ഉന്നതമായ ലക്ഷ്യവും അതിലേക്കായുള്ള പരിശ്രമവും
ഇന്നത്തെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ സാഹചര്യങ്ങളില്‍ സ്വന്തം ലക്ഷ്യങ്ങളെ പിന്‍തുടരാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. എളുപ്പവഴികള്‍ പിന്‍തുടരാനും, ബുദ്ധിമുട്ടില്ലാത്തത് നേടാനുമാണ് ഇന്ന് സമൂഹം പ്രോത്സാഹിപ്പിക്കുന്നത്
 
 

सद्गुरु

മനസ്സില്‍ ഉന്നതമായൊരു ലക്ഷ്യമുണ്ടായിരിക്കുക, അതേ സമയം സ്വസ്ഥവും സന്തുഷ്ടവുമായ ഒരു സാമാന്യജീവിതം തെരഞ്ഞെടുക്കേണ്ടിയും വരിക - എങ്ങനെയാണ് രണ്ടിനേയും കൂട്ടിചേര്‍ത്തു കൊണ്ടുപോവുക?

 

പ്രശസ്തനായ ഒരു ഫാഷന്‍ ഡിസൈനറാണ് തരുണ്‍ താഹിലിയാനി. ജീവിതത്തിന്‍റെ അര്‍ത്ഥത്തേയും ലക്ഷ്യത്തേയും കുറിച്ചാണ് അദ്ദേഹം സദ്‌ഗുരുവിനോടു ചോദിച്ചത്. ജീവിതത്തില്‍ പലര്‍ക്കും പല ലക്ഷ്യങ്ങളുമുണ്ടാകും, എന്നാല്‍ ഇന്നത്തെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ സാഹചര്യങ്ങളില്‍ ഈ ലക്ഷ്യങ്ങളെ പിന്‍തുടരാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. എളുപ്പവഴികള്‍ പിന്‍തുടരാനും, ബുദ്ധിമുട്ടില്ലാത്തത് നേടാനുമാണ് ഇന്ന് സമൂഹം പ്രോത്സാഹിപ്പിക്കുന്നത്

തരുണ്‍ താഹിലിയാനി : ശേഖര്‍ കപൂറുമായി അങ്ങു നടത്തിയ സംഭാഷണം ഞാനും കേള്‍ക്കുകയുണ്ടായി. ഇവിടെയുള്ള അസാധാരണമാംവിധം ഊര്‍ജസ്വലരായ ചില ബ്രഹ്മചാരികളെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. ഓരോരുത്തര്‍ക്കും അവനവന്‍റേതായ ഒരു മേഖലയുണ്ടാകുമല്ലൊ. മനസ്സില്‍ ഉന്നതമായൊരു ലക്ഷ്യമുണ്ടായിരിക്കുക, അതേ സമയം സ്വസ്ഥവും സന്തുഷ്ടവുമായ ഒരു സാമാന്യജീവിതം തെരഞ്ഞെടുക്കേണ്ടിയും വരിക - എങ്ങനെയാണ് രണ്ടിനേയും കൂട്ടിചേര്‍ത്തു കൊണ്ടുപോവുക?

ഇന്നത്തെ കുട്ടികളിലെ പ്രവണത എളുപ്പവഴിക്കു തിരിയാനാണ്, അവനവന്‍റെ ലക്ഷ്യങ്ങളെ പിന്‍തുടരാനല്ല.

സദ്‌ഗുരു : ഇത് തിരഞ്ഞെടുക്കുന്നതിലുള്ള പ്രശ്നമാണ്. അവനവന് സാരമായി തോന്നുന്നതെന്തോ അതാണ് ഒരാള്‍ ചെയ്യേണ്ടത്. ഉദാഹരണത്തിന്, നാളെ ഞാന്‍ ടിബറ്റിലേക്ക് ഒരു യാത്ര പുറപ്പെടുന്നു. പര്‍വതാരോഹണമാണ് എന്‍റെ ലക്ഷ്യം. 120 കി.മീ. കഠിനമായ മലകയറ്റം. കാലുകള്‍ നിശ്ചയമായും നൊന്തു പൊളിയും. യാത്രാസൗകര്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. കുളിയും ഊണും കിടപ്പുമെല്ലാം നന്നേ പരുങ്ങലിലാവും. അതേ സമയം, എനിക്ക് വേണമെങ്കില്‍ ഈ ബുദ്ധിമുട്ടുകളൊക്കെ വേണ്ട എന്നു തീരുമാനിച്ച്എല്ലാ സുഖസൗകര്യങ്ങളോടും കൂടി സ്വന്തമിടത്തില്‍ത്തന്നെ താമസിക്കുകയുമാവാം. മലകയറണമെന്ന നിര്‍ബന്ധമൊന്നുമില്ല. ഇവിടെയാണ് തിരഞ്ഞെടുപ്പ് എന്ന പ്രശ്നം വരുന്നത്. ഇതൊരു ത്യാഗമല്ല. സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു വഴി തിരയലാണ്. ഇത് എല്ലാവരുടേയും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. അവനവന് മുഖ്യം എന്നു തോന്നുന്നതെന്തോ അത് ചെയ്യുക. ഇന്നത്തെ കുട്ടികളിലെ പ്രവണത എളുപ്പവഴിക്കു തിരിയാനാണ്, അവനവന്‍റെ ലക്ഷ്യങ്ങളെ പിന്‍തുടരാനല്ല.

ആഗ്രഹിക്കുന്നത് സഫലമാക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കുകയില്ല. എളുപ്പവഴിയാണ് ഒരാള്‍ തിരഞ്ഞെടുക്കുന്നത് എങ്കില്‍ അതിന്‍റെ അര്‍ത്ഥം അയാള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. എളുപ്പത്തിന്‍റെ അടുത്തപടി ഉറക്കമാണ്, ഒടുവിലത്തേത് മരണവും.

നിങ്ങള്‍ക്ക് ശരിക്കും ആഗ്രഹം തോന്നിയ വിഷയങ്ങള്‍ - അതിനു വേണ്ടി എത്ര തന്നെ ബുദ്ധിമുട്ടേണ്ടി വന്നാലും, നിങ്ങളത് ചെയ്യാന്‍ തയ്യാറാവുന്നു

മഹത്തായ ലക്ഷ്യങ്ങള്‍ ആര്‍ക്കും നേടാവുന്നതാണ്

ജീവിതം കഠിനമായ ഒരു പ്രയത്നമാണെന്ന ധാരണ ശരിയല്ല. ചിലപ്പോള്‍ എല്ലാം എളുപ്പമായി തോന്നാം, മറ്റു ചിലപ്പോള്‍ എല്ലാം വളരെ പ്രയാസമുള്ളതായും. നിങ്ങള്‍ ആ വിഷയത്തിന് നല്‍കുന്ന പ്രാധാന്യമനുസരിച്ചാണ് ആ തോന്നലുണ്ടാകുന്നത്. നിങ്ങള്‍ക്ക് ശരിക്കും ആഗ്രഹം തോന്നിയ വിഷയങ്ങള്‍ - അതിനു വേണ്ടി എത്ര തന്നെ ബുദ്ധിമുട്ടേണ്ടി വന്നാലും, നിങ്ങളത് ചെയ്യാന്‍ തയ്യാറാവുന്നു. ആ വിഷമങ്ങളൊന്നും നിങ്ങളുടെ വഴിയില്‍ തടസ്സമാവുന്നില്ല. ചിലരുടെ മോഹം പര്‍വതത്തിന്‍റെ തുഞ്ചത്തെത്താനാണ്, കാലുകള്‍ എത്രതന്നെ നൊന്താലും തളര്‍ന്നാലും അവര്‍ പിന്‍മാറുന്നില്ല. അത് സ്വന്തം തീരുമാനമാണ്.

ഓരോരുത്തരുടേയും മുന്നിലുള്ള വഴി വ്യത്യസ്തമാണെന്ന് നിങ്ങള്‍ സൂചിപ്പിച്ചുവല്ലോ, അത് ഞാന്‍ വിശ്വസിക്കുന്നില്ല. മഹത്തായ കാര്യങ്ങള്‍ ഏതൊരാള്‍ക്കും സാധിക്കും. എന്നാല്‍ പലപ്പോഴും സമൂഹത്തിന്‍റേയും കുടുംബത്തിന്‍റേയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി സാധാരണ വഴികളിലേക്ക് മനുഷ്യര്‍ ഒതുങ്ങി കൂടുന്നു. അവരുടെ കാഴ്ചപ്പാടില്‍ ഉന്നതി എന്നത് ‘ഒരു മുടന്തന്‍റെ തൊട്ടു മുന്നില്‍’ എന്ന നില മാത്രമാണ്. ഇതിനെ വിജയമായി കാണാനാവില്ല. ഇത് സ്വയം തരം താഴ്ത്തുന്ന അര്‍ത്ഥമില്ലാത്ത ഒരു പ്രവണതയാണ്. "അവനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ" എന്ന മനോഭാവം ഒട്ടും പ്രശംസനീയമല്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ അത് ജീവിതത്തെ വില കുറച്ചുകാണുന്ന ഏര്‍പ്പാടാണ്.

നിങ്ങള്‍ക്ക് ശരിക്കും ആഗ്രഹം തോന്നിയ വിഷയങ്ങള്‍ - അതിനു വേണ്ടി എത്ര തന്നെ ബുദ്ധിമുട്ടേണ്ടി വന്നാലും, നിങ്ങളത് ചെയ്യാന്‍ തയ്യാറാവുന്നു. ആ വിഷമങ്ങളൊന്നും നിങ്ങളുടെ വഴിയില്‍ തടസ്സമാവുന്നില്ല.

 
 
  0 Comments
 
 
Login / to join the conversation1