സദ്ഗുരു: "അന്വേഷിക്കുക" എന്ന വാക്ക് മനുഷ്യരുടെ മനസ്സിൽ ഒരു തെറ്റിധാരണ ഉണ്ടാക്കുന്നുണ്ട് . "അന്വേഷിക്കുക' എന്ന് പറയുമ്പോൾ എന്തോ കണ്ടെടുക്കുവാൻ തിരയുക എന്നാണ് നാം മനസ്സിലാക്കുന്നത്. അന്വേഷിക്കലും, കണ്ടെത്തലും ഭാഷയിൽ പരസ്പരം ബന്ധപ്പെട്ടതാണ്. പക്ഷെ ആത്മീയതയിൽ അവ രണ്ടും തമ്മിൽ ബന്ധമില്ല. ഇവിടത്തെ അന്വേഷി എന്തെങ്കിലും ലഭിക്കുവാൻ, പ്രത്യേകിച്ച് ഒരു നിർദിഷ്ട വസ്തുവിനെ കണ്ടുപിടിക്കുവാനല്ല ശ്രമിക്കുന്നത് . അദ്ദേഹത്തിന് അറിയാത്തതുകൊണ്ട്, അദ്ദേഹം തിരഞ്ഞുകൊണ്ടിരിക്കുകയാണ് . ഇത് എല്ലാ ആത്മീയ സാധകരിലും അവശ്യമായും ഉണ്ടാകേണ്ട ഒരു ധാരണയാണ്, ഒരു തെറ്റ് തിരുത്തലാണ്.

നിങ്ങളുടെ ജീവിതത്തിന്‍റെ ഉദ്ദേശം കണ്ടുപിടിക്കണം, അല്ലെങ്കിൽ ജീവിതത്തിന്‍റെ ഉത്പത്തിയോ, ലക്ഷ്യമോ കണ്ട് പിടിക്കണം എന്നുള്ള തോന്നലുകൾ ആത്മീയ സാധകരുടെ മനസ്സിൽ വളരെ അധികം വിപത്തുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതുമൂലം അവർ അവസാനമില്ലാത്ത, അതേസമയം ഉപയോഗമില്ലാത്ത ഒരു പാച്ചിലിലാണ്. അറിവില്ലാത്ത ആളുകൾ ആത്മീയ സാധകരെ സ്വയം കണ്ടെത്തുവാൻ നിർബന്ധിച്ചുകൊണ്ടിരിക്കും. ആത്മീയതയുടെ പാതയിലൂടെയുള്ള പ്രയാണം തുടങ്ങുവാൻ നിങ്ങൾക്ക് ആകർഷകമായ ഒരു ലക്ഷ്യം ആവശ്യമായിരിക്കും; എന്തെന്നാൽ പ്രലോഭനം ഉണ്ടെങ്കിലേ നിങ്ങൾക്ക് പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു. എന്നാൽ ആത്മീയത സ്വയം കണ്ടെത്തലല്ല; അതു സ്വയം മറക്കലാണ്. നിങ്ങൾ "ഞാൻ" എന്ന പേരിൽ കാത്തു സൂക്ഷിക്കുന്നതെല്ലാം ഉപേക്ഷിക്കുവാൻ തയ്യാറാകണം.

പരമമായ സ്വയം നഷ്ടപ്പെടൽ

ഒരാൾക്ക് സാധനയിൽ മുഴുകി സ്വയം മറക്കാമെങ്കിൽ അത് ഏറ്റവും ഉത്തമമാണ്. അത് സാധ്യമല്ലെങ്കിൽ, ഒരു കളിയിലോ, നൃത്തത്തിലോ സ്വയം ലയിക്കുവാൻ ശ്രമിക്കുക. അതും സാധ്യമല്ലെങ്കിൽ നിങ്ങളുടെ ജോലിയിൽ സ്വയം മറന്നു മുഴുകുക. എന്ത് കാര്യത്തിലായാലും വിരോധമില്ല, നിങ്ങൾ സ്വയം മറക്കുവാൻ പഠിക്കണം.

സ്വയം കണ്ടെത്തുവാൻ ശ്രമിച്ചു കൊണ്ടിരുന്നാൽ നിങ്ങൾ അനന്തമായ ഒരു ഓട്ടത്തിലായിരിക്കും. ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ട ഒരു അവസ്ഥയിലെത്തുവാൻ മനുഷ്യൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. പണമാണ് അവനു പരിചിതമായ വസ്തു എങ്കിൽ അവൻ കൂടുതൽ പണം കാംക്ഷിക്കും; അധികാരമാണെങ്കിൽ അവൻ കൂടുതൽ അധികാരം നേടുവാൻ ശ്രമിക്കും; സ്നേഹമാണെങ്കിൽ കൂടുതൽ സ്നേഹവും. താൻ ഇപ്പോൾ ഉള്ള സ്ഥിതിയിൽ തൃപ്തിയില്ലാത്ത എന്തോ ഒന്ന് മനുഷ്യ മനസ്സിലുണ്ട്. നിങ്ങൾക്കറിയാവുന്ന വിധത്തിൽ നിങ്ങൾ പുരോഗതി തേടുകയാണ്; എന്തെന്നാൽ നിങ്ങൾക്കുള്ളിൽ അതിർത്തികൾ ഇഷ്ടപെടാത്ത എന്തോ ഒന്നുണ്ട്; അത് അനന്തമായ അനുഭവങ്ങൾ തേടുകയാണ്. ഈ കാര്യം ഒന്നാലോചിച്ചു നോക്കൂ: അനന്തമായതിനെ ലഭിക്കണമെങ്കിൽ അതിനു നിങ്ങൾ എന്ന്, എത്ര കാലം, എവിടെ അതിനായി തിരയണം. അത് അവസാനമില്ലാത്ത ഒരു യാത്രയായിരിക്കും. എന്നാൽ നിങ്ങൾക്ക് നിങ്ങളെ തന്നെ മറക്കാം. അത് എളുപ്പമാണ്; എന്തെന്നാൽ നിങ്ങൾ നിയതമായ ഒരു വസ്തുവാണ്. നിങ്ങൾ സ്വയം നഷ്ടപെടുന്ന അവസ്ഥയിൽ എത്തിയാൽ കണ്ടെത്തേണ്ടതെല്ലാം കണ്ടു കിട്ടും.

നിങ്ങളുടെ ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ ഇതു പ്രാവർത്തികമാക്കണം.; നിങ്ങളുടെ ജോലിയിൽ, പ്രവൃത്തികളിൽ, അതുപോലുള്ള അനേകം സന്ദർഭങ്ങളിൽ നിങ്ങളെ തന്നെ മറക്കുവാൻ ശ്രമിക്കുക; സ്വയം ഉറപ്പിക്കുവാൻ ശ്രമിക്കരുത്.

നിങ്ങളുടെ ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ ഇതു പ്രാവർത്തികമാക്കണം.; നിങ്ങളുടെ ജോലിയിൽ, പ്രവൃത്തികളിൽ, അതുപോലുള്ള അനേകം സന്ദർഭങ്ങളിൽ നിങ്ങളെ തന്നെ മറക്കുവാൻ ശ്രമിക്കുക; സ്വയം ഉറപ്പിക്കുവാൻ ശ്രമിക്കരുത്. ഏതെങ്കിലും തരത്തിൽ സ്വയം ഉറപ്പു നേടിയ ഒരാൾ ഒരു പരാജയം മാത്രമാണ്. നിങ്ങള്‍ സ്വയം ഉറപ്പിക്കപ്പെട്ടുവെന്നു വിശ്വസിക്കുന്തോറും, സ്വാഭാവികമായി നിങ്ങള്‍ക്കു അരക്ഷിതാവസ്ഥ അനുഭവപ്പെടും. നിങ്ങൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും; ജീവിതം സംഘടിതമാകും തോറും, സുരക്ഷിതമാണെന്നുള്ള ബോധം കുറഞ്ഞു വരും. ശൈശവത്തിൽ, നിങ്ങൾക്ക് ഒന്നും തന്നെ ഇല്ലാതിരുന്നപ്പോൾ, ജീവിതം സുഖകരമായിരുന്നു. ചെറുപ്പക്കാരനായപ്പോഴും ഒന്നും തന്നെ നേടാതിരുന്നതു കൊണ്ട് ജീവിതം സുഖമായി മുന്നോട്ട് പോയി. കീറിയ ജീൻസുമിട്ട് നടക്കുവാൻ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ജീവിതം കൂടുതൽ സ്ഥാപിതമായപ്പോൾ, കൂടുതൽ വസ്തുക്കൾ കൈവശം വന്നപ്പോൾ, നിങ്ങൾക്ക് ഒരു കുടുംബവും, കുട്ടികളും, ബാങ്കിൽ പണവും, സ്വത്തും ഉണ്ടായപ്പോൾ നിങ്ങൾക്ക് “സുരക്ഷിതത്വം” എന്ന ബോധം കുറഞ്ഞു വന്നു.

മനുഷ്യരധികവും എന്തെങ്കിലും ആയിത്തീരുവാനുള്ള പരിശ്രമത്തിലാണ്. എത്ര കൗശലത്തോടെയാണ് നിങ്ങളുടെ ശരീരം പണിതിട്ടുള്ളതെന്നു നോക്കൂ. നിങ്ങളുടെ ശരീരത്തിന് എന്തു തന്നെ കൊടുത്താലും - അത് ഒരു നേന്ത്രപ്പഴമോ, ആപ്പിളോ, ഒരു കപ്പലണ്ടിയോ ആകട്ടെ - ശരീരം അതിനെ അതിനു വേണ്ട തരത്തിലാക്കിയെടുക്കും. ശരീരത്തിന് നിങ്ങൾ എന്തു തന്നെ നൽകിയാലും, അത് ഒരു മനുഷ്യനെ മാത്രമേ സൃഷ്ടിക്കുകയുള്ളു. അത്രയും ബുദ്ധിശക്തിയും, സാമര്‍ത്ഥ്യവുമുള്ള ഒരു വസ്തുവാണ് ഇപ്പോൾ നിങ്ങളെ കുടുക്കുവാൻ ആയി ഉപയോഗിക്കപ്പെടുന്നത്. ഭൗതിക ശരീരം ഒരു സാധ്യതയാണ്; അതേ സമയം ഒരു കെണിയുമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ അതിൽ താമസിക്കുകയും,ഇഷ്ടമുള്ളപ്പോൾ പുറത്തു പോകുകയും ചെയ്യാമെങ്കിൽ മാത്രമേ അതിനെ വീട് എന്ന് വിളിക്കുവാൻ സാധിക്കുകയുള്ളു. നിങ്ങൾ വീട്ടിൽ കയറിയതിനു ശേഷം പുറത്തിറങ്ങുവാൻ സാധിക്കുന്നില്ലെങ്കിൽ അതൊരു കാരാഗ്രഹമാണ്. ഇതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

ആന്തരികമായ പ്രവൃത്തി

നിങ്ങൾ സ്വയം മറക്കുവാൻ ശ്രമിക്കുകയാണെങ്കിൽ, ആരും, ഒന്നും അല്ലാതായിത്തീരുവാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ വീട്ടിൽ ബന്ധനസ്ഥനല്ല. അതിനേക്കാൾ കുറച്ചുകൂടി വ്യാപകമായി പ്രവൃത്തിക്കുവാനും അനുഭവിക്കുവാനും ആരംഭിക്കും. സാവധാനത്തിൽ, ആ വീടിന്‍റെ ഭിത്തികൾ കൂടുതൽ സുഷിരിതമാകുന്നതോടെ നിങ്ങൾക്ക് നിങ്ങളുടെ ശാരീരിക സ്വത്വത്തിനുപരിയായി വർത്തിക്കുവാൻ സാധിക്കും. പക്ഷെ സ്വയം മറക്കുവാൻ ഉള്ള പ്രവൃത്തി നിങ്ങൾക്കുള്ളിൽ നിന്നു തന്നെ വരണം. ഞാൻ നിങ്ങളുടെ ശരീരത്തിൽ ഒരു ദ്വാരം ഉണ്ടാക്കുകയാണെങ്കിൽ, അത് വേദന ഉണ്ടാക്കും, ഞാൻ അതിന്‍റെ പേരിൽ കുഴപ്പത്തിൽ ആകുകയും ചെയ്യും. അതുകൊണ്ട് അത് അകമേ നിന്ന് തന്നെ വരണം; പുറത്തുനിന്നുള്ള സഹായത്തോടെ നടത്തുന്ന ഒരു ആന്തരികപ്രവൃത്തി.

സ്വയം മറക്കാൻ ശ്രമിക്കുമ്പോൾ ഏറ്റവും അടിസ്ഥാനപരമായി വരുന്നത് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ്. ബാക്കിയെല്ലാം ഇതിനെ ആശ്രയിച്ചിരിക്കും. മനുഷ്യരിൽ ഭൂരിഭാഗവും തങ്ങളുടെ വ്യക്തിത്വം ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് കെട്ടിപ്പടുക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിൽ ഞാൻ ഇത് എപ്പോഴും കേട്ടുകൊണ്ടിരിക്കുകയാണ്; "ഞാൻ കാപ്പിയുടെ ആളാണ്", "ഞാൻ ഗ്രീൻ ടീയുടെ ആളാണ്", "ഞാൻ ബിയറിന്‍റെ ആളാണ്". എന്നെല്ലാം. അടിസ്ഥാനപരമായി നിങ്ങളുടെ വ്യക്തിത്വം നിങ്ങളുടെ ഇഷ്ടങ്ങളെയും, അനിഷ്ടങ്ങളെയും അനുസരിച്ചിരിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ള വസ്തു നിങ്ങളുടെ മനസ്സിൽ വളരെ ഗുണകരമായ ഒരു സ്ഥാനം നേടിയെടുക്കുന്നു. അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത വസ്തു ദോഷകരമായ സ്ഥാനവും നേടുന്നു.

ഈ പ്രക്രിയ നിങ്ങൾ തുടങ്ങുകയും, നിങ്ങളിൽ അതിശയോക്തി സൃഷ്ടിക്കുവാനുള്ള വാസന കുറഞ്ഞ തോതിലെങ്കിലും ഉണ്ടായിരിക്കുകയും ചെയ്‌താൽ ഞാൻ പറയും നിങ്ങൾക്ക് ഒരു വ്യക്തിത്വം ഉണ്ടെന്ന്. ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് ശക്തമായ ധാരണകളാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ ഞാൻ പറയും നിങ്ങൾക്ക് ശക്തമായ ഒരു വ്യക്തിത്വം ഉണ്ടെന്ന്. അതിതീവ്രമായ ഇഷ്ടാനിഷ്ടങ്ങൾ ഉള്ള ആളാണെങ്കിൽ അയാളെ സ്വേച്ചാധിപതി എന്നും വിളിക്കും. അസാധാരണമായ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഭ്രാന്താണെന്നും നിശ്ചയിക്കും. പക്ഷെ ഇതിലെ ആദ്യത്തെ പടിയിൽ നിൽകുമ്പോൾ തന്നെ നിങ്ങൾക്ക് ഭ്രാന്തുണ്ടെന്നു മനസ്സിലാക്കിയിരിക്കണം, മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ പാകത്തിൽ ശക്തമല്ലെങ്കിലും നിങ്ങളിൽ ഒരു ഭ്രാന്തൻ ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലായിട്ടുണ്ടാകണം. നിങ്ങളാണ് ആ പ്രക്രിയ തുടങ്ങി വെച്ചത്. നിങ്ങള്‍ക്കു തന്നെ അതിനെ നിങ്ങളുടെ ജീവിതത്തിലുടനീളം നിയന്ത്രിച്ചു നിർത്തുവാൻ സാധിച്ചേക്കും. എന്നാൽ ചിലപ്പോൾ നിങ്ങൾക്ക് അത്തരം നിയന്ത്രണം നഷ്ടപ്പെട്ടു പോയേക്കാം. ഇതു ജീവിതത്തിൽ നിങ്ങൾക്ക് എന്തെല്ലാം നേരിടേണ്ടിവരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

ലളിതമായ ഈ അഭ്യാസം പരീക്ഷിച്ചു നോക്കൂ

നിങ്ങൾ ഈ ലളിതമായ അഭ്യാസം പരീക്ഷിച്ചു നോക്കണമെന്നാണ് എന്‍റെ ആഗ്രഹം. നിങ്ങൾക്ക് ഇഷ്ടമുള്ള മൂന്നു വസ്തുക്കളും, ഇഷ്ടമില്ലാത്ത മൂന്നു വസ്തുക്കളും എടുക്കു. ഒരു പക്ഷെ നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് ആളുകളെ ആയിരിക്കും. അവരെ പിടിച്ചു കൊണ്ട് വരേണ്ടതില്ല! അവരുടെ ചിത്രങ്ങൾ വെച്ചാൽ മതി. നിങ്ങൾക്ക് ഇഷ്ടമുള്ള വസ്തുക്കളെ വേണമെങ്കിൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെടാതിരിക്കാം. അതുപോലെ നിങ്ങൾ വെറുക്കുന്ന വസ്തുക്കളെ നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടപെടാൻ സാധിക്കും. ഇതിനു വേണ്ടത് അതിശയോക്തി മാത്രമാണ്. ഇഷ്ടങ്ങളെ അനിഷ്ടങ്ങളായും,. അനിഷ്ടങ്ങളെ ഇഷ്ടങ്ങളായും മാറ്റാം. പക്ഷെ നിങ്ങൾ വീണ്ടും പഴയ സ്ഥാനത്തു തന്നെ എത്തിയിരിക്കും, ഇഷ്ടപ്പെടുന്ന വസ്തുക്കളും, ഇഷ്ടപ്പെടാത്ത വസ്തുക്കളും മാറി എന്ന് മാത്രമേ ഉള്ളു.

ഇത്തരം ഒരു പരീക്ഷണം നടത്തുന്നത് നല്ലതാണ്. എന്തെന്നാൽ അതുകൊണ്ട് നിങ്ങൾക്ക് മനസ്സിലാകും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കു വാസ്തവികത ഇല്ല എന്ന്. നിങ്ങൾ അത് മനസ്സിലുണ്ടാക്കി എടുത്തതാണ്. - "എനിക്ക് ഇത് ഇഷ്ടമാണ്, അത് ഇഷ്ടമല്ല " എന്നൊക്കെ. സ്വാദ് നല്ലതാണെങ്കിൽ വിഷം പോലും നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം! ഈ പരീക്ഷണം കുറച്ചു തവണ ചെയ്തു നോക്കു - ഇന്നു നിങ്ങൾക്ക് ഇത് ഇഷ്ടമായിരിക്കും; നാളെ അത് ഇഷ്ടപ്പെടുകയില്ല. ഇഷ്ടപ്പെട്ടിരുന്ന വസ്തുവിനെ ഒരു ദിവസത്തേക്ക് ഇഷ്ടപ്പെടാതിരിക്കാം; ഇഷ്ടപ്പെടാതിരുന്നതിനെ ഒരു ദിവസത്തേക്ക് ഇഷ്ടപെടാൻ സാധിക്കും. ഇത് ഇങ്ങിനെ മാറ്റി നോക്കിക്കൊണ്ടിരിക്കുക. കുറച്ചു കഴിയുമ്പോൾ നിങ്ങൾ ഒരു കളിയിലൂടെ സ്വയം നശിപ്പിക്കുകയാണെന്നു മനസ്സിലാകും. നിങ്ങള്‍ നിങ്ങളോടു തന്നെ ഇതു ചെയ്യരുത്.

ഇത്തരം നിരർത്ഥകമായ ഒരു നാടകം കളിച്ചു കൊണ്ട് ജീവിതം കഴിച്ചു കൂട്ടണോ? അതോ ജീവിതം യഥാർത്ഥത്തിൽ അനുഭവിക്കണോ എന്നു തീരുമാനിക്കൂ. ഈ ജീവിതം നിങ്ങളെ സ്പർശിക്കുകയെങ്കിലും ചെയ്യട്ടെ. ജീവിതം അതിനുള്ളതാണ്. അതിതീവ്രമായ ശക്തിയോടെ ജീവിതം മുന്നോട്ട് പോകുകയും അതിന്‍റെ പൂർണ രൂപത്തിൽ വികസിക്കുകയും ചെയ്യണം. നിങ്ങളുടെ നാടകം കളിക്കാനുള്ളതല്ല ഈ ജീവിതം. ഇത് നിങ്ങളുടെ നാടകത്തിനുള്ള അരങ്ങല്ല. സൃഷ്ടിയുടെ സ്രോതസ്സിനു മതിമറന്നു നൃത്തം ചെയ്യുവാനുള്ളതാണ്, സൃഷ്ടിക്കപ്പെട്ട ഈ വേദി. ചെറിയ തോതിൽ നിങ്ങളുടെ അഭിനയം നടത്തുവാനുള്ള സ്വാതന്ത്ര്യം ജീവിതം നിങ്ങൾക്ക് തരും. പക്ഷെ അതാണ് സത്യമെന്നു നിശ്ചയിച്ചു അതിൽ മുഴുകരുത്. ഇതു നിങ്ങളുടെ നാടകമാണ്. പ്രപഞ്ചം മുഴുവനുമായിട്ടുള്ള ഈ നാടകം നിങ്ങളേയും സ്പർശിക്കും. അതിനുള്ള അവസരം കൊടുത്താൽ മതി. അതാണ് യഥാർത്ഥ ജീവിതം .