सद्गुरु

“ഓണം, ക്രിസ്തുമസ്സ്, നവവത്സരാരംഭം എന്നീ ശുഭദിനങ്ങളില്‍ ജനങ്ങള്‍ പാര്‍ട്ടികളിലൊക്കെ പങ്കെടുത്ത്, കുടിച്ച് ലക്കുകെട്ട് ചുറ്റിത്തിരിയുന്നു. ആഹ്ലാദം ആഘോഷിക്കാനും കുടിക്കണം, ദുഃഖം ആചരിക്കാനും കുടിക്കണം, ഈ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഒരു വലിയ ശതമാനം ആള്‍ക്കാരും നീങ്ങുന്നത്. അപ്രകാരമുള്ള ആരെയെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍, ആ ആത്മസുഹൃത്തിന്‍റെ ശ്രദ്ധയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൊണ്ടുവരുത്തുക.”.

സദ്ഗുരു : മനുഷ്യന്റെ എല്ലാ അനുഭുതികള്‍ക്കും പിന്നില്‍ രസതന്ത്രത്തിന്‍റെതായ ഒരു നിയമമുണ്ട്(കെമിസ്ട്രി). മതിമറന്നു പോകുന്ന ഒരു അനുഭുതിയുണ്ടാകുവാന്‍ ചിലര്‍ തങ്ങളുടേതായ ശരീര രസതന്ത്രത്തെ കൃത്രിമമായി കൈകാര്യം ചെയ്യുന്നു. അതിനായി അവര്‍ ലഹരി പാനീയങ്ങളോ, മയക്കുമരുന്നുകളോ പോലുള്ള രാസവസ്തുക്കളോ ഉപയോഗിക്കുന്നു. ഒരു ചെറിയ ആനന്താനുഭൂതി മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എങ്കില്‍ ഞാനതിനെതിരല്ല. പക്ഷേ ശരിയായ വിധത്തിലുള്ള ആനന്ദം തേടുന്ന ഒരാളാണ് താങ്കള്‍ എങ്കില്‍, വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ആനന്ദം അനുഭവിക്കാനൊരവസരം ഉണ്ടാക്കിത്തന്നാല്‍, നിങ്ങള്‍ക്കതില്‍ താല്പര്യമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ? അപ്പോള്‍ പിന്നെ, സദാസമയവും ഉന്മത്തഭാവവും, ആനന്ദാനുഭൂതിയും അനുഭവിക്കുന്നത് പൂര്‍ണ്ണബോധത്തോടെയാണെങ്കിലോ, കൂടുതല്‍ നല്ലതല്ലേ? മദ്യത്തിന് എന്തെങ്കിലും തെറ്റുകുറ്റം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഞാനത് തിരസ്ക്കരിക്കാന്‍ കാരണം അതിന് ശരിയായ ലഹരിയില്ല എന്നതുതന്നെയാണ്. ഞാന്‍ സദാസമയവും, ജീവിതത്തിലുടനീളം വേറൊരു വിധത്തില്‍ ഉന്മത്തനാണ്. എന്റെ ശ്വാസോച്ഛ്വാസത്തിന്‍റെ ഗതി ശ്രദ്ധിച്ചു കൊണ്ടുമാത്രം മത്തുപിടിച്ചവനെപ്പോലെ ആകുവാന്‍ എനിക്ക് കഴിയും. വലിയ ഒരു ശതമാനം ആളുകള്‍ക്ക് ആ ഒരവസ്ഥയില്‍ എത്തിച്ചേരാന്‍, മദ്യം അല്ലെങ്കില്‍ എന്തെങ്കിലും ലഹരിപദാര്‍ത്ഥം അകത്തു ചെന്നാലേ സാധിക്കുകയുള്ളൂ. അവര്‍ അതിനു പുറകെ പായുകയും ചെയ്യും.

'Divine' അഥവാ ദൈവിക മഹാശക്തികൊണ്ട് പൂര്‍ണമായും ഉന്മത്തനാകാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിന് 'Wine' തേടണം?

ഇവിടെ ഞാന്‍ അതില്‍നിന്നും തികച്ചും വ്യതസ്തമായ ഒരുതരം മദ്യമാണ് നല്‍കുന്നത്. അവര്‍ കഴിക്കുന്ന മദ്യത്തെക്കാള്‍ എത്രയോ മടങ്ങ് കൂടുതല്‍ മത്തുപിടിപ്പിക്കുന്നതാണിത്. എന്റെ കൂടെയിരുന്ന്‍ അതനുഭവിച്ചിട്ടുള്ളവര്‍ കള്ളും ചാരായവുമെല്ലാം ഉപേക്ഷിച്ചുകഴിഞ്ഞു. അതിന്‍റെ ദോഷം മനസ്സിലാക്കിയത് കൊണ്ടല്ല, മറിച്ച് അതിനു വെറും താണ നിലവാരം മാത്രമേ ഉള്ളു എന്നനുഭവപ്പെട്ടതുകൊണ്ടാണ്. ഇപ്പോള്‍ അവരെല്ലാം ആല്‍ക്കഹോളിനപ്പുറം എത്തിക്കഴിഞ്ഞു.

ഇവിടുത്തെ വിഷയം തെറ്റോ, ശരിയൊ എന്നുള്ളതല്ല, സദാചാരത്തില്‍ അധിഷ്ടമായതുമല്ല, മറിച്ച് അത് വളരെ കുറഞ്ഞ ഫലംമാത്രം ലഭിക്കുന്ന കാര്യമാണെന്ന് ബോധം വന്നതുകൊണ്ടു മാത്രമാണ്. നിങ്ങള്‍ ഇന്നുരാത്രി അല്പം മദ്യപിക്കുന്നു എന്നിരിയ്ക്കട്ടെ, നാളെ രാവിലെ വളരെ അസ്വസ്തത നിറഞ്ഞ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍ ഞാനോ, ദിവസവും ഇരുപത്തിനാല് മണിക്കൂറും, ഉന്മത്തനായിത്തന്നെ ഇരിയ്ക്കും, യാതൊരു ഹാങ്ങ്‌ ഓവറോ അനന്തരഫലമോ ഇല്ലാതെ തന്നെ. ഇത് ആരോഗ്യത്തിനു വളരെ നല്ലതാണു താനും. ഇതല്ലേ കുടിക്കുന്നതിനേക്കാള്‍ എത്രയോ നല്ല മാര്‍ഗം? കള്ളും, മയക്കുമരുന്നും എല്ലാം വെറും താഴേക്കിട പദാര്‍ത്ഥങ്ങളായിത്തീരും. ഞാന്‍ പറഞ്ഞുവരുന്നതെന്താണെന്നോ, ഉണര്‍വും, ചൈതന്യവും, ജാഗ്രതയും കൊണ്ട് മാത്രം ഒരാള്‍ക്ക്‌ മേല്‍പ്പറഞ്ഞ വസ്തുക്കളെക്കാള്‍ ആയിരം മടങ്ങ് ഉന്മത്തത ലഭിക്കുവാന്‍ സാധിക്കും. 'Divine' അഥവാ ദൈവിക മഹാശക്തികൊണ്ട് പൂര്‍ണമായും ഉന്മത്തനാകാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിന് 'Wine' തേടണം?

അബോധാവസ്ഥയില്‍ തെറ്റായി ഒരു കാര്യം നിര്‍വഹിക്കുന്നതിനു പകരം, എല്ലാ ജിവിതാനുഭവങ്ങളും ബോധപുര്‍വ്വം തന്നെ കരുപ്പിടിപ്പിക്കുന്ന സ്ഥിതി കൈവരുത്താന്‍ കഴിയണം - അതാണാത്മീയത .

ഞാന്‍ 'Inner Engineering' എന്നുപറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സദാനേരവും ഹര്‍ഷോന്മാദത്തോടെ ആനന്ദനിര്‍വൃതി നേടിത്തരുന്ന രസതന്ത്രം സൃഷ്ടിക്കാന്‍ കഴിവുള്ള ഒരുതരം സാങ്കേതിക വിദ്യയെപ്പറ്റിയാണ്. ഇപ്പോളത് വളരെ യാദൃശ്ചികമായി, വല്ലപ്പോഴുമൊക്കെ സംഭവിക്കുകയാണ്, അല്ലെങ്കില്‍ മറ്റുള്ള ആരുടെയെങ്കിലും പ്രേരണമൂലം. അബോധാവസ്ഥയില്‍ ഒരു അസ്തമയസൂര്യനെ നോക്കി പ്രകൃതിഭംഗി ആസ്വദിച്ചിരുന്നതു കൊണ്ടോ, അല്ലെങ്കില്‍ നിങ്ങള്‍ സ്നേഹിക്കുന്ന ഒരാളിന്‍റെ സാമീപ്യം കൊണ്ടോ, ഇപ്പറഞ്ഞ അനുഭൂതി ചെറിയ തോതില്‍, വളരെ കുറച്ചു നിമിഷങ്ങളോളം അനുഭവിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കുമായിരിക്കും.

നിങ്ങള്‍ക്കെന്താണ് നിങ്ങളുടെ ഉള്ളില്‍ നിന്നും ബോധപൂര്‍വം ചെയ്യാന്‍ കഴിയുന്നത്, അതാണ് 'Inner Engineering' ന്‍റെ അടിസ്ഥാനം. സമാധാനം, പ്രക്ഷുബ്ധത, ആനന്ദം, ദുരിതം, ഹര്‍ഷോന്മാദം, മനോയാതന എന്നിവയെല്ലാം നിങ്ങള്‍ മാറി മാറി അനുഭവിച്ചിട്ടുണ്ടാവാം. അതായത് മേല്‍പ്പറഞ്ഞ വികാരങ്ങള്‍ക്കെല്ലാം എപ്പോഴെങ്കിലുമൊക്കെ പാത്രീഭുതനായിട്ടുണ്ടായിരുന്നിരിക്കും എന്നര്‍ത്ഥം. എന്നാല്‍ ഈ അനുഭൂതികള്‍ നിങ്ങളനുഭവിച്ചിരുന്നത് ബോധപൂര്‍വമായിരുന്നില്ല. ബോധപൂര്‍വം നിങ്ങള്‍ക്കതനുഭവിക്കാന്‍ കഴിയും. എല്ലാ ആത്മീയ നടപടികളുടെയും അഥവാ പ്രക്രിയകളുടെയും പിന്നിലുള്ള ശ്രമം അതാണ്‌. അബോധാവസ്ഥയില്‍ തെറ്റായി ഒരു കാര്യം നിര്‍വഹിക്കുന്നതിനു പകരം, എല്ലാ ജിവിതാനുഭവങ്ങളും ബോധപുര്‍വ്വം തന്നെ കരുപ്പിടിപ്പിക്കുന്ന സ്ഥിതി കൈവരുത്താന്‍ കഴിയണം - അതാണാത്മീയത .

Photo credit to : https://www.pexels.com/photo/friends-people-beer-silhouettes-27891/