സ്നേഹവും അനുകമ്പയും തമ്മിലുള്ള വ്യത്യാസം
അന്വേഷി: സ്‌നേഹവും അനുകമ്പയും തമ്മിലുള്ള വ്യത്യാസം എന്താണ്?
 
 

സദ്ഗുരു: നിങ്ങളുടെ ഉള്ളില്‍ വളര്‍ത്താവുന്ന വികാരങ്ങളില്‍വച്ച് ഒരുതരത്തിലും നിങ്ങളെ ബന്ധിക്കാതിരിക്കുന്ന ഒരു വികാരം അനുകമ്പയാണ്. അതേസമയം നിങ്ങളെ മോചനത്തിലേക്കു നയിക്കുവാന്‍ ഏറ്റവും കഴിവുള്ള വികാരവും അതാണ്.

നിങ്ങള്‍ക്ക് അനുകമ്പയില്ലാതെയും ജീവിക്കാം. എന്നാല്‍ എങ്ങനെ ആയാലും നിങ്ങള്‍ക്കു വികാരങ്ങള്‍ ഉണ്ട്. നിങ്ങളുടെ വികാരങ്ങളെ അനുകമ്പയാക്കി മാറ്റുന്നതാണ് മറ്റെന്താക്കി മാറ്റുന്നതിനെക്കാളും നല്ലത്. കാരണം, മറ്റെല്ലാ വികാരങ്ങള്‍ക്കും നിങ്ങളെ കുരുക്കില്‍പ്പെടുത്താനുള്ള കഴിവുണ്ട്. അനുകമ്പ എന്നത് എന്തെങ്കിലുമായോ ആരെങ്കിലുമായോ കെട്ടിപ്പിണയാതെ നിങ്ങളെ മോചനത്തിലേക്കു നയിക്കുന്ന ഒരു വികാരതലമാണ്.

സാധാരണഗതിയില്‍ നിങ്ങളുടെ സ്‌നേഹം വികാരത്താല്‍ ഉദ്ദീപിക്കപ്പെടുന്നു. അനുകമ്പ എന്നുപറയുന്നത് സര്‍വ്വതിനെയും ഉള്‍ക്കൊള്ളുന്ന ഒരു വികാരമാണ്. അതു ചിലതിനോടു മാത്രമാകുമ്പോഴാണ് നാം ആസക്തിയെന്നു വിശേഷിപ്പിക്കുന്നത്. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുമ്പോള്‍ അത് അനുകമ്പയാകുന്നു. 'സ്‌നേഹം' ആദ്യം ആരംഭിക്കുന്നത് ചില പ്രത്യേക ഇഷ്ടങ്ങളില്‍നിന്നാണ്. അതുകൊണ്ട് അത് ആരെങ്കിലും അല്ലെങ്കില്‍ എന്തെങ്കിലും നല്ലതായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു - തീര്‍ച്ചയായും നിങ്ങളോട്. അതിനാല്‍ നിങ്ങള്‍ ആ വ്യക്തിയില്‍നിന്നും അല്ലെങ്കില്‍ ആ വസ്തുവില്‍നിന്നും നിങ്ങള്‍ക്കുണ്ടാകുന്ന മെച്ചത്തിന്‍റെ കണക്ക് സദാ എടുത്തുകൊണ്ടിരിക്കും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ആ വികാരം അതോടെ പരിമിതമായിപ്പോകുന്നു. നിങ്ങള്‍ ആരെ സ്‌നേഹിക്കുന്നുവോ അയാള്‍ നല്ലവനായിരിക്കുന്നിടത്തോളമേ നിങ്ങള്‍ക്ക് ആ സ്‌നേഹം തുടരാനാകുന്നുള്ളൂ. അയാള്‍ എപ്പോഴെങ്കിലും നിങ്ങള്‍ ചീത്തയെന്നു കരുതുന്ന വിധത്തിലായിത്തീര്‍ന്നാല്‍, അയാളെ സ്‌നേഹിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല.

പൊതുവെ സ്‌നേഹം എന്നത് എല്ലായ്‌പ്പോഴും ആരെയെങ്കിലുംപറ്റി ആയിരിക്കും. അത് പ്രത്യേകമായുള്ളതാണ്. അതു സുന്ദരമാകാം, എന്നാലും പ്രത്യേകമായുള്ളതാണ്.

പക്ഷേ, ആരെങ്കിലും വളരെ മോശമാണെങ്കില്‍, ദയനീയമായ അവസ്ഥയിലാണെങ്കില്‍, ദുഷിച്ച മാനസികാവസ്ഥയിലാണെങ്കില്‍ നിങ്ങള്‍ക്ക് അയാളോട് കൂടുതല്‍ അനുകമ്പ തോന്നാം. അതാണ് അനുകമ്പയുടെ ഗുണം. അത്തരത്തില്‍ നോക്കുമ്പോള്‍ അനുകമ്പ വിമോചനത്തിലേക്കു നയിക്കുന്ന ഒരു വികാരമാണ്. അതു നിങ്ങളെ പരിമിതപ്പെടുത്തുന്നില്ല. നല്ലതോ ചീത്തയോ എന്ന് വേര്‍തിരിക്കുന്നില്ല. അതിനാല്‍ അനുകമ്പ തീര്‍ച്ചയായും സ്‌നേഹത്തെക്കാള്‍ കൂടുതല്‍ വിമോചനകരമായ ഒരു വികാരമാണ്.

പൊതുവെ സ്‌നേഹം എന്നത് എല്ലായ്‌പ്പോഴും ആരെയെങ്കിലുംപറ്റി ആയിരിക്കും. അത് പ്രത്യേകമായുള്ളതാണ്. അതു സുന്ദരമാകാം, എന്നാലും പ്രത്യേകമായുള്ളതാണ്. സ്‌നേഹിക്കുന്ന രണ്ടുപേര്‍ ഒരുമിച്ചിരുന്നാല്‍, ബാക്കി ലോകം അവരില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. അവര്‍ അവരുടേതായ ഒരു കൃത്രിമലോകം സൃഷ്ടിക്കുന്നു. അടിസ്ഥാനപരമായി, ഇതൊരു ഗൂഢാലോചനപോലെയാണ്. നിങ്ങള്‍ എല്ലായ്‌പ്പോഴും ഗൂഢാലോചന ഇഷ്ടപ്പെടുന്നു, കാരണം ഗൂഢാലോചനയില്‍, നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയായിത്തീരുന്നു; മറ്റാരും ഇതറിയുന്നില്ല. സാധാരണയായി അധികംപേര്‍ക്കും സ്‌നേഹിക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തിനു കാരണം ഇതാണ്: അതു ഗൂഢമാണെന്നത്.

അവര്‍ സ്‌നേഹത്തിലാകുന്നു, അവരതു വളരെയധികം ആസ്വദിക്കുന്നു. എന്നാല്‍ അവര്‍ വിവാഹിതരാകുമ്പോള്‍ ലോകത്തെ മുഴുവന്‍ അറിയിക്കുന്നു; പ്രേമത്തിന്‍റെ എല്ലാ കൗതുകങ്ങളും അതോടെ ഇല്ലാതാകുന്നു. കാരണം, പിന്നീട് അത് ഒരു രഹസ്യമല്ല. അതേപ്പറ്റി എല്ലാവര്‍ക്കും അറിയാം.

അതിനാല്‍ ആളുകള്‍ക്കു വലിയ സമ്മര്‍ദ്ദമുളവാക്കുന്ന ഒരു രഹസ്യവശം പ്രേമത്തിനുണ്ട്. ഇങ്ങനെ വളരെ തനതാകുന്നതുകൊണ്ട്, അതായത് ലോകത്തെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതുകൊണ്ട്, കഷ്ടത ഉണ്ടാകാനിടയുണ്ട്. മൊത്തം അസ്തിത്വത്തെ നിങ്ങളുടെ അനുഭവത്തില്‍നിന്നും ഒഴിവാക്കുന്നതുകൊണ്ട് കഷ്ടതകള്‍ ഉണ്ടാകും. സ്‌നേഹം ഒരു ആസക്തിയായി ആരംഭിച്ച് അതിരുകളില്ലാത്ത അനുകമ്പയായി വികസിക്കുമെങ്കില്‍, അതു നല്ലതുതന്നെ. എന്നാല്‍ അത് ആസക്തിയായി തുടങ്ങി ആസക്തിയായിത്തന്നെ അവസാനിച്ചാല്‍ നിങ്ങള്‍ ജീവിതത്തില്‍ വലിയ ക്ലേശങ്ങള്‍ ചോദിച്ചു വാങ്ങുകയാണു ചെയ്യുന്നത്. അതായത്, ഒന്നു കെട്ടുപാടുകളുണ്ടാക്കുന്നതാണ്; മറ്റേതു മോചിപ്പിക്കുന്നതും.

 
 
 
 
  0 Comments
 
 
Login / to join the conversation1