ഉപാധികളില്ലാതെ എങ്ങനെ സ്നേഹിക്കാം?
ബന്ധങ്ങളുടെ പ്രകൃതത്തെ പറ്റിയുള്ള സദ്ഗുരുവിന്‍റെ പ്രഭാഷണത്തില്‍ ഉപാധികളോടു കൂടിയുള്ള സ്നേഹമെന്നോ ഉപാധികളില്ലാത്ത സ്നേഹമെന്നോ ഒന്നില്ലെന്നു അദ്ദേഹം പറഞ്ഞു. ‘ഒന്നുകില്‍ സ്നേഹമുണ്ട്, അല്ലെങ്കില്‍ സ്നേഹമില്ല’ അദ്ദേഹം പറയുന്നു. ആരെന്തു നല്‍കുന്നു എന്നു നോക്കാതെ എപ്രകാരം ബന്ധം നല്ല നിലയില്‍ നിര്‍വ്വഹിക്കാനാകും എന്ന് അദ്ദേഹം ചര്‍ച്ച ചെയ്യുന്നു.
 
 

ചോദ്യം: ഉപാധികളില്ലാതെ എപ്രകാരം സ്നേഹിക്കാം. ജനങ്ങളുമായി ഇടപെടുമ്പോള്‍ പ്രത്യേകിച്ച് എന്‍റെ ഭാര്യയുമായി ഇടപെടുമ്പോള്‍ എനിക്കിത്തരത്തിലുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു.

സദ്ഗുരു: ഉപാധികളില്ലാതെയാണ് ഇതുണ്ടാകുന്നതെങ്കില്‍ അവര്‍ നിങ്ങളുടെ ഭാര്യയാവില്ല. വിവാഹത്തിന്‍റെ ഒരു കണ്ടിഷന്‍ ആണ് അവര്‍ സദാ നിങ്ങളുടെ പത്നിയായിരിക്കുക എന്നത്. ഈ ഉപാധിക്കുള്ളില്‍ എങ്ങനെയാണത് നിരുപാധികമാവുക. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ജീവിതം തന്നെ ഒരു കണ്ടിഷനാണ്. ചില ഉപാധികള്‍ നിങ്ങള്‍ നിറവേറ്റുമ്പോള്‍ മാത്രമാണ് ജീവിതം ജീവിതമാകുന്നത്. അതു സ്നേഹം പോലുള്ള ഒരു വികാരത്തിലേക്ക് വരുമ്പോള്‍ അവിടെ ഉപാധിയോടെയുള്ള സ്നേഹമോ ഉപാധിയില്ലാത്ത സ്നേഹമോ ഇല്ല. ഒന്നുകില്‍ സ്നേഹമുണ്ട്, അല്ലെങ്കില്‍ സ്നേഹമില്ല. ഒന്നുകില്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സ്നേഹത്തെ അറിയുന്നു. അല്ലെങ്കില്‍ ഒരു അന്യോന്യ നേട്ടമുണ്ടാക്കുന്ന ഒരു പദ്ധതിയായി നിങ്ങള്‍ ജീവിതത്തെ അറിയുന്നു. ഞാന്‍ നിനക്കിതു തരുന്നു, പകരം നീയെനിക്കത് തരണം. നീയെനിക്കിത് തരുന്നില്ലെങ്കില്‍ ഞാന്‍ നിനക്കതു തരില്ല. ഇത് ഒരന്യോന്യ സഹായ പദ്ധതിയാണെങ്കില്‍ അതു നല്ല നിലയില്‍ നടന്നു പോകുന്നു.

സ്നേഹം പോലുള്ള ഒരു വികാരത്തിലേക്ക് വരുമ്പോള്‍ അവിടെ ഉപാധിയോടെയുള്ള സ്നേഹമോ ഉപാധിയില്ലാത്ത സ്നേഹമോ ഇല്ല. ഒന്നുകില്‍ സ്നേഹമുണ്ട്, അല്ലെങ്കില്‍ സ്നേഹമില്ല.

പരസ്പര സഹായ പദ്ധതികള്‍ ആവശ്യമാണ്. വ്യാപാരത്തിലെ കൂട്ടാളികള്‍, അയല്‍ക്കാര്‍, ഭര്‍ത്താവ്, ഭാര്യ, മക്കള്‍, അച്ഛന്‍, അമ്മയൊക്കെ സ്നേഹത്തിന്‍റെ ഒരു കവിഞ്ഞൊഴുകലായി നിങ്ങള്‍ കാണുകയാണെങ്കില്‍ നിങ്ങളിപ്പോഴും ഒരു സ്വപ്നലോകത്തിലാണ്. നിങ്ങളുടെ ഭാര്യ നിങ്ങളെ മണ്ണിലേക്കിറക്കി കൊണ്ടു വരും. കാല്‍പനികത നല്ലതാണ്.പക്ഷെ അത് ബന്ധങ്ങളിലേക്ക് വരുമ്പോള്‍ അവിടെ ഒരു കൈമാറ്റം ചെയ്യല്‍ ഉണ്ട്. അത് നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു യാതനയനുഭവിക്കേണ്ടി വരും. നിങ്ങള്‍ ഇത് അംഗീകരിക്കുകയാണെങ്കില്‍ ഇത് നന്നായി നടത്തുവാന്‍ നിങ്ങള്‍ക്കു സാധിക്കും. “ഞാനെത്രയോ നിനക്കു തന്നു, നീയെന്താണെനിക്ക് തരുന്നത്?” എന്നു നിങ്ങള്‍ പറയുകയാണെങ്കില്‍ അത് വൃത്തികേടാണ്. ജീവിതത്തെ നല്ല നിലയില്‍ നടത്തികൊണ്ടു പോകുവാന്‍ഒരു വഴിയുണ്ട്. നിങ്ങളെന്തു കൊടുക്കുന്നുവോ, അതാരുമറിയാതെയായിരിക്കണം.

ഉദാരവാനായ സോദരര്‍

എന്‍റെ മുതുമുത്തശ്ശി എനിക്കു പല കഥകളും പറഞ്ഞു തരികയുണ്ടായി. അവയിലേറ്റവും മനസ്സില്‍ പതിഞ്ഞ ഒരു കഥയാണിത്. ഇതെന്‍റെ മനസ്സിനെ രൂപപ്പെടുത്തിയ ഒരു കഥയാണ്. ഒരു ഭാര്യയും ഭര്‍ത്താവും ഉണ്ടായിരുന്നു; അവര്‍ക്കു രണ്ടാണ്‍മക്കളും. മക്കള്‍ വളര്‍ന്നു വലുതായി. അവര്‍ അച്ഛനോടൊപ്പം കഠിനമായി വേല ചെയ്തു. അവര്‍ക്ക് നല്ല അഭിവൃദ്ധിയുണ്ടായി. പിതാവ് വാര്‍ധക്യത്തിലെത്തുകയും അന്ത്യദിവസത്തോടടുക്കുകയും ചെയ്തപ്പോള്‍ മക്കളോട് ഇപ്രകാരം പറഞ്ഞു: “ ഞാനേതു സമയത്തും മരിച്ചു പോകാം, നിങ്ങളൊരു കാര്യം സദാ ഓര്‍ക്കണം. നമ്മുടെ ഭൂമിയില്‍ നിന്നും കിട്ടുന്നത് നിങ്ങള്‍ പാതി വീതം എടുക്കണം, ഒരിക്കലും നിങ്ങളതിനെ പറ്റി തര്‍ക്കമോ എതിര്‍പ്പോ കലഹമോ ഒന്നും ഉണ്ടാക്കരുത്”. വൃദ്ധന്‍ മരിച്ചു.

സോദരര്‍ ഒന്നിച്ചു ജീവിക്കുകയും കൃഷിയില്‍ നിന്നും കിട്ടുന്ന വിഭവങ്ങള്‍ തുല്യമായി പങ്കിട്ടെടുക്കുകയും ചെയ്തു. അവരിലൊരാള്‍ വിവാഹിതനാവുകയും അയാള്‍ക്ക് അഞ്ചു മക്കള്‍ ഉണ്ടാവുകയും ചെയ്തു. മറ്റേയാള്‍ വിവാഹിതനാകാതെ ജീവിച്ചു. അപ്പോഴും അവര്‍ പാതി വീതം പങ്കിട്ടെടുക്കുകയും ചെയ്തു.

ഒരു നാള്‍ അവിവാഹിതനായ സോദരന്‍റെ തലയില്‍ ഒരു ചിന്ത കടന്നു വന്നു. അയാള്‍ ചിന്തിച്ചു..... “എന്‍റെ സഹോദരന് ഒരു ഭാര്യയും അഞ്ചു മക്കളുമുണ്ട്. അവരെ പരിപാലിക്കണം.ഞാനാണെങ്കില്‍ തനിച്ചാണ്. എന്നിട്ടും വരുമാനത്തിന്‍റെ പകുതിയും ഞാനെടുക്കുന്നു, സഹോദരനും പകുതിയേ ഉള്ളൂ. ഇതു ശരിയല്ല. പക്ഷേ പിതാവിന്‍റെ ഇച്ഛയനുസരിച്ചാണ് ഇപ്രകാരം ചെയ്യുന്നത്. സഹോദരനാണെങ്കില്‍ വളരെ അഭിമാനിയാണ്‌. ഞാന്‍ വല്ലതും കൊടുത്താല്‍ അത് വാങ്ങുകയുമില്ല. അതു കൊണ്ട് വേറെ വഴി നോക്കണം.”

ഒരിക്കല്‍ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞതോടെ ഓരോ രാത്രിയിലും അയാള്‍ രഹസ്യമായി ചാക്കു നിറയെ ധാന്യവുമായി സഹോദരന്‍റെ പത്തായത്തിലേക്ക് കൊണ്ടു പോയി നിക്ഷേപിക്കാന്‍ തുടങ്ങി.

ഇതേ ചിന്ത അദ്ദേഹത്തിന്‍റെ സഹോദരന്‍റെ തലയിലും കയറികൂടി. അയാള്‍ ചിന്തിച്ചു. “എനിക്ക് ഭാര്യയും അഞ്ചു മക്കളുമുണ്ട്. അവര്‍ കുറച്ചു കൂടി കഴിഞ്ഞാല്‍ മുതിര്‍ന്നവരാകും. എന്‍റെ സഹോദരന് ആരുമില്ല. കുറച്ചു കഴിഞ്ഞാല്‍ അയാള്‍ ബുദ്ധിമുട്ടും. അതു കൊണ്ട് എന്‍റെ വരുമാനത്തില്‍ നിന്ന് അദ്ദേഹം അറിയാതെ വല്ലതും ചെയ്യണം.”

അന്നു രാത്രി തന്നെ അദ്ദേഹം സഹോദരന്‍റെ പത്തായത്തിലേക്ക് ഓരോ ചാക്ക് ധാന്യം രഹസ്യമായി കൊണ്ട് പോയി നിക്ഷേപിക്കാന്‍ തുടങ്ങി.

അവര്‍ക്ക് പ്രായം കൂടിക്കൊണ്ടിരുന്നു. അപ്പോഴും അവര്‍ രഹസ്യമായി ധാന്യം പരസ്പരം പത്തായങ്ങളില്‍ നിറച്ചു കൊണ്ടിരുന്നു. ഒരു രാത്രിയില്‍ അവര്‍ പരസ്പരം കണ്ടുമുട്ടി. അവര്‍ അന്യോന്യം നോക്കി. പെട്ടെന്ന് ഇക്കാലം വരെ അവര്‍ ആരുമറിയാതെ ചെയ്തു കൊണ്ടിരുന്നത് എന്താണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ പതിവ് പോലെ പരസ്പരം പത്തായങ്ങളില്‍ ധാന്യം നിക്ഷേപിക്കുകയും ഒന്നും സംഭവിക്കാത്തത് പോലെ കിടന്നുറങ്ങുകയും ചെയ്തു.

കാലം കടന്നു പോയി. ആ സോദരര്‍ മരിച്ചു പോയി. നഗരവാസികളായ ജനങ്ങള്‍ ഒരു ക്ഷേത്രം പണിയാന്‍ ആലോചിക്കുകയും അതിനു പറ്റിയ ഒരു ശുദ്ധമായ സ്ഥലം വേണമെന്ന് ആലോചിക്കുകയും ചെയ്തു. അപ്പോള്‍ വ്വ സോദരര്‍ അന്യോന്യം അറിയാതെ രഹസ്യമായി ചുമലില്‍ ധാന്യം നിറച്ച ചാക്കുമായി പോയപ്പോള്‍ പരസ്പരം കണ്ടുമുട്ടിയ ആ പ്രത്യേക സ്ഥലത്ത് ക്ഷേത്രമുണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഉദാരമനസ്ഥിതിയോടെ ജീവിച്ച സോദരര്‍ പരസ്പരം കണ്ടു മുട്ടിയ ആ ഇടം ദിവ്യമായി മാറി. ഇപ്രകാരം നിങ്ങള്‍ ജീവിക്കുമ്പോള്‍ നിങ്ങള്‍ ജീവനുള്ള ഒരു ദേവാലയമാണ്. അപ്പോള്‍ നിങ്ങള്‍ക്ക് ഉപാധികളില്ലാത്ത സ്നേഹത്തെപറ്റി, ഉപാധികളുള്ള സ്നേഹത്തെ പറ്റി ഒന്നും ചിന്തിക്കാനാവില്ല.

കൃതജ്ഞതയുടെ ഒരു തടാകം

നിങ്ങള്‍ എന്തു കൊടുക്കുന്നു എന്നു കണക്കാക്കാതെ എപ്പോഴും നിങ്ങള്‍ക്ക് എന്തു കിട്ടി എന്ന് നിങ്ങള്‍ ഓര്‍ത്തു കൊണ്ടിരിക്കുകയാണെങ്കില്‍ സ്വാഭാവികമായും നിങ്ങള്‍ കൃതജ്ഞതയുടെ ഒരു പൊയ്കയായി മാറും. ഞാനെത്രയേറെ ചെയ്തു, എന്നാ തലതിരിഞ്ഞ ചിന്തയെ കൈവെടിയുക. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പമായി ജീവിക്കാന്‍ കഴിയും. നിങ്ങള്‍ ആരില്‍ നിന്നെങ്കിലും എന്തെങ്കിലും പ്രതീക്ഷിക്കുകയാണെങ്കില്‍, മറ്റുള്ളവര്‍ എന്നെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ സ്വയം ചോദിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ പ്രശ്നങ്ങള്‍ മുഴുവന്‍ പൊന്തി വരുന്നു. നിങ്ങള്‍ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെയിരുന്നാല്‍, അവരതു ചെയ്യുകയാണെങ്കില്‍, അവര്‍ക്കത്‌ വിസ്മയകരമായിരിക്കും. അവരത് ചെയ്യുന്നില്ലെങ്കില്‍ എന്താണ് പ്രശ്നം? ഒരു ബന്ധം എന്നത് അന്യോന്യ വിനിമയമാണ്. ഇത് നന്നായി നടക്കുവാന്‍ ഒരു പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമാണ്. അല്ലെങ്കിലത്‌ വൃത്തികേടായി മാറും.

നിങ്ങള്‍ എന്തു കൊടുക്കുന്നു എന്നു കണക്കാക്കാതെ എപ്പോഴും നിങ്ങള്‍ക്ക് എന്തു കിട്ടി എന്ന് നിങ്ങള്‍ ഓര്‍ത്തു കൊണ്ടിരിക്കുകയാണെങ്കില്‍ സ്വാഭാവികമായും നിങ്ങള്‍ കൃതജ്ഞതയുടെ ഒരു പൊയ്കയായി മാറും.

ഇതു ചിലര്‍ക്ക് എത്ര വിസ്മയകരമാണെന്ന് ഒരു ദിവസം നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കാം, അതേ വ്യക്തിക്ക് മറ്റൊരു ദിവസം ഇത് എത്ര വൃത്തികേടായി തീരുന്നുവെന്നും നിങ്ങള്‍ക്കു കാണാനാകും.

നിര്‍ഭാഗ്യത്തിന്, ഒരു ബന്ധം എന്നത് ഒരു പരസ്പര വിനിമയമാണെന്ന് ഏറെപ്പേരും മനസ്സിലാക്കുന്നില്ല. ഇതിനു ചില പ്രത്യേക അടിസ്ഥാന നിയമങ്ങളും ഉപാധികളുമുണ്ട്. ഈ നിയമങ്ങള്‍ക്കും ഉപാധികള്‍ക്കുമൊപ്പം നിങ്ങള്‍ പുലരുകയാണെങ്കില്‍ ബന്ധങ്ങള്‍ വിജയകരമാക്കി തീര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതാണ്. “നമ്മുടെ സ്നേഹം ഉപാധികളില്ലാത്തതാണ്”, എന്നു തുടങ്ങിയ കാല്‍പനികമായ സാങ്കല്‍പിക ആശയങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ആ ബന്ധം ശിഥിലമായിത്തീരും.

ഉപാധികളില്ലാത്ത സ്നേഹത്തിന്‍റെ ആശയത്തില്‍ സ്വയം നഷ്ടപ്പെട്ടു പോവാതിരിക്കുക, സ്നേഹമെന്നതു തന്നെ ഒരു ഉപാധിയാണ്. നിങ്ങള്‍ എന്തിനു സ്നേഹിക്കണം. നിങ്ങളുടെ വികാരങ്ങള്‍ മധുരമാണെങ്കില്‍ നിങ്ങള്‍ എന്തിനു നേരെ നോക്കുമ്പോഴും നിങ്ങള്‍ സ്നേഹവാനായി കാണപ്പെടുന്നു. അത് ആകാശമായാലും, ഒരു തടാകമായാലും, ഒരു പുരുഷനായാലും, ഒരു സ്ത്രീ ആയാലും – നിങ്ങള്‍ പ്രകൃതിയില്‍ സ്നേഹവാനാണ് എന്നതു തന്നെ, അവിടെ അതില്‍ ഒരു ഉപാധിയുമില്ല. അതു നിങ്ങളുടെ വിശേഷതയാണ്, മറൊരാളുടേതുമല്ല.

 
 
 
 
  0 Comments
 
 
Login / to join the conversation1