വിധി നൂറു ശതമാനവും നിങ്ങളുടെ സൃഷ്ടിയാണ്

 

सद्गुरु

വിധി നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സദ്ഗുരു വിവരിക്കുന്നു.

ചോദ്യകര്‍ത്താവ്: വിധിയും ദൈവനിശ്ചയവും എന്നാല്‍ എന്താണ്?

സദ്ഗുരു: എന്താണ് വിധിയും ദൈവനിശ്ചയവും? നിങ്ങള്‍ ശേഖരിച്ചിട്ടുള്ള എല്ലാ ധാരണകളുടെയും ആകെത്തുക, നിങ്ങള്‍ക്കുള്ളില്‍ തന്നെ ചില പ്രേരണകള്‍ ഉണ്ടാക്കുന്നുണ്ട്. പഞ്ചേന്ദ്രിയങ്ങളിലൂടെ നിങ്ങള്‍ക്കുള്ളിലേക്കു പോയതെല്ലാം നിങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിന്‍റെ രൂപത്തില്‍, നിങ്ങള്‍ ഉള്ളിലേക്കെടുത്തിട്ടുള്ള ഈ ധാരണകളുടെയെല്ലാം ആകെത്തുക, അതിന്‍റേതായ പ്രേരണകള്‍ സൃഷ്ടിക്കാന്‍ തുടങ്ങുന്നു. ഈ പ്രേരണകള്‍ നിങ്ങളെ ഈ വഴിക്കോ ആ വഴിക്കോ നയിക്കും; അവ പല വ്യക്തികളെ പല ദിശകളിലേക്കു കൊണ്ടുപോകും. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ ജീവിതപ്രക്രിയയെ ബോധപൂര്‍വമാക്കാന്‍ തയ്യാറാണെങ്കില്‍, പിന്നെ നിങ്ങള്‍ക്ക് വിധി എന്നൊന്നില്ല. വിധി എന്നത് നൂറു ശതമാനവും നിങ്ങളുടെ സൃഷ്ടിയാണ്. ഇപ്പോഴും അതങ്ങനെതന്നെയാണ്, നിങ്ങള്‍ അത് ബോധപൂര്‍വമല്ലാതെ സൃഷ്ടിക്കുകയാണെന്നു മാത്രം. എന്നാല്‍, നിങ്ങള്‍ക്കതിനെ ബോധപൂര്‍വമായും സൃഷ്ടിക്കാം; നിങ്ങള്‍ ജീവിക്കുന്ന രീതിയും, നിങ്ങള്‍ മരിക്കുന്ന രീതിയുംവരെ നിങ്ങളുടെ ഇഷ്ടപ്രകാരം ആയിരിക്കുന്ന തരത്തില്‍. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗര്‍ഭപാത്രംവരെ നിങ്ങളുടെ ഹിതപ്രകാരം ആയിരിക്കും. നിങ്ങള്‍ക്ക് അത്രത്തോളം നിങ്ങളുടെ വിധിയെ കൈയിലെടുക്കാന്‍ സാധിക്കും.


ഇപ്പോള്‍, 'ഞാന്‍ ആധ്യാത്മികപാതയിലാണ്' എന്ന് നിങ്ങള്‍ പറയുന്ന ആ നിമിഷം മുതല്‍ ഇതാണ് അതര്‍ത്ഥമാക്കുന്നത് - 'ഞാന്‍ എന്‍റെ വിധിയെ സ്വന്തം കൈയിലെടുത്തിരിക്കുന്നു.

ഇപ്പോള്‍, 'ഞാന്‍ ആധ്യാത്മികപാതയിലാണ്' എന്ന് നിങ്ങള്‍ പറയുന്ന ആ നിമിഷം മുതല്‍ ഇതാണ് അതര്‍ത്ഥമാക്കുന്നത് - 'ഞാന്‍ എന്‍റെ വിധിയെ സ്വന്തം കൈയിലെടുത്തിരിക്കുന്നു. എന്‍റെ കര്‍മം എന്തായാലും, എന്‍റെ സമൂഹം എന്തു പറഞ്ഞാലും, എന്‍റെ മാതാപിതാക്കള്‍ ആരായിരുന്നാലും, അതല്ല വിഷയം. ഞാന്‍ മുക്തിയിലേക്ക് പോകുകയാണ്, അത്രയേയുള്ളൂ.' 'ഞാന്‍ ആധ്യാത്മികപാതയിലാണ്' എന്ന് നിങ്ങള്‍ പറയുന്ന നിമിഷം മുതല്‍ നിങ്ങള്‍ നിങ്ങളുടെ വിധിയെ കൈയിലെടുത്തുകഴിഞ്ഞു, അങ്ങിനെ വേണം താനും.

നിങ്ങള്‍ ഒരിക്കല്‍ ഒരു മനുഷ്യനായി ജനിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ ആരാണോ, അതാകുന്നത്, നിങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ കാരണമാകരുത്. നിങ്ങള്‍ സാഹചര്യങ്ങളെ ഉണ്ടാക്കിയെടുക്കണം. സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നത് മൃഗങ്ങളുടെ സ്വഭാവമാണ്. മനുഷ്യസ്വഭാവമെന്നാല്‍, നിങ്ങള്‍ നിങ്ങളുടെ സാഹചര്യങ്ങളെ ഉണ്ടാക്കുന്നുവെന്നാണ്, അല്ലേ? അതിനാല്‍, നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നിസ്സഹായതയോടെ സംഭവിക്കാന്‍ വിടുകയാണെങ്കില്‍, വിധി നിങ്ങളെ ഭരിക്കും. വിധിയെന്നാല്‍, നിങ്ങളുടെ ജീവിതത്തിന് ഒരു പ്രത്യേക ദിശ ഉണ്ടാക്കുന്ന, നിങ്ങളുടെ ഉള്ളില്‍തന്നെയുള്ള, വെറുതെ കൂട്ടിവെച്ച ധാരണകളാണ്. നിങ്ങള്‍ അവബോധമുള്ളവരാകുകയാണെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തിന് ഒരു ബോധപൂര്‍വമായ ദിശ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

 
 
 
  0 Comments
 
 
Login / to join the conversation1