സൂര്യനമസ്ക്കാരം : സ്വന്തം ശരീരത്തെ ഒരു ചവിട്ടുപടിയാക്കുന്ന പ്രക്രിയ

ഭൂമിക്ക് ആവശ്യമായ താപവും, ഊര്‍ജവും ലഭിക്കുന്നത് സൂര്യനില്‍ നിന്നാണ്. നമ്മുടെ ഭക്ഷണപാനീയങ്ങളിലും, നമ്മള്‍ ശ്വസിക്കുന്ന വായുവിലും സൂര്യന്റെ അംശം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ട് സൂര്യനെ നമ്മുടെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമാക്കാന്‍ നമുക്ക് സാധിക്കണം.
 

सद्गुरु

സൂര്യനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജത്തെ വേണ്ടവിധം ഉള്‍കൊള്ളാന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്‌. ശരീരത്തെ ഒരു വിലങ്ങുതടിയെന്ന നിലയില്‍ നിന്നും ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ഒരു ചവിട്ടു പടിയാക്കിമാറ്റാന്‍ സൂര്യനമസ്ക്കാരം നമ്മെ സഹായിക്കും

സാമാന്യമായ ധാരണ സൂര്യനമസ്ക്കാരം കേവലം ശാരീരികമായ ഒരു വ്യായാമം മാത്രമാണെന്നാണ്. നിങ്ങളുടെ പുറംഭാഗത്തിനും മാംസപേശികള്‍ക്കും അത് ബലം നല്‍കുന്നു. അതു കൂടാതെ സൂര്യനമസ്ക്കാരം ചെയ്യുന്നതുകൊണ്ട് വേറെയും പ്രയോജനങ്ങളുണ്ട്‌. ശരീരത്തിന് മുഴുവന്‍ ഗുണം ചെയ്യുന്ന ഒരു വ്യായാമ പദ്ധതിയാണത്, സമഗ്രമായ ഒരു വ്യായാമ രീതി. ഒരു ഉപകരണത്തിന്റെയും ആവശ്യവുമില്ല. അതിനെല്ലാം ഉപരിയായി, നിര്‍ബന്ധപൂര്‍വം എന്നോണം നമ്മള്‍ പാലിച്ചു പോരുന്ന ജീവിതശൈലിയില്‍ നിന്നും, ചിട്ടവട്ടങ്ങളില്‍ നിന്നും സ്വതന്ത്രരാവാനുള്ള കരുത്ത് അത് നമുക്ക് നല്‍കുന്നു.

രാവിലെ സൂര്യനെ നോക്കി ശിരസ്സ്‌ നമിക്കുക, അതാണ്‌ ഏറ്റവും ലളിതമായ സൂര്യനമസ്ക്കാരം. ഭൂമിക്ക് ആവശ്യമായ താപവും, ഊര്‍ജവും ലഭിക്കുന്നത് സൂര്യനില്‍ നിന്നാണ്. നമ്മുടെ ഭക്ഷണപാനീയങ്ങളിലും, നമ്മള്‍ ശ്വസിക്കുന്ന വായുവിലും സൂര്യന്റെ അംശം കലര്‍ന്നിട്ടുണ്ട്. സൂര്യനെ നമ്മുടെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമാക്കാന്‍ നമുക്ക് സാധിക്കണം. സൂര്യനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജത്തെ വേണ്ടവിധം ഉള്‍കൊള്ളാന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം പൂര്‍ണമായും നമുക്ക് ലഭിക്കുകയുള്ളൂ.

നമ്മുടെ ഈ ശരീരം ഒരു ചവിട്ടുപടിയാണ്. ഇതില്‍ ചവിട്ടിനിന്ന്, ഉയര്‍ന്ന തലത്തിലുള്ള പലതും നമുക്ക് എത്തിപ്പിടിക്കാം. എണ്ണമറ്റ സാധ്യതകള്‍ സഫലമാക്കാം.

നമ്മുടെ ഈ ശരീരം ഒരു ചവിട്ടുപടിയാണ്. ഇതില്‍ ചവിട്ടി നിന്ന്, ഉയര്‍ന്ന തലത്തിലുള്ള പലതും നമുക്ക് എത്തിപ്പിടിക്കാം. എണ്ണമറ്റ സാധ്യതകള്‍ സഫലമാക്കാം. അത്രയും അതിശയകരമായ ഒരുപാധിയാണ്‌ നമ്മുടെ ശരീരം. എന്നാല്‍ പലരുടെയും കാര്യത്തില്‍ ശരീരം ഒരു "വഴിമുടക്കി"യാണ്. ശരീരത്തിന്റെ സ്വാഭാവിക വാസനകള്‍ അതിനെ മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ല. സൂര്യനുമായി സ്വയം ബന്ധപ്പെട്ടു ജീവിക്കുക. നമ്മുടെ ശാരീരികമായ സ്വാസ്ഥ്യവും, മാനസികമായ സമനിലയും, ബുദ്ധിപരമായ ക്ഷമതയും പരിപാലിക്കുന്നതില്‍ സൂര്യന് വലിയൊരു പങ്കുണ്ട്. ശരീരത്തെ ഒരു വിലങ്ങുതടിയെന്ന നിലയില്‍ നിന്നും ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ഒരു ചവിട്ടു പടിയാക്കിമാറ്റാന്‍ സൂര്യനമസ്ക്കാരം നമ്മെ സഹായിക്കും.

സൂര്യനമസ്ക്കാരം സമ്പൂര്‍ണമായ ഒരു വ്യായാമ പദ്ധതിയാണ്. അതിന് യാതൊരു ഉപകരണങ്ങളുടെയും ആവശ്യമില്ല. സൂര്യനമസ്ക്കാരം കൊണ്ടുദ്ദേശിക്കുന്നത് നമ്മുടെ ജീവിതചക്രത്തെ സൂര്യന്റെ ചക്ര ഗതിയുമായി ചേര്‍ത്ത്കൊണ്ടുപോവുകയാണ്. അത് ഏതാണ്ട് പന്ത്രണ്ടേകാല്‍ കൊല്ലമാണ്. സൂര്യനമസ്ക്കാരത്തിലും പന്ത്രണ്ട് ആസനങ്ങള്‍ - നിലകള്‍ - ആണ് ഉള്ളത്. അത് യാദൃശ്ചികമായി സംഭവിച്ചതല്ല. ബോധപൂര്‍വം ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. നിങ്ങളുടെ ശരീരത്തിന് സാമാന്യമായ ഉണര്‍വും, ഉന്മേഷവും, കാര്യക്ഷമതയുമുണ്ടെങ്കില്‍, അതിനു ഊര്‍ജ്ജം സ്വീകരിക്കാനുള്ള കഴിവുണ്ടെങ്കില്‍, സ്വാഭാവികമായും നിങ്ങളുടെ ജീവിതചക്രം സൂര്യന്റെ ഗതി ചക്രവുമായി ഇണങ്ങിയിട്ടുള്ളതായിരിക്കും.

ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് മറ്റൊരു ഗുണം കൂടിയുണ്ട്. അവര്‍ ചന്ദ്രന്റെ ചക്രഗതിയുമായികൂടി ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രനും സൂര്യനുമായി സ്വന്തം ജീവിതം ഇണങ്ങിനില്‍ക്കുക, അത് തീര്‍ച്ചയായും വലിയൊരു സാദ്ധ്യതയാണ്. സ്ത്രീകള്‍ക്ക് പ്രകൃതിതന്നെ കനിഞ്ഞു നല്‍കിയിട്ടുള്ള ഒരു ആനുകൂല്യമാണിത്. കാരണം, സ്ത്രീകളിലൂടെയാണല്ലോ വംശവര്‍ദ്ധന സംഭവിക്കുന്നത്‌. ചന്ദ്രനുമായി തങ്ങള്‍ക്കുള്ള ബന്ധം സ്ത്രീകള്‍ പൊതുവേ മനസിലാക്കിയിട്ടില്ല എന്നുവേണം പറയാന്‍. കൂടുതലായി അനുവദിക്കപ്പെട്ടിട്ടുള്ള ഈ ഊര്‍ജ്ജം എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും അധികമാര്‍ക്കും അറിഞ്ഞുകൂട. പലരും അതിനെ ഒരു "ശാപ"മായി കാണുന്നത് കൊണ്ടാണല്ലോ പലപ്പോഴും മാനസികമായ വിഭ്രാന്തികളെ നമ്മള്‍ ചന്ദ്രനുമായി ബന്ധപ്പെടുത്തി പറയുന്നത്.

സൂര്യ-ചന്ദ്രന്മാരുടെ ഗതി ചക്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താം?

ചന്ദ്രന്റെ ചക്രം ചെറുതാണ്. ഇരുപത്തിയെട്ടു ദിവസമേയുള്ളൂ. സൂര്യന്റെതിനു ദൈര്‍ഘ്യമേറും, പന്ത്രണ്ടേകാല്‍ കൊല്ലമുണ്ട്. ഇതിന് രണ്ടിനും ഇടയിലായി വേറെയും ചക്രങ്ങളുണ്ട്. ചക്രം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ആവര്‍ത്തനമാണ്. അതാകട്ടെ സ്വാഭാവികമായി നടന്നുപോരുന്നതുമാണ്. എന്നുവെച്ചാല്‍,അത് നമ്മുടെ ഇച്ഛയ്ക്ക് വിധേയമല്ല. ആഴത്തില്‍ നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്കിത് ബോധ്യമാകും. സാഹചര്യങ്ങളും, സന്ദര്‍ഭങ്ങളും, അനുഭവങ്ങളും, വിചാരവികാരങ്ങളുമൊക്കെ ഒരു നിശ്ചിത ക്രമത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു. ആറുമാസത്തില്‍ ഒരിക്കലാവാം അല്ലെങ്കില്‍ പതിനെട്ടുമാസം കൂടുമ്പോഴാകാം, അതുമല്ലെങ്കില്‍ മൂന്നോ ആറോ കൊല്ലം കൂടുമ്പോഴാകാം. തിരിഞ്ഞുനോക്കുമ്പോള്‍ നിങ്ങള്‍ക്കുതന്നെ ഈ അവസ്ഥ ബോധ്യമാകും. പന്ത്രണ്ടു കൊല്ലം കൂടുമ്പോഴാണ് അത് ആവര്‍ത്തിക്കുന്നത് എങ്കില്‍, നിങ്ങള്‍ ശാരീരികമായും മാനസികമായും നല്ല നിലയിലാണ് എന്നാണര്‍ത്ഥം. നിങ്ങളുടെ മനസ്സും ശരീരവും സ്വീകരണ ക്ഷമതയുള്ളതാണെന്നും അത് സൂചിപ്പിക്കുന്നു. ഈ അവസ്ഥ നിലനിര്‍ത്തികൊണ്ടുപോകാന്‍ ഏറ്റവും സഹായിക്കുന്ന ഒരു പദ്ധതിയാണ് സൂര്യനമസ്ക്കാരം. ഈ സാധന നിങ്ങളുടെ ബോധത്തെ ശുദ്ധവും ദൃഢവുമാക്കുന്നു. നിങ്ങളറിയാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചക്രങ്ങളില്‍ നിന്നും മുക്തരാക്കുന്നു.

പരിണാമ ശൃംഖലയുടെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലെത്തിയവരാണ് മനുഷ്യര്‍. അതിനപ്പുറത്തേക്കു കടക്കാനും സ്വാഭാവികമായും അവര്‍ ആഗ്രഹിക്കുന്നു.

ആവര്‍ത്തിച്ചു വരുന്ന ഈ അനുഭവ മണ്ഡലത്തെയാണ് നമ്മള്‍ സംസാരം എന്ന് പറയുന്നത്‌. ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവമാണിത്. എല്ലാം അനിശ്ചിതവും യാദൃശ്ചികവുമായിരുന്നെങ്കില്‍, ജീവിതം ഇങ്ങനെ ഇടമുറിയാതെ ഒഴുകിപ്പോകുമായിരുന്നില്ല. സൂര്യമണ്ഡലമായാലും വ്യക്തിജീവിതമായാലും ഈ ചാക്രിക പ്രകൃതത്തില്‍ ഉറച്ച് നില്‍ക്കുന്നത് ജീവിതത്തിനു കൂടുതല്‍ ദൃഢതയും,സുരക്ഷിതത്വവും നല്‍കുന്നു. പരിണാമ ശൃംഖലയുടെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലെത്തിയവരാണ് മനുഷ്യര്‍. ഇനി അവര്‍ക്ക് വേണ്ടത് കേവലമായ നിലനില്‍പ്പുമാത്രമല്ല, അതിനപ്പുറത്തേക്കു കടക്കാനും സ്വാഭാവികമായും അവര്‍ ആഗ്രഹിക്കുന്നു. അത് വ്യക്തിഗതമായ തീരുമാനമാണ്. അവിരാമം തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലചക്രത്തില്‍ തന്നെ കുരുങ്ങികിടക്കാം. ഭൌതിക ജീവിതത്തിന്റെ അടിസ്ഥാനമാണീ ചക്രം തിരിച്ചില്‍. അതല്ല എങ്കില്‍ ഈ ചക്രഗതിയെ ഭൌതികമായ ക്ഷേമത്തിനായി പ്രയോജനപ്പെടുത്താം. അതിന്റെ സഹായത്തോടുകൂടിത്തന്നെ അതിനപ്പുറത്തേക്ക് കടക്കാനും ശ്രമിക്കാം.

 
 
  0 Comments
 
 
Login / to join the conversation1