ചോദ്യം: ചില ശാരീരിക പ്രശ്‌നങ്ങള്‍ നമുക്കു സ്വയം കൈകാര്യം ചെയ്യാമെന്നിരിക്കെ മറ്റു ചിലതിന് ബാഹ്യസഹായം, അതായത് ചികിത്സ, മരുന്ന്, ശസ്ത്രക്രിയ എന്നിവ ആവശ്യമാണോ? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

സദ്ഗുരു: ആധുനിക ആരോഗ്യ പരിപാലന സമ്പ്രദായങ്ങളില്‍ പോലും ധാരാളം ആളുകളെ ബാഹ്യസഹായം തേടുന്നതിന് പ്രേരിപ്പിക്കുന്നു. ഇതൊരു സംസ്‌കാരമായി മാറിയിരിക്കുന്നു. എന്നാല്‍ അതിലുപരി ഇതൊരു വാണിജ്യ പ്രവര്‍ത്തനമാണ്. അമേരിക്കയിലെ പത്തൊമ്പതു മില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയില്‍ മൂന്നു മില്യണ്‍ ഡോളറിലധികവും ചിലവാകുന്നത് ആരോഗ്യപരിപാലനത്തിനാണ്. ഇതൊരു നല്ല സൂചനയേയല്ല. ഇതിന്‍പ്രകാരം വളരെയേറെ പ്രവര്‍ത്തനങ്ങളും ചികിത്സകളും ശസ്ത്രക്രിയകളും വലിയ തോതില്‍ ആവശ്യമായി വരും. എന്നാല്‍ അത് സംഭവിക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നതുകൊണ്ടാണ്. ജനങ്ങളുടെ ആരോഗ്യത്തിന് പോഷണം കിട്ടുമെന്നതിനാലല്ല. ആളുകള്‍ക്ക് അതില്‍ തൃപ്തരാകേണ്ടി വരുന്നു. ഒരു വിദഗ്ദ്ധാഭിപ്രായം

ചില പ്രത്യേക കാര്യങ്ങള്‍ക്കു മാത്രമേ ബാഹ്യഇടപെടല്‍ ആവശ്യമുള്ളൂ. എങ്ങനെയാണ് അവയെ തിരിച്ചറിയുക ? ഒന്നാമതായി , നിങ്ങളെക്കൊണ്ടാകുന്നതെല്ലാം ഉറപ്പായും ചെയ്യുക. അതുകൊണ്ട് ഫലമുണ്ടാകുന്നില്ലെങ്കില്‍ ബാഹ്യസഹായം തേടുക. ഇത് പൂര്‍ണ്ണമായും ആധുനിക ശാസ്ത്രങ്ങളുടെ വീക്ഷണ പരിധിക്ക് അപ്പുറമാണെന്ന് തോന്നാം. എന്നാല്‍, നിങ്ങളുടെ കൈവേദനിക്കുന്നുവെന്ന് കരുതുക. ഒരു പ്രത്യേക പേശി ചീര്‍ത്തിരിക്കുകയാണ്. അതിനാല്‍ വിശ്രമം വേണം. എന്നാല്‍ ഇക്കാര്യം നിങ്ങളോട് പറയാന്‍ ഒരു വിദഗ്ദന്‍റെ ആവശ്യമില്ല. നിങ്ങള്‍ വെറുതെ നിരീക്ഷിച്ചാല്‍ മതി. ഏതിനാണ് വിശ്രമമാവശ്യമെന്നും, എന്തിനാണ് ചികിത്സാദികള്‍ വേണ്ടതെന്നും നിങ്ങള്‍ക്കറിയാന്‍ കഴിയും. എന്നാല്‍ ആരും തന്നെ നിങ്ങളുടെ ചിന്താശേഷി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു വിദഗ്ദാഭിപ്രായമാണ് വേണ്ടത്.

നിങ്ങള്‍ ഒരു വിദഗ്ദനാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. കാരണം, നിങ്ങള്‍ക്ക് എവിടെ വേദനിക്കുന്നുവെന്നും എത്രത്തോളം വേദനിക്കുന്നുവെന്നും ഒരു ഡോക്ടര്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല.

നിങ്ങള്‍ ഒരു വിദഗ്ദനാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. കാരണം, നിങ്ങള്‍ക്ക് എവിടെ വേദനിക്കുന്നുവെന്നും എത്രത്തോളം വേദനിക്കുന്നുവെന്നും ഒരു ഡോക്ടര്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല. നിങ്ങളുടെ വാക്കുകളിലൂടേയോ നിര്‍ദ്ദിഷ്ട ശരീരഭാഗത്ത് അമര്‍ത്തി നോക്കുന്നതിലൂടേയോ മാത്രമേ അദ്ദേഹത്തിന് അത് മനസ്സിലാക്കാന്‍ കഴിയൂ. നിങ്ങള്‍ക്കാകും ഇക്കാര്യം ഏറ്റവും നല്ലപോലെ അറിയുക. എന്നാല്‍ സ്വന്തം ശരീരത്തിലല്ലാതെ ഉപരിതലത്തില്‍ മാത്രമാണ്, പുറമോടിയില്‍ മാത്രമാണ് നിങ്ങളുടെ ശ്രദ്ധയെങ്കില്‍, ഏതുപേശിക്ക് വിശ്രമം വേണമെന്നും ഏതിനാണ് വ്യായാമമാവശ്യമെന്നുമുള്ള കാര്യങ്ങള്‍ മറ്റൊരാള്‍ നിങ്ങളോട് പറയേണ്ടി വരും. എന്നാല്‍ നിങ്ങള്‍ ശ്രദ്ധ വെയ്ക്കുന്ന പക്ഷം നിങ്ങള്‍ക്കു തന്നെ അത് മനസ്സിലാകും. എങ്കിലും നിങ്ങള്‍ അത് ചെയ്യണമെന്നില്ല. കാരണം നിങ്ങള്‍ അലസനാണ്-നിങ്ങള്‍ക്ക് സമയം ഇല്ലെന്നു വരാം. അതു മറ്റൊരു കാര്യം. എന്നാല്‍, വേണ്ടത്ര ശ്രദ്ധ നല്‍കുകയാണെങ്കില്‍ ഏതൊരാള്‍ക്കും ഇത് അറിയാന്‍ കഴിയും. ആരും നിങ്ങള്‍ക്കു പറഞ്ഞ് തരേണ്ടതില്ല. 70% രോഗങ്ങള്‍ക്കും ചികിത്സ വേണ്ട

തീര്‍ച്ചയായും, എന്താണ് നിങ്ങളുടെ തകരാറെന്ന് ഒരു വിദഗ്ദന് മാത്രം പറയാന്‍ കഴിയുന്ന സാഹചര്യങ്ങളുണ്ടാകാം. ഉദാഹരണത്തിന് നിങ്ങളുടെ വൃക്കകള്‍ക്ക് തകരാറുണ്ടെങ്കില്‍ നിങ്ങള്‍ക്കത് അറിയാന്‍ കഴിയണമെന്നില്ല. ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ എന്ത് കൊണ്ട് ഉളവാകുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയണമെന്നുമില്ല. അപ്പോഴാണ് ഒരു ഡോക്ടറുടെ ആവശ്യം. ദൈനംദിനമെന്നോണം ആളുകള്‍ക്കുണ്ടാകുന്ന വളരെയേറെ പ്രശ്‌നങ്ങള്‍ക്ക് ബാഹ്യസഹായം ആവശ്യമില്ല. എന്നോട് ചോദിക്കുകയാണെങ്കില്‍ , എഴുപതു മുതല്‍ എണ്‍പതു ശതമാനം വരെ ചികിത്സകളും, അറുപതു ശതമാനം ശസ്ത്രക്രിയകളും ഒഴിവാക്കാവുന്നതാണെന്ന് ഞാന്‍ പറയും. വേണ്ട വിധത്തില്‍ അഹാരം കഴിക്കുന്നതിനും സ്വന്തം സ്വാസ്ഥ്യത്തെ പ്രതി ഏതാനും കാര്യങ്ങള്‍ ചെയ്യുന്നതിനും ആളുകള്‍ തയ്യാറാകുന്ന പക്ഷം അവരുടെ ആരോഗ്യം സുരക്ഷിതമാകും.

തീര്‍ച്ചയായും, എന്താണ് നിങ്ങളുടെ തകരാറെന്ന് ഒരു വിദഗ്ദന് മാത്രം പറയാന്‍ കഴിയുന്ന സാഹചര്യങ്ങളുണ്ടാകാം. ഉദാഹരണത്തിന് നിങ്ങളുടെ വൃക്കകള്‍ക്ക് തകരാറുണ്ടെങ്കില്‍ നിങ്ങള്‍ക്കത് അറിയാന്‍ കഴിയണമെന്നില്ല.

ശരാശരി നോക്കുമ്പോള്‍ എഴുപതു ശതമാനം രോഗങ്ങള്‍ക്കും ചികിത്സ വേണ്ട. അവയ്ക്കാവശ്യം ചിട്ടയോടു കൂടിയ ജീവിതമാണ്. ഏകദേശം മുപ്പത് ശതമാനം അസുഖങ്ങള്‍ക്ക് ചികിത്സയും, ബാഹ്യ ഇടപെടലും ആവശ്യമാണ്. ലോകത്തിലെ എഴുപതു ശതമാനം രോഗങ്ങളും ആളുകള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിന്‍റെ ഫലമായി അപ്രത്യക്ഷമാകുകയാണെങ്കില്‍ മനുഷ്യര്‍ പരമാവധി ആരോഗ്യമുള്ളവരാകുമെന്ന് നമുക്കു പറയാന്‍ കഴിയും. എന്നാല്‍ അലസരുടേയും അജ്ഞതരുടേയും സംഖ്യ കണക്കിലെടുക്കുമ്പോള്‍ ഈ നിരക്കില്‍ ഏതെങ്കിലും വിധേന അല്പമൊക്കെ വ്യത്യാസം വന്നേക്കാം. കുറച്ചൊരു ശ്രദ്ധയും പ്രയത്നവുമുണ്ടെങ്കില്‍ മറ്റെല്ലാവര്‍ക്കും സ്വന്തം ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും.

എനിക്ക് എന്തെങ്കിലും അസ്വാസ്ഥ്യം തോന്നുമ്പോള്‍ ഞാന്‍ ഡോക്ടറോട് ചോദിക്കും. 'ശരി, എന്താണിത്?' അദ്ദേഹം പറയും 'ഇത്, ഇത്, ഇത്…., നിങ്ങള്‍ ഈ മരുന്ന്, അല്ല, ആ മരുന്ന് കഴിച്ചേ തീരൂ.' ഞാന്‍ ആ മരുന്ന് കഴിക്കില്ല. പകരം മറ്റെന്തെങ്കിലും ചെയ്യും. എനിക്ക് ചുറ്റുമുളളവര്‍ നിരാശരാകും. പിന്നെന്തിന് അങ്ങ് ഡോക്ടറുടെയടുത്ത് പോകുന്നു ?' എന്നാകും അവര്‍. എനിക്കു വേണ്ടത് രണ്ടാമതൊരു അഭിപ്രായമാണ്. എന്‍റെ പ്രശ്‌നമെന്തെന്ന് എനിക്കറിയാം. എന്നാല്‍, അതു തന്നെയെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ഇതിലൂടെ ഞാന്‍ ചെയ്യുന്നത്. ഇക്കാര്യം സ്വയം തീരുമാനിക്കാന്‍ മാത്രം അഹങ്കാരിയല്ല ഞാന്‍. എങ്കിലും ഡോക്ടര്‍ പറയുന്നതെല്ലാം ഞാന്‍ ചെയ്യണോ?' വേണ്ട. എനിക്ക് ഏറ്റവും പ്രയോജനപ്പെടുന്ന കാര്യമായിരിക്കും ഞാന്‍ ചെയ്യുക. ആരോഗ്യത്തിനായുള്ള സ്വാഭാവിക അഭിലാഷം.

ഇതിന് ഒരാള്‍ക്ക് തന്നെക്കുറിച്ചു തന്നെ അല്പം ശ്രദ്ധയും അവബോധവുമാവശ്യമാണ്. സര്‍വ്വോപരി, ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ, അതു തന്നെ ഒരു രോഗമാണ്. ലോകത്തെമ്പാടും, പ്രത്യേകിച്ച് അമേരിക്കയില്‍, ആരോഗ്യത്തെക്കുറിച്ച് പുറത്തിറങ്ങുന്ന പുസ്തകങ്ങളുടേയും മറ്റും എണ്ണം ശ്രദ്ധിച്ചാല്‍, ആരോഗ്യം ആളുകള്‍ക്ക് അത്രയ്ക്ക് ഹരമുളള വിഷയമാണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഇതും അനാരോഗ്യകരമാണ്. ഇതേക്കുറിച്ച് നമുക്ക് ഉത്കണ്ഠ വേണ്ട? വേണം. ആരോഗ്യമെന്നത് ശരീരത്തിലെ ഓരോ കോശത്തിനും സ്വാഭാവികമായുള്ള ഒരഭിലാഷമാണെന്ന് നിശ്ചയമായും നിങ്ങള്‍ മനസ്സിലാക്കണം. അല്ലാതെ സ്വന്തം മനസ്സില്‍ നിങ്ങള്‍ ഉരുവാക്കേണ്ട ഒരു തീരുമാനമല്ല അത്.

ആരോഗ്യമെന്നത് ശരീരത്തിലെ ഓരോ കോശത്തിനും സ്വാഭാവികമായുള്ള ഒരഭിലാഷമാണെന്ന് നിശ്ചയമായും നിങ്ങള്‍ മനസ്സിലാക്കണം. അല്ലാതെ സ്വന്തം മനസ്സില്‍ നിങ്ങള്‍ ഉരുവാക്കേണ്ട ഒരു തീരുമാനമല്ല അത്.

നിങ്ങള്‍ തെറ്റായ രീതിയില്‍ ജീവിക്കുകയും തെറ്റായ രീതിയില്‍ വെള്ളം കുടിക്കുകയും തെറ്റായ രീതിയില്‍ ശ്വസിക്കുകയും തെറ്റായ രീതിയില്‍ എല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ആരോഗ്യം നിങ്ങളുടെ മനസ്സിലുള്ള ഒരു തീരുമാനമാകുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ ആരോഗ്യവാനായിരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന തീരുമാനം മുറുകെ പിടിക്കേണ്ടി വരുന്നു. എന്നാല്‍, മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം വേണ്ട വിധം ചെയ്യുകയാണെങ്കില്‍ 'ഞാന്‍ ആരോഗ്യവാനായിരിക്കാന്‍ അഗ്രഹിക്കുന്നു'എന്ന് നിങ്ങള്‍ക്ക് ചിന്തിക്കേണ്ടി വരില്ല. ശരീരത്തിലെ ഓരോ കോശവും ആരോഗ്യത്തോടെയിരിക്കാന്‍ യത്നിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. അവയെ തനിച്ചു വിടുക, നിങ്ങള്‍ കുഴപ്പമുണ്ടാക്കാതിരുന്നാല്‍ മതി, അവ വേണ്ട പോലെ പ്രവര്‍ത്തിച്ചോളും.

എന്നാല്‍ ആളുകള്‍ ശ്വസിക്കാന്‍ പാടില്ലാത്തത് ശ്വസിക്കുകയും കുടിക്കാന്‍ പാടില്ലാത്തത് കുടിയ്ക്കുകയും, കഴിക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍ ബോധപൂര്‍വ്വമല്ലാതെ കഴിക്കുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അല്‍പ്പം കൂടി ശ്രദ്ധ കൂടുതലായി വേണ്ടി വന്നേക്കും. കാരണം വിഷമയമായ ഒരു ലോകത്താണ് ഇന്നു നമ്മള്‍ ജീവിക്കുന്നത്. നമ്മളുപയോഗിക്കുന്ന എല്ലാ സാധനങ്ങളും നമ്മള്‍ വിഷലിപ്തമാക്കിയിരിക്കുന്നു. എന്നാല്‍ ആരോഗ്യമെന്നത് ശരീരത്തിന്‍റേയും ശരീരത്തിലെ ഓരോ കോശത്തിന്‍റേയും സ്വാഭാവികമായ അഭിലാഷമാണ്. ഒരു ദൗത്യമായി നിങ്ങള്‍ കൈക്കൊള്ളേണ്ട ഒരു കാര്യമല്ല അത്.