നിങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുക


സദ്ഗുരു :  ജീവിതത്തെ അതിന്റെ വിശാലതയിൽ വീക്ഷിക്കുകയാണെങ്കിൽ നിങ്ങൾ ഒരു മണൽത്തരിയോളം ചെറുതാണ്. ഈ പ്രപഞ്ചത്തിൽ നമ്മുടെ നക്ഷത്രലോകം തന്നെ ഒരു ചെറിയ പ്രതിഭാസമാണ്. ക്ഷീരപഥത്തെ മൊത്തത്തിൽ പരിഗണിച്ചാൽ സൗരയൂഥം അതിലൊരു ബിന്ദു മാത്രമാണ്. ആ ചെറുബിന്ദുവിൽ ഭൂമി കൂറെക്കൂടി ചെറിയ ബിന്ദുവാണ്. അതിൽ നിങ്ങളുടെ പട്ടണം അതിസൂക്ഷ്മ കണികയാണ്. ആ സൂക്ഷ്മകണത്തിൽ നിങ്ങളാകട്ടെ ഒരു വലിയ മനുഷ്യനാണെന്നു ധരിച്ചു നടക്കുന്നു ! ആളുകൾക്ക് യഥാർത്ഥത്തിൽ അവരെന്താണെന്ന ധാരണ തന്നെ കൈമോശം വന്നിരിക്കുന്നു. പ്രപഞ്ചത്തിൽ നിങ്ങളുടെ സ്ഥാനം യഥാർത്ഥത്തിൽ എന്താണെന്ന് അനുഭവിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, ചിന്തിച്ചറിയാനെങ്കിലും പര്യാപ്തമാക്കുന്നതാണ് ആത്മീയപ്രക്രിയ. ഇത് ലളിതമായി സാധിക്കാവുന്ന ഒന്നാണ്. അത്രയെങ്കിലും നിങ്ങൾക്ക് ലഭിച്ചാൽ പുതിയ സാധ്യതകൾ തുറന്നുകിട്ടും. നിങ്ങളതുവരെയുള്ളതിൽ നിന്നു വ്യത്യസ്തമായി നടക്കാനും ഇരിക്കാനും ശ്വസിക്കാനും തുടങ്ങും. ജീവിതത്തെ നിങ്ങൾ മറ്റൊന്നായി അനുഭവിക്കയും ചെയ്യും.
 

നിങ്ങളുടെ താഴ്ചകളെ ഉയർച്ചകളാക്കിമാറ്റുക


ഏതൊരു വികാരത്തെയും നിങ്ങൾക്ക് ജീവിതത്തിന്റെ ഉന്നതിയ്ക്കായി ഉപയോഗിക്കാൻ സാധിക്കും.  നിങ്ങളുടെ സങ്കടങ്ങൾ നിങ്ങൾ അപൂർണ്ണനാണ് എന്നു നിങ്ങളെ ഓർമിപ്പിക്കുകയാണെങ്കിൽ അത് നല്ലതാണ്. അതിലൂടെ നിങ്ങൾക്ക് വളർച്ച പ്രാപിക്കാനാവും. എന്നാൽ നിങ്ങൾ സങ്കടങ്ങളിൽ പെടുമ്പോൾ അത് നിങ്ങളെ അസ്വസ്ഥനും കോപിഷ്ഠനുമാക്കി മാറ്റുകയാണെങ്കിൽ, അതിലൂടെ ഈ ലോകമേ ശരിയല്ല എന്ന ചിന്തയാണ് നിങ്ങളിലുണ്ടാവുന്നതെങ്കിൽ,  തീർച്ചയായും നിങ്ങളൊരു വിഡ്ഢിയാണ്. നിങ്ങളുടെ ദുഃഖങ്ങളെ നിങ്ങൾക്ക് ക്രോധമാക്കി മാറ്റുകയാണോ കനിവാക്കി മാറ്റുകയാണോ വേണ്ടത്? ദുഃഖിതനായിരിക്കുമ്പോൾ കനിവോടെ പെരുമാറാൻ എളുപ്പമാണ്. കാരണം അത് ആർദ്രമായ ഒരു ഊർജ്ജമാണ്. നിങ്ങൾക്കതിനെ കൂടുതൽ സുഖപ്രദമായ ജീവിതത്തിനായി വിനിയോഗിക്കാൻ കഴിയും.

മത്സരിച്ചോടുന്നതും ആനന്ദപ്രദമാക്കുക


മനുഷ്യരുടെ സകല മത്സരങ്ങളും ആനന്ദം തേടലിന്റെ ഭാഗമാണ്. നിങ്ങൾ മത്സരിച്ചോടുന്നത് ആമയോടൊത്തോ മുയലിനോടൊത്തോ എന്നത് നിങ്ങളുടെ ഇഷ്ടം. രണ്ടായാലും അത് ആനന്ദത്തോടെ ചെയ്തുകൂടെ? ഓട്ടം അവസാനിക്കുമ്പോഴോ നിങ്ങളതിൽ നിന്ന് പുറത്താവുമ്പോഴോ അതുമല്ലെങ്കിൽ നിങ്ങൾക്ക് ഓടാൻ കഴിവില്ലാതാവുമ്പോഴോ ആനന്ദിക്കാമെന്ന് വിശ്വസിച്ച് കാത്തിരിക്കുകയാണ് നിങ്ങളെങ്കിൽ അത് ദയനീയമായി ജീവിച്ചുപോകുന്നതിനുള്ള ഒരു ന്യായീകരണം മാത്രമാണ്.
 

നിങ്ങൾ എന്തുചെയ്യുന്നു എന്തുചെയ്യാതിരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല ആനന്ദമിരിക്കുന്നത്. ആനന്ദമെന്നത് നിങ്ങൾ നിങ്ങളിൽ എപ്രകാരം വർത്തിക്കുന്നു എന്നതിലാണ്. നിങ്ങളുടെ ചിന്തകളും വികാരങ്ങളും നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ സംഭവിച്ചാൽ, അവ നിങ്ങളുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ചാൽ തീർച്ചയായും നിങ്ങൾ ആനന്ദത്തിലായിരിക്കും.
 
  
പുലരികൾ പുഞ്ചിരിയോടെ തുടങ്ങുക


രാവിലെ ഉണർന്നാൽ ആദ്യം തന്നെ ഒന്ന് മന്ദഹസിക്കുക. ആരോട്? പ്രത്യേകിച്ചോരോടുമല്ല. കാരണം, സത്യത്തിൽ നിങ്ങൾ ഉണർന്നു എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. ലോകത്ത് ദശലക്ഷക്കണക്കിനാളുകൾ ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്നിട്ട് ഇന്നുണർന്നിട്ടില്ല. പക്ഷേ ഞാനും നിങ്ങളും ഉണർന്നിരിക്കുന്നു! അതൊരു വലിയ കാര്യമല്ലേ? അതുകൊണ്ട്, ചിരിക്കുക-നിങ്ങൾക്ക് ഉണരാൻ കഴിഞ്ഞിരിക്കുന്നു! ഇനി ചുറ്റും നോക്കുക, ചുറ്റുമുള്ളവരെ നോക്കിയും ചിരിക്കുക. ധാരാളമാളുകളുടെ പ്രിയപ്പെട്ടവർ ഇന്ന് രാവിലെ ഉറക്കമുണർന്നിട്ടില്ല. എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം ഉണർന്നിരിക്കുന്നു. ആഹാ! അതൊരു മഹാകാര്യമല്ലേ? ഇനി പുറത്തിറങ്ങി മരങ്ങളെയൊക്കെ ഒന്നുനോക്കുക-അവയും ഇന്നലെ രാത്രി മരിച്ചിട്ടില്ല! നിരവധിയാളുകൾ നിരവധിയാളുകളുടെ പ്രിയപ്പെട്ടവർ ഉണരാതെയായപ്പോഴും നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും ഉണർന്നിരിക്കുന്നു എന്നത് അതിശയകരമായ ഒരു സംഭവമല്ലേ? അതിനെ വിലമതിക്കുക. കുറഞ്ഞപക്ഷം ഒന്നു ചിരിക്കുകയെങ്കിലും ചെയ്യുക

 
നിങ്ങൾ ജീവനോടെയുണ്ട് എന്ന് നിരന്തരം ഓർമിച്ചുകൊണ്ടിരിക്കുക
 
മണിക്കുറിലൊരിക്കൽ; നിങ്ങൾ അത്രയ്ക്ക് സജീവത ഇല്ലാത്ത ആളാണെങ്കിൽ, അരമണിക്കൂറിലൊരിക്കൽ; നിങ്ങൾ ദാരുണമാം വിധം നിർജീവതയുള്ള ആളാണെങ്കിൽ ഓരോ അഞ്ചുമിനിറ്റിലും നിങ്ങൾ ജീവന്റെ മൂല്യത്തെക്കുറിച്ച് ബോധവാനാവുക. അതു ചെയ്യാനൊരു പത്തുനിമിഷം മതി. രണ്ടുനിമിഷം കൊണ്ടുപോലും അതുചെയ്യാം- “ഞാൻ ജീവിച്ചിരിക്കുന്നു, നിങ്ങളും ജീവിച്ചിരിക്കുന്നു. അതിൽക്കൂടുതൽ എന്താണ് വേണ്ടത്?”
  
 
ശാരീരികമായി ക്രിയാത്മകമായിരിക്കുക


സമൂഹത്തിൽ പലരും പലപ്രകാരത്തിൽ മനസ്സന്തുലനം നഷ്ടപ്പെട്ടവരായി കാണാറുണ്ട്. എന്നാൽ ശാരീരകമായി നിങ്ങൾ കഠിനാധ്വാനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ നാഡീസംബന്ധമായ ഊർജ്ജം ധാരാളമായി ഉപയോഗിക്കപ്പെടുന്നതുകൊണ്ട്
 നിങ്ങളുടെ മനോവിഭ്രമങ്ങളിൽ പലതും ഇല്ലാതെയാവും.  എന്നാൽ ആധുനികമനുഷ്യർ മുമ്പെങ്ങുമില്ലാത്ത വിധം നിഷ്ക്രിയരാണ്. കായികാധ്വാനം കുറയുന്നത് ശരീരത്തിന് അസ്വസ്ഥതകളുണ്ടാക്കും. ഇത് ചിലരെ മനോരോഗങ്ങളിലേയ്ക്ക് നയിക്കും. എന്നാൽ പർവ്വതാരോഹണം പോലെ കാര്യമായ കായികപ്രവർത്തനങ്ങളിലേർപ്പെട്ട് ശരീരത്തെ പൂർണ്ണമായി ഉപയോഗിക്കുന്നവർ സന്തുലിതമായ അവസ്ഥയിലായിരിക്കും
 
സമചിത്തതയിൽ ആയിരിക്കാൻ ഏറ്റവും ലളിതവും ഉചിതവുമായ മാർഗ്ഗം സ്വാഭാവികമായ ചുറ്റുപാടുകളിൽ ധാരാളമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ്. ഇത് ചെറുപ്പം മുതൽക്കേ ശീലിക്കുന്നത് നല്ലതാണ്.
 

 
ശരിയായ ഭക്ഷണം ശീലിക്കുക


നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ മനോനിലയെ കാര്യമായി സ്വാധീനിക്കാനാവും. മാംസാഹാരം സംയോജിത പോഷണം പ്രദാനം ചെയ്യുമെങ്കിലും  നിത്യവും അത് കഴിക്കരുത്. മറ്റുള്ള ഭക്ഷണം ലഭ്യമാണെങ്കിൽ മാംസാഹാരം ഒഴിവാക്കണമെന്ന് പറയുന്നതിന്റെ ഒരു കാര്യം, മൃഗങ്ങൾ കൊല്ലപ്പെടുന്നതിന്റെ അവസാന നിമിഷങ്ങളിൽ അവയ്ക്ക് തങ്ങൾ കൊല്ലപ്പെടുകയാണ് എന്ന ബോധ്യമുണ്ടായിരിക്കും. മരണഭയം ഉല്പാദിപ്പിച്ച രാസപദാർത്ഥങ്ങൾ അവയുടെ മാംസത്തിലുണ്ടായിരിക്കും. ഈ ഇറച്ചി നിങ്ങൾ ഭക്ഷിച്ചാൽ അനാവശ്യമായ മാനസികപ്രശ്നങ്ങൾക്കതിടയാക്കും. വിഷാദരോഗത്തിന് മരുന്നു കഴിക്കുന്ന ആളുകളെ നിങ്ങളൊരു മൂന്നുമാസം നിഷ്ഠയോടെ സസ്യാഹാരം ശീലിപ്പിച്ചാൽ അവരിൽ മിക്കവാറുമാളുകൾക്ക് പിന്നീട് മരുന്ന് ആവശ്യമായി വരികയില്ല. ഈശ യോഗകേന്ദ്രത്തിൽ വന്നിട്ടുള്ള ധാരാളമാളുകളിൽ ഞങ്ങൾ ഈ മാറ്റം കണ്ടിട്ടുണ്ട്. 
 

 
മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാതിരിക്കുക


അധികമാളുകളും അവരുടെ ഇല്ലായ്മകൾകൊണ്ടല്ല സങ്കടപ്പെടുന്നത്. അവർ വെറുതെ തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയാണ്. നിങ്ങൾ ഒരു ബൈക്ക് ഓടിക്കുമ്പോൾ മറ്റൊരാൾ ഒരു വലിയ കാറോടിക്കുന്നു. ഉടനെ നിങ്ങൾ ദുഃഖിതനാവുന്നു. സൈക്കളോടിക്കുന്ന ഒരാൾ നിങ്ങളെ ബൈക്കിൽ കാണുമ്പോൾ അയാൾക്കു സംഭവിക്കുന്നതും അങ്ങനെത്തന്നെയാണ്. ഇനി കാൽനടയായി പോകുന്ന ആൾ സൈക്കിൾ യാത്രക്കാരനെ കണ്ടാലും സംഭവിക്കുന്നത് മറ്റൊന്നല്ല… “ഹോ.. എനിക്ക് അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ, ഞാനെന്തൊക്കെ ചെയ്യുമായിരുന്നു!”ഈ വിഡ്ഢിത്തം ഇങ്ങനെ അവസാനമില്ലാതെ തുടരുന്നു.
ബാഹ്യസാഹചര്യങ്ങളെ ആശ്രയിച്ച് സന്തോഷിക്കാൻ ശ്രമിക്കുന്നവർ അവരുടെ ജീവിതത്തിലൊരിക്കലും സന്തോഷമെന്തെന്നറിയുകയില്ല. സ്വന്തം സുഖം സ്വയം സൃഷ്ടിക്കുന്നതെങ്ങനെയെന്ന് നാം നമ്മുടെ ഉള്ളിലേയ്ക്കുനോക്കി കണ്ടെത്തേണ്ട സമയമായിരിക്കുന്നു.
 
ആന്തരിക പരിവർത്തനത്തിനായി ചെറിയ ചുവടുവെയ്പുകൾ നടത്തുക


ജീവിതത്തിൽ എന്തൊക്കെ പരിവർത്തനങ്ങളാണ് വേണ്ടതെന്നു നോക്കുക.  അതിനുവേണ്ടി കുറച്ചുകാര്യങ്ങൾ ചെയ്യുക. നിങ്ങൾക്ക് മാറ്റാനാകാത്ത കാര്യങ്ങളെക്കുറിച്ച് വിലപിച്ചുകൊണ്ടിരിക്കുന്നത് തൽസ്ഥിതിയിൽ തുടരാൻ മാത്രമേ സഹായിക്കുകയുള്ളൂ. കുറഞ്ഞപക്ഷം, മാസത്തിലൊരിക്കൽ പൌർണമിനാളിൽ, നിങ്ങൾ ശ്രദ്ധാപൂർവ്വം നിങ്ങളിലേയ്ക്ക് നോക്കി മാറ്റം വരുത്തേണ്ട ഒരു ചെറിയകാര്യമെങ്കിലും കണ്ടെത്തുക. ഉദാഹരണമായി, “നിത്യവും ഭക്ഷണത്തിനുമുമ്പ് ഒരു പത്തുനിമിഷം ഞാൻ കഴിക്കുന്ന, എന്റെ ഭാഗമായിത്തീരാൻ പോകുന്ന ഈ ഭക്ഷണത്തോട് ഞാൻ നന്ദിയുള്ളവനായിരിക്കും” എന്നോ “എന്റെ ജീവിതത്തിന്റെ അടിസ്ഥാനമായ ഈ മണ്ണ്, വെള്ളം, വായു മുതലായവ ഞാൻ ഇനി ഉപയോഗിക്കുമ്പോൾ ഒരു ശതമാനമെങ്കിലും കുറച്ചേ ഉപയോഗിക്കൂ” എന്നോ “എനിക്ക് കഴിക്കാവുന്നത്ര ഭക്ഷണം മാത്രമേ ഇനിമുതൽ ഞാനെന്റെ ഭക്ഷണപാത്രത്തിലെടുക്കൂ” എന്നോ ഉള്ള ചെറിയ ചിന്തകളാവാം. എന്നാൽ അതു നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. 
 
ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ വിഷാദത്തെയും ആശങ്കകളെയും മറികടക്കാൻ നിങ്ങളെ സഹായിക്കും


ഇൻഡ്യാന സർവ്വകലാശാല, ബെത്ത് ഇസ്രായേൽ ഡീകോൺസ് മെഡിക്കൽ സെന്റർ, റട്ഗേഴ്സ് & ഫ്ലോറിഡ സർവ്വകലാശാലകൾ എന്നിവിടങ്ങളിലെല്ലാം നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത് വെറും 90 ദിവസം ഇന്നർ എഞ്ചിനീയറിംഗ് പരിശീലിക്കുന്നതിലൂടെ ബ്രെയിൻ-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫേക്ടർ (BDNF) ലെവൽ 300% വർദ്ധിക്കുന്നു എന്നാണ്. BDNFന്റെ കുറഞ്ഞ അളവ് ഉത്കണ്ഠയും വിഷാദവും അൽഷിമേഴ്സ് രോഗവും മറ്റ് വൈകാരികപ്രശ്നങ്ങളും ഉണ്ടാക്കുമെന്നത് സ്ഥിരീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. ഇന്നർ എഞ്ചിനീയറിംഗ് വഴി ആളുകൾ വിഷാദത്തിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും പുറത്തുകടക്കാറുണ്ട്.
 
 
ഇന്നർ എഞ്ചിനീയറിംഗ് പരിശീലനം ശരീരം, മനസ്സ്, വികാരങ്ങൾ, ഊർജ്ജം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരവും ഊർജ്ജവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നമുക്ക് നേരിട്ട് ചെയ്യാനുള്ളതാണ്. എന്നാൽ മനസ്സും വികാരങ്ങളുമായി ബന്ധപ്പെട്ടവ നിങ്ങൾക്ക് ഓൺലൈൻ ഇന്നർ എഞ്ചിനീയറിംഗിലൂടെ അനുഭവിക്കാൻ കഴിയും.
രണ്ടായിരത്തി ഇരുപതാമാണ്ട് പലപ്രകാരത്തിലും ഓർമിക്കത്തക്കതാണ്. ഈയൊരു വർഷം നിങ്ങൾ മറക്കാനിടയില്ലെന്നെനിക്കറിയാം. എന്നാൽ ഈ വർഷം മൊത്തത്തിൽ ഭീതിയുടേതും മാനസിക, ശാരീരിക പീഡകളുടേതുമല്ലാതാക്കിത്തീർക്കാം നിങ്ങൾക്ക്. ഇപ്പോൾ ശാരീരികാരോഗ്യത്തോടെയിരിക്കാൻ ഞാൻ നിങ്ങളോട് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല-മനുഷ്യരിൽ നിന്നകന്ന് കഴിഞ്ഞാൽ മാത്രം മതി! 
 
 
 ഇക്കാലയളവിൽ ഒരാളും മനോവ്യഥകളുടെ പകർച്ചവ്യാധിയിൽപ്പെട്ടുപോകരുത്. ഇതെന്റെ ആശിസ്സും അനുഗ്രഹവുമാണ്. വിഷമകരമായ ഈ വേളയിൽ നിങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് വർഷം മുഴുവൻ ഞങ്ങൾ കൂടെയുണ്ടാകും.