ഊര്‍ജത്തിന്‍റെ വിളയാട്ടം

അമ്പേഷി: സദ്‌ഗുരോ, എന്‍റെ ഉള്ളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജത്തിന്‍റെ വിളയാട്ടത്തെ താങ്ങാന്‍ എനിക്കു കഴിയുന്നില്ല. ഇതില്‍ എന്‍റെ ഗുരുവായ അങ്ങ്‌ എപ്പോഴാണ്‌ ഇടപെടാന്‍ പോകുന്നത്
 
 

सद्गुरु

അമ്പേഷി: സദ്‌ഗുരോ, എന്‍റെ ഉള്ളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജത്തിന്‍റെ വിളയാട്ടത്തെ താങ്ങാന്‍ എനിക്കു കഴിയുന്നില്ല. ഇതില്‍ എന്‍റെ ഗുരുവായ അങ്ങ്‌ എപ്പോഴാണ്‌ ഇടപെടാന്‍ പോകുന്നത്‌

സദ്‌ഗുരു: അനന്തവും സര്‍വവ്യാപിയും എല്ലാറ്റിനേയും ഉള്‍കൊള്ളുന്നതുമായ ഒന്നിനെയാണ്‌ നിങ്ങള്‍ തേടുന്നതെങ്കില്‍, സാധാരണ ഗതിയില്‍ നിങ്ങളിലുള്ള ഊര്‍ജംകൊണ്ട് ‌ തികയുകയില്ല. സാധാരണ പ്രവൃത്തി ചെയ്യാനോ നടക്കാനോ പണം സമ്പാദിക്കാനോ വേണ്ട ഊര്‍ജം ഈശ്വരാന്വേഷണത്തിനു മതിയാവില്ല. അതിനു വളരെ കൂടുതല്‍ ഊര്‍ജം ആവശ്യമാണ്‌. നിങ്ങളില്‍ ഉള്ള നൂറു ശതമാനം നിങ്ങള്‍ കൊടുത്താലും, ആ ഊര്‍ജംകൊണ്ട് ‌ തികയാതെ വരും. ഈ ഊര്‍ജപ്രഭാവം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിയാണ്‌ സാധനകള്‍ എല്ലാം ചെയ്യുന്നത്‌. അനന്തമായതിനെ അമ്പേഷിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ എത്രയധികം ഊര്‍ജം ഉണ്ടായിരുന്നാലും അത്‌ തികയാതെ വരുന്നു. എന്നാല്‍ ഉള്ള ഊര്‍ജത്തിന്‍റെ മൊത്തവും ഒരേയൊരു ലക്ഷ്യത്തിലേക്ക്‌ തിരിച്ചു വിടാനായാല്‍, നിങ്ങള്‍ക്ക് ലക്ഷ്യത്തിലേക്ക്‌ അടുക്കാനുള്ള സാധ്യതയേറും

പെട്ടെന്ന്‍ ലക്ഷ്യത്തിലെത്തിച്ചേരാനായോ, ഇല്ലയോ എന്നതല്ല പ്രധാനം, ലക്ഷ്യത്തിലേക്കുള്ള പുരോഗതിയാണ്‌ കാര്യം. സാധനകള്‍ ലക്ഷ്യത്തെ എത്തിപ്പിടിക്കാവുന്ന ദൂരത്തിലാക്കുന്നു. ആദ്ധ്യാത്മിക വളര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അടിസ്ഥാനപരമായി വേണ്ടത്‌ വ്യതിചലനമില്ലാതെയുള്ള ഊര്‍ജപ്രവാഹമാണ്‌. അത്യുന്നതമായത്‌ കൈവരിക്കുംവരെ മറ്റൊന്നുകൊണ്ടും തൃപ്‌തനാവാതെ, ഒരേ ഒരു ലക്ഷ്യത്തിലേക്കുളള ഊര്‍ജപ്രവാഹം.

ആദ്ധ്യാത്മിക വളര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അടിസ്ഥാനപരമായി വേണ്ടത്‌ വ്യതിചലനമില്ലാതെയുള്ള ഊര്‍ജപ്രവാഹമാണ്

ഏതൊരാള്‍ക്ക്‌, ഒരിക്കല്‍പോലും ദിശ തെറ്റാതെ, അവനവനെ ആ ലക്ഷ്യത്തിലേയ്ക്ക്‌ നയിക്കാന്‍ കഴിയുമോ, അയാള്‍ അനുഗ്രഹിക്കപ്പെട്ടവനാണ്‌. എന്നാല്‍ ഇങ്ങിനെയുള്ളവര്‍ ചുരുക്കമായേ അവതരിക്കാറുള്ളു. കൂടുതല്‍ പേരും, മുന്‍പോട്ടും പുറകോട്ടും, ചിലപ്പോള്‍ ഓടിയും, ചിലപ്പോള്‍ നടന്നും, ഇനിയും ചിലപ്പോള്‍ നിന്നും തങ്ങളുടെ ജീവിതം കഴിച്ചു കൂട്ടുന്നു. പലരുടെ ജീവിതവും ഇതുപോലെ പാഴായിപ്പോകുന്നു. എന്നാല്‍ ചുരുക്കം ചിലര്‍, ഒരിക്കല്‍ മുന്‍കൈ എടുത്തു കഴിഞ്ഞാല്‍, മുന്‍പോട്ടുതന്നെ പൊയ്ക്കൊണ്ടിരിക്കും. ‘തുടങ്ങി വയ്ക്കുക നിര്‍ത്തുക, തുടങ്ങി വയ്ക്കുക നിര്‍ത്തുക’, ഇത്തരക്കാര്‍ക്ക്‌ എപ്പോഴും ആരെങ്കിലും പിന്നില്‍ നിന്ന് ഉന്താന്‍ വേണം, അവരെ വളരെ സമചിത്തതയോടെ അടിച്ചും തലോടിയും അവസരത്തിനൊത്ത്‌ പെരുമാറുകയും വേണം.

ഒരു ഗുരു എങ്ങിനെ ആയിരിക്കണമെന്ന്‍ ശ്രീരാമകൃഷ്‌ണ പരമഹംസര്‍ വിവരിച്ചിട്ടുണ്ട്, ‌വ്യത്യസ്‌ത രീതിക്കാരായ മൂന്ന്‍ ഡോക്‌ടര്‍മാരെപ്പോലെ, മൂന്ന്‍ തരത്തിലുള്ള ഗുരുക്കന്മാരെപ്പറ്റി അദ്ദേഹം പറയുന്നു. ഒന്നാമന്‍, രോഗിയുടെ ബാഹ്യലക്ഷണങ്ങള്‍ നോക്കി, നാഡി പരിശോധിച്ചതിനു ശേഷം മരുന്ന്‍ കുറിച്ചുകൊടുക്കുന്നു. രോഗി മരുന്നുകഴിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍, മറ്റൊന്നും പറയാതെ തന്‍റെ വഴിക്കു പോകുന്നു. ഇങ്ങിനെയുള്ള ഡോക്‌ടര്‍മാര്‍ താഴേക്കിടയിലുള്ളവരാണ്‌. ഇങ്ങിനെയുള്ള ഗുരുക്കന്മാരുണ്ട്. അവര്‍ തങ്ങള്‍ പറയുന്നത്‌ മറ്റുള്ളവര്‍ മാനിക്കുന്നുണ്ടോ, പിന്‍തുടരുന്നുണ്ടോ എന്നൊന്നും നോക്കാറില്ല. രണ്ടാമത്തെ കൂട്ടത്തിലുള്ള ഡോക്‌ടര്‍മാര്‍ രോഗികളോട്‌ മരുന്നു കഴിക്കുക എന്നുപറയുക മാത്രമല്ല, കുറച്ചുകൂടി മുന്‍പോട്ട്‌ പോവുന്നു. വേണമെങ്കില്‍ പരിഭവിച്ചും പിണക്കം നടിച്ചും അവര്‍ മരുന്നു കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും പാതയില്‍ സഞ്ചരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന മതപണ്ഡിതന്മാര്‍ ഈ ഗണത്തില്‍പ്പെടുന്നു.

മൂന്നാമത്തെ കൂട്ടര്‍ ഏറ്റവും ഉന്നതരായ ഡോക്‌ടര്‍മാരാണ്‌. അവര്‍ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ രോഗികളോട്‌ ബലപ്രയോഗത്തിനും മടിക്കില്ല. വേണ്ടിവന്നാല്‍ കാല്‍മുട്ട്‌ നെഞ്ചത്തു കേറ്റിവെച്ച്‌ മരുന്ന്‍ വായിലൊഴിച്ചു കൊടുക്കും. അങ്ങിനെയുള്ള ഗുരുക്കന്മാരുണ്ട്. ഈശ്വരന്‍റെ പാതയില്‍ തങ്ങളുടെ ശിഷ്യന്മാരെ നടത്തുന്നതിനുവേണ്ടി അവര്‍ ബലപ്രയോഗം നടത്തും. അവര്‍ ഏറ്റവും ഉന്നതന്മാരുടെ കൂട്ടത്തില്‍പ്പെടും. ഡോക്‌ടര്‍മാരുടെ കൂട്ടത്തിലും സന്യാസിമാരുടെ കൂട്ടത്തിലും മാത്രമല്ല, ജീവിതത്തിലെ എല്ലാ തുറകളിലും ഈ മൂന്നു തരത്തിലുള്ള ആളുകളുണ്ട് ‌. മൂന്നാമത്തെ കൂട്ടരെ ഉയര്‍ത്തിക്കാട്ടുക വഴി ശ്രീരാമകൃഷ്‌ണന്‍ തന്‍റെ ജനസമ്മതി താഴോട്ടുപോകാനുള്ള സാധ്യത ഏറ്റെടുക്കുകയായിരുന്നു - ക്രൂരനെന്നോ, കപടസന്യാസിയെന്നോ അദ്ദേഹത്തെ വിളിക്കപ്പെടാനുള്ള സാധ്യത. അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം അതിന്‌ തയ്യാറായി.

ഈ ഗണത്തില്‍പ്പെടുന്ന ഗുരുക്കന്മാര്‍ എന്തുകൊണ്ട് ‌ ഉണ്ടാകുന്നു എന്നും എന്തുകൊണ്ടാണ്‌ അവരുടെ ആവശ്യം ഉണ്ടാകുന്നതെന്നും നോക്കാം. അതിന്‌ കാരണം, നിങ്ങളുടെ പ്രകൃതം അനുസരിച്ച്‌ സ്വയം നിങ്ങള്‍ക്ക്‌ അവിടെ എത്താന്‍ കഴിയുകയില്ല എന്നതാണ്‌. തവളയെ നോക്കൂ, കൊതുകിനെ കണ്ടാല്‍ ഉടന്‍ ചാടും. എന്തിന്റേയോ പുറകേകൂടി ഈ വഴിക്ക്‌ വന്നതാണെങ്കിലും, പെട്ടന്നൊരു കൊതുകിനെ കണ്ടാല്‍ വന്നതെന്തിനാനെന്നുള്ള കാര്യം മറന്ന്, അത്‌ കൊതുകിനെ നോട്ടമിടും. നിങ്ങളുടെയും പോക്ക് ഇത്തരത്തിലാണെങ്കില്‍ നിങ്ങളെവിടെയും എത്തുകയില്ല. കൂടിപ്പോയാല്‍ വയറുനിറയ്ക്കാന്‍ പറ്റും, അത്രതന്നെ. വയറു നിറയ്ക്കലാണ്‌ ജീവിതത്തിലെ ഒരേ ഒരു ഉദ്ദേശ്യമെങ്കില്‍, ഭക്ഷണം എവിടെയുണ്ടോ അവിടേയ്ക്ക്‌ മണംപിടിച്ച്‌ നിങ്ങള്‍ പോകും. നായ്ക്കള്‍ മണം പിടിക്കുന്നത്‌ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ, എവിടെ ഭക്ഷണമുണ്ടോ, എവിടെ ആനന്ദം ഉണ്ടോ അവിടേക്ക്‌ അവര്‍ പോകും.

വയറു നിറയ്ക്കലാണ്‌ ജീവിതത്തിലെ ഒരേ ഒരു ഉദ്ദേശ്യമെങ്കില്‍, ഭക്ഷണം എവിടെയുണ്ടോ അവിടേയ്ക്ക്‌ മണംപിടിച്ച്‌ നിങ്ങള്‍ പോകും

ഒരിക്കല്‍ നിങ്ങള്‍ ആദ്ധ്യാത്മികപാതയില്‍ ആയാല്‍, അതാണ്‌ ലക്ഷ്യമെന്ന്‍ തീരുമാനിച്ചാല്‍, ഈ മണംപിടിച്ചു പോവുന്ന സ്വഭാവം നിങ്ങള്‍ നിര്‍ത്തണം, എന്തു കൊണ്ടെന്നാല്‍ അതിന്‍റെ പാതയിലുടനീളം സുഗന്ധം പരത്തുന്ന പലതുമുണ്ടാവും. ആ സുഗന്ധങ്ങളുടെ പിറകെ പോയാല്‍ ഈ ജന്മത്തിലും അടുത്ത ജന്മത്തിലും നിങ്ങള്‍ എവിടെയും എത്തില്ല. ഭൌതികമായ ആഗ്രഹപൂര്‍ത്തീകരണത്തിനായി ആളുകള്‍ ഏകാഗ്രതയോടെ തങ്ങളുടെ പ്രവൃത്തി ചെയ്യുന്നതു കാണാം. അത്‌ ധനസമ്പാദനമായാലും മറ്റു സുഖസൌകര്യങ്ങളായാലും നുറുശതമാനം ആത്മാര്‍ത്ഥതയോടെ അതിനായി ശ്രമിക്കുന്നു. ഈ കാര്യങ്ങള്‍കൂടി അങ്ങിനെയാണെങ്കില്‍ ഏറ്റവും മഹത്തായത്‌ നേടുന്നതിന്‌ നിങ്ങള്‍ ഏങ്ങിനെയായിരിക്കണമെന്നത്‌ ഊഹിക്കാവുന്നതേയുള്ളു. അതിനെക്കുറിച്ച്‌ ഞാന്‍ എന്തുതന്നെ പറഞ്ഞാലും അത്‌ കുറഞ്ഞുപോകും. ആത്മീയതയുടെ മാര്‍ഗത്തില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്, എന്നാല്‍ അതിനെയെല്ലാം സധൈര്യം, ചങ്കുറപ്പോടെ, നിശ്ചയദാര്‍ഢ്യത്തോടെ നേരിടണം, അല്ലെങ്കില്‍ നിങ്ങളുടെ ഉദ്ദേശം നടക്കില്ല.

 
 
 
 
  0 Comments
 
 
Login / to join the conversation1