ത്രികോണം – മൂലയന്ത്രം
ഈഷായുടെ ചിഹ്നമായ ഒരു വൃത്തത്തിനകത്തെ ത്രികോണം എന്തിനെയാണു പ്രതിഫലിപ്പിക്കുന്നതെന്ന ചോദ്യത്തിന്‌ സദ്‌ഗുരു പറഞ്ഞത്, “ത്രികോണം എന്നത്‌ ഒരു അടിസ്ഥാന യന്ത്രമാണ്‌. പ്രത്യേക രീതിയില്‍ പ്രകമ്പനങ്ങള്‍ പ്രസരിപ്പിക്കുന്ന യന്ത്രം.
 
 

सद्गुरु

യോഗ, ധ്യാന പരിശീലനങ്ങള്‍ ശരീരം മനസ്സ്‌ പ്രാണശക്തി എന്നിവയുടെ പ്രവൃത്തികളെ ആശ്രയിച്ചാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഇവയുടെ മേല്‍ നമുക്ക്‌ ആധിപത്യമുണ്ടെങ്കില്‍ മാറ്റങ്ങള്‍ക്കായുള്ള വാതിലുകള്‍ താനേ തുറക്കപ്പെടും.

ഈഷായുടെ ചിഹ്നമായ ഒരു വൃത്തത്തിനകത്തെ ത്രികോണം എന്തിനെയാണു പ്രതിഫലിപ്പിക്കുന്നതെന്ന ചോദ്യത്തിന്‌ സദ്‌ഗുരു പറഞ്ഞു, “ത്രികോണം എന്നത്‌ ഒരു അടിസ്ഥാന യന്ത്രമാണ്‌. പ്രത്യേക രീതിയില്‍ പ്രകമ്പനങ്ങള്‍ പ്രസരിപ്പിക്കുന്ന യന്ത്രം. താന്ത്രിക രീതിയിലും യോഗ രീതിയിലും ഈ പ്രപഞ്ചം തന്നെ ഈ യന്ത്രത്തില്‍ നിന്നാണു രൂപം പ്രാപിച്ചത്‌ എന്നു പറയപ്പെടുന്നു. ആദ്യം ശൂന്യത - ആ ശൂന്യതയില്‍നിന്നും നാദമുണ്ടായി. അതിനു ശേഷമുണ്ടായ ആദ്യത്തെ രൂപം ഇതാണ്‌. ഇതില്‍ നിന്നാണ്‌ സര്‍വചരാചരങ്ങളുമുണ്ടായത്‌. ഇതിന്‌ ശാസ്‌ത്രീയമായ ഒരു വശമുണ്ടെങ്കിലും നമുക്ക്‌ ഇപ്പോള്‍ ഇതിനെ ഒരു ചിഹ്നമായിത്തന്നെ കാണാം."

ആദ്യം ശൂന്യത - ആ ശൂന്യതയില്‍നിന്നും നാദമുണ്ടായി. അതിനു ശേഷമുണ്ടായ ആദ്യത്തെ രൂപം ഇതാണ്‌. ഇതില്‍ നിന്നാണ്‌ സര്‍വചരാചരങ്ങളുമുണ്ടായത്

"ത്രികോണത്തിന്‍റെ ഇടതു വശത്തെ ചരിഞ്ഞ രേഖ ശരീരം, വലതുവശത്തെ ചരിഞ്ഞ രേഖ നമ്മുടെ മനസ്സ്‌. രണ്ടും യോജിക്കുന്ന ദീര്‍ഘരേഖയാണ് പ്രാണന്‍. വൃത്തത്തിനകത്ത്‌ ഇടതു/വലതു വശങ്ങളിലെ രേഖകള്‍ക്കിടയിലുള്ള ഭാഗം ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ കുറിക്കുന്നു. വൃത്തത്തിനും രേഖകളെ യോജിപ്പിക്കുന്ന ദീര്‍ഘരേഖയ്ക്കും മദ്ധ്യത്തിലുള്ള ഭാഗം പ്രാണശക്തിയുടെ പ്രവര്‍ത്തനങ്ങളെ കുറിക്കുന്നു. അങ്ങനെ ഈഷായുടെ അടയാളചിഹ്നം ഒരു പൂര്‍ണ മനുഷ്യന്‍റെ പ്രതീകമാകുന്നു."

"യോഗ, ധ്യാന പരിശീലനങ്ങള്‍ ശരീരം മനസ്സ്‌ പ്രാണശക്തി എന്നിവയുടെ പ്രവൃത്തികളെ ആശ്രയിച്ചാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഇവയുടെ മേല്‍ നമുക്ക്‌ ആധിപത്യമുണ്ടെങ്കില്‍ മാറ്റങ്ങള്‍ക്കായുള്ള വാതിലുകള്‍ താനേ തുറക്കപ്പെടും. ഒരു എഞ്ചിനീയരോടു ചോദിച്ചാല്‍ ത്രികോണമാണ്‌ ദൃഢതയുള്ള രൂപം എന്ന്‍ അഭിപ്രായപ്പെടും. വിമാനം ത്രികോണാകൃതിയിലാണ്‌ നിര്‍മിക്കപ്പെടുന്നത്‌. അതായത്‌ അടിസ്ഥാനയന്ത്രം എന്നു പറയുന്നത്‌ ത്രികോണമാണ്‌. നിങ്ങളുടെ ശരീരം, മനസ്സ്‌, പ്രാണന്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്‌ ത്രികോണരൂപം ഉള്ളത്‌. ഇവയെ ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ അവിശ്വസനീയമായ അളവില്‍ പല നന്മകള്‍ നേടുവാന്‍ സാധിക്കും.”

ആരംഭത്തില്‍ പതിമൂന്നു ദിവസത്തെ ക്ലാസ്സുകളില്‍ പങ്കെടുത്ത അനുയായികളില്‍ ചിലര്‍ “ഞങ്ങള്‍ക്ക്‌ യാതൊരു മാറ്റവുമുണ്ടായില്ലല്ലോ” എന്ന്‍ സദ്‌ഗുരുവിനോട്‌ പരാതിപ്പെട്ടു. അദ്ദേഹം പുഞ്ചിരിതൂകിക്കൊണ്ട്‌ അവര്‍ക്ക്‌ ഈ കഥ പറഞ്ഞു കൊടുത്തു.

സാമുറായ്‌മാരുടെ ഇടയില്‍ നിക്കുച്ചി എന്ന സമര്‍ത്ഥനായ ഒരു വാള്‍പ്പയറ്റുകാരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മകനായ ജൂനിയര്‍ നിക്കുച്ചി ഒരു കലയിലും പ്രാവീണ്യം നേടിയില്ല. അതുകൊണ്ട്‌ പിതാവായ നിക്കുച്ചി ജൂനിയര്‍ നിക്കുച്ചിയെ വീട്ടില്‍ നിന്നിറക്കി വിട്ടു. “താനൊരു സമര്‍ത്ഥനായ വാള്‍പയറ്റുവീരനായിട്ടേ തിരിച്ചു വരൂ” എന്നു പറഞ്ഞിട്ടയാള്‍ ഇറങ്ങിപ്പോയി. ഒരു മലമുകളില്‍ താമസിച്ചിരുന്ന പാന്‍സു എന്ന സെന്‍ ഗുരുവിനെ കണ്ട്‌ തനിക്ക് വാള്‍പയറ്റു പഠിക്കണമെന്ന്‍ അറിയിച്ചു. സെന്‍ഗുരു ജൂനിയര്‍ നിക്കുച്ചിയോട്‌ മൂന്നടി ദൂരം നടക്കാന്‍ പറഞ്ഞു. അയാള്‍ നടന്നതു നോക്കിയശേഷം, “നിനക്കു വാള്‍പയറ്റു കരസ്ഥമാക്കാന്‍ പറ്റില്ല. നിന്നെ അഭ്യസിപ്പിച്ചാല്‍ എന്‍റെ ജന്മം തീര്‍ന്നുപോകും” എന്നു പറഞ്ഞ്‌ നിരുത്സാഹപ്പെടുത്തി.

പക്ഷേ ജൂനിയര്‍ നിക്കുച്ചി പാന്‍സുവിന്‍റെ പാദങ്ങള്‍ പിടിച്ച്‌ “എന്‍റെ പിതാവു മരിക്കുന്നതിനു മുമ്പ്‌ എനിക്ക് അദ്ദേഹത്തിന്‍റെ മുന്നില്‍ ചെന്ന്‍ കഴിവു തെളിയിക്കണം” എന്ന്‍ അഭ്യര്‍ത്ഥിച്ചു.

“എന്നാല്‍ ശരി. അതിനു പത്തുകൊല്ലങ്ങള്‍ വേണ്ടിവരും. അതുവരെ കത്തി എന്നൊരു വാക്കു പോലും നീ പറയരുത്‌” എന്നു നിബന്ധന വച്ചുകൊണ്ട്‌, പാത്രം വൃത്തിയാക്കല്‍, ഭക്ഷണം പാകം ചെയ്യല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെ കത്തി എന്ന വാക്കുപോലും ഉച്ചരിക്കാതെ നാലഞ്ചു വര്‍ഷം മറ്റു പണികള്‍ ചെയ്‌തുകൊണ്ട്‌ ഗുരു വാള്‍പയറ്റു പരിശീലിപ്പിക്കും എന്ന പ്രതീക്ഷയോടെ ജൂനിയര്‍ നിക്കുച്ചി കഴിഞ്ഞുവരുമ്പോള്‍, ഒരു ദിവസം പാത്രം കഴുകിക്കൊണ്ടിരുന്നപ്പോള്‍ പരിശീലനത്തിനുപയോഗിക്കുന്ന മരവാള്‍ കൊണ്ട്‌ ഗുരു അയാളുടെ മുതുകില്‍ അടിച്ചു. ഞെട്ടിപ്പോയ ജൂനിയര്‍ നിക്കുച്ചി ചാടിയെണീറ്റ്‌ ഗുരുവിനെ നോക്കി.

അതിനു ശേഷം അതൊരു പതിവാക്കി, എന്തെങ്കിലും ജോലിയില്‍ നിക്കുച്ചി വ്യാപൃതനായിരിക്കുമ്പോള്‍ എവിടുന്നെങ്കിലും ഗുരു പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അവനെ ആക്രമിക്കുക എന്നത്. ഗുരു പാന്‍സു ആക്രമിക്കാന്‍ വരുമ്പോഴൊക്കെ നിക്കുച്ചി തടുക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ പരുക്കുപറ്റുകയും ചെയ്‌തു. അതുകൊണ്ട്‌, എന്തു പണി ചെയ്‌തുകൊണ്ടിരുന്നാലും ജൂനിയര്‍ നിക്കുച്ചിക്ക് ജാഗരൂകനായിരിക്കേണ്ടി വന്നു. ആ രീതിയില്‍ ഒരു വാള്‍പയറ്റു യോദ്ധാവ്‌ മനസ്സിലാക്കേണ്ടിയിരുന്ന പല കലകളും ചില ആഴ്‌ചകള്‍കൊണ്ട്‌ നിക്കുച്ചി ഹൃദിസ്ഥമാക്കി. പാന്‍സുവിന്‍റെ മുഖം തെളിഞ്ഞു. പിന്നീടുള്ള ആറേഴു കൊല്ലം കൊണ്ട്‌ സമര്‍ത്ഥനായ ഒരു വാള്‍പയറ്റു യോദ്ധാവായി ജൂനിയര്‍ നിക്കുച്ചി മാറി.

സ്വന്തം നന്മയ്ക്കായി ചെയ്യുന്ന പ്രവൃത്തികളില്‍ ആത്മാര്‍ത്ഥത കാണിക്കാത്ത ഒരാള്‍ക്ക്‌ മറ്റുള്ളവരുടെ നന്മയ്ക്കായി ഒന്നും ചെയ്യാന്‍ പറ്റില്ല

ഈ കഥ പറഞ്ഞ സദ്‌ഗുരു, “പരിശീലനങ്ങള്‍ ഓരോരുത്തരെയും ഓരോ രീതിയിലാണു സ്വാധീനിക്കുന്നത്‌. ഒരാള്‍ടെ ഉള്ളിലുള്ള കഴിവു പുറത്തു കൊണ്ടുവരാന്‍ അയാള്‍ക്കു കൊടുക്കുന്ന ഉപദേശം മറ്റൊരാള്‍ക്ക്‌ യോജിക്കണമെന്നില്ല. കാളകള്‍ക്ക്‌ ലാടം അടിക്കുന്നത്‌ വേദനാജനകം തന്നെയാണ്‌, പക്ഷേ ലാടം അടിക്കാതിരുന്നാല്‍ കാളകള്‍ അനുഭവിക്കുന്ന ദുരിതവും വേദനാജനകം തന്നെയാണ്‌. അതുകൊണ്ട്‌ ചിലപ്പോള്‍ കഠിനമായ രീതികളും നമുക്ക്‌ ഉപയോഗിക്കേണ്ടതായി വരും” എന്നു പറഞ്ഞു. “ഒന്നു മാത്രം മനസ്സിലാക്കണം. സ്വന്തം നന്മയ്ക്കായി ചെയ്യുന്ന പ്രവൃത്തികളില്‍ ആത്മാര്‍ത്ഥത കാണിക്കാത്ത ഒരാള്‍ക്ക്‌ മറ്റുള്ളവരുടെ നന്മയ്ക്കായി ഒന്നും ചെയ്യാന്‍ പറ്റില്ല. എന്തുകൊണ്ടെന്നാല്‍ സ്വയം സ്‌നേഹിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക്‌ മറ്റൊരാളെ സ്‌നേഹിക്കാന്‍ സാധിക്കില്ല.”

“സ്‌നേഹിക്കുക എന്നു പറഞ്ഞാല്‍ ചിലര്‍ സ്‌നേഹം അഭിനയിച്ചു കാണിക്കും. അങ്ങനെയുള്ളവര്‍ അപകടകാരികളാണ്‌. ഓരോ വ്യക്തിയും മറ്റുള്ളവരോടു ആത്മാര്‍ത്ഥമായ സ്‌നേഹം കാണിക്കാതെ കപട സ്‌നേഹം അഭിനയിക്കുകയാണെങ്കില്‍ അതിനുള്ള വില ഈ ലോകത്തിലോ അല്ല മറ്റൊരു ലോകത്തിലോ കൊടുക്കേണ്ടതായി വരും”

 
 
  0 Comments
 
 
Login / to join the conversation1