വീട്ടിലും ആശ്രമത്തിലെ കൃത്യനിഷ്ഠകള്‍ പാലിച്ചു കൂടെ?
നഗരത്തിലെ ഭ്രാന്തുപിടിപ്പിക്കുന്ന തിരക്കിനിടയിലും സ്വന്തം വീട്‌ നമുക്കൊരു ആശ്രമമാക്കി മാറ്റാന്‍ സാധിക്കുമൊ?
 
 

सद्गुरु

ആശ്രമത്തില്‍ താമസിക്കവേ ആദ്ധ്യാത്മികസാധനകള്‍ മുറപോലെ അനുഷ്‌ഠിക്കാന്‍ സാധിക്കുന്നുണ്ട്, എന്നാല്‍ വീട്ടില്‍വെച്ചു ചെയ്യുമ്പോള്‍ അത്‌ തികച്ചും യാന്ത്രികമായിപ്പോകുന്നു. മനസ്സിരുത്തി സാധനകളനുഷ്‌ഠിക്കാന്‍ എങ്ങിനെ കഴിയും?

ചോദ്യം: “ആശ്രമത്തില്‍ താമസിക്കവേ എനിക്ക്‌ ആദ്ധ്യാത്മികസാധനകള്‍ മുറപോലെ അനുഷ്‌ഠിക്കാന്‍ സാധിക്കുന്നുണ്ട്, എന്നാല്‍ വിദേശത്തുള്ള വലിയ നഗരാതിര്‍ത്തിയിലുള്ള ഫ്ലാറ്റില്‍വെച്ചു ചെയ്യുമ്പോള്‍ അത്‌ തികച്ചും യാന്ത്രികമായിപ്പോകുന്നു. ഈ പാതയില്‍ എനിക്കെങ്ങിനെ വളര്‍ച്ച നേടാന്‍ കഴിയും? ആശ്രമത്തിലെന്നപോലെ വീട്ടില്‍ വച്ചും മനസ്സിരുത്തി സാധനകളനുഷ്‌ഠിക്കാന്‍ എന്താണ് ചെയ്യേണ്ടത്‌?

സദ്‌ഗുരു: പ്രധാനമായും ഓര്‍മ്മവെയ്ക്കേണ്ടത്‌ വീട്‌ എന്നാല്‍ നമുക്ക്‌ സ്വൈരമായി ജീവിതം നയിക്കാനുള്ള ഒരു ഏര്‍പ്പാട്‌ എന്നാണ്‌. അവനവന്‍റെ ആവശ്യങ്ങള്‍ക്കും, സാമ്പത്തികസ്ഥിതികള്‍ക്കുമനുസരിച്ചാണ്‌ ഓരോരുത്തരും തങ്ങളുടെ വീടുകളൊരുക്കുന്നത്‌. വീടൊരുക്കുമ്പോള്‍ മുന്‍തൂക്കം നല്‍കേണ്ടത്‌ സ്വന്തം താല്‍പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമാണ്‌. ഇനിയൊരാളുടെ ആശയാഭിപ്രായങ്ങള്‍ക്ക്‌ അവിടെ പ്രസക്തിയില്ല. അവനവന്‌ ഏറ്റവും സൌകര്യപ്രദമായ രീതിയിലായിരിക്കണം ഗൃഹനിര്‍മാണം.

വീട്‌ എന്നുപറഞ്ഞാല്‍, അത്‌ വലിയ കെട്ടിടമോ, ഫ്ലാറ്റോ എന്തുമാകട്ടെ. അതു നിങ്ങളുടെ വീടാണ്, നിങ്ങളുടെ ഭാര്യയും മക്കളും, പലപ്പോഴും അച്ഛനമ്മമാരുമൊക്കെ അടങ്ങുന്ന ഒരു കുടുംബമാണ്‌. നിങ്ങളുടെ അയല്‍വക്കത്തിനും അതിന്‍റെതായ ഒരു സ്ഥാനമുണ്ട്‌. നിങ്ങളെപ്പോലുള്ള ഒരാള്‍ക്ക്‌, ജോലി നഗരപ്രാന്തങ്ങളില്‍ തന്നെയാകുമ്പോള്‍ എന്തുകൊണ്ടും സൌകര്യപ്രദം അതിനടുത്ത്, പട്ടണത്തില്‍ വീടുപണിത്‌ താമസിക്കുന്നതുതന്നെയാണ്‌. അവിടെ കൂടുതല്‍ അടിസ്ഥാനസൌകര്യങ്ങളുണ്ടാകും, ആള്‍താമസമുള്ള ചുറ്റുപാടുകുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്നു എന്ന ഭയവും വേണ്ട. തല്‍ക്കാലം കുറച്ച്‌ തിക്കും തിരക്കും അനുഭവപ്പെടുമെന്നത്‌ നേരാണ്‌, അതെല്ലാം പതുക്കെ ശീലമായിക്കൊള്ളും. പട്ടണത്തില്‍ പാര്‍ക്കാമെന്നത് നിങ്ങളുടെ തന്നെ തീരുമാനമാണല്ലോ. ജീവിതം കുറെക്കൂടി എളുപ്പമാകും എന്ന വിചാരമായിരുന്നിരിക്കണം ആ തീരുമാനത്തിന്‍റെ പിന്നില്‍.

ഒരാശ്രമത്തിനെ ആശ്രമമാക്കുന്ന ഒന്നാമത്തെ സവിശേഷത അവിടത്തെ അന്തേവാസികളാണ്‌. അവിടെയുള്ളവരെല്ലാംതന്നെ ആശ്രമജീവിതം ആഗ്രഹിച്ചുകൊണ്ട്‌ എത്തിച്ചേര്‍ന്നിട്ടുള്ളവരാണ്‌.

ഇനി ഒരാശ്രമത്തിനെ ആശ്രമമാക്കുന്നത്‌ എന്തെല്ലാമാണെന്നു നോക്കാം .

ഒരാശ്രമത്തിനെ ആശ്രമമാക്കുന്ന ഒന്നാമത്തെ സവിശേഷത അവിടത്തെ അന്തേവാസികളാണ്‌. അവിടെയുള്ളവരെല്ലാംതന്നെ ആശ്രമജീവിതം ആഗ്രഹിച്ചുകൊണ്ട്‌ എത്തിച്ചേര്‍ന്നിട്ടുള്ളവരാണ്‌. ആരെങ്കിലും നിര്‍ബന്ധിച്ചിട്ടോ, അതുമല്ല ഇതിനെപ്പറ്റിയൊന്നുമറിയാതെ അബദ്ധത്തില്‍ കെണിയില്‍ വന്നുപെട്ടവരോ ഒന്നുമല്ല. സ്വന്തം വീട്ടിലും ഇങ്ങനെയൊരു അന്തരീക്ഷം നിങ്ങള്‍ക്കു സജ്ജമാക്കാമല്ലോ.

സ്വന്തം വീട്ടില്‍ താമസിക്കുമ്പോഴും ഇത്തരത്തിലൊരു ബന്ധനത്തില്‍ പെട്ടുപോയല്ലോ എന്ന ആധി ആര്‍ക്കുമുണ്ടാവരുത്‌. അത്തരത്തിലുള്ള ജീവിതം നയിക്കുന്ന ഒട്ടനവധിപേര്‍ ഉണ്ട്, അത്‌ നമ്മള്‍ അറിയുന്നില്ലെന്നുമാത്രം. അവര്‍ സങ്കടം പറയുന്നത്‌ ഗൃഹനാഥനോടാവില്ല, അയല്‍വീട്ടുകാരോടായിരിക്കും. വീട്ടിനുള്ളിലാര്‍ക്കെങ്കിലും മാനസികമായ ബുദ്ധിമുട്ട് തോന്നുന്നുണ്ട് എന്ന വിഷയം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉടനെ കൈക്കൊള്ളേണ്ടതാണ്‌. കൂടുതല്‍ സ്വാതന്ത്ര്യം, കൂടുതല്‍ സ്വകാര്യത, ഒരോരുത്തരുടെ ആവശ്യകതകളനുസരിച്ച്‌ അതു നിറവേറ്റാനുള്ള പോംവഴികള്‍ കണ്ടെത്തുക. താമസിക്കുന്ന ഇടം സമാധാനം കിട്ടുന്ന ഇടമായിരിക്കണം.

പലരും ആശ്രമത്തില്‍ വന്നാല്‍ ഏതു ജോലിയുമെടുക്കാന്‍ സന്തോഷപൂര്‍വ്വം തയ്യാറാണ്‌. അതേ മനോഭാവം സ്വന്തം വീട്ടിലും ഉണ്ടാവട്ടെ. നിങ്ങളുടെ മനോവികാസത്തിനുള്ള സന്ദര്‍ഭം ഒരുക്കുന്ന ഒരിടംതന്നെയാവണം നിങ്ങളുടെ വീടും.

ഇങ്ങനെയൊരു അന്തരീക്ഷം വീട്ടില്‍ മെനഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍ ഏതു വീടും ഒരാശ്രമമാകും, ശാന്തമായും സ്വൈരമായും കഴിയാനുള്ള ചുറ്റുപാട്‌. അതേ സമയം, കൂട്ടത്തില്‍ ഒരാളെങ്കിലും മറിച്ചു പെരുമാറാന്‍ തുടങ്ങിയാല്‍, അന്തരീക്ഷം മൊത്തത്തില്‍ കലുഷിതമാകും. എല്ലാവരുടേയും ജീവിതത്തെ അത്‌ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ആദ്യം തീരുമാനിക്കേണ്ടത്‌, താന്‍ ജീവിക്കേണ്ടത്‌ ഇവിടെത്തന്നെയാണോ എന്നുള്ളതാണ്‌. അല്ല എന്നാണുത്തരം എങ്കില്‍ എന്തുകൊണ്ടാണങ്ങിനെ തോന്നുന്നത് എന്നതിനെപ്പറ്റി ഉള്ളിലോട്ടു തന്നെ ചൂഴ്ന്നു നോക്കി മനസ്സിലാക്കാന്‍ ശ്രമിക്കൂ. വലിയ പ്രശ്നങ്ങളൊന്നുമില്ല എന്ന് കണ്ടാല്‍, നിങ്ങള്ക്ക് വേണ്ട ആത്മീയസാധനകള്‍ സ്വൈര്യമായി അനുഷ്‌ഠിക്കാന്‍ പറ്റുന്ന വിധത്തില്‍ വീട്ടിലെ ചിട്ടവട്ടങ്ങള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കൂ, മറ്റുള്ളവര്‍ക്ക് മടുപ്പു തോന്നാത്ത രീതിയില്‍. അതോടൊപ്പം തന്നെ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിതം നയിക്കാനുള്ള ചുറ്റുപാടുകള്‍ വളര്‍ത്തിക്കൊണ്ടുവരികയും വേണം.

ആത്മീയസാധനകള്‍ സ്വൈര്യമായി അനുഷ്‌ഠിക്കാന്‍ പറ്റുന്ന വിധത്തില്‍ വീട്ടിലെ ചിട്ടവട്ടങ്ങള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കൂ, മറ്റുള്ളവര്‍ക്ക് മടുപ്പു തോന്നാത്ത രീതിയില്‍. അതോടൊപ്പം തന്നെ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിതം നയിക്കാനുള്ള ചുറ്റുപാടുകള്‍ വളര്‍ത്തിക്കൊണ്ടുവരികയും വേണം.

വീടിനെ ഒരു നരകമായി കാണാനുള്ള സാഹചര്യമുണ്ടാകരുത്‌. എന്നും അത്‌ നിങ്ങളുടെ സ്വര്‍ഗമായിരിക്കട്ടെ. സ്വൈര്യമായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, മാനസികമായി വളര്‍ച്ച പ്രാപിക്കാനും ഉതകുന്ന രീതിയില്‍ സന്തോഷം നിറഞ്ഞതായിരിക്കട്ടെ നിങ്ങളുടെ ഗൃഹാന്തരീക്ഷം. അങ്ങനെയുള്ള ഒരു ചുറ്റുപാടില്‍ ആശ്രമത്തിലെന്നപോലെത്തന്നെ നിങ്ങള്‍ക്ക്‌ സാധനകള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കും.

അതോടൊപ്പം ഇനിയൊന്നുകൂടി ചെയ്യേണ്ടതുണ്ട്. പലരും പറഞ്ഞുകേട്ട്‌, പല തെറ്റായ ധാരണകളും നഗരജീവിതത്തെകുറിച്ച്‌ നിങ്ങളുടെ മനസ്സില്‍ കയറിപ്പറ്റിയിരിക്കും. നഗരത്തില്‍ എങ്ങനെ ജീവിക്കണം, പെരുമാറണം, സംസാരിക്കണം തുടങ്ങി പലതും. ഒരു പ്രത്യേക രീതിയില്‍ ജീവിച്ചാലേ നഗരത്തില്‍ പിടിച്ചു നില്‍ക്കാനാവുകയുള്ളു എന്ന സൂചന. അതെല്ലാം തള്ളിക്കളയാവുന്നതാണ്‌. നിങ്ങളുടെ മനസ്സിനിണങ്ങുന്ന വിധത്തില്‍ത്തന്നെ നിങ്ങള്‍ക്കു ജീവിക്കാം. മറ്റുള്ളവരില്‍നിന്നും വ്യത്യസ്‌തമായ രീതിയാണ്‌ നിങ്ങളുടേതെങ്കില്‍ അതു സാരമാക്കേണ്ടതില്ല. ആ വഴിതന്നെ പിന്‍തുടരുക.

ആദ്ധ്യാത്മിക രീതികളെക്കുറിച്ചു പറയുമ്പോള്‍, ഞാന്‍തന്നെ ഒരു മാതൃകയാണ്‌. പലര്‍ക്കും പലതും പറയാനുണ്ടാകും. ആദ്ധ്യാത്മികജ്ഞാനം നേടിയിട്ടുള്ളവര്‍ മറ്റുള്ളവര്‍ക്കു പ്രകാശം പരത്തുന്ന രീതിയില്‍ പെരുമാറണം, മൃദുവായി സംസാരിക്കണം. ചലനങ്ങള്‍ സാവധാനത്തിലായിരിക്കണം, എടുത്തുചാട്ടങ്ങള്‍ ഉണ്ടാവരുത്‌, അങ്ങനെ പലതും. ഞാനങ്ങിനെയൊന്നും അല്ല. അതെല്ലാം സമൂഹത്തിന്‍റെ സാമാന്യ ധാരണയാണ്‌. കൃത്യമായൊരു ചട്ടക്കൂട്‌, അത്‌ ജീവിതത്തെ മുരടിപ്പിക്കുകയേയുള്ളു.

സൌകര്യപ്രദമായ ഒരന്തരീക്ഷം ചുറ്റും സൃഷ്‌ടിക്കാന്‍ ശ്രമിക്കൂ. നിങ്ങള്‍ ആദ്ധ്യാത്മിക നിഷ്‌ഠയുള്ളയാളാണ്‌ എങ്കില്‍ സ്വന്തം വീടിനെത്തന്നെ എന്തുകൊണ്ട്‌ ഒരാശ്രമമാക്കിക്കൂടാ? പക്ഷെ ഒന്നുണ്ട്, വീട്ടിലെ എല്ലാവരും ആ ഏര്‍പ്പാടുമായി സഹകരിക്കുകയും, ആ സംവിധാനം നിലനിന്നുപോരാന്‍ പൂര്‍ണമനസ്സോടെ സഹായിക്കുകയും വേണം. ഇവിടെ വോളന്റിയര്‍ ആയി ജോലിനോക്കിയ ശേഷം പലരും എന്നോടു തുറന്നു പറഞ്ഞിട്ടുണ്ട്,
“കറിക്ക്‌ പച്ചക്കറികള്‍ നുറുക്കുന്നത് കൌതുകമുള്ള കാര്യമാണെന്ന്‍ ഞാന്‍ ഇപ്പോഴാണറിയുന്നത്‌.”
ഞാന്‍ തിരിച്ചു ചോദിക്കാറുണ്ട്, “പച്ചക്കറികളൊന്നും ഇല്ലാതെയാണൊ ഇത്രനാളും നിങ്ങള്‍ ഊണുകഴിച്ചിരുന്നത്‌?”
“അങ്ങനെയല്ല”, അവര്‍ ചെറിയൊരു ജാള്യതയോടെ പറയും, “ഈ വക കാര്യങ്ങളൊന്നും ഞാന്‍ വീട്ടില്‍ ചെയ്യാറില്ല. അതിനൊക്കെ അവിടെ വേറെ പലരുമുണ്ട്.”

കുറെ പേര്‍ക്ക്‌ ചെന്നുകൂടാനുള്ള ഒരു താവളം എന്നതിനപ്പുറം, എല്ലാവര്‍ക്കും യഥേഷ്‌ടം വളരാനും വികസിക്കാനും പറ്റിയ ഒരിടമായിരിക്കണം ഓരോ വീടും.

പ്രധാനമായും മനസ്സിരുത്തേണ്ട കാര്യമിതാണ്‌. സ്വന്തം ഇഷ്‌ട പ്രകാരമായിരിക്കണം വീട്ടിലെ ഓരോ അംഗവും അവിടെ പാര്‍ക്കുന്നത്‌. കുറെ പേര്‍ക്ക്‌ ചെന്നുകൂടാനുള്ള ഒരു താവളം എന്നതിനപ്പുറം, എല്ലാവര്‍ക്കും യഥേഷ്‌ടം വളരാനും വികസിക്കാനും പറ്റിയ ഒരിടമായിരിക്കണം ഓരോ വീടും.

 
 
 
 
  0 Comments
 
 
Login / to join the conversation1