सद्गुरु

സദ്‌ഗുരുവിന്‍റെ സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനായി ശില്‍പികളും മേസ്‌തിരിമാരുമടങ്ങിയ പണിക്കാര്‍ പലരും സ്വയമേവ വന്ന്‍ പണികളില്‍ പങ്കെടുത്തു

സദ്‌ഗുരുവിന്‍റെ സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനായി ശില്‍പികളും മേസ്‌തിരിമാരുമടങ്ങിയ പണിക്കാര്‍ പലരും സ്വയമേവ വന്ന്‍ പണികളില്‍ പങ്കെടുത്തു. പല സ്ഥലങ്ങളില്‍ നിന്നും വന്നിരുന്ന സാധകരും അവരുടെ കുടുംബാംഗങ്ങളും പണികളില്‍ ഉത്സാഹപൂര്‍വം പങ്കെടുത്തു. അവര്‍ ശാരീരിക സഹായം മാത്രമല്ല ധനസഹായവും ചെയ്‌തതുകൊണ്ട്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യാതൊരു തടസ്സവും നേരിടാതെ നടന്നുകൊണ്ടിരുന്നു. ആശ്രമത്തില്‍ നിന്നും ധന സഹായത്തിനാരും അപേക്ഷിച്ചില്ലെങ്കില്‍ പോലും ധനികരും, മില്‍ മുതലാളിമാരും മറ്റുള്ളവരും ധാരാളം സംഭാവന നല്‍കിയെന്നു മാത്രമല്ല കൂടെക്കൂടെ വെള്ളിയങ്കിരി മലയില്‍ വന്ന്‍ ശ്രമദാനം നടത്തുകയും ചെയ്‌തിരുന്നു.

ധ്യാനലിംഗ പ്രതിഷ്‌ഠാസ്ഥലത്തെ മേല്‍ക്കൂര നിര്‍മിക്കുന്ന പണി ഒരു വെല്ലുവിളിയായിത്തീര്‍ന്നിരുന്നു. കാരണം മേല്‍ക്കൂരയ്ക്കുള്ള ചെങ്കല്ല് അടുക്കി വയ്ക്കുമ്പോള്‍ മഴ തുടര്‍ച്ചയായി പെയ്‌തു കൊണ്ടിരുന്നു. അപ്പോള്‍ ഇഷ്‌ടികകള്‍ നനയാതിരിക്കാനായി അതിന്‍റെ മുകളില്‍ പ്ലാസ്റ്റിക്‌ ഷീറ്റ്‌ ഇടേണ്ടിവന്നു. ഏകദേശം രണ്ടുലക്ഷം ഇഷ്‌ടിക കൊണ്ടാണ്‌ മേല്‍ക്കൂര പണിതത്‌. പണിക്കാരും മറ്റുള്ളവരും വിശ്രമമില്ലാതെ അതിനുവേണ്ടി അദ്ധ്വാനിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള ഇഷ്‌ടികയില്‍ പകുതിയോളം ആശ്രമത്തില്‍ത്തന്നെ ചൂളയുണ്ടാക്കി എടുക്കുകയായിരുന്നു. ബാക്കി കേരളത്തില്‍ നിന്നു കൊണ്ടുവരികയായിരുന്നു. മേല്‍ക്കൂര നിര്‍മിക്കുന്നതിനായ നില (ചാരം) കെട്ടാനും അതഴിച്ചെടുക്കാനുമൊക്കെ ഒരു കൂട്ടം ആള്‍ക്കാര്‍ പണിയെടുത്തു. ആ ആള്‍ക്കാര്‍ രാത്രി ഒന്‍പതുമണി മുതല്‍ രാവിലെ ആറുമണിവരെ നില കെട്ടി പകല്‍സമയത്തെ പണിക്കാര്‍ക്ക്‌ സൌകര്യം ചെയ്‌തു കൊടുത്തു. കല്ല്, കുമ്മായം, എന്ന് ഓരോന്ന് ഓരോരുത്തര്‍ ആവശ്യപ്പെടുമ്പോള്‍ ആ വാക്കുകളൊക്കെയും സാധകന്മാര്‍ക്ക്‌ ശിവശംഭോ എന്നാണു കേട്ടു കൊണ്ടിരുന്നത്‌. സദ്‌ഗുരുവിന്‍റെ ഓരോ സന്ദര്‍ശനവും അവര്‍ക്ക്‌ നവോന്മേഷമേകി.

പുരാതനമായ നിര്‍മ്മാണ പ്രവര്‍ത്തന ശൈലിക്കൊപ്പം കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയുള്ള കണക്കു കൂട്ടലുകളും ചേര്‍ത്ത്‌ മേല്‍ക്കൂര പണിതു പൂര്‍ത്തിയാക്കാന്‍ എട്ട് ആഴ്ചകള്‍ വേണ്ടിവന്നു

മേല്‍ക്കൂരയെ താങ്ങിനില്‍ക്കുന്ന പത്തടി വീതിയുള്ള ഭിത്തികളില്‍ ഉള്‍വശത്ത്‌ ഇരുപത്തിയെട്ട്‌ ധ്യാനഗുഹകള്‍ നിര്‍മിക്കപ്പെട്ടു. അതിനകത്തിരുന്ന്‍ ശാന്തചിത്തരായി ധ്യാനം ചെയ്യാന്‍ വേണ്ടിയാണ്‌ ഈ ഏര്‍പ്പാട്‌. പുരാതനമായ നിര്‍മ്മാണ പ്രവര്‍ത്തന ശൈലിക്കൊപ്പം കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയുള്ള കണക്കു കൂട്ടലുകളും ചേര്‍ത്ത്‌ മേല്‍ക്കൂര പണിതു പൂര്‍ത്തിയാക്കാന്‍ എട്ട് ആഴ്ചകള്‍ വേണ്ടിവന്നു. അവസാനത്തെ ഇഷ്‌ടിക സദ്‌ഗുരു എടുത്തുവച്ച്‌ പണി പൂര്‍ത്തിയാക്കിയപ്പോള്‍ ഇതുപോലെയൊരു കെട്ടിടനിര്‍മ്മാണകല മറ്റൊരിടത്തുമില്ല എന്ന്‍ എല്ലാവരും അത്ഭുതം കൂറി. നിര്‍മ്മാണ പ്രക്രിയകള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ സാധകരും സദ്‌ഗുരുവും തമ്മിലുള്ള സംവാദങ്ങളും നടന്നുകൊണ്ടിരുന്നു. അപ്പോള്‍ ഒരു സാധകന്‍, “ഇപ്പോള്‍ വാസ്‌തുവിനെക്കുറിച്ച്‌ ധാരാളം പറയപ്പെടുന്നുണ്ടല്ലോ. ധ്യാനലിംഗ പ്രതിഷ്‌ഠയില്‍ വാസ്‌തു എത്രമാത്രം പ്രയോജനം ചെയ്‌തിട്ടുണ്ട്‌?” എന്ന്‍ സദ്‌ഗുരുവിനോടു ചോദിച്ചു.

ധ്യാനലിംഗ പ്രതിഷ്‌ഠയില്‍ വാസ്‌തു ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ എന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിലപ്പോള്‍ സന്തോഷിച്ചേക്കും. പക്ഷേ അങ്ങനെയല്ല. ഓരോ പ്രദേശത്തും ഓരോ തരത്തിലുള്ള വാസ്‌തു ഉണ്ടായിരിക്കും. സമതലങ്ങളിലും മലമ്പ്രദേശങ്ങളിലും വിവിധതരം വാസ്‌തുവായിരിക്കും നോക്കേണ്ടത്‌. പഴയ കാലങ്ങളില്‍ വാസ്‌തു വിദഗ്‌ധന്മാര്‍ ഉണ്ടായിരുന്നില്ല. ഒരു മനുഷ്യന്‍ തനിക്കാവശ്യമുള്ള വീട്‌ സ്വയം നിര്‍മിക്കുകയായിരുന്നു. ഒരു ഗൃഹത്തിനാവശ്യമായ വായുവും പ്രകാശവും ലഭിക്കത്തക്കവിധം വീട്‌ നിര്‍മിക്കണമല്ലോ അല്ലെങ്കില്‍ മനുഷ്യന്‍റെ മനസ്സും ശരീരവും അപകടത്തിലാകുമല്ലോ. അതിനാല്‍ അങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ക്കായി ശാസ്‌ത്രങ്ങള്‍ രൂപീകരിക്കപ്പെട്ടു. ശാസ്‌ത്രം എന്നതു തന്നെ വഴികാട്ടല്‍ എന്നാണ്. ഓരോ പ്രദേശത്തെയും ശീതോഷ്‌ണ സ്ഥിതിക്കനുസരിച്ച്‌ കെട്ടിടനിര്‍മാണം ചെയ്യേണ്ടaതുണ്ട്‌. ഇപ്പോള്‍ വാസ്‌തു ഒരു വ്യാപാരമായി മാറിയിരിക്കുകയാണ്‌. കുളിമുറി ഇരിക്കേണ്ട സ്ഥലത്ത്‌ അടുക്കള നിര്‍മിക്കുന്നു. കിടക്കമുറി ഇരിക്കേണ്ട സ്ഥലത്ത്‌ അടുക്കള നിര്‍മിക്കുന്നു. സത്യം പറഞ്ഞാല്‍ വാസ്‌തു വിദഗ്‌ധന്മാര്‍ ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുന്നു.