വിദ്യാഭ്യാസം എങ്ങനെയുള്ളതാവണം
 
 

सद्गुरु

ഇന്നത്തെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യംതന്നെ ഉള്ളതെല്ലാം മനുഷ്യര്‍ക്കു വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതായിത്തീര്‍ന്നിരിക്കുന്നു.

ഒരു ഇല കാണുമ്പോള്‍പ്പോലും അതില്‍നിന്ന് തനിക്ക് എന്തെങ്കിലും നേടാനാവുമോ എന്ന് സ്വാര്‍ത്ഥതയോടെ ചിന്തിക്കുന്ന മനസ്ഥിതി സംജാതമായിരിക്കുന്നു. മരം, കാറ്റ്, ജലം, ഭൂമിയുടെ അടിയിലുള്ള ധാതുസമ്പത്ത് ഇവയൊന്നും അവന്‍ മാറ്റിവച്ചിട്ടില്ല. കണ്ണുകൊണ്ട് കാണാന്‍ പറ്റാത്ത വൈറസ് കൃമിയെക്കൊണ്ടുപോലും തനിക്കെന്തെങ്കിലും ആദായമുണ്ടാക്കാന്‍ പറ്റുമോ എന്നുവരെ മനുഷ്യന്‍ ആലോചിക്കുന്നു.

ഉറുമ്പിന് ഒരു ലോകമുണ്ട്. ആനയ്ക്ക് ഒരു ലോകമുണ്ട്. ഓരോ ജീവിക്കും അതിന്‍റെതായ ലോകം ഉണ്ട്. പ്രകൃതിയെ സംബന്ധിച്ചിടത്തോളം മനുഷ്യനും മറ്റുള്ള ജീവികളെപ്പോലെ ഒരു ജീവിയാണ്.
പക്ഷെ മനുഷ്യന്‍ തന്നെപ്പറ്റി എന്തു വിചാരിക്കുന്നു എന്നറിയാമോ? ഒരു കാക്കയും, ചിത്രശലഭവും മനുഷ്യനും ഒരേസമയത്ത് മരിച്ചു. പടച്ചവന്‍റെ മുമ്പില്‍ അവര്‍ നിറുത്തപ്പെട്ടു. ഈശ്വരന്‍ ചിത്രശലഭത്തോട് ചോദിച്ചു.
"നിനക്ക് എവിടെ ഇടം വേണം?"
"ഭൂമിയില്‍ പല പരാഗണങ്ങളും നടക്കാന്‍ ഞാന്‍ സഹായിച്ചു അതുകൊണ്ട് എനിക്ക് സ്വര്‍ഗ്ഗം കിട്ടണം'
"നിനക്കോ" കാക്കയോട് ചോദിച്ചു.
"പല വിത്തുകള്‍ പലസ്ഥലത്തും ഞാന്‍ കൊത്തിക്കൊണ്ട് ഇട്ടതിനാല്‍ കാടുകള്‍ വളര്‍ന്നു പെരുകി. അതിനാല്‍ എനിക്കും വേണ്ടത് സ്വര്‍ഗ്ഗം തന്നെ'
മനുഷ്യനോടും ചോദ്യം ആവര്‍ത്തിച്ചു ഈശ്വരന്‍. "താങ്കള്‍ ഇരിക്കുന്ന കസേരതന്നെ എന്‍റേതാണ്. അതുകൊണ്ട് വേഗം എഴുന്നേറ്റുമാറൂ."

തനിക്കും ഈശ്വരനും ഒരേരൂപമാണെന്നു ധരിച്ചിരിക്കുന്നതിനാല്‍, മനുഷ്യന്‍ നിതാന്തമായ അഹങ്കാരത്തില്‍ വിഹരിക്കുന്നു. മറ്റുജീവരാശികളെക്കാള്‍ ഏറെ കഴിവുകള്‍ ഉള്ളതുകൊണ്ട് താന്‍ ഈശ്വരനാണ് എന്ന തെറ്റായ ചിന്തയിലാണ് അവന്‍ ജീവിക്കുന്നത്. തനിക്കുവേണ്ടത് നിര്‍ദ്ദാക്ഷിണ്യം കവര്‍ന്നെടുക്കാനും വേണ്ടാത്തതിനെ എല്ലാം നശിപ്പിച്ച് ഒടുക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിന് ഉത്തേജനമേകുന്ന രീതിയിലാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായവും. അതുതന്നെയാണ് അതിന്‍റെ ഏററവും വലിയ ന്യൂനതയും.

ഒരു ശാസ്ത്രജ്ഞന്‍ തന്‍റെ ലേഖനങ്ങള്‍ ഒരുമിച്ചു ചേര്‍ക്കാന്‍ ഒരു ജെംക്ലിപ്പ് തപ്പുകയായിരുന്നു. മേശപ്പുറത്തുകിടന്ന ക്ലിപ്പ് വളഞ്ഞതായിരുന്നു. അതുനേരെയാക്കാന്‍ അദ്ദേഹത്തിന് മറ്റൊരു ഉപകരണം വേണ്ടിവന്നു. എല്ലാം അടുക്കിപ്പെറുക്കി തപ്പിയപ്പോള്‍ ആദ്യം കിട്ടാതിരുന്ന ജെംക്ലിപ്പ് പെട്ടി കിട്ടി. അതില്‍നിന്നും പുതിയ ഒരെണ്ണമെടുത്ത് വളഞ്ഞിരുന്ന ആദ്യത്തെ ക്ലിപ്പിന്‍റെ വളവ് നിവര്‍ത്താന്‍ തുടങ്ങി. ഇതു കണ്ട സഹായി ആ പ്രവൃത്തിയെപ്പറ്റി ചൂണ്ടിക്കാട്ടിയപ്പോഴാണ് ആ ശാസ്ത്രജ്ഞനു തന്‍റെ മണ്ടത്തരം മനസ്സിലായത്.
അത് ആരെന്നറിയണ്ടെ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു ആ ശാസ്ത്രജ്ഞന്‍.

അതുകൊണ്ടാണു പറയുന്നത്; പഠിക്കുന്നത് വേറെ, ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നത് വേറെ.
യഥാര്‍ത്ഥവിദ്യാഭ്യാസത്തിന് ആണ്‍പെണ്‍ എന്ന ഭേദമില്ല. ഈ രണ്ടു കൂട്ടരേയും ഔന്നത്യങ്ങളിലെത്തിക്കത്തക്ക വിധത്തില്‍ അത് പൊതുവായിരിക്കണം. മറ്റുള്ളവരെ മാറ്റിനിര്‍ത്താന്‍ ഉള്ള ഒരു ഉപകരണമായി അത് രൂപപ്പെടുമ്പോഴാണ് കുടുംബത്തിലും സമൂഹത്തിലും, ബന്ധങ്ങളിലും വിള്ളലുകള്‍ ഉണ്ടാകുന്നത്.

വിദ്യാഭ്യാസം നമ്മുടെ നാട്ടില്‍ പാരമ്പര്യമായി നല്‍കപ്പെട്ടിരുന്നു. ഒരു വ്യക്തിയെമാത്രമല്ല, വ്യക്തിയുമായി ബന്ധമുള്ള മറ്റുള്ളവരെയും മുന്നേറാന്‍ ഉതകുന്ന വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അന്നു നിലവിലിരുന്നത്. അങ്ങനെയുള്ള വിദ്യാഭ്യാസം ലഭിച്ചപ്പോള്‍ തന്നെപ്പോലെതന്നെയാണ് മറ്റുള്ളവരും എന്ന സമഭാവനയും ജനമനസ്സുകളില്‍ നിറഞ്ഞിരുന്നു.

എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയതോടെ 'നാം' എന്ന ചിന്ത മറഞ്ഞ് 'ഞാന്‍' എന്ന തോന്നല്‍ വളര്‍ന്നുവരാന്‍ തുടങ്ങി. ഇത്തരത്തില്‍ 'ഞാന്‍', 'എന്‍റേത്' എന്ന ഇടുങ്ങിയ ചിന്ത വ്യക്തിക്കോ കുടുംബത്തിനോ സമൂഹത്തിനോ അഭികാമ്യമല്ല,അനുയോജ്യവുമല്ല. നിങ്ങളുടെ വീടുംനാടും എല്ലാം മോശമാണെന്ന ധാരണ വളര്‍ത്തി; സ്വദേശത്ത് അന്യനെപ്പോലെ പെരുമാറാന്‍ ശീലിപ്പിക്കുന്ന വിദ്യാഭ്യാസം ഒരിക്കലും നല്ലതല്ല. ഒരുവന് ജീവസന്ധാരണത്തിനു വഴികാട്ടുന്നതുമാത്രമല്ല വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം, അവന്‍റെ കാഴ്ചപ്പാടുകള്‍ മെച്ചപ്പെടണം; ഉന്നതമാവണം, സംസ്കാരത്തിന്‍റെ വേരുകള്‍ ബലപ്പെടുത്താന്‍ ഉതകണം. തടസ്സങ്ങളില്ലാത്ത, ആശങ്കകളില്ലാത്ത, നിഷ്പക്ഷമായ ജീവിതത്തിലേക്ക് അവന്‍റെ കൈപിടിച്ചുയര്‍ത്തണം. സ്വതന്ത്രമായ ചുറ്റുപാടില്‍ മറ്റുള്ളവരെ സമന്മാരായി കാണാനും ബഹുമാനിക്കാനും വഴികാട്ടിയ നമ്മുടെ സംസ്കാരത്തെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കരുത്തുപകരുന്നതാവണം.

നമ്മുടെ ഗ്രാമങ്ങളിലെ പല ലക്ഷം മനുഷ്യര്‍ തലമുറതലമുറകളായി ഒരു അഭിവൃദ്ധിയുമില്ലാതെ മുരടിച്ച ജീവിതം നയിക്കുന്നവരാണ്. ഒരുകാലത്ത് സമൃദ്ധിയോടെ, സുരക്ഷയോടെ മികച്ച കഴിവുള്ളവരായി ജീവിച്ചിരുന്ന അവരുടെ ചിറകുകള്‍ അരിയപ്പെട്ടിരിക്കുന്നു. മെച്ചപ്പെട്ട ഭൂപ്രകൃതിയോ, സമ്പത്തോ സാമൂഹ്യമായ അംഗീകാരമോ പൊതുവായ സുഖസൗകര്യങ്ങളോ ഒന്നും തന്നെ ലഭിക്കാത്ത അവരുടെ ജീവിതത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അപ്പനപ്പൂപ്പന്മാരുടെ കാലംതൊട്ട് അഴുക്കുചാലില്‍ കുടുങ്ങിയിരിക്കുന്ന അവരുടെ ജീവിതം സ്വതന്ത്രമാകാനുള്ള ഏകവഴി വിദ്യാഭ്യാസം മാത്രമാണ്.

പക്ഷേ, ഇപ്പോള്‍ നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായം കൊണ്ട് അവര്‍ക്കു വിമോചനം കിട്ടുന്നുമില്ല. അവര്‍ക്കിടയില്‍ സമരവും കുഴപ്പവും നിരന്തരം സൃഷ്ടിക്കുന്നുമുണ്ട്.

വിദ്യാഭ്യാസവും സംസ്കാരവും ഇത്ര ശക്തമായി വേരോടിയിരിക്കുന്ന ഈ മണ്ണില്‍ കാലുറപ്പിക്കണമെങ്കില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടും എന്ന് അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ മെക്കാളെ പ്രഭു തന്‍റെ സര്‍ക്കാരിനെ അറിയിച്ചു. അതിനുവേണ്ട ചതിപ്രയോഗങ്ങള്‍ അവര്‍ തുടങ്ങി. അതിന്‍റെ ഫലമായി സാക്ഷരരായി ജീവിച്ചവരുടെ പിന്‍തലമുറയിലെ എഴുപതുശതമാനം ആളുകളും നിരക്ഷരരായിത്തീര്‍ന്നു.

രാഷ്ട്രീയക്കാരും മതനേതാക്കളും വിദ്യാഭ്യാസത്തെ കൈപ്പിടിയിലൊതുക്കി, ജനങ്ങളെ കബളിപ്പിച്ച്, അവരെ കഴിവുകെട്ടവരാക്കി മാറ്റി.

ഇങ്ങനെ പല ചതിവഴികളിലൂടെ ഒന്നിനെ നശിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അതേപടി അതു പുനര്‍നിര്‍മ്മാണം ചെയ്യാനും നമ്മളെക്കൊണ്ട് സാധിക്കില്ലേ? ഇങ്ങനെ ക്രിയാത്മകമായി ചിന്തിക്കാതെ വിദ്യാഭ്യാസസമ്പ്രദായത്തെ മാത്രം വെറുതെ കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല. അതുകൊണ്ട് മാറ്റങ്ങള്‍ ഉണ്ടാവാനും പോകുന്നില്ല.
ദേശമെന്നാല്‍ ഭൂപ്രകൃതിയില്‍ ഊന്നിക്കാണേണ്ടതല്ല അവിടെ ജീവിക്കുന്ന മനുഷ്യരുടെ പ്രതിബിംബമാണ് ആ ദേശം.

ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമോ ഒരുമയോ കായികശേഷിയോ ലക്ഷ്യമോ ഉദ്ദേശമോ ഇല്ലാതെ, കോടിക്കണക്കിനു ജനങ്ങള്‍ ജീവിതം തള്ളിനീക്കുകയാണെങ്കില്‍ ആ രാജ്യത്തിന് അഭിവൃദ്ധിയോ ഉയര്‍ച്ചയോ(പുരോഗതിയോ) ഉണ്ടാവുകയില്ല.
ഇതേയാളുകള്‍ വിദ്യാഭ്യാസമുള്ളവരും സംസ്കൃതചിത്തരും മികച്ച കായികശേഷിയും ആരോഗ്യവുമുള്ളവരും, അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരുമായാല്‍, ആ നാട്ടില്‍ എന്തൊക്കെ അത്ഭുതങ്ങള്‍ സംഭവിക്കും എന്ന് ഒന്നു ചിന്തിക്കൂ.

വിദ്യ, ഒരു ശക്തിയേറിയ ഉപകരണമാണ്. തന്നെപ്പോലെതന്നെ മറ്റുള്ളവരെയും സമനായി കാണാന്‍ കഴിവുള്ളയാളുകള്‍ക്കേ അതു നല്‍കാവൂ. അത്തരക്കാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കി, എവിടെയും മികവോടെ പ്രവര്‍ത്തിക്കാന്‍ തക്കശേഷിയുള്ളവരായി അവരെ വാര്‍ത്തെടുക്കണം. ഇതാണ് എന്‍റെ അഭിലാഷം.
ഒരു ഗുരുകുലത്തില്‍ പഠിച്ചിരുന്ന കുട്ടികള്‍ നീന്തല്‍ പഠിക്കാന്‍ പോയി. ഓരോരുത്തരായി വെള്ളത്തില്‍ ചാടി നീന്തി കരയില്‍ കേറണം എന്നായിരുന്നു നിയമം. ഒരു ശിഷ്യന്‍ മാത്രം ആ നിരയിലെ അവസാനക്കാരനായി എപ്പോഴും നില്‍ക്കുന്നതു ഗുരുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

"ഇന്നു മുതല്‍ നീയാണ് ആദ്യം ചാടേണ്ടത്" എന്നു പറഞ്ഞ് ഗുരു അവനെ വെള്ളത്തിലേക്കു തള്ളിയിട്ടു.
ആശ്ചര്യമെന്നു പറയട്ടെ, അവന്‍ അനായാസമായി നീന്തി. അവന്‍റെ ഭയം ഇല്ലാതായി.
ഗുരു പറഞ്ഞു. "ഉടനടി ചുമതലയേറ്റു ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. അപ്പോള്‍ താമസമുണ്ടായാല്‍ വിനയായിത്തീരും. ഇത്തരത്തിലുള്ള വിമുഖതതകര്‍ത്തെറിഞ്ഞ്, ഉടനടി പ്രവര്‍ത്തനനിരതനാവാന്‍ നിനക്കു കഴിയണം. അതിനുള്ള പരിശീലനമാണ് നിനക്ക് ഇന്നു ലഭിച്ചത്.
നമ്മളെക്കൊണ്ടു ചെയ്യാന്‍ പറ്റാത്തത് ചെയ്യണമെന്നില്ല, പക്ഷെ ചെയ്യാവുന്നതു ചെയ്യാതിരിക്കുന്നത് കുറ്റം തന്നെ. ഒരു അമാന്തവുമില്ലാതെ പ്രവര്‍ത്തിക്കേണ്ട സമയമാണത്.

ഗ്രാമങ്ങളില്‍ ഈശാവിദ്യാലയത്തിന്‍റെ ആരംഭ പാഠശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ വാര്‍ഷികോത്സവം നടത്തപ്പെട്ടു. ആറു സ്കൂളുകള്‍ ഇത്തരത്തില്‍ തുടങ്ങാനായതില്‍ ജനങ്ങള്‍ ഞങ്ങളെ അനുമോദിച്ചു. ഒരു ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചതിനും ആയിരത്തിലധികം ഗ്രാമങ്ങളിലേക്ക് വൈദ്യസാഹായം എത്തിച്ചതിനും ഞങ്ങളെ അകമഴിഞ്ഞു വാഴ്ത്തുകയും അവരുടെ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

ഇത്ര ചെറിയ പ്രവൃത്തി ചെയ്തതിനുതന്നെ ജനങ്ങള്‍ ഈ വിധത്തില്‍ സന്തുഷടരാകുന്നതുകാണുമ്പോള്‍ എന്‍റെ മനസ്സു നോവുന്നു. ആറുസ്കൂളുകളല്ല ആയിരക്കണക്കിനു പാഠശാലകള്‍ പ്രവര്‍ത്തനക്ഷമമാവണം. ലക്ഷം വൃക്ഷങ്ങള്‍ പോരാ, കോടിക്കണത്തിനു മരങ്ങള്‍ വളര്‍ത്തണം. സ്വന്തം ശരീരത്തിന്‍റെ മുഴുവന്‍ പരിമാണത്തോളംപോലും വളരാന്‍ കഴിയാതിരിക്കുന്ന ഗ്രാമീണര്‍ക്ക ശരിയായ ശരീരഘടനയെ കുറിച്ചുള്ള അറിവു ലഭിക്കണം. അടിസ്ഥാനപരമായ വൈദ്യസഹായം എപ്പോഴും ലഭ്യമാവണം.

ഉത്തരവാദിത്വബോധമില്ലാതെ നേടുന്ന അറിവ് ആപല്‍ക്കരമാണ്. ലോകത്ത് പല നാശങ്ങള്‍ക്കും കാരണം ഈ അറിവിലെ കുറവുതന്നെയാണ്. ചുമതലാബോധം, സഹജീവികളോടു കരുണ, സമസ്തജീവജാലങ്ങളോടും സ്നേഹം ഇവയെല്ലാം നല്‍കാത്ത വിദ്യ മനുഷ്യനെ വിനാശത്തിലേക്കാണു നയിക്കുന്നത്.

മനുഷ്യന്‍റെ ചരിത്രമെടുത്തു നോക്കിയാല്‍, ഇത്തരത്തില്‍ അനൂകൂലമായ ഒരു സാഹചര്യം ഇന്നോളം ലഭിച്ചിട്ടില്ല എന്നു കാണാം. ആവശ്യമുള്ള പ്രകൃതിവിഭവങ്ങള്‍, തൊഴില്‍ വൈദഗ്ദ്ധ്യം, കാര്യക്ഷമത, ഇതിനൊന്നുംതന്നെ ഇവിടെ ക്ഷാമമില്ല. വേണ്ടത് തീവ്രമായ അഭിലാഷവും പിഴവില്ലാത്ത തുടക്കവുമാണ്. ഒപ്പം അര്‍പ്പണബുദ്ധിയോടെയുള്ള പരിശ്രമവുമായാല്‍, വരുന്ന ഇരുപതുകൊല്ലത്തിനുള്ളില്‍ നാം സ്വപ്നം കാണുന്ന ആ മഹാത്ഭുതം ഇവിടെ യാഥാര്‍ത്ഥ്യമാവും.

 
 
  0 Comments
 
 
Login / to join the conversation1