നിങ്ങളും ഒരു തീവ്രവാദിയാകണം
ജീവിതത്തെ സംബന്ധിച്ചിടത്തോളം നമ്മളോരോരുത്തരും ഒരു തീവ്രവാദിയുടെ മനോഭാവം വെച്ചുപുലര്‍ത്തണം. അത്‌ പക്ഷെ ജീവദ്വംസനമാകരുത്‌, ജീവപരിപോഷണമായിരിക്കണം. ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ പലതുമുണ്ടാവാന്‍ സാദ്ധ്യതയുള്ള ഒരു പ്രസ്‌താവന!
 
 

सद्गुरु

ജീവിതത്തെ സംബന്ധിച്ചിടത്തോളം നമ്മളോരോരുത്തരും ഒരു തീവ്രവാദിയുടെ മനോഭാവം വെച്ചുപുലര്‍ത്തണം. അത്‌ പക്ഷെ ജീവദ്വംസനമാകരുത്‌, ജീവപരിപോഷണമായിരിക്കണം. ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ പലതുമുണ്ടാവാന്‍ സാദ്ധ്യതയുള്ള ഒരു പ്രസ്‌താവന!

മനസ്സില്‍ ഒരു തരത്തിലുമുള്ള ശത്രുതാബോധവും ഇല്ലാത്തവരായിരിയ്ക്കണം, അതേസമയം ജീവിതത്തിനോട് തീവ്രമായ പ്രേമവും ശ്രദ്ധയും വച്ചുപുലര്‍ത്തുന്നവരും.

സദ്‌ഗുരു : നമ്മുടെ ഇപ്പോഴത്തെ ആവശ്യം ഒരുകൂട്ടം തീവ്രവാദികളെയാണ്‌. അവര്‍ ഒന്നിനും എതിരാകരുത്‌. ഭൂമിയില്‍ നാശം വിതച്ച്‌ സ്വയം നശിക്കുന്നവരെ നമുക്കാവശ്യമില്ല. അവരുടെ മനസ്സിനും തനതായ ഒരു ലക്ഷ്യബോധമുണ്ട്‌ എന്ന വസ്‌തുത വിസ്‌മരിക്കുന്നില്ല. സ്വന്തം ലക്ഷ്യം നേടാന്‍വേണ്ടി പ്രാണന്‍ ത്യജിക്കാനും സന്നദ്ധരായി നടക്കുന്നവരാണ്‌ ആ കൂട്ടര്‍. അത്‌ മഹത്തായ ഒരു സ്വാഭാവഗുണം തന്നെയാണ്‌. നൂറുശതമാനം ശരി എന്ന വിശ്വാസത്തോടെ, ഒരുപാട് ബുദ്ധിമുട്ടി നേടിയെടുത്ത തങ്ങളുടെ വഴി മുടക്കുന്നതിനെയെല്ലാം തീര്‍ത്തും നശിപ്പിക്കണം എന്ന തീവ്രമായ ചിന്ത.

ഒന്നുകില്‍ അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ശത്രുതയും, അതല്ല എങ്കില്‍ അങ്ങേയറ്റം സ്‌നേഹവും സൌമനസ്യവും, സഹാനുഭൂതിയും.

അതല്ല ഞാനുദ്ദേശിക്കുന്ന തീവ്രവാദികള്‍. എന്‍റെ സങ്കല്പത്തിലുള്ള തീവ്രവാദികള്‍ മനസ്സില്‍ ഒരു തരത്തിലുമുള്ള ശത്രുതാബോധവും ഇല്ലാത്തവരായിരിയ്ക്കണം, അതേസമയം ജീവിതത്തിനോട് തീവ്രമായ പ്രേമവും ശ്രദ്ധയും വച്ചുപുലര്‍ത്തുന്നവരും. അങ്ങനെയുള്ള ആ ഒരു വ്യക്തിത്വം, എത്ര മഹനീയമായിരിക്കും!

ശത്രുക്കളേതുമില്ലാത്ത ഒരു ജീവിത തീവ്രവാദി! ഓരോ നിമിഷവും ആ ജീവിതം നിങ്ങള്‍ ആസ്വദിക്കും. ആരോടും ഒന്നിനോടും എതിര്‍പ്പില്ലാത്ത ജീവിതം എത്ര സ്വസ്ഥവും സന്തുഷ്‌ഠവുമായിരിക്കും. ജീവിതത്തെ തീവ്രമായി അഭിലഷിക്കുന്ന ഒരു തീവ്രവാദി. മനസ്സ്‌ ചൈതന്യപൂര്‍ണമാകുന്നു. ചാഞ്ചാട്ടം തീരെയുമരുത്‌. ചുറ്റുപാടുകള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണം, പക്ഷെ ഒരിക്കലും പൊട്ടിത്തെറിക്കരുത്‌. ജീവിതത്തെ ആവേശപൂര്‍വം സ്വന്തമാക്കുക; കട്ടുംകൊന്നും കൊള്ളിവെച്ചുമല്ല, സ്‌നേഹത്തോടെ, സൌമനസ്യത്തോടെ, സ്വന്തമെന്ന തോന്നലോടെ.

തീവ്രവാദി എന്ന പദപ്രയോഗത്തിലെ അപകടം അറിയാതെയല്ല ഞാനത്‌ പ്രയോഗിക്കുന്നത്‌. എന്നിട്ടും ഞാനാ വാക്ക്‌ പ്രയോഗിക്കുന്നത്‌ എന്റെ മനസ്സിലുള്ളത്‌ പൂര്‍ണമായും നിങ്ങളെ ധരിപ്പിക്കാന്‍ വേണ്ടിയാണ്‌. ജീവിതം നമുക്കു മൂന്നു പ്രകാരത്തിലാകാം. പ്രത്യേകിച്ചൊരു രസവുമില്ലാതെ അലസമായി അങ്ങനെ കഴിഞ്ഞുപോകാം, അല്ലെങ്കില്‍ ഏറെക്കുറെ താല്‍പര്യത്തോടെ, എന്നാല്‍ വലിയ ഘോഷങ്ങള്‍ കൂടാതെ മുന്നോട്ടു പോകാം, അതുമല്ലെങ്കില്‍ ജീവിതത്തെ പൂര്‍ണമായും ആസ്വദിച്ചുകൊണ്ട്‌ അതിനെ ഒരു ഉത്സവമാക്കാം. എന്തുവേണം എന്നു തീരുമാനിക്കുന്നത്‌ നമ്മളോരോരുത്തരുമാണ്‌.

രണ്ടറ്റങ്ങളിലേക്കും നമുക്കു കൈയ്യെത്തിക്കുവാനാകും. ഒന്നുകില്‍ അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ശത്രുതയും, അതല്ല എങ്കില്‍ അങ്ങേയറ്റം സ്‌നേഹവും സൌമനസ്യവും, സഹാനുഭൂതിയും. ഇതിലേതായാലും അത്‌ തീവ്രമായ വികാരമാണ്‌. അതു വെച്ചു പുലര്‍ത്തുന്നവന്‍ തീവ്രവാദിയുമാണ്‌. മനസ്സില്‍ തീവ്രമായ വിദ്വേഷമാണുള്ളതെങ്കില്‍ അത്‌ പലവിധ വിദ്ധ്വംസന പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാക്കും. മറിച്ച്‌ തീവ്രമായ സ്‌നേഹവും സഹാനുഭൂതിയുമാണ്‌ ഉള്ളതെങ്കിലോ, ആ ജീവിതം നിസ്വാര്‍ത്ഥമായ ജനസേവയാല്‍ അനുഗ്രഹീതമാകും.

ജീവതത്തെ പ്രതി നിങ്ങളുടെ മനസ്സില്‍ തീവ്രമായ പ്രേമവും ശ്രദ്ധയുമുണ്ടാകട്ടെ. ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ കാണൂ, ആസ്വദിക്കൂ. ആരോടും ഒന്നിനോടും ശത്രുത വേണ്ട, സ്വയം ഉദാത്തമായ ഒരു ജീവിതശില്‍പമായിത്തീരൂ. അവരാണനുഗ്രഹീതര്‍!

 
 
  0 Comments
 
 
Login / to join the conversation1