ്ടാണതു സാധിച്ചത്‌. അതുപോലെ നമ്മുടെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയായശേഷം നമുക്കും അങ്ങനെ ചെയ്യാം.” ഇത്രയും പറഞ്ഞ്‌ സദ്‌ഗുരു നിര്‍ത്തിയപ്പോള്‍ എല്ലാവരും മൌനികളായി ശാന്തരായി പിരിഞ്ഞുപോയി.

സദ്‌ഗുരു സംശയിച്ചതുപോലെ വിജിയുടെ മഹാസമാധി സമൂഹത്തില്‍ പല ചര്‍ച്ചകള്‍ക്കും വഴിതെളിയിച്ചു. എന്നാല്‍ ആത്മസാധനകള്‍ മൂലം ലഭിക്കുന്ന ഉന്നതശക്തിയെ നന്നായി മനസ്സിലാക്കിയ അനുയായികള്‍ അക്ഷോഭ്യരായി നിന്നു. ഒരു സംഭാഷണ വേളയില്‍, “മഹാസമാധിയെക്കുറിച്ച്‌ ജനങ്ങളോട്‌ യുക്തിപരമായി വാദിക്കാന്‍ ശ്രമിച്ചാല്‍ അത്‌ സ്വയം സമാധാനിപ്പിക്കാന്‍ പറയുന്നു എന്നായിരിക്കും തോന്നുക” എന്ന്‍ സദ്‌ഗുരു ഓര്‍മിപ്പിച്ചു. വിജിയുടെ സമാധിസ്ഥലം സ്‌നേഹത്തിന്‍റെ പ്രകമ്പനങ്ങള്‍ ഉതിര്‍ക്കുന്ന സ്ഥലമാണെന്നറിഞ്ഞ്‌ സാധകന്മാര്‍ വികാരാധീനരായി.

 
 
  0 Comments
 
 
Login / to join the conversation1