സദ്ഗുരുവിന്റെ സ്വാതന്ത്രദിന സന്ദേശം

ഭാരതത്തിന്റെ 68 മത് സ്വാതന്ത്ര ദിനത്തില്‍, മഹനീയത തുളുമ്പുന്ന ഈ രാജ്യത്തിന് എങ്ങിനെ ലോകത്തിന്റെ തന്നെ മഹാശക്തിയായിത്തീരാന്‍ കഴിയും എന്നതിനെ കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു.
 

പ്രധാനമായും വേണ്ടത്, ലോകജനത ഒത്തുചേരുക എന്നുള്ളതാണ്.

 

 

സദ്ഗുരു : 1992ല്‍ ‘ഭാരതരത്ന” പുരസ്കാരം ഏറ്റുവാങ്ങുന്ന സമയം, ജെ.ആര്‍.ഡി. ടാറ്റ പറഞ്ഞതിതാണ്, “ ഞാന്‍ ഭാരതത്തിനെ ഒരു മഹാശക്തിയായി കാണാനല്ല ആഗ്രഹിക്കുന്നത്, മറിച്ച് ഒരാഹ്ലാദഭരിതമായ ഭൂമിയായിക്കാണാനാണ് ആഗ്രഹിക്കുന്നത്.”

കഴിഞ്ഞ കുറേ നൂറ്റാണ്ടുകളില്‍, ഒരു രാജ്യമെന്ന നിലയ്ക്ക്, അതിനെത്താമായിരുന്ന ഉയരങ്ങളിലേയ്ക്ക് ഭാരതത്തിന് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. 68 വര്‍ഷത്തെ സ്വാതന്ത്രലബ്ധിക്കു ശേഷവും പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, ഇതൊന്നും തന്നെ ദേശത്തിന്റെ അമ്പതു ശതമാനം ജനതയ്ക്കുപോലും ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ, പോയ ഒരു വര്‍ഷത്തിനിടയ്ക്ക്, ലോകത്തിന്, പ്രത്യേകിച്ച് ഭാരതത്തിന്, പുതിയ ജീവനും ഉണര്‍വും വന്നതുപോലെ തോന്നുന്നു, പ്രത്യാശക്കു വകയുള്ളതു പോലെ.

ഒരു ദേശമെന്ന നിലയ്ക്ക് നമുക്കാവശ്യത്തിനു ഭൂമിയില്ല, വെള്ളമില്ല, കാടില്ല, മലകളില്ല, ആകാശം പോലുമില്ല. നമുക്കാകെയുള്ളത് ഈ ഭാരിച്ച ജനസംഖ്യയാണ്.

രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജസ്വലരായ യുവജനതയുടെ കൂട്ടായ്മയാണാവശ്യം. ഒരു ദേശമെന്ന നിലയ്ക്ക് നമുക്കാവശ്യത്തിനു ഭൂമിയില്ല, വെള്ളമില്ല, കാടില്ല, മലകളില്ല, ആകാശം പോലുമില്ല. നമുക്കാകെയുള്ളത് ഈ ഭാരിച്ച ജനസംഖ്യയാണ്. പഠിപ്പില്ലാതെ, ദൂരവീക്ഷണമില്ലാതെ, വൈദഗ്ധ്യമില്ലാതെ, പ്രചോദനമില്ലാതെ ഇവരെ വിട്ടാല്‍, അതു വലിയ അത്യാഹിതത്തിലേക്ക് നയിക്കും. ഇതേ ജനതയെ പരിണമിപ്പിച്ച് പ്രാപ്തിയുള്ള, വൈദഗ്ധ്യമുള്ള ജനതയായി മാറ്റാനായാല്‍, അതൊരു അത്ഭുതസംഭവമായിത്തീരും, യുവജനത ഈ രാജ്യത്തിന്‍റെ അത്താണിയായി മാറും.

ഭാരതത്തിന് അതിശക്തമായ രാജ്യമായിത്തീരാനുള്ള ത്രാണിയുണ്ട്. ശക്തമെന്ന് പറയുമ്പോള്‍, സൈന്യത്തിന്റെ ശക്തിയല്ല ഉദ്ദേശിക്കുന്നത്. നമുക്ക് ലോകത്തിനെ ക്ഷേമത്തിന്റെ പാതയിലൂടെ തെളിക്കാനുള്ള കഴിവും ജ്ഞാനവും ഉണ്ട്. ആയിരമായിരമാണ്ടുകള്‍ പഴക്കമുള്ള ഈ സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും അതിനു കഴിയും. നേതൃത്വം മാത്രം വിചാരിച്ചാല്‍, നടക്കുന്ന കാര്യമല്ലിത്‌.

ഈ സന്ദേശത്തില്‍ കൂടി ഞാന്‍ ഓരോ ഭാരതീയ പൌരനോടും അഭ്യര്‍ത്ഥിക്കുകയാണ്, അപേക്ഷിക്കുകയാണ് - രാജ്യത്തിനുള്ളില്‍ ജീവിക്കുന്നുവെങ്കിലും, പുറത്ത് ജീവിക്കുന്നുവെങ്കിലും., ഓരോ പൌരനും തല ഉയര്‍ത്തി നിന്നുകൊണ്ട് ഇത് സംഭവ്യമാക്കണം.

“അതു ഞാന്‍ എങ്ങിനെ ചെയ്യും?” ഇതായിരിക്കും ചോദ്യം.

നിങ്ങള്‍ എന്തു ചെയ്യുന്നുവെങ്കിലും, കൃഷിക്കാരനായാലും, പോലീസുകാരനായാലും, ഡോക്ടര്‍, വക്കീല്‍, എന്‍ജിനിയര്‍ എന്തുമാകട്ടെ, ചെയ്യുന്ന ജോലി നന്നായി, ആത്മാര്‍ത്ഥതയോടെ ചെയ്യുക. ഒരു രാഷ്ട്രം കെട്ടിപ്പടുത്തുവാന്‍ ഇത് മാത്രമാണ് പോംവഴി. പ്രസംഗിച്ചും, മുദ്രാവാക്യങ്ങള്‍ വിളിച്ചും രാഷ്ട്രനിര്‍മ്മാണം നടക്കില്ല. പുതിയ ഒരു രാഷ്ട്രം സൃഷ്ടിക്കുന്നതിലേക്കായി, എന്തു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നുവോ, നമ്മളോരോരുത്തരും പ്രതിജ്ഞാബദ്ധരായി, സമര്‍പ്പണബോധത്തോടു കൂടി, അതില്‍ വ്യാപൃതരാകണം. ഏവര്‍ക്കും, അവരുടേതായ കര്‍മഭൂമിയില്, അവനവനെക്കൊണ്ടാവുന്നത് പൂര്‍ണ ഉത്തരവാദിത്വത്തോടു കൂടി പൂര്‍ത്തീകരിക്കാനാകുമെങ്കില്‍, ആ രാഷ്ട്രത്തിന്‍റെ നാള്‍ക്കുനാള്‍ ഉള്ള പുരോഗതി സുനിശ്ചയമായിരിക്കും.

ഇന്ന്‍ കൈയ്യൂക്കുള്ളവന് മാത്രമേ ആദരവ് ലഭിക്കുന്നുള്ളു. ഇതിന്റെയര്‍ത്ഥം നമ്മള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്, സൌമ്യതയ്ക്കും ഭദ്രതയ്ക്കും വില കല്പിക്കുന്ന ഒരു ലോകമല്ല എന്നുള്ളതാണ്. സമ്പത്തിനും, ആധികാരികമായ ശക്തികള്‍ക്കും മുന്‍തൂക്കം കൊടുക്കുന്ന ഈ ഭ്രാന്തന്‍ പ്രവണത നമുക്കെന്തു സൌഖ്യമാണ് നേടിത്തന്നിരിക്കുന്നത് എന്നതിനെപ്പറ്റി ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ ലോകജനതയുടെ മുഴുവന്‍ കണ്ണുകളും ഭാരതത്തിന്‍മേലാണ്, എന്തുകൊണ്ടെന്നാല്‍ ആധുനികകാലം മുതലേ, ജ്ഞാനം എന്ന വാക്കു കേട്ടാല്‍, ഈ ദിശയിലോട്ടാണവര്‍ നോക്കിയിരുന്നത്, ഈ ആര്‍ഷസംസ്കൃതിയിലേക്ക്.

ഇപ്പോള്‍ ലോകജനതയുടെ മുഴുവന്‍ കണ്ണുകളും ഭാരതത്തിന്‍മേലാണ്, എന്തുകൊണ്ടെന്നാല്‍ ആധുനികകാലം മുതലേ, ജ്ഞാനം എന്ന വാക്കു കേട്ടാല്‍, ഈ ദിശയിലോട്ടാണവര്‍ നോക്കിയിരുന്നത്, ഈ ആര്‍ഷസംസ്കൃതിയിലേക്ക്. നമുക്ക് തന്നിരിക്കുന്ന സ്ഥാനം നാമായി തെറുപ്പിച്ചുകളയരുത്. ഈ ഒരവസരത്തില്‍ നമ്മള്‍ എന്തു തരത്തിലുള്ള ഉദാഹരണമാണ് അവര്‍ക്കു മുന്പില്‍ കാഴ്ച വയ്ക്കുക എന്നുള്ളത് വിശകലനം ചെയ്യേണ്ട വിഷയമാണ്.

ഞാന്‍ ഈ രാഷ്ട്രത്തിന്‍റെ ഓരോ രാഷ്ട്രിയ പ്രവര്‍ത്തകരോടും അപേക്ഷിക്കുന്നു, “തിരഞ്ഞെടുപ്പ് വരുന്ന അവസരത്തില്‍ നിങ്ങള്‍ എന്തു തിരഞ്ഞെടുപ്പു തന്ത്രവും ഉപയോഗിച്ചുകൊള്ളു. ബാക്കിയുള്ള സമയം, ഇവിടുത്തെ ജനത തിരഞ്ഞെടുത്ത ഭരണകൂടത്തിനെ, ഉചിതമായ രീതിയില്‍ ഭരിക്കാന്‍ അനുവദിക്കു, അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് ജനത്തിന് ഉപയോഗപ്രദമായ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ അവസരം കൊടുക്കു. എല്ലാത്തിനേയും രാഷ്ട്രിയവല്‍ക്കരണം ചെയ്യുന്നത്, തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് തുടങ്ങിയാല്‍ മതി. അതുവരെ നമുക്കെല്ലാപേര്‍ക്കും ചേര്‍ന്ന്, ഈ രാഷ്ട്രത്തിനെ പ്രയോഗക്ഷമമാക്കാന്‍ വേണ്ടി നമ്മളെക്കൊണ്ടാവുന്നതെല്ലാം നമുക്കു ചെയ്യാം. ഈ ചുമതല ഏറ്റെടുത്ത്, നെഞ്ചുറപ്പോടുകൂടി നമുക്കിതിനെ യാഥാര്‍ഥ്യമാക്കാം.

ഇത് ദേശാഭിമാനമല്ല, മനുഷ്യത്വമാണ്.

ഒട്ടുമിക്ക രാഷ്ട്രങ്ങളും ജാതി, മതം, വര്‍ഗ്ഗം, ഭാഷ എന്ന താദാത്മ്യത്തിന്റെയുക്കെ പുറത്താണ് അവരുടെ രാജ്യം പണിതുയര്‍ത്തിയിരിക്കുന്നത്. പക്ഷെ നമ്മുടെ രാഷ്ട്രം തികച്ചും വ്യത്യസ്തമാണ്, അനവധി ഭാഷകള്‍, മതഭേദങ്ങള്‍, വര്‍ഗ്ഗഭേദങ്ങള്‍; തികച്ചും സങ്കിര്‍ണ്ണമായത്. ഈ വകഭേദങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജന്മമെടുത്ത ഈ രാജ്യം, ഇന്നും ശക്തിമത്തായ രാഷ്ട്രമായി തുടര്‍ന്നു കൊണ്ടിരിക്കുന്നു. രാഷ്ട്രിയപരമായി പല വിഭേജനങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ടെങ്കിലും, സാംസ്കാരികമായി നാമെന്നും ഒറ്റക്കെട്ടായി നിന്നിട്ടുണ്ട്.

അതിനുള്ള പ്രധാന കാരണം നാം എന്നും സത്യാന്വേഷികളായിരുന്നു എന്നുള്ളതാണ്. ഭാരതീയ സംസ്കൃതിയുടെ മര്‍മം എന്നു പറയുന്ന ഈ വസ്തുത – അതായത്, സമൂഹ മനസ്സിന്റെ ഒരേയൊരു ലക്‌ഷ്യം, ഏതുകാലത്തും മുക്തിയും മോക്ഷവുമായിരുന്നു എന്ന വസ്തുത, നാം അപ്പാടെ മറന്നുപോയിരിക്കുന്നു. ഈ അതുല്യത നാം എന്നും നിലനിര്‍ത്തിക്കൊണ്ടു പോകണം, എന്തെന്നാല്‍, വൈവിദ്ധ്യമില്ലാതിരുന്നാല്‍, ഈ രാജ്യം വിശ്വാസികളുടെ നാടായിത്തീരും. ഇത് സത്യാന്വേഷികളുടെ നാടാണ്, സത്യത്തിനും, സ്വാതന്ത്രത്തിനും വേണ്ടി അലയുന്നവരുടെ നാട്. ഒരേ വിശ്വാസത്തില്‍ നിലനില്‍ക്കുന്നവര്‍ ഒത്തുചേരും. പക്ഷെ, ഒരന്വേഷി ആകുമ്പോള്‍, ഒരു വിഷയത്തില്‍ മാത്രം പൊരുത്തപ്പെട്ടു നില്‍ക്കുകയല്ല ചെയ്യുന്നത്, ആന്തരികമായ ജീവിതപ്രക്രിയയുമായി പൊരുത്തപ്പെട്ടു നില്‍ക്കും, ഒരുകാലത്തും അതൊരബദ്ധമാകില്ല, അതൊരു തെറ്റാകില്ല.

ഭാരതീയ സംസ്കൃതിയുടെ മര്‍മം എന്നു പറയുന്ന ഈ വസ്തുത – അതായത്, സമൂഹ മനസ്സിന്റെ ഒരേയൊരു ലക്‌ഷ്യം, ഏതുകാലത്തും മുക്തിയും മോക്ഷവുമായിരുന്നു എന്ന വസ്തുത, നാം അപ്പാടെ മറന്നുപോയിരിക്കുന്നു

നാം ഒരുമ കണ്ടെത്തിയിട്ടുള്ളത് ഈ സത്യാന്വേഷണത്തിലൂടെയാണ്, എന്തുകൊണ്ടെന്നാല്‍, ഇത് ഞാനോ, നിങ്ങളോ കണ്ടുപിടിച്ചതല്ല. ഒരിക്കല്‍ അതിജീവനമാര്‍ഗം എന്ന കടമ്പ കടന്നുകഴിഞ്ഞാല്‍ - ജീവിതത്തിന് ഒരേയൊരു ഉദ്ദേശമേയുള്ളു - അറിയണം, വിമോചിതനാകണം, ജീവിതം സഫലീകരിക്കണം, എന്താണെന്നുവച്ചാല്‍, മനുഷ്യന്റെ വിവേകശക്തി അതുമാത്രമാണ് കാംക്ഷിക്കുന്നത്.

ഈ രാഷ്ട്രം പണിതുയര്‍ത്തിയിരിക്കുന്നത് ഈ അടിസ്ഥാന വ്യവസ്തതയുടെ മുകളിലാണ്. നമ്മുടെ ധാര്‍മ്മികത നമുക്ക് നിലനിര്‍ത്താം, ഇതുവഴി, നമ്മുടെ വൈവിധ്യത്തിന്റെ മനോഹരത നമുക്കാസ്വദിക്കാം. അന്വേഷികള്‍ ഉള്ളടത്തോളം കാലം, ആ ജീവന്റെ തുടിപ്പുള്ളടത്തോളം കാലം, ഇതിനെയാര്‍ക്കും നശിപ്പിക്കാനാവില്ല. അതുകൊണ്ട് ഈ അന്വേഷണം എന്നും നിലനിര്‍ത്തുക. അതില്ലെങ്കില്‍, ഈ രാഷ്ട്രം ഇല്ല, നാമില്ല.

എന്റെ ആഗ്രഹം ഇതാണ് – ഈ സ്വാതന്ത്രദിന വേളയില്‍ ഭാരതീയരായ നമുക്കെല്ലാവര്‍ക്കും, ഇത് ഉള്‍ക്കൊണ്ടുകൊണ്ട്, ഒറ്റക്കെട്ടായി മുന്നിലോട്ടു പോകാനാകണം, മുന്നിലോട്ടു നയിക്കാനാകണം.

അനുഗ്രഹാശിസ്സുകളോടെ....