സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുക
നിങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനായി പൂര്‍ണ്ണമായ അര്‍പ്പണമനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കുക. അതിശയിപ്പിക്കുന്ന ഉയരങ്ങളെ സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും!
 
 

നിങ്ങളുടെ യൗവ്വനകാലത്ത്, ഭാവിയില്‍ എങ്ങനെയാകണമെന്ന് ധാരാളം സ്വപ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരുന്നു. നിങ്ങളുടെ ജീവിതത്തെ എങ്ങനെ രൂപീകരിക്കണം എന്ന് നിങ്ങള്‍ക്കു ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. പതിനെട്ട് അല്ലെങ്കില്‍ ഇരുപതു വയസ്സില്‍ കണ്ട സ്വപ്നങ്ങള്‍ വളരെ വലുതായിരുന്നു. ഇരുപത്തിയഞ്ചുവയസ്സായപ്പോള്‍ സ്വപ്നങ്ങള്‍ വര്‍ണ്ണങ്ങളില്ലാതെ ആയി. ഒരുപാടൊന്നും കിട്ടേണ്ട കാര്യമില്ല, ഉള്ളത് നഷ്ടപ്പെടാതിരുന്നാല്‍ മതി, എന്നു സ്വയം സമാധാനിക്കാന്‍ നിങ്ങള്‍ തയ്യാറായി.

ചോദിച്ചാല്‍, വയസ്സു കൂടുംതോറും ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കി എന്നു നിങ്ങള്‍ പറയും. അതല്ല സത്യം, സത്യത്തില്‍ സ്വപ്നം കാണാന്‍പോലും മനസ്സിനു ധൈര്യം വേണം. നിങ്ങള്‍ക്ക് അതു നഷ്ടമായി. എന്നിട്ടും സ്വപ്നം കണ്ടുവെങ്കിലും അതു സഫലീകരിക്കാനുള്ള ധൈര്യമില്ലാതെ നിങ്ങള്‍ ഭീരുക്കളായിപ്പോയി. ഏതു സ്വപ്നമായാലും അതു സഫലീകരിക്കുമോ ഇല്ലയോ എന്നൊരു സംശയത്തോടുകൂടി മാത്രമേ നിങ്ങളതിനെ നോക്കുന്നുള്ളൂ. അതുകൊണ്ട് നിങ്ങളുടെ ശ്രമങ്ങള്‍ പൂര്‍ണ്ണമാകുന്നില്ല.

ചൈനയില്‍ ഒരു സെന്‍ ഗുരു ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ തന്‍റെ ശിഷ്യനെ വിളിച്ച് "എനിക്ക് കുളിക്കുവാനായി തൊട്ടിയില്‍ വെള്ളം നിറയ്ക്കൂ" എന്നു പറഞ്ഞു. കിണറ്റില്‍നിന്നും വെള്ളം കോരിയ ശിഷ്യന്‍ മരബക്കറ്റുകളില്‍ നിറച്ച് തോളില്‍ ചുമന്നു കൊണ്ട് കുളിക്കാന്‍ വെള്ളം നിറയ്ക്കുന്ന തൊട്ടിയില്‍ ഒഴിച്ചു. ബക്കറ്റിന്‍റെ അടിയില്‍ ബാക്കിയുണ്ടായിരുന്ന അല്‍പം ജലം താഴെയൊഴിച്ച് കളഞ്ഞിട്ട് അടുത്ത ബക്കറ്റു വെള്ളത്തിനായി കിണറ്റിന്‍കരയിലേക്ക് പോയി. ഗുരു ചൂരല്‍ വടിയെടുത്ത് ശിഷ്യനെ അടിച്ചു. "എന്തിനാണ് വെള്ളം കളഞ്ഞത്. ചെടിക്കെങ്കിലും ഒഴിക്കാമായിരുന്നില്ലേ" എന്നു ചോദിച്ചു.

ശിഷ്യന്‍ വേദനയും സങ്കടവും കാരണം വാക്കുകളില്‍ കോപം നിറച്ച് പറഞ്ഞു "താഴെ ഒഴിച്ചത് ഒരു കപ്പ് വെള്ളം പോലുമില്ല. അതു ചെടിക്ക് ഒഴിച്ചതുകൊണ്ട് മാത്രം ആ ചെടി ആകാശം മുട്ടെ വളരാന്‍ പോവുകയാണോ?" "വിഡ്ഡീ, ഞാന്‍ ചെടിയുടെ വളര്‍ച്ചയല്ല ഉദ്ദേശിച്ചത്. നിന്‍റെ വളര്‍ച്ചയാണ്. ഒരു തുള്ളിയുടെ പകുതി വെള്ളമാണെങ്കിലും അതിനെ തുച്ഛമാണെന്ന് കരുതാതെ ഉപയോഗിച്ചാല്‍ മാത്രമേ നിനിക്കു വളരാന്‍ സാധിക്കൂ" ഗുരു ഉപദേശിച്ചു.

സെന്‍ ഗുരു പറഞ്ഞത് തന്‍റെ ശിഷ്യനുവേണ്ടി മാത്രമല്ല, നിങ്ങള്‍ക്കും കൂടിയാണ്. നിങ്ങളുടെ സ്വപ്നം സഫലീകരിക്കണമെങ്കില്‍ വളരെ ചെറിയ സന്ദര്‍ഭത്തെപ്പോലും പ്രയോജനപ്പെടുത്താന്‍ തയ്യാറായിരിക്കണം. സ്വപ്നങ്ങള്‍ക്കു വളമിട്ടു വളര്‍ത്തി സഫലമാക്കുന്നവരാണ് ഈ ഭൂമിയില്‍ ജീവിക്കുന്നത്, മറ്റുള്ളവര്‍ ഇവിടെ വെറുതെ താമസിക്കുന്നവരാണ്.

സ്വാതന്ത്ര്യത്തിനുമുമ്പ് നമ്മുടെ രാജ്യത്തില്‍ എല്ലാവര്‍ക്കും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. സ്വപ്നസാക്ഷാത്ക്കാരത്തിനായി സ്വന്തം ജീവിതത്തെത്തന്നെയും പണയം വയ്ക്കാന്‍ അവര്‍ തയ്യാറായിരുന്നു. അത്രയും തീവ്രത കാണിച്ചതു കൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി എന്ന സ്വപ്നം സഫലീകരിച്ചത്.

ഒരു തലമുറ മുഴുവനും സ്വപ്നം കാണുന്നതു നിര്‍ത്തിക്കളഞ്ഞാല്‍ സമൂഹത്തില്‍ എന്ത് അത്ഭുതം നടന്നാലും അതൊക്കെ നിഷ്ഫലം തന്നെയാണ്. ജീവിതത്തെ ആസ്വദിക്കാനറിയാത്തവര്‍ക്ക് എന്തു തന്നെ കൊടുത്താലും അവയെല്ലാം അര്‍ത്ഥശൂന്യമാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് നമ്മുടെ രാജ്യത്തില്‍ എല്ലാവര്‍ക്കും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. സ്വപ്നസാക്ഷാത്ക്കാരത്തിനായി സ്വന്തം ജീവിതത്തെത്തന്നെയും പണയം വയ്ക്കാന്‍ അവര്‍ തയ്യാറായിരുന്നു. അത്രയും തീവ്രത കാണിച്ചതു കൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി എന്ന സ്വപ്നം സഫലീകരിച്ചത്. ഇപ്പോള്‍ അത്രയും തീവ്രതയോടെ സ്വപ്നം കാണുന്നവര്‍ ഇല്ല എന്നതു വേദനാജനകമാണ്. ഭിക്ഷാപാത്രത്തില്‍ ഇന്ന് എന്തുവീഴും എന്നു നോക്കിക്കൊണ്ട് ഇരിക്കാന്‍ നിങ്ങളെന്തിനാണ് ആഗ്രഹിക്കുന്നത്? നിങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനായി പൂര്‍ണ്ണമായ അര്‍പ്പണമനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കുക. അതിശയിപ്പിക്കുന്ന ഉയരങ്ങളെ സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും!

റഷ്യയില്‍ ബാലേ ഡാന്‍സ് വളരെ പ്രസിദ്ധമാണ്. ബാലേ നൃത്തത്തിനായി സ്വയം അര്‍പ്പണം ചെയ്ത ഒരാളാണ് ലിന്‍കിന്‍സ്കീ. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അദ്ദേഹം വളരെ മനോഹരമായി ഉയര്‍ന്നു പൊങ്ങി വട്ടം കറങ്ങി നൃത്തം ചെയ്യുമായിരുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണം എല്ലാവര്‍ക്കും ഒരുപോലെയാണ്, പക്ഷേ ലിന്‍കിന്‍സ്കി തുള്ളിച്ചാടിക്കളിക്കുമ്പോള്‍ കാണുന്നവര്‍ ശാസ്ത്രനിയമങ്ങള്‍ക്കതീതമായ ഒരു പ്രത്യേകത അനുഭവിച്ചു. അദ്ദേഹത്തോട് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ "എന്നെക്കൊണ്ട് കഴിയുമോ എന്നു ഞാന്‍ എന്നോടു തന്നെ ചോദിക്കാത്ത അവസരങ്ങളില്‍ എന്‍റെ കഴിവിനപ്പുറം ഒരു ഊര്‍ജ്ജം ഉണ്ടാകുന്നത് ഞാനറിയുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്.

ലിന്‍കിന്‍സ്കി പറഞ്ഞത് ശരിയാണ്. നൂറുശതമാനം താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ നിയന്ത്രണത്തിനതീതമായൊരു ശക്തി ഉണ്ടാകും, മുഴുവന്‍ കഴിവും വെളിപ്പെടും, എന്തും സാധ്യമാകും!

നിങ്ങളുടെ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു ചെയ്യണം?

ആദ്യത്തെ അഞ്ചു വര്‍ഷങ്ങളില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യാന്‍ പോകുന്നു എന്ന് തീരുമാനിക്കുക. ആ ലക്ഷ്യം നോക്കി പ്ലാന്‍ ചെയ്ത് ആദ്യത്തെ കാലടി എടുത്ത് വയ്ക്കുക. ഓരോ അഞ്ചു വര്‍ഷത്തിലും നിങ്ങളുടെ സ്വപ്നം വികസിച്ചു കൊണ്ടേ ഇരിക്കട്ടെ. ഉന്നതങ്ങളിലെത്തണമെന്നു വിചാരിച്ചാല്‍ കയറുക തന്നെ വേണം. കാലുകള്‍ വേദനിക്കും, ക്ഷീണിക്കും, ഇതെല്ലാം നിനക്കു സാധ്യമല്ല എന്നു മനസ്സു ഭീക്ഷണിപ്പെടുത്തി നോക്കും. വിശ്രമിക്കൂ എന്നു പ്രലോഭിപ്പിക്കും. തളരരുത്. ചെയ്യുന്ന പ്രവൃത്തികള്‍ പൂര്‍ണ്ണമായ താല്‍പ്പര്യത്തോടെ ചെയ്താല്‍ ഒരു നോവും വേദന തരില്ല. ഉയരങ്ങളില്‍ എത്തുമ്പോള്‍ എല്ലാ ക്ഷീണവും സുഖം തരുന്നതായിരിക്കും!

 
 
 
  0 Comments
 
 
Login / to join the conversation1