യോഗ - ആന്തരിക ഊര്‍ജ്ജത്തെ ഉച്ചകോടിയിലെത്തിക്കാനുതകുന്ന ശാസ്ത്രം
അന്വേഷി : സദ്‌ഗുരു, ഇന്നത്തെ ചുറ്റുപാടില്‍ കൂടുതല്‍ ഫലവത്തായ രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ യോഗ എന്നെ എത്രത്തോളം സഹായിക്കും?പലതരത്തിലുള്ള യോഗ ഇപ്പോള്‍ നിലവിലുണ്ട്‌. ഇതില്‍ എനിക്ക്‌ പറ്റിയ യോഗ ഏതാണെന്ന്‍ എങ്ങിനെ അറിയും?
 
 

सद्गुरु

അന്വേഷി : സദ്‌ഗുരു, ഇന്നത്തെ ചുറ്റുപാടില്‍ കൂടുതല്‍ ഫലവത്തായ രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ യോഗ എന്നെ എത്രത്തോളം സഹായിക്കും?പലതരത്തിലുള്ള യോഗ ഇപ്പോള്‍ നിലവിലുണ്ട്‌. ഇതില്‍ എനിക്ക്‌ പറ്റിയ യോഗ ഏതാണെന്ന്‍ എങ്ങിനെ അറിയും?

അന്വേഷി : സദ്‌ഗുരു, ഇന്നത്തെ ചുറ്റുപാടില്‍ കൂടുതല്‍ ഫലവത്തായ രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ യോഗ എന്നെ എത്രത്തോളം സഹായിക്കും?

സദ്‌ഗുരു : യോഗ എന്നുപറയുമ്പോള്‍ പലരും അര്‍ത്ഥമാക്കുന്നത്‌ ശരീരം പലതരത്തില്‍ വളച്ചൊടിച്ചു ചെയ്യുന്ന വ്യായാമ മുറകളാണെന്നാണ്‌. എന്നാല്‍ യോഗ എന്നത് അതല്ല; പൂര്‍ണമായും സ്വരതാളലയത്തിലിരിക്കുക എന്നതാണ്‌. ശരീരവും, മനസ്സും, ആത്മാവും, ജീവിതരീതിയും ഏകഭാവത്തിലിരിക്കുക. അതായത്, നിങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും സുന്ദരമാവുന്ന നിലയിലേക്ക്‌ പാകപ്പെടുത്തിയാല്‍, സ്വാഭാവികമായി നിങ്ങളുടെ എല്ലാ കഴിവുകളും പുറത്തേക്കൊഴുകും. എപ്പോഴൊക്കെ സന്തുഷ്‌ടനായിരിക്കുന്നുവോ, അപ്പോഴൊക്കെ ഊര്‍ജം കൂടുതല്‍ ഭംഗിയായി പ്രവര്‍ത്തിക്കും. സന്തോഷവാനായിരിക്കുമ്പോള്‍ നിങ്ങളുടെ ഊര്‍ജം അനന്തമായിരിക്കുമെന്നത്‌ അനുഭവപ്പെട്ടിട്ടില്ലേ? ഭക്ഷണം കഴിച്ചില്ല, ഉറങ്ങിയില്ല എന്നതൊന്നും ആ സമയം കാര്യമാക്കില്ല, നിങ്ങള്‍ അറിയാതെതന്നെ, യാതൊരു ബദ്ധപ്പാടുമില്ലാതെ ദൈനംദിനജീവിതം മുന്‍പോട്ട് പൊയ്ക്കൊണ്ടിരിക്കും. ഒരല്‍പം ആനന്ദം, അത് മതി, അത് നിങ്ങളുടെ ഊര്‍ജത്തിന്‍റെയും ശേഷിയുടെയും സാധാരണ പരിമിതികളില്‍ നിന്ന്‍ നിങ്ങളെ മോചിപ്പിക്കുന്നു.

നിങ്ങള്‍ക്ക്‌ എവിടെയെങ്കിലും എത്തിച്ചേരാന്‍ ഈ നാലു മാര്‍ഗങ്ങളേയുള്ളു – കര്‍മമോ, ജ്ഞാനമോ, ഭക്തിയോ, ക്രിയയോ – ശരീരം, മനസ്സ്‌, വികാരം, ഊര്‍ജം. നിങ്ങള്‍ക്ക്‌ സ്വയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ ഇവ മാത്രമാണ്

നിങ്ങളുടെ ശരീരവും മനസ്സും വികാരങ്ങളും പ്രവര്‍ത്തനക്ഷമതയുടെ ഉച്ചകോടിയില്‍ എത്തിച്ചേരുംവിധം ആന്തരിക ഊര്‍ജത്തെ സജ്ജമാക്കുന്ന ശാസ്‌ത്രമാണ്‌ യോഗ. രണ്ടു ദിവസം ഞാന്‍ ഉറങ്ങിയില്ലെങ്കിലലും, ഒരു വ്യത്യാസവും നിങ്ങള്‍ക്ക്‌ കണ്ടുപിടിക്കാനാവില്ല. ദിവസം മുഴുവന്‍ കര്‍മോജ്വലനാവാന്‍ എനിക്ക്‌ കഴിയും. നിങ്ങളുടെ ശരീരവും മനസ്സും തികച്ചും വ്യത്യസ്‌തമായ വിശ്രമത്തിലും പരമാനന്ദത്തിലും ആയിരിക്കുമ്പോള്‍, ഭൂരിപക്ഷം ജനങ്ങളും അനുഭവിക്കുന്ന യാതനകളില്‍നിന്ന്‍ നിങ്ങള്‍ക്കു മോചിതനാകാന്‍ കഴിയും. ഓഫീസില്‍ വന്നിരുന്നാലുടന്‍ വല്ലാത്ത തലവേദന അനുഭവപ്പെടുന്നു എന്ന്‍ കരുതുക. നിങ്ങളുടെ തലവേദന ഒരു രോഗമൊന്നുമല്ല, എങ്കിലും അതാ ദിവസത്തെ മുഴുവന്‍ നിര്‍വീര്യമാക്കും, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ. യോഗ പരിശീലനം കൊണ്ട്‌ നിങ്ങളുടെ ശരീരവും മനസ്സും അതിന്‍റെ ഉച്ചകോടിയിലെത്തും.

ഇതിന്‌ വിവിധ തലങ്ങളുണ്ട്‌. ഊര്‍ജം കര്‍മോന്മുഖമാവുമ്പോള്‍ ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ നിങ്ങള്‍ക്കാവും. ഇപ്പോള്‍ ഇവിടെ ഇരിക്കുമ്പോള്‍ നിങ്ങള്‍ സ്വയം വിവക്ഷിക്കുന്നത്‌ ഒരു വ്യക്തിയായിട്ടാണ്‌. നിങ്ങളെ നിങ്ങള്‍ പല വിഷയങ്ങളോടും താദാത്മ്യപ്പെടുത്തുന്നു. പക്ഷേ `ഞാന്‍’ എന്ന്‍ ഉദ്ദേശിക്കുന്നത്‌ നിശ്ചിത തോതിലുള്ള ഊര്‍ജം മാത്രമാണ്‌. ആധുനികശാസ്‌ത്രം ഇന്ന്‍ പറയുന്നത്‌, എല്ലാ നിലനില്‍പും ഊര്‍ജത്തിന്‍റെ വ്യത്യസ്‌ത രീതിയിലുള്ള ആവിഷ്‌കാരം മാത്രമാണെന്നാണ്‌. അങ്ങനെയാണെങ്കില്‍ എല്ലാ ജീവജാലങ്ങളും അല്‍പം ഊര്‍ജത്തിന്‍റെ പ്രത്യേക രീതിയിലുള്ള പ്രവര്‍ത്തനം മാത്രമാണെന്ന്‍ വ്യക്തം. ശാസ്‌ത്രത്തെ സംബന്ധിച്ചിടത്തോളം `ഞാന്‍’ എന്ന്‍ നിങ്ങള്‍ വിശേഷിപ്പിക്കുന്ന ഇതേ ഊര്‍ജം, ഇവിടെ ഒരു പാറയാകാം, അവിടെ ഒരു മണല്‍ത്തരിയായി കിടക്കാം, ഒരു വൃക്ഷമായി ഉയര്‍ന്നു നില്‍ക്കാം, ഒരു പട്ടിയെപ്പോലെ കുരയ്ക്കാം, അതുമല്ലെങ്കില്‍ നിങ്ങളായി ഇവിടെ ഇരിക്കുകയും ആവാം. എല്ലാം ഒരേ ഊര്‍ജത്തിന്‍റെ വ്യത്യസ്‌തശേഷിയിലുള്ള പ്രവര്‍ത്തനം മാത്രം.

മനുഷ്യരുടെ കാര്യത്തില്‍ നോക്കിയാല്‍, നാമെല്ലാം ഒരേ ഊര്‍ജത്തിലാണ്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നതെങ്കിലും, പ്രവര്‍ത്തനശേഷി ഒരേ തരത്തിലല്ല. നിങ്ങള്‍ പറയുന്ന കഴിവ്‌ അല്ലെങ്കില്‍ പ്രതിഭ, നിങ്ങളുടെ സൃഷ്‌ടിപരമായ പാടവം ഇതെല്ലാം നിങ്ങളുടെ ഊര്‍ജത്തിന്‍റെ ഓരോ രീതിയിലുള്ള പ്രവര്‍ത്തനം മാത്രം. ഈ ഊര്‍ജം ഒരു ചെടിയില്‍ റോസാ പുഷ്‌പങ്ങള്‍ വിരിയിക്കാന്‍ പ്രവര്‍ത്തിക്കുന്നു, മറ്റൊരു ചെടിയിലാകട്ടെ മുല്ലപ്പൂക്കള്‍ വിരിയിക്കാന്‍ പ്രവര്‍ത്തിക്കുന്നു, എന്നാല്‍ ഇതെല്ലാം ഒരേ ഊര്‍ജത്തിന്‍റെ വ്യത്യസ്‌ത ആവിഷ്‌ക്കാരങ്ങള്‍ മാത്രം. നിങ്ങളുടെ ഊര്‍ജത്തിനുമേല്‍ അല്‍പം മേധാവിത്വം നേടാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ നിങ്ങള്‍ അസാധ്യമെന്ന്‍ കരുതിയിരുന്ന പല കാര്യങ്ങളും വളരെ ലളിതമായി നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയും. യോഗപരിശീലനം ആരംഭിച്ച പലര്‍ക്കും അതാണനുഭവം. നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ സാഹചര്യങ്ങളെ സൃഷ്‌ടിച്ചെടുക്കാനുള്ള ഒരു ആന്തരിക സാങ്കേതിക വിദ്യയാണത്‌.

നമ്മള്‍ ഇന്ന്‍ മണിമന്ദിരങ്ങള്‍ കെട്ടിപ്പടുക്കുന്ന അതേ മണ്ണുപയോഗിച്ചുതന്നെയാണ്‌ ആദ്യകാലത്ത്‌ ആളുകള്‍ ചെറിയ കുടിലുകള്‍ നിര്‍മിച്ചിരുന്നത്‌. മണ്ണുകൊണ്ട് ചെറിയ കുടിലുകള്‍ മാത്രമേ നിര്‍മിക്കാന്‍ കഴിയൂ എന്നാണ്‌ അന്ന്‍ അവര്‍ ചിന്തിച്ചിരുന്നത്‌. അതേ മണ്ണുകൊണ്ട്‌ നമ്മള്‍ കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചില്ലേ? കമ്പ്യൂട്ടര്‍ എന്ന്‍ നിങ്ങള്‍ പറയുന്നത്‌ മണ്ണല്ലെങ്കിലും, ഭൂമിയില്‍ നിന്ന്‍ കുഴിച്ചെടുത്ത സാധനങ്ങള്‍ കൊണ്ട്‌ നിര്‍മിച്ചതാണ്‌. മണ്ണില്‍നിന്ന്‍ കുഴിച്ചെടുക്കുന്ന സാധനങ്ങള്‍ കൊണ്ട്‌ പാത്രങ്ങളും ഇഷ്‌ടികകളും മാത്രമേ നിര്‍മിക്കാന്‍ കഴിയൂ എന്നാണ്‌ നാം ചിന്തിച്ചിരുന്നത്‌. ഇപ്പോള്‍ നാം ഭൂമി കുഴിച്ച്‌ കമ്പ്യൂട്ടറുകളും കാറുകളും ബഹിരാകാശപേടകങ്ങള്‍ പോലും നിര്‍മിക്കുന്നു. ഒരേ ഊര്‍ജത്തെ കൂടുതല്‍ ഉന്നതങ്ങളായ സാധ്യതകള്‍ക്കുവേണ്ടി നാം ഉപയോഗിക്കുന്നു.

ഇതുപോലെതന്നെയാണ്‌ നമ്മുടെ ആന്തരിക ഊര്‍ജവും. ഉന്നതമായ സാധ്യതകളിലേക്ക്‌ ഈ ഊര്‍ജത്തെ എങ്ങിനെ വിനിയോഗിക്കാം എന്നതിനെപ്പറ്റി ഒരു സമൂല സാങ്കേതികവിദ്യതന്നെയുണ്ട്‌. ഓരോ മനുഷ്യനും ഇത്‌ പരീക്ഷിച്ചറിയേണ്ടതാണ്‌, അതല്ലെങ്കില്‍ ജീവിതം തികച്ചും പരിമിതവും ആകസ്‌മികവുമായിത്തീരും. നിങ്ങള്‍ക്ക്‌ എന്തറിയാമോ അതു മാത്രമേ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയൂ. ആന്തരിക ഊര്‍ജത്തെ ക്രിയാത്മകമാക്കാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ കഴിവുകള്‍ വ്യത്യസ്‌ത തലങ്ങളിലേക്ക്‌ വികസിക്കുന്നതായി കാണാം.

അന്വേഷി : സദ്ഗുരു, പലതരത്തിലുള്ള യോഗ ഇപ്പോള്‍ നിലവിലുണ്ട്‌. ഇതില്‍ എനിക്ക്‌ പറ്റിയ യോഗ ഏതാണെന്ന്‍ എങ്ങിനെ അറിയും?

സദ്‌ഗുരു : ഇപ്പോള്‍ നിങ്ങളുടെ അനുഭവത്തിലുള്ളത്‌ നിങ്ങളുടെ ശരീരം, മനസ്സ്‌, പിന്നെ വികാരങ്ങള്‍ ഇവ മാത്രമാണ്‌. അത്‌ ഒരു പരിധിവരെ നിങ്ങള്‍ക്കറിയാം. ഈ മൂന്നു കാര്യങ്ങളും അവയുടെ രീതിയില്‍ സംഭവിക്കുന്നതിന്‌ ഊര്‍ജം ആവശ്യമാണെന്ന്‍ ഊഹിക്കാനാവും, ശരിയല്ലേ? ഊര്‍ജമില്ലാതെ ഒന്നും നടക്കില്ല. മൈക്രോഫോണിനെക്കുറിച്ച്‌ ഒരറിവും ഇല്ലെങ്കില്‍പോലും അതിന്‌ ശക്തിപകരുന്ന ഒരു കേന്ദ്രമുണ്ടെന്ന്‍ ഊഹിക്കാവുന്നതേയുള്ളു. അതിനാല്‍ നിങ്ങളുടെ ജീവിതത്തിലെ നാലു യാഥാര്‍ഥ്യങ്ങള്‍ ഇവയാണ്‌ – ശരീരം, മനസ്സ്‌, വികാരം, ഊര്‍ജം ഇവ മാത്രമാണ് ജീവിതത്തിലെ യാഥാര്‍ഥ്യങ്ങള്‍. നിങ്ങള്‍ക്കെന്തു ചെയ്യണമെങ്കിലും, അതീ നാലു തലങ്ങളില്‍ മാത്രമായിരിക്കും ചെയ്യാനാവുക.

വികാരങ്ങളെ ഉപയോഗിച്ച്‌ പരമസത്യത്തെ അറിയാന്‍ ശ്രമിച്ചാല്‍ അതിനെ ഭക്തിയോഗ എന്നു പറയും; സമര്‍പണത്തിന്‍റെ വഴിയാണത്‌. ബുദ്ധിയുപയോഗിച്ച്‌ ഈ പരമസത്യത്തെ അറിയാന്‍ ശ്രമിക്കുന്നതിനെ ജ്ഞാനയോഗ എന്നു പറയുന്നു; ബുദ്ധിയുടെ വഴി എന്നര്‍ത്ഥം. ശരീരമോ, ശാരീരിക കര്‍മമോ ഉപയോഗിച്ചാണ്‌ പരമസത്യത്തിലെത്താന്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ കര്‍മയോഗ എന്നു പറയും; കര്‍മത്തിന്‍റെ പാത എന്നര്‍ത്ഥം. നിങ്ങളുടെ ഊര്‍ജത്തെ രൂപാന്തരം വരുത്തി അതിലൂടെ പരമസത്യത്തെ അറിയാന്‍ ശ്രമിക്കുന്നതിനെ ക്രിയായോഗ എന്ന്‍ പറയുന്നു; ആന്തരിക ക്രിയ എന്നര്‍ത്ഥം.

നിങ്ങള്‍ക്ക്‌ എവിടെയെങ്കിലും എത്തിച്ചേരാന്‍ ഈ നാലു മാര്‍ഗങ്ങളേയുള്ളു – കര്‍മമോ, ജ്ഞാനമോ, ഭക്തിയോ, ക്രിയയോ – ശരീരം, മനസ്സ്‌, വികാരം, ഊര്‍ജം. നിങ്ങള്‍ക്ക്‌ സ്വയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന നാല്‌ മാര്‍ഗങ്ങള്‍ ഇവ മാത്രമാണ്‌. “അല്ല, അല്ല, ഞാന്‍ വിശ്വാസത്തിന്‍റെ പാതയിലാണ്‌. ഞാന്‍ മറ്റൊന്നും ചെയ്യേണ്ട കാര്യമില്ല.” ഇങ്ങനെ വിശ്വസിക്കുന്നവരും ഇക്കൂട്ടത്തില്‍ കാണും. ശിരസ്സ്‌ മാത്രമായി ആരെങ്കിലും ഇവിടെയുണ്ടോ, ഹൃദയവും കൈകളും ഊര്‍ജവുമില്ലാതെ? ഹൃദയം മാത്രമായി ആരെങ്കിലുമുണ്ടോ, മറ്റൊന്നുമില്ലാതെ? മേല്‍പറഞ്ഞ നാലു കാര്യങ്ങളുടെയും സമ്മിശ്രമാണ് നിങ്ങള്‍. ഒരു വ്യക്തിയില്‍ ഹൃദയത്തിനായിരിക്കാം പ്രാമുഖ്യം, മറ്റൊരു വ്യക്തിക്ക്‌ ശിരസ്സിനായിരിക്കാം പ്രാമുഖ്യം, മൂന്നാമതൊരാള്‍ക്ക്‌ കൈകള്‍ക്കായിരിക്കാം, എന്നാല്‍ എല്ലാവരും നാലിന്‍റെയും ഏകോപനമാണ്‌. നിങ്ങള്‍ക്കാവശ്യമായിട്ടുള്ളത്‌ ഈ നാലിന്‍റെയും ഒരു സമ്മിശ്രമാണ്‌. നാലിനേയും ശരിയായ രീതിയില്‍ യോജിപ്പിച്ചാല്‍ മാത്രമേ അവ ഭംഗിയായി പ്രവര്‍ത്തിക്കുകയുള്ളു.

ഒരാള്‍ക്ക് വേണ്ടി ഞാന്‍ നല്‍കിയത്, നിങ്ങള്‍ക്കു നല്‍കാന്‍ സന്നദ്ധനായാല്‍ അത്‌ നിങ്ങളുടെ കാര്യത്തില്‍ ഭംഗിയായി പ്രവര്‍ത്തിക്കണമെന്നില്ല, എന്തെന്നാല്‍ ആ വ്യക്തിക്ക്‌ വലിയ ഹൃദയവും ചെറിയ ശിരസ്സുമാണുള്ളതെങ്കില്‍, നിങ്ങള്‍ക്കതുപോലെ ആകണമെന്നില്ല. അതിനെ ശരിയായ അനുപാതത്തില്‍ യോജിപ്പിച്ചാല്‍ മാത്രമേ അത്‌ നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയുള്ളു. ആത്മീയതയുടെ പാതയില്‍ സജീവമായി നില്‍ക്കുന്ന ഒരു ഗുരു കടുത്ത സമ്മര്‍ദ്ദത്തിലാകുന്നതിനുള്ള കാരണവും ഇതുതന്നെയാണ്‌. അദ്ദേഹം നിങ്ങള്‍ക്കനുയോജ്യമായ ഒരു മിശ്രിതം തയ്യാറാക്കി നല്‍കുന്നു, അല്ലെങ്കില്‍ ഒരു ഗുണവുമില്ല.

യോഗയുടെ പുരാവൃത്തത്തില്‍ അത്‌ഭുതകരമായ ഒരു കഥയുണ്ട്‌. ഒരുനാള്‍ ഒരു ജ്ഞാനയോഗിയും ഒരു ഭക്തിയോഗിയും ഒരു കര്‍മയോഗിയും ഒരു ക്രിയായോഗിയും ഒരുമിച്ച്‌ നടന്നു നീങ്ങുകയായിരുന്നു. സാധാരണഗതിയില്‍ ഇവര്‍ നാലുപേര്‍ക്കും ഒരുമിക്കാന്‍ കഴിയില്ല, എന്തെന്നാല്‍, ജ്ഞാനയോഗ ബുദ്ധിയുടെ യോഗയാകയാല്‍ ജ്ഞാനയോഗിക്ക്‌ മറ്റു യോഗികളോട്‌ പരമപുച്ഛമാണ്‌. മിക്കപ്പോഴും ബുദ്ധിമാനായ ഒരു വ്യക്തിക്ക്‌, അല്ലങ്കില്‍ ചിന്തിക്കുന്ന ഒരു മനുഷ്യന്‌, മറ്റുള്ളവരോട്‌ കടുത്ത അവജ്ഞയാണ്‌. ഭക്തിയും ഈശ്വരപ്രേമവും പൂര്‍ണവികാരങ്ങളായിട്ടുള്ള ഭക്തിയോഗിക്ക്‌ മറ്റു മാര്‍ഗങ്ങളായ കര്‍മ, ജ്ഞാന, ക്രിയാ യോഗകള്‍ പാഴ്‌വേലയായിട്ടാണ്‌ തോന്നുന്നത്‌ – ദൈവത്തെ മാത്രം സ്‌നേഹിക്കുക, എല്ലാം നടക്കും. കര്‍മയോഗിയാകട്ടെ, മറ്റുള്ളവരെല്ലാം ആലങ്കാരിക തത്വശാസ്‌ത്രങ്ങളുടെ പിറകെ നടക്കുന്ന അലസന്മാരാണെന്ന്‍ കരുതുന്നു – കര്‍മം ചെയ്യുക മാത്രമേ വേണ്ടു, പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കുക. ക്രിയായോഗിയാകട്ടെ എല്ലാവരേയും പരിഹസിച്ചു ചിരിക്കുന്നു – മുഴുവന്‍ നിലനില്‍പ്പും ഊര്‍ജമാണ്‌. ദൈവത്തെയായാലും മറ്റെന്തിനെയായാലും നിങ്ങള്‍ അഭിലഷിക്കുമ്പോള്‍, നിങ്ങളുടെ ഊര്‍ജത്തിനെ രൂപാന്തരപ്പെടുത്തിയില്ലെങ്കില്‍ ഒന്നും സംഭവിക്കുകയില്ല. ഇങ്ങിനെ നാലുപേരും നാലു വഴിക്കായതിനാല്‍ ഇവര്‍ക്ക്‌ ഒരിക്കലും ഒരുമിക്കാനാവില്ലെന്ന്‍ കാണാം.

പക്ഷേ ഇന്ന്‍, ഇപ്പോള്‍ അവര്‍ നാലുപേരും ഒരുമിച്ച്‌ നടന്നു നിങ്ങുകയാണ്‌. അവര്‍ കാട്ടിലെത്തിയപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. കയറി നില്‍ക്കാന്‍ ഒരിടം തേടി അവര്‍ ഓടി. ഓടിയോടി ഒരു പഴയ ക്ഷേത്രത്തിനുമുന്നിലെത്തി. ഒരു മേല്‍ക്കൂരയുണ്ടെങ്കിലും, പാര്‍ശ്വഭിത്തികളില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ ഒരു ക്ഷേത്രം. മദ്ധ്യഭാഗത്തായി ഒരു ശിവലിംഗവും കാണാം. അവര്‍ ക്ഷേത്രത്തിനുളളില്‍ അഭയം തേടി. കൊടുങ്കാറ്റ്‌ കൂടുതല്‍ കൂടുതല്‍ ശക്തമായതോടുകൂടി അവര്‍ ശിവലിംഗത്തോട്‌ കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. കൊടുങ്കാറ്റ്‌ കൂടുതല്‍ സംഹാരഭാവം പൂണ്ടപ്പോള്‍, നാലുഭാഗങ്ങളില്‍ നിന്നും ആഞ്ഞടിച്ചപ്പോള്‍, മറ്റു മാര്‍ഗങ്ങളില്ലാതെ അവര്‍ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. പെട്ടെന്ന്‍ അതിബൃഹത്തായ എന്തോ സംഭവിക്കുന്നതായി അവര്‍ക്കു തോന്നി. അഞ്ചാമതൊന്നിന്‍റെ മഹത്തായ സാന്നിദ്ധ്യം അവര്‍ക്കനുഭവപ്പെട്ടു. അവര്‍ ചോദിച്ചു,

“അവസാനം നിങ്ങള്‍ നാലുപേരും ഒരുമിച്ചായി. ഈ ഒരു നിമിഷത്തിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.’’

"എന്തുകൊണ്ടിപ്പോള്‍? അനേകവര്‍ഷങ്ങളായി ഞങ്ങള്‍ നിന്നെ അന്വേഷിക്കുകയായിരുന്നു. ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ ഈ പേമാരിയില്‍, ഈ കൊടുങ്കാട്ടില്‍, എന്തുകൊണ്ട്‌?’’

പരമശിവന്‍ പറഞ്ഞു, “അവസാനം നിങ്ങള്‍ നാലുപേരും ഒരുമിച്ചായി. ഈ ഒരു നിമിഷത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.’’

 
 
 
 
  0 Comments
 
 
Login / to join the conversation1