सद्गुरु

സ്വന്തം കഴിവിലും, ലക്ഷ്യബോധത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ വഴിയിലെ തടസ്സങ്ങളൊന്നും ബാധകമാവില്ല. അവര്‍ തളരാതെ, അങ്കലാപ്പില്ലാതെ മുന്നോട്ടു തന്നെ പോകും.

 

സദ്‌ഗുരു: “എന്റെ വിജയത്തിനാധാരം എന്റെ കഴിവാണ്‌,” ആ വിശ്വാസം എപ്പോഴും വേണം, അതാണാത്മവിശ്വാസം. ജീവിതത്തിന്റെ വഴികളില്‍ പലപ്പോഴും പലതും ആകസ്‌മികമായി സംഭവിക്കാറുണ്ട്‌; എന്നാല്‍ സ്വന്തം കഴിവിലും, ലക്ഷ്യബോധത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ വഴിയിലെ തടസ്സങ്ങളൊന്നും ബാധകമാവില്ല. അവര്‍ തളരാതെ, അങ്കലാപ്പില്ലാതെ മുന്നോട്ടു തന്നെ പോകും. മനസ്സിരുത്തി പണിയെടുക്കുന്ന ഒരാളുടെ മനസ്സിലും പരാജയഭീതി ഉണ്ടാവില്ല. പ്രതിഫലേച്ഛ ഒന്നുമില്ലാതെ കഠിനശ്രമം ചെയ്യാനാകുന്നവര്‍ക്ക് ഒരു പ്രത്യേക കരുത്ത്‌ കൈവരും. നൂറു വീഴ്‌ചകള്‍ സംഭവിച്ചാലും അയാളെ സംബന്ധിച്ചിടത്തോളം അത്‌ നൂറു പാഠങ്ങളായിരിയ്ക്കും. സ്വന്തം ലക്ഷ്യത്തില്‍ തന്നെ ശ്രദ്ധവെയ്ക്കാനായാല്‍, മനസ്സും പൂര്‍ണമായി നിങ്ങളോട്‌ സഹകരിക്കും. മനസ്സ്‌ സജ്ജമായിക്കഴിഞ്ഞാല്‍, വിചാരവികാരങ്ങളും സ്വാഭാവികമായും അതിനോടൊപ്പമാകും. ചിന്തകളുണ്ടാകുന്നത്‌ മനസ്സിന്റെ വ്യതിചലനങ്ങളെ ആശ്രയിച്ചാണ്. മനസ്സും ബുദ്ധിയും ശരീരവും ഒരേ മട്ടിലുണര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി കഴിഞ്ഞാല്‍, പിന്നെ അസാദ്ധ്യമായി ഒന്നുമില്ല. എല്ലാം എത്തിപ്പിടിക്കാവുന്നവ മാത്രം. സര്‍ഗശക്തി അഭൂതപൂര്‍വമായ വിധത്തില്‍ വികസിക്കുന്നു. അതിനൊത്ത്‌ ശരീരവും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നു. നിങ്ങള്‍ സ്വയം നിങ്ങളുടെ ജീവിതത്തിന്റെ സ്രഷ്‌ടാവായിത്തീരുന്നു!

ആത്മവിശ്വാസത്തേക്കാള്‍ കൂടുതലായി ഒരു മനുഷ്യനുണ്ടായിരിക്കേണ്ടത്‌ വിവേകമാണ്, തെളിവായ ബുദ്ധിയും മനസ്സുമാണ്‌, വ്യക്തമായ കാഴ്‌ചപ്പാടാണ്

ആത്മവിശ്വാസമുണ്ടായാല്‍ എല്ലാമായി എന്നാണ്‌ സാമാന്യ ചിന്ത. അത്‌ ശരിയല്ല. ആത്മവിശ്വാസത്തേക്കാള്‍ കൂടുതലായി ഒരു മനുഷ്യനുണ്ടായിരിക്കേണ്ടത്‌ വിവേകമാണ്, തെളിവായ ബുദ്ധിയും മനസ്സുമാണ്‌, വ്യക്തമായ കാഴ്‌ചപ്പാടാണ്. ജീവിതം സാര്‍ത്ഥകമാവണമെങ്കില്‍, അതിനു വേണ്ട വേറൊരു ഗുണമേന്മ ശ്രദ്ധയാണ്‌. ശ്രദ്ധ, ഭക്തി, സമര്‍പ്പണം – ഇതെല്ലാം അഹം എന്ന ബോധത്തെ ഇല്ലായ്‌മ ചെയ്യാനുള്ള ഉപാധികളാണ്‌. ആദ്ധ്യാത്മിക മാര്‍ഗത്തില്‍ മാത്രമേ ശ്രദ്ധയ്ക്ക്‌ പ്രസക്തിയുള്ളു എന്നു ധരിക്കരുത്‌. സാഹിത്യമായാലും, കലയുമായി ബന്ധപ്പെട്ട വിഷയമായാലും, ദൈനം ദിന ജീവിതത്തിലെ വ്യവസ്ഥയായാലും, കാര്യമായി എന്തെങ്കിലും കൈവരിക്കണമെന്നുണ്ടെങ്കില്‍ ആത്മസമര്‍പ്പണം വേണം. അതു ജീവിതത്തിനു കൂടുതല്‍ ശാന്തതയും ദൃഢതയും നല്‍കും.

“ഞാന്‍” എന്ന ഇട്ടാവട്ടത്തിലും, അവനവന്റെ പരിമിതികളിലും ഒതുങ്ങിക്കൂടാതെ സ്വന്തം കഴിവിന്റെ പരമാവധി പ്രയത്‌നിക്കുക. സ്വാഭാവികമായും നിങ്ങള്‍ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായ ഒരാളായിത്തീരും. “ഞാന്‍ ഇവിടെ നേട്ടങ്ങള്‍ കൊയ്യും, അതേ വ്യവസായത്തിലുള്ള മറ്റൊരു പങ്കാളിയെ കവച്ചു വയ്ക്കും,” അങ്ങനെയുള്ള മിഥ്യാധാരണകളുടെയും പ്രതീക്ഷകളുടെയും, അത്യാഗ്രഹങ്ങളുടെയും ഒന്നും ആവശ്യമില്ല. നിങ്ങള്‍ക്ക് പരിചയമുള്ള, നിങ്ങള്‍ അഭിമാനപൂര്‍വം വീക്ഷിക്കുന്ന വ്യക്തികളെ ശ്രദ്ധിച്ചാല്‍, ഉയരങ്ങള്‍ അവരെ തേടി വരികയായിരുന്നു എന്ന പരമാര്‍ത്ഥം നിങ്ങള്‍ക്കു മനസ്സിലാകും, കാരണം “ഇതുകൊണ്ടെനിക്കെന്തു പ്രയോജനം” എന്നാലോചിച്ച്‌ അവര്‍ ശങ്കിച്ചു നില്‍ക്കാതെ അവരുടെ മുന്നിലോട്ടുള്ള പ്രയാണം തുടര്‍ന്നു കൊണ്ടേയിരുന്നു. കീശയില്‍ വന്നുവീഴുന്ന പണത്തിന്‍റെ ആധിക്യമല്ല വിജയത്തിന്‍റെ മാനദണ്ഡം. സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ആദരവും അംഗീകാരവും, അതും സ്വന്തം വിജയമായി കാണേണ്ടതില്ല.

ജയവും പരാജയവുമൊക്കെ അര്‍ത്ഥമില്ലാത്ത സങ്കല്‍പങ്ങളാണ്. ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നതിനു പകരം ആ ആശയത്തെ മാറ്റാന്‍ ശ്രമിക്കാം.

ജയവും പരാജയവുമൊക്കെ അര്‍ത്ഥമില്ലാത്ത സങ്കല്‍പങ്ങളാണ്. ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നതിനു പകരം ആ ആശയത്തെ മാറ്റാന്‍ ശ്രമിക്കാം. അതിനു സാധിച്ചാല്‍ പിന്നെ ആധിയും ആവലാതിയും ഒന്നുമുണ്ടാവില്ല. “എനിക്കെന്തു ലാഭം?” എന്ന ചിന്ത ഒഴിവാക്കി സ്വന്തം പ്രവൃത്തികളില്‍ ആത്മാര്‍ത്ഥമായി മുഴുകുക. കാലേകൂട്ടി നേട്ടങ്ങള്‍ കണക്കാക്കാന്‍ തുടങ്ങുമ്പോഴാണ്‌ ശ്രദ്ധ വഴുതുന്നതും വഴി തെറ്റുന്നതും. ‘നിറഞ്ഞു പരന്നു കിടക്കുന്ന ജീവിതം! ഇവിടെ എനിക്കെന്തെല്ലാം ചെയ്യാനാകും, അതുവഴി എത്രപേരെ സഹായിക്കാനാകും,’ എന്ന ചിന്തയ്ക്കാകട്ടെ മനസ്സില്‍ മുന്‍തൂക്കം. അതോടെ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും, അതിനോടൊപ്പം തന്നെ എത്തും ഉയരങ്ങളും, നേട്ടങ്ങളും.

https://c2.staticflickr.com/8/7416/27358053972_7ae82a997f_b.jpg