സ്‌ത്രീ സാന്നിദ്ധ്യം – രണ്ടാം ഭാഗം ശമ്പളം നല്‍കി സ്‌ത്രീയുടെ മികവുറ്റ സ്ഥാനം നഷ്‌ടപ്പെടുത്തണോ ?
സ്‌ത്രീത്വം ഒരര്‍ത്ഥത്തിലും ഒരു ദൌര്‍ബല്യമല്ല. ആ ഭാവം കൂടി ചേരുമ്പോഴേ ജീവിതം പൂര്‍ണമാകുന്നുള്ളു. സ്‌ത്രൈണഭാവങ്ങള്‍ ലോകത്തിന്‌ നഷ്‌ടമാവുന്നതോടെ, മറ്റെന്തെല്ലാം സുഖസൌകര്യങ്ങളുണ്ടെങ്കിലും ജീവിതം അപൂര്‍ണമായിരിക്കും, അര്‍ത്ഥശൂന്യമായിരിക്കും.
 
 

सद्गुरु

സ്‌ത്രീത്വം ഒരര്‍ത്ഥത്തിലും ഒരു ദൌര്‍ബല്യമല്ല. ആ ഭാവം കൂടി ചേരുമ്പോഴേ ജീവിതം പൂര്‍ണമാകുന്നുള്ളു. സ്‌ത്രൈണഭാവങ്ങള്‍ ലോകത്തിന്‌ നഷ്‌ടമാവുന്നതോടെ, മറ്റെന്തെല്ലാം സുഖസൌകര്യങ്ങളുണ്ടെങ്കിലും ജീവിതം അപൂര്‍ണമായിരിക്കും, അര്‍ത്ഥശൂന്യമായിരിക്കും..

വീട്ടമ്മമാര്‍ക്ക്‌ ഭര്‍ത്താക്കന്മാര്‍ ശമ്പളം നല്‍കുന്നതിനെക്കുറിച്ച്‌ സദ്‌ഗുരു പറഞ്ഞത്‌ കഴിഞ്ഞയാഴ്‌ച വായിച്ചുവല്ലൊ. ആ ലേഖനത്തിന്റെ അവസാന ഭാഗമാണ്‌ ഇന്ന് നിങ്ങളുടെ മുന്നിലെത്തുന്നത്‌. സമൂഹത്തിലും കുടുംബത്തിലും സ്ത്രീയ്ക്കുള്ള, അഥവാ ഉണ്ടായിരിക്കേണ്ട സ്ഥാനം, സദ്‌ഗുരു അതിനെകുറിച്ച്‌ കൂടുതല്‍ വിശദമായി സംസാരിക്കുന്നു.

പുരുഷന്റെ ജീവിതത്തിന്‌ ഒരര്‍ത്ഥവും ലക്ഷ്യവുമുണ്ടാക്കികൊടുക്കുന്നത്‌ സ്‌ത്രീയാണ്‌.

സദ്‌ഗുരു :– ഈ വിഷയത്തെകുറിച്ച്‌ അടിസ്ഥാനപരമായിത്തന്നെ നമുക്ക്‌ ചിന്തിക്കാം. ഗുഹാമനുഷ്യന്റെ കാലം, അന്ന് ഭക്ഷണത്തിന്റേയും പാര്‍പ്പിടത്തിന്റേയും ചുമതല പുരുഷന്‍മാര്‍ക്കായിരുന്നു. ജീവിതത്തില്‍ ഏറ്റവും ആവശ്യമായ രണ്ടു സംഗതികള്‍ സ്‌ത്രീകളുടെ വകുപ്പുകളായിരുന്നു. – ഭക്ഷണം പാകം ചെയ്യലും ശിശുസംരക്ഷണവും, നിലനില്‍പ്പിന്‌ ഇതു രണ്ടും കൂടാതെ വയ്യല്ലൊ, മാത്രമല്ല, സുഖവും സമാധാനവും നിറഞ്ഞ ഒരന്തരീക്ഷം പുലര്‍ത്തുന്നതും അവരുടെ ഉത്തരവാദിത്വമായിരുന്നു. അങ്ങനെ ജീവിതം നിലനിര്‍ത്തിക്കൊണ്ടുപോകേണ്ട ചുമതല പുരുഷന്മാര്‍ക്കായി. ആ ജീവിതത്തെ സുഖകരമായും സന്തോഷകരമായും മുന്നോട്ടു കൊണ്ടുപോകേണ്ട ചുമതല സ്‌ത്രീകള്‍ക്കുമായി. പുരുഷന്റെ ജീവിതത്തിന്‌ ഒരര്‍ത്ഥവും ലക്ഷ്യവുമുണ്ടാക്കികൊടുക്കുന്നത്‌ സ്‌ത്രീയാണ്‌. അവള്‍ കൂടെയില്ലായിരുന്നുവെങ്കില്‍ അവന്റെ ജീവിതം അലസവും, ലക്ഷ്യബോധമില്ലാത്തതുമായിത്തീരുമായിരുന്നു. ഭാര്യയേയും മക്കളേയും പോറ്റേണ്ട കടമ ഉണ്ടായിരുന്നതുകൊണ്ടാണ്‌ ഗുഹാമനുഷ്യന്‍ വെട്ടം വീഴുന്നതോടെ, വേട്ടയ്ക്കു തയ്യാറായി കാട്ടിലേക്കു കടന്നു ചെന്നിരുന്നത്‌. ആ ഒരു ചുമതലയില്ലായിരുന്നുവെങ്കില്‍, ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? എന്ന ചിന്തയോടെയവന്‍ ഗുഹയ്ക്കുള്ളില്‍തന്നെ മടിപിടിച്ചിരുന്നേനെ!

പുരുഷനും സ്‌ത്രീയ്ക്കും തനതായി സമൂഹത്തില്‍ സ്ഥാനമുണ്ട്‌. പുരുഷനെ സംബന്ധിച്ചും, സ്‌ത്രീയെ സംബന്ധിച്ചുമെന്നു ഞാന്‍ പറയുമ്പോള്‍ കേവലം ഒരു സ്‌ത്രീ എന്നൊ പുരഷനെന്നൊ ധരിക്കരുത്‌. അവര്‍ക്ക്‌ പ്രകൃത്യായുള്ള സ്വഭാവവിശേഷത്തെയാണ്‌ ഞാന്‍ സൂചിപ്പിക്കുന്നത്‌. പുരുഷന്‍മാരുടെ സഹജമായ വാസന പുറത്തുപോയി പ്രവര്‍ത്തിക്കാനാണ്‌. നിലനില്‍പിന്റെ പ്രശ്‌നമാണ്‌ എപ്പോഴും അവന്റെ മുമ്പിലുള്ളത്‌. ഒരു സംരക്ഷകന്‍ എന്ന ഭാവവും സ്വതവേ അവന്റെ മനസ്സിലുണ്ട്‌. ആരുടേയെങ്കിലും രക്ഷാധികാരം ഏറ്റെടുക്കാനാവുമ്പോഴെ അവന്‌ പൂര്‍ണമായ തൃപ്‌തി കൈവരുന്നുള്ളു. എന്നാല്‍ സ്‌ത്രീകളുടെ പ്രകൃതം അങ്ങനെയല്ല, കൂടുതല്‍ സൌമ്യവും ആര്‍ദ്രവുമാണ്‌ അവരുടെ സമീപനം. കൂടുതല്‍ സൌന്ദര്യാത്മകമാണ്‌ അവരുടെ ഭാവന. ശാന്തവും സന്തോഷപൂര്‍ണവുമായൊരന്തരീക്ഷം, അതാണ്‌ ജീവിതത്തില്‍ അവര്‍ക്കാവശ്യം. സ്‌നേഹവാത്സല്യങ്ങള്‍ അവരുടെ സ്വഭാവത്തിന്റെ തന്നെ ഭാഗമാണ്‌.

എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ സ്ഥിതി വളരെയേറെ മാറിയിരിക്കുന്നു. എല്ലാ സ്‌ത്രീകള്‍ക്കും ഉദ്യോഗം വേണമെന്ന അവസ്ഥ. അതുമാത്രമല്ല പ്രശ്‌നം – ആധുനിക സമൂഹത്തില്‍, പുരുഷന്റെ താല്‍പര്യങ്ങളും സങ്കല്‍പങ്ങളും ആധിപത്യം പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. എല്ലായിടത്തും പുരഷസഹജമായ വാസനകള്‍ക്കായിരുക്കുന്നു പ്രാമുഖ്യം. അവരുടെ ഇഷ്‌ടങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമാണ്‌ മുന്‍ഗണന. പുരുഷനേ ശരിക്കും അധികാരമുള്ളു, പുരുഷന്റെ നയവും രീതിയുമാണ്‌ ശരി, ഇങ്ങനെ തെറ്റായ ഒരു ധാരണ സമൂഹത്തെ അടിമുടി ബാധിച്ചിരിക്കുന്നു. സ്‌ത്രീകളും ഈ തെറ്റിദ്ധാരണക്കധീനപ്പെട്ടിരിക്കുന്നു എന്നതാണെന്‍റെ സങ്കടം. എന്താ, സ്‌ത്രീകള്‍ക്ക്‌ ഒരു രക്ഷിതാവിന്റെ സ്ഥാനം വഹിക്കാന്‍ സാദ്ധ്യമല്ല എന്നാണൊ? നിശ്ചയമായും സാധിക്കും. എന്നാല്‍ സ്‌ത്രൈണത ലോകത്തില്‍നിന്നും പാടെ അപ്രത്യക്ഷമായാല്‍, അത്‌ വല്ലാത്തൊരു ശൂന്യതയും നഷ്‌ടബോധവുമാണ്‌ സൃഷ്‌ടിക്കുക. ഓരോ പുരുഷനും സ്വയം ചോദിക്കും,

``ഇനി നമ്മളെന്തിനാണിവിടെ?”

പുരുഷന്മാര്‍ എല്ലാ നേട്ടങ്ങളും കൈവരിക്കും. വേണ്ടത്ര ഭക്ഷണം, ധനം, ഒന്നിനും കുറവില്ല. എന്നാലും അവര്‍ അത്ഭുതം കൂറും.

``നമ്മള്‍ മാത്രമായി എന്തു ചെയ്യാന്‍?”
സ്‌ത്രീയേയും പുരുഷനേയും കുറിച്ചല്ല ഞാനിവിടെ പറയുന്നത്‌. സ്‌ത്രീസഹജവും പുരുഷസഹജവുമായ ഭാവങ്ങളെ കുറിച്ചാണ്‌. സ്‌ത്രൈണത ഒരിക്കലും ഒരുതരത്തിലും ഒരു ദൌര്‍ബല്യമല്ല. അത്‌ പ്രകൃതിയുടെ... ജീവിതത്തിന്റെ മറ്റൊരു വശത്തിന്‌ പൂര്‍ണത നല്‍കുന്ന ശക്തിയാണ്‌.

പ്രകൃതി സ്‌ത്രീകള്‍ക്ക്‌ കനിഞ്ഞു നല്‍കിയിട്ടുള്ള വിശേഷ ഗുണങ്ങള്‍ അപ്രസക്തമാവുകയാണൊ?

അടുത്തകാലത്തായി, സമൂഹത്തില്‍നിന്നും സ്‌ത്രൈണത ക്രമേണയായി തുടച്ചുമാറ്റപ്പെടുന്ന ഒരു പ്രവണത കാണുന്നു. പ്രകൃതി സ്‌ത്രീകള്‍ക്ക്‌ കനിഞ്ഞു നല്‍കിയിട്ടുള്ള വിശേഷ ഗുണങ്ങള്‍ അപ്രസക്തമാവുകയാണൊ? അതിനുള്ള പ്രധാന കാരണം, ഇന്ന് സാമ്പത്തിക ശക്തിയാണ്‌ ലോകചക്രത്തെത്തന്നെ തിരിക്കുന്നത്‌ എന്നുള്ളതാണ്‌. ഈ ഭൂമിയില്‍ ഏറ്റവും പ്രധാനപ്പെട്ട വസ്‌തുത ധനശേഷിയാണ്‌ എന്നായിരിക്കുന്നു. മറ്റെല്ലാ കാര്യങ്ങളും അതോടെ പിന്‍തള്ളപ്പെടുകയാണ്‌. അങ്ങനെയൊരു സാഹചര്യത്തില്‍, സ്വാഭാവികമായും പുരുഷശക്തി മേലോട്ടു കുതിക്കുന്നു. സ്‌ത്രീശക്തി തീരെ താഴേക്ക്‌ തള്ളപ്പെടുകയും ചെയ്യുന്നു. ആര്‍ക്കും ചവിട്ടിക്കുഴയ്ക്കാനുള്ള വിലകുറഞ്ഞ എന്തോ വസ്‌തുവായി മാറുന്നു സ്‌ത്രീത്വം. അവരുടെ സംരക്ഷണത്തിനായി നൂറായിരം നിയമങ്ങള്‍ എഴുതിയുണ്ടാക്കാം. പക്ഷെ ആ നിയമങ്ങള്‍തന്നെ അവസാനം അവരെ പിച്ചിച്ചീന്തും, സംശയമില്ല!

നിയമങ്ങളുടെ നൂലാമാലകളില്‍ കുടുങ്ങി വീര്‍പ്പുമുട്ടിക്കഴിയുന്ന സ്‌ത്രീകള്‍ അനേകായിരമുണ്ട്‌. അവരില്‍ കുറേപേര്‍ തങ്ങളുടേതായ ഒരു നിലയില്‍ കാലുറപ്പിക്കാന്‍ ശ്രമം നടത്തുന്നുമുണ്ട്‌. സ്‌ത്രീകള്‍ ഉദ്യോഗസ്ഥകളായിത്തീര്‍ന്നിരിക്കുന്നു എന്നതല്ല സംഘര്‍ഷങ്ങള്‍ക്കു കാരണമാവുന്നത്‌. ജീവിതം തന്നെ ഒരു മത്സരമായിരിക്കുന്നു. അതില്‍ പിന്‍തള്ളപ്പെടാതെ പിടിച്ചുനില്‍ക്കാനുള്ള ആവേശമാണ്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. ഒരു സമൂഹത്തിന്റെ അടിസ്ഥാനഘടനക്കുതന്നെ ഇത്‌ ദോഷകരമാണ്‌. ധനസമ്പാദ്യവും, കച്ചവടവും, ഓഹരി വിപണിയും മാത്രമാകരുത്‌ ജീവിതം. കലയ്ക്കും, സാഹിത്യത്തിനും കരകൌശലങ്ങള്‍ക്കും, സൌന്ദര്യബോധത്തിനുമൊക്കെ ജീവിതത്തില്‍ തുല്യമായ സ്ഥാനം വേണം. അങ്ങനെയുള്ള സമൂഹത്തില്‍ സ്‌ത്രീസഹജമായ ഗുണങ്ങള്‍ക്കും പ്രധാനപ്പെട്ട ഒരു പങ്ക്‌ വഹിക്കാനുണ്ടാകും.

ജീവിതം തന്നെ ഒരു മത്സരമായിരിക്കുന്നു. അതില്‍ പിന്‍തള്ളപ്പെടാതെ പിടിച്ചുനില്‍ക്കാനുള്ള ആവേശമാണ്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌.

നിര്‍ഭാഗ്യവശാല്‍, ഇന്നത്തെ സമൂഹത്തില്‍ സ്‌ത്രീകള്‍ കാര്യമായൊരു പങ്കു വഹിക്കുന്നതായി കാണുന്നില്ല. അഥവാ ഒരു സ്‌ത്രീ സ്വന്തം പടികടന്നു പറുത്തുവന്നാല്‍തന്നേയും, ഒരു പുരുഷന്റെ മട്ടില്‍ പെരുമാറാന്‍ തയ്യാറാകുമ്പോഴേ അവള്‍ ഏതു മേഖലയിലായാലും വിജയം കൈവരിക്കുന്നുള്ളു. സ്‌ത്രീ സ്‌ത്രീയായി പെരുമാറുമ്പോള്‍ അവളെ ദുര്‍ബലയായാണ്‌ ഇന്നത്തെ ലോകം കാണുന്നത്‌. സ്‌ത്രീത്വം ഒരര്‍ത്ഥത്തിലും ഒരു ദൌര്‍ബല്യമല്ല. അത്‌ ജീവിതത്തിന്റെ വ്യത്യസ്‌തമായ ഒരു ഭാവം മാത്രമാണ്‌. ആ ഭാവംകൂടി ചേരുമ്പോഴേ ജീവിതം പൂര്‍ണമാകുന്നുള്ളു. അല്ലെങ്കില്‍ അത്‌ അപൂര്‍ണമായിത്തന്നെയിരിക്കും. സ്‌ത്രൈണഭാവങ്ങള്‍ ലോകത്തിന്‌ നഷ്‌ടമാവുന്നതോടെ, മറ്റെന്തെല്ലാം സുഖസൌകര്യങ്ങളുണ്ടെങ്കിലും, ജീവിതം അപൂര്‍ണമായിരിക്കും, അര്‍ത്ഥശൂന്യമായിരിക്കും. അങ്ങനെയുള്ള ലോകത്തില്‍ പുരുഷന്‍ തീര്‍ച്ചയായും ഒറ്റപ്പെടും, ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാകും.

ഇന്നത്തെ സ്ഥിതിവിശേഷം പരിശോധിച്ചാല്‍, പുരുഷന്‍മാരുടേതായ ലോകത്തില്‍ സ്‌ത്രീകള്‍ തങ്ങളുടേതായ ഒരിടം കണ്ടെത്താന്‍ പാടുപെടുകയാണ്‌. അത്‌ ശരിയായൊരു പ്രവണതയല്ല. പുരുഷന്റെ ലോകത്തില്‍, സ്‌ത്രീ സ്ഥാനം കണ്ടെത്തേണ്ട കാര്യമെന്താണ്‌? ലോകത്തിന്റെ പകുതി സ്‌ത്രീക്കു സ്വന്തമല്ലേ? പുരുഷന്റെ ലോകത്തിലേക്ക്‌ സ്വയം തിരുകിക്കയറാന്‍ ശ്രമിക്കുന്ന സ്‌ത്രീ, അവളുടെ തന്നെ കോലം കെടുത്തുകയാണ്‌. അതല്ല നമ്മുടെ ആവശ്യം. സ്‌ത്രീയും പുരുഷനും തുല്ല്യപങ്കാളിത്തം വഹിക്കുന്ന ഒരു സമൂഹമാണ്‌ നമുക്കാവശ്യം. അതിനാദ്യം വേണ്ടത്‌ ജീവിതത്തെ കുറിച്ചുള്ള ശരിയായ മൂല്യബോധമാണ്‌. വെറും നിലനില്‍പിന്റെ പ്രശ്‌നത്തിനപ്പുറത്തേക്കു കടന്നു ചിന്തിക്കാന്‍ നമ്മള്‍ മനസ്സുകൊണ്ടു തയ്യാറാകണം. അതിനനുസരിച്ച്‌ നമ്മുടെ മനോഭാവവും മാറണം. സമൂഹം ആത്മീയ മൂല്യങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങുന്നതോടെ കാണാം, പുരുഷനേക്കാള്‍ എന്തുകൊണ്ടും മികവുറ്റതാണ്‌ സ്‌ത്രീയുടെ സ്ഥാനം എന്ന്!

 
 
  0 Comments
 
 
Login / to join the conversation1