സ്വപ്നത്തില്‍ കൂടി കര്‍മത്തിന്‍റെ കുരുക്കുകളഴിക്കാം
സ്വപ്നാവസ്ഥയില്‍ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല, അതുകൊണ്ടവടെ ഇച്ഛാശക്തി ഇല്ല. അതുകൊണ്ട് സ്വപ്നാവസ്ഥയില്‍ ഒരു പരിധിവരെ ചെയ്‌തുകഴിഞ്ഞ കര്‍മ്മങ്ങളുടെ കെട്ടുകളഴിക്കലാണ് നടക്കുന്നത്.
 
 

सद्गुरु

വേണ്ടതും, വേണ്ടാത്തതും, തോല്‍വികളും, വിജയങ്ങളും, ഹിതങ്ങളും, അഹിതങ്ങളും എല്ലാം തന്നെ ഈശ്വരനായി സമര്‍പ്പിക്കാന്‍ സാധിക്കുമെങ്കില്‍ അത്‌ വലിയൊരു കാര്യം തന്നെയാണ്‌, എന്നാല്‍ നമ്മള്‍ സാധാരണ ചെയ്യുന്നത്‌ നേട്ടങ്ങളും നന്മകളും അവനവന്റേതായി മാറ്റി വെക്കുന്നു, പ്രശ്നങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും മറ്റുള്ളവരെ ഉത്തരവാദികളാക്കുകയുമാണ്‌

സ്വപ്നം എന്താണ്? കര്‍മത്തിന്‍റെ ബാധ്യതകളഴിക്കാന്‍ സ്വപ്‌നങ്ങള്‍ സഹായകരമാകുമോ?

ഒരു വ്യക്തി കാണുന്ന സ്വപ്‌നം ഒരു മിഥ്യാ സങ്കല്‍പമാണ്‌. എന്നാല്‍ ഒരു കൂട്ടം ആളുകള്‍ സ്വപ്‌നം കാണുമ്പോള്‍ അതൊരു സാമൂഹിക പരിവര്‍ത്തനമായി മാറുന്നു. ഈ ലോകം മുഴുവന്‍ സ്വപ്‌നം കാണുമ്പോള്‍ അത്‌ യാഥാര്‍ത്ഥ്യമായി ചിത്രീകരിക്കപ്പെടുന്നു. ഓരോ സ്വപ്‌നവും ഏറെക്കുറെ സത്യമാണ്‌. അതുപോലെ ഓരോ സത്യവും ഏതാണ്ടൊരു സ്വപ്‌നവുമാണ്‌.

മിക്കവരുടെയും സ്വപ്നം യാഥാര്‍ത്ഥ്യത്തിനേക്കാള്‍ പ്രാബല്യമേറിയതാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഉറങ്ങി ഉണരുന്നതോടെ മിക്കതും ഓര്‍മ്മയില്‍ നിന്നും മാഞ്ഞു പോകുന്നു. ഉറങ്ങികിടക്കുന്നയാളുടെ ശാരീരിക ലക്ഷണങ്ങള്‍ ശാസ്‌ത്രീയമായി പരിശോധിച്ചാല്‍ സ്വപ്‌നവും ധ്യാനാവസ്ഥയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല എന്ന കാര്യം വ്യക്തമാകും. ധ്യാനാവസ്ഥയേക്കാള്‍ അല്‍പം മാത്രം താഴെയാണ്‌ സ്വപ്‌നാവസ്ഥ എന്നു പറയാം. ഉണര്‍ന്നിരിക്കുന്ന അവസ്ഥയേക്കാള്‍ ശാന്തവും സ്വസ്ഥവുമാണ്‌ സ്വപ്‌നാവസ്ഥ, വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ജാഗ്രതാവസ്ഥ സ്വപ്നത്തിന്റെ തന്നെ ഒരു വിക്ഷോഭാവസ്ഥ എന്ന് പറയാം.

നിങ്ങള്‍ “യാഥാര്‍ത്ഥ്യം” ഏതു വിധത്തിലാണു കാണുന്നത് എന്നത്, നിങ്ങളുടെ ഇന്ദ്രീയങ്ങള്‍ ഏതു വിധത്തിലാണ്‌ അതിനെ വ്യാഖ്യാനിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും. സത്യമെന്നു മനസ്സിലാക്കുന്നത്‌ മനസ്സിന്റെ വ്യാഖ്യാനമാണ്‌, അതുപോലെതന്നെ “സ്വപ്നം” എന്നു ധരിക്കുന്നതും മനസ്സിന്റെ വ്യാഖ്യാനം തന്നെയാണ്. മനസ്സില്‍ സംഭവിക്കുന്നതെന്തായാലും അത്‌ ഒരു തരത്തിലുള്ള വ്യാഖ്യാനം മാത്രമാണ്‌. അതിനെ വേണമെങ്കില്‍ നമുക്ക്‌ “മാനസിക യാഥാര്‍ത്ഥ്യം” എന്നു വിളിക്കാം.

സത്യമെന്നു മനസ്സിലാക്കുന്നത്‌ മനസ്സിന്റെ വ്യാഖ്യാനമാണ്‌, അതുപോലെതന്നെ “സ്വപ്നം” എന്നു ധരിക്കുന്നതും മനസ്സിന്റെ വ്യാഖ്യാനം തന്നെയാണ്

ജീവിതം എന്നാല്‍ ഒരു നിലവാരത്തില്‍ നോക്കുമ്പോള്‍ മുന്‍ജന്മങ്ങളില്‍ ചെയ്തിട്ടുള്ള കര്‍മങ്ങളുടെ ചുരുളുകള്‍ അഴിയ്ക്കലാണ്‌. പലപ്പോഴും പറയാറുണ്ട്, “ജീവിതം ഇങ്ങനെയൊക്കെയായത്‌ കര്‍മഫലംകൊണ്ടാണ്‌” എന്ന്‍. മുമ്പുചെയ്‌ത കര്‍മങ്ങളുടെ കെട്ടുപാടുകള്‍ ഇപ്പോള്‍ അഴിച്ചു മാറ്റുകയാണ്‌ എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളും മുന്‍ജന്മത്തില്‍ ചെയ്‌തിട്ടുള്ള കര്‍മ്മങ്ങളും എപ്പോഴും ഒത്തു ചേര്‍ന്നുപോകണമെന്നില്ല.

സ്വപ്‌നത്തില്‍ സ്വന്തം കര്‍മബന്ധങ്ങള്‍ക്കനുകൂലമായ ഒരു സാഹചര്യം നിങ്ങള്‍ക്കു സൃഷ്‌ടിക്കാനാവും, ആ പ്രക്രിയ നിങ്ങള്‍ ബോധപൂര്‍വ്വം ചെയ്യുന്നതല്ല. എന്നാല്‍ ജാഗ്രതാവസ്ഥയില്‍ നിങ്ങള്‍ അതു ചെയ്യുന്നത്‌ ബോധപൂര്‍വ്വമാണെങ്കില്‍, അത് അര്‍ത്ഥവത്തായതായി തീരും. അതല്ല, വെറും അചേതനമായ കെട്ടഴിക്കല്‍ മാത്രമാണ്‌ നിങ്ങളുടെ ജീവിതമെങ്കില്‍, തീര്‍ച്ചയായും അതിന്‌ കൂടുതല്‍ പറ്റിയ ഇടം സ്വപ്‌നാവസ്ഥയാണ്.

യോഗശാസ്‌ത്രപ്രകാരം മഹാദേവനായ ശിവന്‍, സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്‌ പൂര്‍ണനിദ്രയിലായിട്ടാണ്‌, അതല്ലെങ്കില്‍ തികഞ്ഞ ജാഗ്രത് സ്വരൂപമായിട്ടാണ്‌. പൂര്‍ണബോധത്തിന്റ അവസ്ഥ ഇതാണ്‌ - അതായത്‌ ഒന്നുകില്‍ ഗാഡനിദ്രയിലാണ്ടു കിടക്കുന്നു, അല്ലെങ്കില്‍ പൂര്‍ണമായ ജാഗ്രതാവസ്ഥയിലാണ്‌. അതിന്‌ രണ്ടിനും ഇടയിലായൊരവസ്ഥ പരമശിവനില്ല, കാരണം അവിടുത്തേക്ക്‌ അഴിച്ചുമാറ്റാനായി കര്‍മ്മപാശങ്ങളൊന്നുമില്ല എന്നത് തന്നെ.

സ്വപ്‌നം എന്നു ഞാന്‍ പറയുമ്പോള്‍ ഉറങ്ങുമ്പോള്‍ കാണുന്ന ദൃശ്യങ്ങള്‍ മാത്രമാണെന്ന്‍ അര്‍ത്ഥമാക്കരുത്‌, കണ്ണുതുറന്നിരിക്കുമ്പോഴും വാസ്‌തവത്തില്‍ നിങ്ങള്‍ സ്വപ്‌നാവസ്‌ഥയിലാണ്‌. ദാ, ഈ നിമിഷവും നിങ്ങള്‍ ലോകത്തെ കാണുന്നത് ഒരുതരം സ്വപ്നാവസ്ഥയിലാണ്. അതില്‍ യാഥാര്‍ത്ഥ്യമില്ല.dream

സ്വപ്നാവസ്ഥയില്‍ കര്‍മ്മം ഉണ്ടാകുമോ?

നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളുടെ ഫലമായല്ല കര്‍മ്മം ഉണ്ടാകുന്നത്, പ്രവൃത്തിയിലുള്ള ഉദ്ദേശം മൂലമാണ്. സ്വപ്നാവസ്ഥയില്‍ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല, അതുകൊണ്ടവടെ ഇച്ഛാശക്തി ഇല്ല. അതുകൊണ്ട് സ്വപ്നാവസ്ഥയില്‍ ഒരു പരിധിവരെ ചെയ്‌തുകഴിഞ്ഞ കര്‍മ്മങ്ങളുടെ കെട്ടുകളഴിക്കലാണ് നടക്കുന്നത്.
പകല്‍ സമയത്തും നിങ്ങള്‍ അത് തന്നെയാണ് ചെയ്യുന്നത്, സ്വപ്നാവസ്ഥയിലുള്ളതുപോലെ തന്നെ ഒരുതരം അബോധാവസ്ഥയില്‍. ദേഷ്യം, സ്‌നേഹം, വെറുപ്പ്‌, ആശ, നിരാശ അങ്ങനെ എന്തെല്ലാം വികാരങ്ങള്‍ ഒരു ദിവസം പ്രകടിപ്പിക്കുന്നു. അതൊന്നും നിങ്ങളായിട്ടു അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. അങ്ങിനെയാകുമ്പോള്‍, വാസ്തവം പറഞ്ഞാല്‍, കര്‍മങ്ങളുടെ ചുരുളഴിക്കലാണ്‌ നടക്കുന്നത്‌.

‘എന്റെ കര്‍മ്മം’ എന്നു പറയുമ്പോള്‍, ‘ഞാന്‍ ചെയ്യുന്ന പ്രവൃത്തി’ എന്നാണ്‌ സാധാരണയായി എല്ലാവരും മനസ്സിലാക്കുന്നത്‌. നിങ്ങള്‍ വിശ്വസിക്കും, “ഇത്‌ ഞാന്‍ തന്നെ ചെയ്യുന്നതാണ്‌” എന്ന്. പക്ഷെ മുമ്പേ ചെയ്‌ത കര്‍മങ്ങളുടെ ചുരുളഴിയ്ക്കല്‍ മാത്രമാണ്‌ അവിടെയും നടക്കുന്നത്‌. കര്‍മ്മങ്ങള്‍ നമ്മെ ചുറ്റിവരിഞ്ഞിരിക്കുന്നു, അതുകൊണ്ടാണ്‌ ഈ ചുരുളഴിക്കല്‍ വേണ്ടി വരുന്നത്‌.

ഈ ബാധ്യത ഇറക്കി വയ്ക്കല്‍ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ്‌. "അതില്‍ എനിക്കായി ഒന്നും ചെയ്യാനില്ല. എന്റെ ചിന്തകളും, വികാരങ്ങളും, എടുത്തുചാട്ടങ്ങളുമൊക്കെ ഞാനറിയാതെ സംഭവിച്ചു പോവുകയാണ്‌,” എന്ന കരുത്തറ്റ വിശ്വാസമുണ്ടെങ്കില്‍, തന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ആവശ്യമായി വരുന്നില്ല. എല്ലാം താനെ സംഭവിച്ചുകൊണ്ടിരിക്കുന്നു.

കുറെനേരം സ്വസ്ഥമായി, നിശബ്ദമായി, അവനവനെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നാല്‍, മനസ്സ്‌ അതിന്റേതായ രീതിയില്‍ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു എന്ന വിഷയം മനസ്സിലാക്കാം. ഏതോ ബാധ നിങ്ങളില്‍ കയറിക്കൂടിയിരിക്കുന്നതുപോലെയാണ്‌ തോന്നുക. മനസ്സ്‌ വാസ്തവത്തില്‍ ചെയ്യുന്നത്‌, നിങ്ങള്‍ ഉണ്ടാക്കിവെച്ച കുരുക്കുകള്‍ അഴിച്ചുമാറ്റുകയാണ്‌.

മനസ്സ്‌ വാസ്തവത്തില്‍ ചെയ്യുന്നത്‌, നിങ്ങള്‍ ഉണ്ടാക്കിവെച്ച കുരുക്കുകള്‍ അഴിച്ചുമാറ്റുകയാണ്‌.

സര്‍വ്വപ്രസിദ്ധമായ ഒരു മന്ത്രമാണ് -

“മഹാദേവ! എല്ലാം നീ മാത്രം. എല്ലാം നീ മാത്രം.
ഞാന്‍ ചെയ്യുന്ന തെറ്റുകള്‍ക്കു കാരണം എന്റെ മനസ്സാണ്‌.
എന്റെ എല്ലാ പ്രവൃത്തികളും ചെയ്യുന്നത്‌ എന്റെ ശരീരമാണ്‌.
ഞാന്‍ എന്ന ഒന്നെവിടെയുണ്ട്? അങ്ങനെയൊന്ന്‍ എവിടേയുമില്ലല്ലോ.
എല്ലാം നീ മാത്രം!”

ഒരു യഥാര്‍ത്ഥ ഭക്തനാണ്‌ ഈ മന്ത്രം ചൊല്ലുന്നതെങ്കില്‍, ആത്മസാക്ഷാത്‌ക്കാരത്തിന്റെ ഏറ്റവും ഉദാത്തമായ ഭാവമാണത്‌. എന്നാല്‍ സാധാരണ ഒരു മനസ്സാണ്‌ ഇതുരുവിടുന്നതെങ്കില്‍, അത്‌ വെറും കാപട്യം മാത്രമാണ്‌. എല്ലാ തെറ്റുകുറ്റങ്ങളും ഇനിയൊരാളുടെ തലയില്‍ വെച്ചുകെട്ടുക മനുഷ്യരുടെ സാമാന്യ സ്വഭാവമാണ്‌. വേണ്ടതും, വേണ്ടാത്തതും, തോല്‍വികളും, വിജയങ്ങളും, ഹിതങ്ങളും, അഹിതങ്ങളും എല്ലാം തന്നെ മഹാദേവനായി സമര്‍പ്പിക്കാന്‍ സാധിക്കുമെങ്കില്‍ അത്‌ വലിയൊരു കാര്യം തന്നെയാണ്‌, എന്നാല്‍ നമ്മള്‍ സാധാരണ ചെയ്യുന്നത്‌ നേട്ടങ്ങളും നന്മകളും അവനവന്റേതായി മാറ്റി വെക്കുന്നു, പ്രശ്നങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും മറ്റുള്ളവരെ ഉത്തരവാദികളാക്കുകയുമാണ്‌.

അപ്പോള്‍ ജീവിതം പ്രവൃത്തിയും, സ്വപ്‌നം അതഴിച്ചു മാറ്റലുമാണെന്നാണോ?

അങ്ങനെയല്ല, ഇതു രണ്ടും ചേര്‍ന്നതാണ്‌ ജീവിതം. അതില്‍ പ്രവൃത്തിയും നിവൃത്തിയുമുണ്ട്‌, ബന്ധനവും മോചനവും ഉണ്ട്. ഒന്നിനെക്കുറിച്ചും കാര്യമായി ചിന്തിക്കുന്നില്ലെങ്കില്‍, അവിടെ കൂടുതലായും നടക്കുന്നത്‌ കെട്ടഴിക്കലാണ്‌. അല്‌പം ബോധപൂര്‍വമാണ്‌ ചെയ്യുന്നതെങ്കിലോ, കൂടുതല്‍ കെട്ടുകള്‍ സൃഷ്‌ടിക്കും. ഇത് രണ്ടും കടന്ന്, തികഞ്ഞ ജ്ഞാനത്തോടു കൂടിയാണ്‌ പ്രവൃത്തിക്കുന്നതെങ്കില്‍ അഴിച്ചുമാറ്റല്‍ വേഗം നടക്കും, പുതിയ കെട്ടുകള്‍ തീരെ ഉണ്ടാവുകയുമില്ല. ഭാഗികമായ അറിവ്‌ കൂടുതല്‍ കെട്ടുകള്‍ക്കു കാരണമാകുന്നു, അങ്ങനെയുള്ള സാഹചര്യത്തില്‍ ഈ കെട്ടഴിക്കല്‍ പ്രക്രിയയുടെ വേഗത കുറയും, വളരെ കുറയും.

സ്വപ്‌നവും, ജാഗ്രതാവസ്ഥയും, രണ്ടിനേയും വേര്‍തിരിച്ചു കാണാതിരിക്കുകയാണുത്തമം. എന്റെ അഭിപ്രായം, രണ്ടവസ്ഥകളേയും സ്വപ്‌നമായി കാണുക, അല്ലെങ്കില്‍ രണ്ടിനേയും ജാഗ്രതാവസ്ഥയുടെ തന്നെ രണ്ടു തലങ്ങളായി കാണുക, ഇതൊരു സ്വപ്‌നം, അതോ കൂടുതല്‍ അഗാധമായ ഒന്ന്‍. അല്ലെങ്കില്‍ ഇതൊരു യാഥാര്‍ത്ഥ്യം, മറ്റേത്‌ വേറൊരു തരത്തിലുള്ള യാഥാര്‍ത്ഥ്യം. ഈ വസ്‌തുത മനസ്സിലാക്കി കഴിഞ്ഞാല്‍ രണ്ടവസ്ഥകളേയും കുരുക്കഴിക്കാനുള്ള ഉപാധികളായി നിങ്ങള്‍ക്കു പ്രയോജനപ്പെടുത്താം. കൂടുതല്‍ കുരുക്കുകള്‍ സൃഷ്‌ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യാം.unwinding-of-karma

ഇനി ഈ കര്‍മ്മത്തിന്റെ കുരുക്കിടലും അഴിക്കലും എങ്ങിനെ നടക്കുന്നു എന്ന് നോക്കാം -

കര്‍മ്മത്തിന്റെ പ്രക്രിയയില്‍, പ്രവൃത്തി കുരുക്കഴിക്കലും, പ്രവൃത്തിയില്‍ ഉദ്ദേശം വരുമ്പോള്‍, അത് കുരുക്കിടലും ആയി ഭവിക്കുന്നു. അവനവനെപ്പറ്റി ചിന്തിക്കുന്തോറും ഉദ്ദേശം കൂടി വരുന്നു. അത് കര്‍മ്മം ഉണ്ടാക്കുന്ന ശക്തമായ ഒരുപകരണമായിത്തീരും. കര്‍മ്മമുണ്ടാക്കുന്നത് പ്രവൃത്തിയല്ല, പ്രവൃത്തിയിലുള്ള ഉദ്ദേശമാണ്. സത്യം പറഞ്ഞാല്‍, ആരോടെങ്കിലും ദേഷ്യപ്പെടുമ്പോള്‍ നിങ്ങള്‍ കെട്ടുകള്‍ അഴിക്കുകയാണ്‌, അതേസമയം പുതിയ കെട്ടുകള്‍ ഉണ്ടാക്കുകയുമാണ്‌. പെട്ടെന്ന്‍ പൊട്ടിത്തെറിച്ച്‌ ക്ഷണത്തില്‍ നിങ്ങള്‍ ശാന്തനായേക്കാം, അത് കെട്ടഴിക്കല്‍. “കാണിച്ചു കൊടുക്കാം ഞാന്‍! അവര്‍ക്കെങ്ങനെയെന്നോടിത് ചെയ്യാന്‍ തോന്നി?” ഈ വിധത്തില്‍ ചിന്തിക്കുന്നതൊടുകൂടി നിങ്ങള്‍ വലിയൊരു കെട്ടിന്‌ തുടക്കമിടുകയായി.

കോപം എപ്പോഴോ നിങ്ങളുടെ ഉള്ളില്‍ സംഭവിച്ച ഏതോ ഒരു കുരുക്ക്‌ അഴിച്ചുമാറ്റലാണ്. ദേഷ്യം വെറുപ്പിന്‌ കാരണമാകുന്നു. വെറുപ്പ്‌, വിദ്വേഷം, ഇവ മനസ്സില്‍ വാശി ഉണ്ടാക്കുന്നു. തന്‍റെ ഉള്ളില്‍ വെറുപ്പും വിദ്വേഷവും വരുത്തിയതെന്തോ, അതിനെ നശിപ്പിക്കണമെന്ന വാശി. സ്വാര്‍ത്ഥപരമായ ഉദ്ദേശ്യത്തോടുകൂടിയ ദേഷ്യമാണ്‌ വിദ്വേഷമാകുന്നത്‌. അസൂയ, അതൊരുദ്ദേശ്യമാണ്‌, അതേ സമയം ചുറ്റിയ കുരുക്കുകളഴിക്കലുമാണ്‌. അതേ പോലെ തന്നെ കാമം കുരുക്കഴിക്കലാണ്‌, അതില്‍ ശക്തമായ വികാരപ്രകടനമുള്ളതുകൊണ്ട് അത് കെട്ടുപാടുണ്ടാക്കുന്നതുമാണ്‌, കാരണം അതിലൊരു നിക്ഷിപ്തതാത്പര്യമുണ്ട്.

ആധുനിക വിദ്യാഭ്യാസം കര്‍മ്മഭാരം കൂട്ടുന്നു

ആധുനിക വിദ്യാഭ്യാസം, അറിവു നേടാനോ, ആത്മസാക്ഷാത്‌ക്കാരത്തിനോ ഒരാളെ സഹായിക്കുന്നില്ല. ശരീരത്തിന്റേയും മനസ്സിന്റേയും സാദ്ധ്യതകളെ പൂര്‍ണമായും പ്രയോജനപ്പെടുത്താനുള്ള മാര്‍ഗങ്ങളും നിര്‍ദ്ദേശിയ്ക്കുന്നില്ല. കുറെയധികം മോഹങ്ങളും, ആഗ്രഹങ്ങളും മനുഷ്യ മനസ്സില്‍ വളര്‍ത്തിയെടുക്കുക മാത്രമാണ്‌ അത്‌ ചെയ്യുന്നത്‌. കര്‍മ്മത്തിനു കാരണമാവുന്നത്‌ പ്രവൃത്തിയല്ല, അതിന്റെ പുറകിലുള്ള ഉദ്ദേശമാണ്‌.

സാധാരണക്കാരുടെ മനസ്സിലെ ദേഷ്യവും പകയും വെറുപ്പും സ്‌നേഹവുമെല്ലാം അവര്‍ സങ്കോചം കൂടാതെ തുറന്നു കാട്ടുന്നു. അവരുടെ പെരുമാറ്റ രീതികള്‍ക്ക്‌ മയം കുറവായിരിക്കും. സ്വയം പരിഷ്‌കൃതരെന്ന്‍ അവകാശപ്പെടുന്നവര്‍, തുടക്കം മുതലേ മറ്റുള്ളവരെ വഞ്ചിക്കാന്‍ ശീലിച്ചിരിക്കും. ക്രമേണ അതില്‍ സാമര്‍ത്ഥ്യം നേടി അവര്‍ അവരെത്തന്നെ വഞ്ചിക്കാന്‍ തുടങ്ങും. പലപ്പോഴും സ്വന്തം ഉള്ളിലിരുപ്പ്‌ അവര്‍ക്കുതന്നെ മനസ്സിലാക്കാനാവില്ല.

ആധുനിക വിദ്യാഭ്യാസം ഇത്തരത്തിലുള്ള ആത്മവഞ്ചനയെ കൂടുതല്‍ ശക്തമാക്കുകയാണ്‌ ചെയ്യുന്നത്‌. ഉപരിതലത്തെ മാത്രം സ്പര്‍ശിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ്‌ ആധുനിക വിദ്യാഭ്യാസം എല്ലാവര്‍ക്കും പകര്‍ന്നു നല്‍കുന്നത്‌. ഈ വിദ്യാഭ്യാസം കൂടുതല്‍ കെട്ടുപാടുകളുണ്ടാക്കാന്‍ മാത്രമേ ആര്‍ക്കായാലും പ്രയോജനപ്പെടുത്തുകയുള്ളു.

ഈ വിദ്യാഭ്യാസം കൂടുതല്‍ കെട്ടുപാടുകളുണ്ടാക്കാന്‍ മാത്രമേ ആര്‍ക്കായാലും പ്രയോജനപ്പെടുത്തുകയുള്ളു

ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ചെന്ന്‍ ഒരു സാധാരണ കൃഷിക്കാരനെ കണ്ട് സംസാരിച്ചു നോക്കൂ, പ്രായോഗിക കാര്യങ്ങളെക്കുറിച്ച്‌ അവര്‍ക്കുള്ള അറിവ്‌ ആരേയും അതിശയിപ്പിക്കും. സ്വന്തം ശരീരസ്ഥിതിയെ കുറിച്ച്‌, ആരോഗ്യത്തെ കുറിച്ച്‌, ചുറ്റുപാടുകളെ കുറിച്ച്‌, മനുഷ്യബന്ധങ്ങളെ കുറിച്ച്‌, ഒക്കെയുള്ള അവരുടെ അറിവും പരിചയവും, എത്ര പഠിപ്പുള്ളവരേക്കാളും ഉയര്‍ന്ന തലത്തിലായിരിക്കും. അതിനു പ്രധാനകാരണം വൈവിധ്യമാര്‍ന്ന ആശയങ്ങളും വിവരങ്ങളും കടന്നു കൂടി, അവരുടെ മനസ്സിനെ കലുഷമാക്കിയിട്ടില്ല എന്നതാണ്‌. അവരുടെ ബുദ്ധി യഥാസ്ഥാനത്തു തന്നെയാണ്‌.

നാം നേടിയെടുക്കുന്ന അറിവുകള്‍, നമുക്കും സമൂഹത്തിനും ഗുണകരമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നമ്മള്‍ പഠിച്ചിട്ടില്ല. വിദ്യാഭ്യാസത്തില്‍നിന്നും നമ്മള്‍ നേടേണ്ടത്‌ കൂടുതല്‍ ശക്തിയും ഉണര്‍വ്വും തെളിച്ചവുമാണ്‌. എന്നാല്‍ നമ്മള്‍ക്കു കിട്ടിയിട്ടുള്ളതോ, ആകപ്പാടെയുള്ള ഒരുതരം ആശയക്കുഴപ്പവും, ജീവിതത്തെകുറിച്ചുള്ള വലിയ ആശങ്കയും! ഒരു മനുഷ്യന് പ്രാപഞ്ചികമായി എത്ര ഉയരങ്ങളിലേക്കു വേണമെങ്കിലും കയറിച്ചെല്ലാനാകും, പക്ഷെ അവന്‍ അവന്റെതായ “ഞാന്‍” എന്ന കൊച്ചു ലോകത്തില്‍ ഒതുങ്ങിക്കൂടുന്നു. എത്ര വിവരമില്ലാത്തവനും സ്വന്തം കാര്യം വരുമ്പോള്‍, അവിടെ അതിസാമര്‍ത്ഥ്യമാണ്!

മനുഷ്യന്റെ ബുദ്ധി വികസിക്കുന്തോറും അവന്റെ കാഴ്‌ചപ്പാടും വിശാലമായിത്തീരണം. അങ്ങനെയുള്ള ഒരു വ്യക്തിക്ക്‌ തന്‍കാര്യം എന്നൊന്നില്ലതന്നെ. അവന്റെ മനസ്സ്‌ ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം വിശാലമായിത്തീര്‍ന്നിരിക്കും!

 
 
  0 Comments
 
 
Login / to join the conversation1