ഉത്തരവാദിത്തങ്ങള്‍ ഭാരമാണോ?
 
 

सद्गुरु

ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ നിങ്ങള്‍ പലതരത്തിലുള്ള വിഷയങ്ങളേയും ആളുകളേയും നേരിടേണ്ടി വന്നേക്കാം. ഏതിനൊക്കെയാണ് ചുമതലയെടുക്കേണ്ടത് എന്ന ഒരു ചോദ്യം നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.

പ്രകൃതിക്ഷോഭത്താല്‍ ഗുജറാത്തില്‍ പല ഭവനങ്ങള്‍ മണ്ണിനടിയിലായി. തമിഴ്നാട്ടിലെ സമുദ്രതീരത്തും പല വീടുകള്‍ കടല്‍ കൊണ്ടുപോയി. അപ്പോഴൊക്കെ ആര്‍ക്കോ എന്തോ സംഭവിക്കുന്നു എന്നു പറഞ്ഞു നിങ്ങള്‍ അന്യമനസ്കനായിരുന്നുവോ? രാജ്യം മുഴുവനും ഉത്തരവാദിത്തത്തോടു കൂടി പ്രവര്‍ത്തിക്കേണ്ട സമയമായിരുന്നല്ലോ അത്!

അപകടത്തില്‍പ്പെട്ട് ഒരാള്‍ മരണാസന്നനായി കിടക്കുന്നതു നിങ്ങള്‍ കാണുന്നു എന്നു കരുതുക. ചുമതലാബോധം ഉള്ള ആളാണെങ്കില്‍ എന്തു ചെയ്യും? ആ ആള്‍ക്ക് പ്രഥമ ചികിത്സ നല്‍കും. അല്ലെങ്കില്‍ അയാള്‍ക്ക് ഉടന്‍ തന്നെ വൈദ്യസഹായം ലഭിക്കാന്‍ വേണ്ടതു ചെയ്യും. അല്ലാതെ, ഞാനുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത ഒരാള്‍ക്കു വേണ്ടി ഞാന്‍ ചുമതലയെടുക്കാന്‍ പറ്റുമോ എന്നു വിചാരിച്ചു കാണാത്തതുപോലെ നിങ്ങള്‍ കടന്നു പോയാല്‍ വഴിവക്കില്‍ കിടക്കുന്ന കല്ലിനും നിങ്ങള്‍ക്കും തമ്മില്‍ എന്താണു വ്യത്യാസം?

ചുമതലാബോധം എന്നു പറഞ്ഞാല്‍ പ്രവൃത്തിയിലൂടെ ചെയ്തു കാണിച്ചേ മതിയാകൂ എന്നു പറയുന്നില്ല, പകരം നിങ്ങള്‍ക്ക് എത്രമാത്രം ഉത്തരവാദിത്തബോധം ഉണ്ട് എന്നുള്ള തിരിച്ചറിവു നിങ്ങള്‍ക്കുണ്ടെങ്കില്‍ സന്ദര്‍ഭോചിതമായി നിങ്ങള്‍ക്കു പെരുമാറാന്‍ കഴിയും. ചിലപ്പോള്‍ സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ക്കു പ്രവൃത്തിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഒന്നും ചെയ്യാതെ ഇരിക്കുന്നതും ഉത്തരവാദിത്തമുള്ള കാര്യം തന്നെയാണ്. എന്നാല്‍, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും അവയില്‍നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുന്നതു നിങ്ങളുടെ വിജയത്തിന് ഒട്ടും സഹായകരമാവില്ല.

ചിലപ്പോള്‍ സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ക്കു പ്രവൃത്തിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഒന്നും ചെയ്യാതെ ഇരിക്കുന്നതും ഉത്തരവാദിത്തമുള്ള കാര്യം തന്നെയാണ്.

നിങ്ങളുടേതു സ്വന്തം തൊഴില്‍ അല്ലായിരിക്കാം. നിങ്ങള്‍ അദ്ധ്വാനിച്ചാല്‍ ആരോ ഒരു മുതലാളിയാണ് അതിന്‍റെ ലാഭമെടുക്കുന്നത് എന്നു തോന്നി ഉത്തരവാദിത്തമില്ലാതെ പണിയെടുക്കാന്‍ നിങ്ങള്‍ക്ക് തോന്നാം. പക്ഷേ സത്യത്തില്‍, ആ പണി ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവുണ്ടോ എന്നു മറ്റൊരാളിന്‍റെ മൂലധനം ഉപയോഗിച്ചു പരിശോധിക്കാന്‍ കിട്ടിയ സുന്ദരമായ ഒരവസരമല്ലേ അത്? നിങ്ങളുടെ സ്വന്തം തൊഴിലായിതന്നെ അതിനെ കരുതി അതു വിജയിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാം എന്നു നോക്കണ്ടേ? ഇവിടെ പരിപൂര്‍ണ്ണമായ താല്‍പര്യത്തോടുകൂടി നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ പുരോഗമനമുണ്ടാകുന്നതു നിങ്ങളുടെ മുതലാളിക്കു മാത്രമല്ല നിങ്ങളുടെ കഴിവിനും കൂടിയാണ്. അല്ലാതെ, ആരുടേയോ ഒരു തൊഴില്‍, അതില്‍ ശമ്പളത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നു എന്ന രീതിയില്‍ ജോലിചെയ്താല്‍ ആ തൊഴിലും നശിച്ചു പോകും, ഒപ്പം നിങ്ങളുടെ സന്ദര്‍ഭവും നഷ്ടപ്പെടും.

ഉത്തരവാദിത്തത്തോടുകൂടി നന്നായി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ് പിന്നീട് മുതലാളിമാരായിട്ടുള്ളത്, എന്നു വിജയിച്ചവരുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആദ്യം, ഉത്തരവാദിത്തങ്ങളെ മറ്റൊരാള്‍ നിങ്ങളില്‍ ചുമത്തിയതാണ് എന്നു കരുതാതെ സ്വയം സന്തോഷപൂര്‍വ്വം ഏറ്റെടുക്കുകയാണെങ്കില്‍ നിങ്ങളുടെ പ്രശ്നങ്ങളില്‍ പകുതി പരിഹരിക്കപ്പെടാം.

ഹുയ്തി എന്നൊരു സെന്‍ ഗുരു ഉണ്ടായിരുന്നു. അദ്ദേഹം തന്‍റെ ചുമലില്‍ ഒരു ഭാണ്ഡം എപ്പോഴും തൂക്കിയിട്ടിരുന്നു. അതില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു. ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ചെറിയ കുട്ടികളെ കണ്ടാല്‍ ഭാണ്ഡത്തില്‍നിന്നും മധുരം എടുത്തുകൊടുക്കുമായിരുന്നു. ഒരിക്കല്‍ മറ്റൊരു സെന്‍ ഗുരു എതിരെ വന്നു. 'സെന്‍ എന്നാല്‍ എന്താണ്'? എന്ന് അദ്ദേഹം ചോദിച്ചു.

ഹുയ്തി ഉടന്‍ തന്നെ ഭാണ്ഡം നിലത്തുവച്ചിട്ട് നിവര്‍ന്നു നിന്നു. "സെന്നിന്‍റെ ലക്ഷ്യം എന്താണ്?" എന്നായിരുന്നു അടുത്ത ചോദ്യം. അദ്ദേഹം നിലത്തുവച്ച ഭാണ്ഡമെടുത്തു ചുമലില്‍ തൂക്കിയിട്ട് നടന്നുപോയി. ഭാണ്ഡത്തെ അദ്ദേഹത്തിന്‍റെ സ്വന്തമാണെന്നു കരുതാതെ നിലത്തു വയ്ക്കാനും പറ്റും. സന്തോഷമായിട്ടു ചുമക്കാനും പറ്റും എന്നുള്ള കാര്യം അദ്ദേഹം പറയാതെ പറയുകയായിരുന്നു

വേദനയില്ലാതെ ഉത്തരവാദിത്തങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധരായാല്‍ അതു ഭാരം അല്ലാതാകുന്നു. നിങ്ങളുടെ ജീവിതത്തിനു നിങ്ങള്‍ തന്നെയാണ് ഉത്തരവാദി. അതുകൊണ്ട് ഒരിക്കലും ചുമതലയില്‍നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കരുത്. ആദ്യമായി, ഉത്തരവാദിത്തം എന്നത് ഒരു പ്രവൃത്തിയാണെന്നു കരുതാതെ അത് ഒരു വികാരമാണെന്നു കരുതുക. പൂര്‍ണ്ണമായ താല്‍പര്യവും ഉത്തരവാദിത്തബോധവുമുള്ള ഒരാളാണു നിങ്ങളെങ്കില്‍ സമാധാനവും സന്തോഷവും നിങ്ങള്‍ക്കു സ്വന്തമായിത്തീരും.

വേദനയില്ലാതെ ഉത്തരവാദിത്തങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധരായാല്‍ അതു ഭാരം അല്ലാതാകുന്നു.

ഞാന്‍ പുഞ്ചിരിക്കുമ്പോള്‍ത്തന്നെ മുഖം തിരിക്കുന്നവരോട് എങ്ങനെ സ്നേഹമായി പെരുമാറാനാകും?

സ്നേഹമായിരിക്കുക എന്നത് ഒരു ഉള്‍പ്രേരണയാണ്. സ്നേഹമുണ്ടെന്ന് നിരത്തുകളിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടു നടക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് സ്നേഹിക്കുവാന്‍ വേണ്ടി മറ്റുള്ളവര്‍ നിങ്ങളോടു സഹകരിക്കണം എന്നൊക്കെ പറയുന്നതു സ്നേഹത്തെപ്പറ്റി നിങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ല എന്നതുകൊണ്ടാണ്. സ്നേഹം എന്നു പറയുന്നത് പ്രത്യുപകാര പ്രതീക്ഷ ഇല്ലാത്ത ഒന്നാണ്. മറ്റുള്ളവരും പകരത്തിനു സ്നേഹിക്കണം എന്നുള്ള നിബന്ധനകള്‍ ഇല്ലാത്ത ഒന്നാണ്. ആയിരം പേര്‍ക്കു സേവനം ചെയ്താലും, രണ്ടു പേര്‍ക്കുമാത്രം വീട്ടില്‍ ഭക്ഷണമുണ്ടാക്കിയാലും നിങ്ങള്‍ക്ക് ഒരേ അളവിലുള്ള സ്നേഹം മനസ്സില്‍ അറിയാന്‍ പറ്റും.

സ്നേഹമായിരിക്കുന്നതു ബുദ്ധിപരമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. ക്ഷോഭം ഉണ്ടാക്കുന്ന ഒരു കാര്യം ഒരാള്‍ ചെയ്താല്‍ മത്സരബുദ്ധിയോടെ നിന്നേക്കാളും മണ്ടന്‍ ഞാനാണ് എന്നു കാണിച്ചുകൊടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ആദ്യം ലോകം മുഴുവന്‍ സ്നേഹമുള്ളവരെക്കൊണ്ടു നിറയട്ടെ, അവസാനമായി ഞാന്‍ മാറിക്കൊള്ളാം, എന്നു കാത്തിരിക്കാന്‍ പോവുകയാണോ?

 
 
 
 
  0 Comments
 
 
Login / to join the conversation1