വൈദ്യശാസ്ത്രത്തിന് വിശദീകരിക്കുവാന്‍ കഴിയാത്ത അത്ഭുതങ്ങള്‍
ജീവോര്‍ജമാണ് ശരീരസൃഷ്ടിക്ക് കാരണമാകുന്നത്. നിങ്ങളുടെ ജീവോര്‍ജം പൂര്‍ണ്ണവും സന്തുലിതവുമാണെങ്കില്‍ അതിനൊരു മുഴുവന്‍ ശരീരം വേണമെങ്കിലും പുനര്‍സൃഷ്ടിക്കാനാവും.
 
 

सद्गुरु

അന്വേഷി: സദ്ഗുരോ, വൈദ്യശാസ്ത്രത്തിന് വിശദീകരിക്കുവാന്‍ കഴിയാത്ത അത്ഭുത പ്രവൃത്തികള്‍, രോഗശാന്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ദയവായി പറഞ്ഞുതരാമോ?

 

സദ്‌ഗുരു: ജീവിതം പല വിധത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളെ അത്ഭുതങ്ങള്‍ എന്ന് വിളിക്കുന്നു. ഉദാഹരണത്തിന് വൈദ്യുതിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല എന്ന് വിചാരിക്കുക. ഈ മുറി ഇരുട്ടിലാണ്. ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ ഹാള്‍ മുഴുവന്‍ പ്രകാശം പരക്കുമെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ല. എന്നാല്‍ ഞാന്‍ തന്നെ ബട്ടണമര്‍ത്തി പ്രകാശം വരുത്തിയാല്‍ നിങ്ങള്‍ എന്നെ എന്തുവിളിക്കും? വൈദ്യുതിയുടെ ശക്തി എന്തെന്നറിയാത്ത നിങ്ങള്‍ എന്നെ പ്രവാചകനെന്നോ ദൈവപുത്രനെന്നോ ദൈവമെന്നോ ഒക്കെ വിളിക്കും. അതുപോലെ ജീവിതവും പല തരത്തില്‍ സംഭവിക്കുന്നു. ഭൗതികാനുഭവങ്ങളുടെയും, യുക്തിചിന്തയുടെയും പരിധികള്‍ക്കുളളിലായ നിങ്ങള്‍ക്ക് അതിനപ്പുറമുള്ളതെന്തായാലും അത്ഭുതങ്ങളായി തോന്നും. അതിനാലാണ് ഞാന്‍ ഈ പ്രപഞ്ചത്തിലുള്ള എല്ലാം തന്നെ, ഒരുപരമാണുപോലും അത്ഭുതമാണെന്ന് നിങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെയല്ലേ?

ഭൗതികാനുഭവങ്ങളുടെയും, യുക്തിചിന്തയുടെയും പരിധികള്‍ക്കുളളിലായ നിങ്ങള്‍ക്ക് അതിനപ്പുറമുള്ളതെന്തായാലും അത്ഭുതങ്ങളായി തോന്നും

അതിസൂക്ഷ്മമായ അണുവിനുളളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന മൂന്നു കണികകള്‍. അതിനെ വിഘടിപ്പിക്കുമ്പോള്‍ ലോകം നശിപ്പിക്കാന്‍ ശക്തിയുള്ള ബോംബായിത്തീരുന്നു. അത് അത്ഭുതമല്ലേ? ഓരോ അണുവും അത്ഭുതമാണ്. മറിച്ചു ചിന്തിച്ചാല്‍ ഒന്നും ഒരു അത്ഭുതമല്ല. എല്ലാം സ്വാഭാവികമായി നിലനില്‍ക്കുന്നു. സ്വാഭാവികമെന്നോ അത്ഭുതമെന്നോ എന്തു വിളിച്ചാലും ഒന്നുതന്നെ. വാക്കുകള്‍ വ്യത്യസ്തമാണെന്ന് മാത്രം. നിങ്ങളുടെ ഗ്രഹണശേഷിക്കും. അനുഭവത്തിനും അപ്പുറമുള്ളതിനെ നിങ്ങള്‍ അത്ഭുതമെന്ന് വിളിക്കുന്നു. നിങ്ങള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ അതിശയമില്ല. വൈദ്യശാസ്ത്രത്തിനും ഈ ഭൗതിക ശരീരം മാത്രമേ അറിവുള്ളു. അതിനപ്പുറമുള്ളത് അത്ഭുതമാണെന്ന് അവരും വിശ്വസിക്കുന്നു.

കഴിഞ്ഞ തവണ ഞാന്‍ അമേരിക്കയിലായിരുന്നപ്പോഴാണ് ഡഗിന്‍റെ കാല്‍മുട്ടിലെ കാര്‍ട്ടിലേജിന് പൊട്ടല്‍ സംഭവിച്ചത്. അയാള്‍ കഠിനവേദനയിലായിരുന്നു. ഈഷാ അദ്ധ്യാപകനായി പരിശീലനം നേടാന്‍ അയാള്‍ ഒരു കൊല്ലം ഇന്ത്യയിലുണ്ടായിരുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയ ഉടന്‍തന്നെ അയാളുടെ കാല്‍മുട്ടില്‍ അതിയായ വേദന അനുഭവപ്പെട്ടു തുടങ്ങി. വജ്രാസനത്തിലിരിക്കാന്‍ പോലും അയാള്‍ക്ക് കഴിയാതെയായി. അതേസമയം അയാളുടെ മനസ്സില്‍ പല ചിന്തകളും ഉണ്ടായിക്കൊണ്ടിരുന്നു. എന്‍റെ ചുറ്റും കറങ്ങി നടന്ന് പല വേലത്തരങ്ങളും അയാള്‍ കാണിക്കുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ അത് ഗൗനിക്കാതെ അയാളെ അയാളുടെ വഴിക്കു വിട്ടു. വാക്കാലല്ലാതെ ബോധപൂര്‍വ്വവും അല്ലാതെയുമുള്ള പ്രവൃത്തികളിലൂടെ അയാളുടെ കാല്‍മുട്ടിന്‍റെ തകരാറുകാരണം ഇന്ത്യയിലേക്കുള്ള മടക്കയാത്ര അസാധ്യമാണ്, എന്ന് എന്നെ ബോധ്യപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു.

പിന്നീടയാള്‍ ചിക്കാഗോയില്‍ ഒരു ഡോക്ടറെ കണ്ടപ്പോള്‍ ഒരു എം.ആര്‍. ഐ, സ്കാന്‍ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. സ്കാന്‍ കണ്ടതിനുശേഷം കാല്‍മുട്ടിലെ കാര്‍ട്ടിലേജ് തകരാറിലാണെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നും നിര്‍ദ്ദേശിച്ചു. കാര്‍ട്ടിലേജ് പൊട്ടിയതുകൊണ്ടുമാത്രമല്ല പൊട്ടിയഭാഗം സന്ധിക്കുള്ളിലായതിനാലാണ് അയാള്‍ക്ക് ഇത്രയധികം വേദന അനുഭവപ്പെടുതെന്നും പറഞ്ഞു. എം.ആര്‍.ഐയുമായി എന്‍റെയടുത്ത് വന്ന് അയാള്‍ ഇങ്ങിനെ പറഞ്ഞു,
"ഡോക്ടര്‍ പറയുന്നു ഉടന്‍ ശസ്ത്രക്രിയ ചെയ്യണമെന്ന്. അതിന് പതിനായിരം ഡോളര്‍ ചിലവുണ്ട്. ചിലവ് വഹിക്കണമെങ്കില്‍ ഞാന്‍ ജോലി ചെയ്യേണ്ടതായിട്ടുണ്ട്. എനിക്ക് ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ല."
ഞാന്‍ പറഞ്ഞു:"ഡോക്ടര്‍ പറഞ്ഞതിനെക്കുറിച്ച് വിഷമിക്കാതിരിക്കുക."

എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരുവാന്‍ അപ്പോള്‍ നാലോ, അഞ്ചോ ദിവസംകൂടി മാത്രമേ ഉണ്ടായിരുന്നുള്ളു. ഡഗും എന്‍റെ കൂടെ വരേണ്ടതായിരുന്നു.

എന്‍റടുത്തുവന്ന് അയാള്‍ ചോദിച്ചു, "ഞാന്‍ എന്ത് ചെയ്യണം? ഞാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായവേണ്ടതാണ്." ഞാന്‍ പറഞ്ഞു: "ഏതായാലും, ധ്യാനം ശീലിക്കണമെന്ന് എന്നോട് നീ പറഞ്ഞുവല്ലോ." ആഴത്തിലുള്ള ധ്യാനാനുഭവങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നതായി അയാള്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ധ്യാനം ശീലിക്കുന്നതിന് കാല്‍മുട്ടിന് താഴെയുള്ള ഭാഗം വളരെ പ്രധാനമാണ്. ശരിയല്ലേ? മുട്ടിന് താഴെയുള്ള ഭാഗം എടുത്തു മാറ്റിയാല്‍, പിന്നെ ധ്യാനത്തിലിരിക്കുക വിസ്മയകരമായ അനുഭവമായിരിക്കും. ഒരു വേദനയുമുണ്ടാവില്ല.

ഞാന്‍ പറഞ്ഞു, "ഇന്ത്യയില്‍ എത്തുമ്പോള്‍ നാം നിന്‍റെ രണ്ട് കാലുകളും മുറിച്ചുമാറ്റാം. പിന്നെ എത്ര സമയം വേണമെങ്കിലും നിനക്ക് ഇരുന്ന് ധ്യാനിക്കാന്‍ കഴിയും. നിന്‍റെ ആഗ്രഹം അനുസരിച്ച് ആഴത്തിലുള്ള ധ്യാനത്തില്‍ മുഴുകാന്‍ സാധിക്കും. കാല്‍ മുറിച്ചു മാറ്റിക്കഴിഞ്ഞാല്‍ പിന്നെ ഒരു പ്രശ്നവുമില്ല."

"അയ്യോ, വേണ്ട, വേണ്ട, വേണ്ട, അതൊന്നും ചെയ്യേണ്ട," അയാള്‍ പറഞ്ഞു

ഞാന്‍ പറഞ്ഞു,"അപ്പോള്‍ പിന്നെ നിന്‍റെയിഷ്ടം. എന്താണ് വേണ്ടത് എന്നുവെച്ചാല്‍ ചെയ്തോളു."
വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ചശേഷം അയാള്‍ ഇന്ത്യയില്‍ തിരിച്ചുവന്നു. ആ സമയം ഹിമാലയത്തില്‍ പോകുവാന്‍ എല്ലാവരും തയ്യാറെടുക്കുകയായിരുന്നു. ഹിമാലയ യാത്രയില്‍ നാം എണ്‍പതില്‍ കൂടുതല്‍ കിലോമീറ്റര്‍ ദൂരം പന്ത്രണ്ട് ദിവസങ്ങളില്‍ നടക്കുന്നു. ആയിടക്ക് ഞങ്ങള്‍ കുറച്ചാളുകളുമായി ആശ്രമത്തിനു പുറത്തുള്ള ആ വലിയ മല കയറുവാന്‍ പോയി. ഡഗും ഞങ്ങളുടെ കൂട്ടത്തില്‍ കൂടി. മലയുടെ മുകളിലെത്തിയപ്പോള്‍ എന്‍റെയടുത്ത് എനിക്കും അങ്ങയോടൊപ്പം ഹിമാലയത്തില്‍ വരാന്‍ കഴിയുമോ എന്നു ചോദിച്ചു.

ഞാന്‍ പറഞ്ഞു, "നിന്‍റെ കാല്‍ മുറിച്ചു മാറ്റണമെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. അപ്പോള്‍പിന്നെ ഹിമാലയത്തില്‍ പോകുന്ന പ്രശ്നം എങ്ങിനെയാണ് ഉദിക്കുന്നത്? അവിടെ ഒരു കുതിരയേയും കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങിനെയുണ്ടെങ്കില്‍ കൂടെ പോന്നോളൂ."

പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ അയാള്‍ പറഞ്ഞു, "അപ്പോള്‍ എന്‍റെ കാല്."

ഞാന്‍ പറഞ്ഞു, "നിന്‍റെ കാല്‍ വിട്ടിട്ട് വന്നോളു."

അയാള്‍ ഹിമാലയത്തില്‍ വരികയും, എണ്‍പത് കിലോമീറ്റര്‍ ദൂരവും എന്നോടൊപ്പം നടക്കുകയും ചെയ്തു. സാധാരണ, നടക്കുമ്പോള്‍ ഞാന്‍ എല്ലാവരെയും പിന്‍തള്ളി നടക്കുകയാണ് പതിവ്. അയാള്‍ എന്‍റെ സഞ്ചിയും തൂക്കിക്കൊണ്ട് എന്നോടൊപ്പം ഞാന്‍ പോയിടത്തെല്ലാം നടന്നുവന്നു.
ഞാന്‍ മററുള്ളവരോടെല്ലാം, "ഇവന്‍ എന്നെ പതിനായിരം ഡോളര്‍ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. മറ്റാരുടെയോ എം.ആര്‍.ഐ. സ്കാന്‍ എന്നെ കാണിച്ചു" എന്ന് വിളിച്ചുപറഞ്ഞു.

അയാള്‍ എന്നോട് ചോദിച്ചു, "എന്‍റെ കാലിന് എന്താണ് സംഭവിച്ചത്? വാസ്തവത്തില്‍ അത് എന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് ഒരു വേദനയുമില്ല."

ജീവിതം സംഭവിക്കുന്നത് പല തരത്തിലാണ്. നിങ്ങള്‍ സ്വയം ഭൗതികതയുടെയും യുക്തിചിന്തയുടെയും പരിധിക്കുള്ളിലാണ്. അതിനപ്പുറമുള്ളതെല്ലാം നിങ്ങള്‍ക്ക് അത്ഭുതങ്ങളാണ്

നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതിനെ അത്ഭുതമെന്ന് വിശേഷിപ്പിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അത് മറ്റൊരു ശാസ്ത്രമാണ്. ജീവിതം സംഭവിക്കുന്നത് പല തരത്തിലാണ്. നിങ്ങള്‍ സ്വയം ഭൗതികതയുടെയും യുക്തിചിന്തയുടെയും പരിധിക്കുള്ളിലാണ്. അതിനപ്പുറമുള്ളതെല്ലാം നിങ്ങള്‍ക്ക് അത്ഭുതങ്ങളാണ്. നിങ്ങളുടെ ജീവോര്‍ജമാണ് ശരീരസൃഷ്ടിക്ക് കാരണമായത്. ശരീരത്തിലെ എല്ലുകളും മജ്ജയും മാംസവും ഹൃദയവും വൃക്കകളും എല്ലാം സൃഷ്ടിച്ച അതിന് ഒരു കഷണം കാര്‍ട്ടിലേജ് സൃഷ്ടിച്ചുകൂടെ? നിങ്ങളുടെ ജീവോര്‍ജം പൂര്‍ണ്ണവും സന്തുലിതവുമാണെങ്കില്‍ അതിനൊരു മുഴുവന്‍ ശരീരം വേണമെങ്കിലും പുനര്‍സൃഷ്ടിക്കാനാവും.

 

 
 
  0 Comments
 
 
Login / to join the conversation1