സ്നേഹത്തിന്‍റെ അര്‍ത്ഥം
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വ്യക്തിയുടെ സാന്നിദ്ധ്യം, നിങ്ങളുടെ മനോഭാവത്തെയാകെ മാറ്റുന്നു. അവനവനിലുള്ള എന്തോ ഒന്ന് അവിടെ വീണുപോകുന്നു, നഷ്ടമാവുന്നു.
 
 

सद्गुरु

സ്നേഹത്തിന്‍റെ കാര്യം വരുമ്പോള്‍ സ്നേഹിക്കപ്പെടുന്നവര്‍ക്കു വേണ്ടി എന്തും വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുന്നു. വാസ്തവത്തില്‍ അപ്പോള്‍ മാത്രമാണ് സ്നേഹം സ്നേഹമാവുന്നത്.

 

സദ്‌ഗുരു : "സ്നേഹത്തില്‍ ചെന്നു വീഴുക (Fall in love) എന്നാണ് സാധാരണയായി ഇംഗ്ലീഷില്‍ പറയാറുള്ളത്. ഒരര്‍ത്ഥത്തില്‍ അത് വളരെ ശരിയാണ്. കാരണം സ്നേഹത്തില്‍ കയറ്റങ്ങളൊ ഉയര്‍ച്ചകളൊ ഇല്ല. സ്നേഹത്തില്‍ വീഴ്ച തന്നെയാണുള്ളത്. അവനവനിലുള്ള എന്തോ ഒന്ന് അവിടെ വീണുപോകുന്നു, നഷ്ടമാവുന്നു, പൂര്‍ണമായി ഇല്ലെങ്കിലും നിങ്ങളിലെ ഒരംശം അവിടെ കൈവിട്ടു പോകുന്നു. സ്നേഹത്തിന്‍റെ കാര്യം വരുമ്പോള്‍ സ്നേഹിക്കപ്പെടുന്നവര്‍ക്കു വേണ്ടി എന്തും വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുന്നു. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വ്യക്തിയുടെ സാന്നിദ്ധ്യം, നിങ്ങളുടെ മനോഭാവത്തെയാകെ മാറ്റുന്നു. വാസ്തവത്തില്‍ അപ്പോള്‍ മാത്രമാണ് സ്നേഹം സ്നേഹമാവുന്നത്.

സ്നേഹം പരസ്പരം ലാഭം നേടാനുള്ള ഒരു കൈമാറ്റ കച്ചവടമല്ല. എല്ലാറ്റിനേയും സ്നേഹത്തോടെ കാണാന്‍ കഴിഞ്ഞാല്‍ ജീവിതവും സുഖകരമായ ഒരനുഭവമാകും, ലോകം മുഴുവന്‍ സുന്ദരമായി തോന്നും. സ്നേഹം എന്നത് നിങ്ങള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ലെന്നു മനസ്സിലാവും. സ്നേഹം നിങ്ങള്‍ തന്നെയാണ്, നിങ്ങളുടെ മനോഭാവമാണ്.

സാധാരണയായി നമ്മളുടെ ബന്ധങ്ങളെല്ലാംതന്നെ ഒരു ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങുന്നതാണ്, ഒട്ടാകെ സ്വാര്‍ത്ഥപരവുമാണ്. ആ ബന്ധങ്ങളില്‍ നിന്നും എന്തെങ്കിലും സുഖമൊ നേട്ടമൊ നമുക്കു ലഭിക്കുന്നു. എല്ലാവര്‍ക്കും ശാരീരികവും, വൈകാരികവും, സാമ്പത്തികവും സാമൂഹ്യപരവുമായ ആവശ്യങ്ങളുണ്ട്. ഇതെല്ലാം സാധിച്ചുകിട്ടുവാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗ്ഗമാണ് "ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു" എന്നു പറയുന്നത്. ഈ കാലത്ത് ഇത് ഒരു മന്ത്രം പോലെയായിരിക്കുന്നു. ഈ വാക്കുകള്‍ ഉപയോഗിച്ച് ഏതുവാതിലും തുറക്കാം. എവിടേയും എന്തും സാധിക്കാന്‍ ഈ മന്ത്രപ്രയോഗം മതി.

നമ്മള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഓരോ കാര്യസാദ്ധ്യത്തിനായിട്ടുള്ളതാണ്. ആ സത്യം മനസ്സിലാക്കികഴിഞ്ഞാല്‍ സ്വഭാവികമായി മനസ്സില്‍ സ്നേഹം വളര്‍ത്തിക്കൊണ്ടുവരാനാകും. എന്നാല്‍ പലര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതാണ് സങ്കടം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നേടാനായി തുടങ്ങിയ സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും യഥാര്‍ത്ഥ ബന്ധങ്ങളാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. എല്ലാ സ്നേഹബന്ധങ്ങളും ഈ തരത്തിലുള്ളതാണെന്ന് ഞാന്‍ പറയുന്നില്ല. ആത്മാര്‍ത്ഥമായ സൗഹൃദങ്ങളും തീര്‍ച്ചയായും അവിടവിടെ കാണാം എന്നാല്‍ അവര്‍ക്കുമുണ്ട് ചില പരിമിതികള്‍. ഒരായിരം തവണ ഒരാള്‍ "നിന്നെ ഞാന്‍ സ്നേഹിക്കുന്നു” എന്ന് വികാര തീവ്രതയോടെ പറഞ്ഞിട്ടുണ്ടാകും, എന്നാല്‍ മറുഭാഗം അവനവന്‍റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നു കണ്ടാല്‍ ആ നിമിഷം എല്ലാ ബന്ധങ്ങളും തകര്‍ന്നു താഴെ വീഴും.

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നേടാനായി തുടങ്ങിയ സൗഹൃദങ്ങളും സ്നേഹ ബന്ധങ്ങളും യഥാര്‍ത്ഥ ബന്ധങ്ങളാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു

യഥാര്‍ത്ഥ സ്നേഹം ഉപാധികളൊന്നും ഇല്ലാത്തതാണ്. വാസ്തവത്തില്‍ ഉപാധികളോടു കൂടിയത്, കൂടാത്തത് എന്ന് സ്നേഹത്തിന് രണ്ടു തരം തിരിവുകളില്ല. സ്നേഹവുമുണ്ട്, വ്യവസ്ഥകളുമുണ്ട് എന്നത് ശരിയാണ്. വ്യവസ്ഥകള്‍ നിലവിലുണ്ടെങ്കില്‍ സ്നേഹം ഒരു മാറ്റക്കച്ചവടത്തിന്‍റെ മട്ടിലാകും. നല്ലൊരേര്‍പ്പാട് അല്ലെങ്കില്‍ ചേതമില്ലാത്ത ഒരു വ്യാപാരം. സമൂഹത്തില്‍ അധികംപേരും ഇങ്ങനെയുള്ള ഏര്‍പ്പാടുകള്‍ ഭംഗിയായി നിര്‍വ്വഹിച്ച് ജീവിതം നയിക്കുന്നവരാണ്. എന്നാല്‍ അതുകൊണ്ട് ജീവിതത്തിനൊ സ്വന്തം മനസ്സിനൊ സ്വാഭാവികമായൊരു നിറവു ലഭിക്കുകയില്ല.

"ഞാന്‍ നിന്നെ സ്നേഹിക്കുന്നു". എന്ന് പറയുന്നത് സുഖമുള്ളൊരു സംഗതിയാകണമെന്ന് നിര്‍ബന്ധമില്ല. പലപ്പോഴും അങ്ങനെയല്ലതാനും. സ്നേഹം ആനന്ദമാണെന്നു ധരിക്കേണ്ട. അത് നിങ്ങളെ തിന്നുതീര്‍ക്കുന്ന ഒന്നാണ്. അത് മനസ്സിലാക്കാന്‍ ഒരു ജീവിതം മുഴുവന്‍ വേണം. സ്നേഹിക്കുന്നയാള്‍ എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവുന്നു. അവിടെ "ഞാന്‍" ഇല്ലതന്നെ. അഥവാ സ്വന്തം വാശി മുറുകെ പിടിച്ചു നില്‍ക്കാ നായാല്‍ അതും ഒരു "സൗകര്യം" എന്നു മനസ്സിലാക്കാന്‍ സാധിക്കണം. ശരിയായ സ്നേഹമെന്താണ്? സൗകര്യത്തിനുവേണ്ടിയുള്ള ഇടപാടെന്താണ്? രണ്ടിനേയും വേര്‍തിരിച്ചറിയേണ്ടതുണ്ട്. ഒരു വ്യക്തിയുമായിത്തന്നെ നിങ്ങള്‍ പ്രേമബന്ധത്തിലേര്‍പ്പെടണമെന്നില്ല, അതിവിശാലമായൊരു സ്നേഹബന്ധത്തിന് എന്തുകൊണ്ട് തുനിഞ്ഞുകൂടാ? നമുക്ക് നമ്മുടെ ജീവിതത്തെ സ്നേഹിക്കാം, ഈ വിശ്വത്തെ മുഴുവന്‍ സ്നേഹിക്കാം.

നിങ്ങള്‍ എന്തു ചെയ്യുന്നു, ചെയ്യാതിരിക്കുന്നു എന്നത് അപ്പോഴത്തെ സാഹചര്യങ്ങളെ അനുസരിച്ചായിരിക്കും – ബാഹ്യ സാഹചര്യങ്ങള്‍ എന്താവശ്യപ്പെടുന്നുവൊ അതിനനുസരിച്ചിട്ടായിരിക്കും നിങ്ങളുടെ ഓരോ പ്രവൃത്തിയും. അവനവനു പുറത്ത് നിങ്ങള്‍ ചെയ്യുന്നതൊക്കെയും പലവിധ വ്യവസ്ഥകളെയും ഉപാധികളേയും ആശ്രയിച്ചിട്ടാണ്, എന്നാല്‍ സ്നേഹം തികച്ചും ആന്തരികമായ ഒരവസ്ഥയാണ്. ആന്തരികമായി നിങ്ങള്‍ എന്താണ്, എങ്ങനെയാണ്? അത് തീരുമാനിക്കുന്നത് നിങ്ങള്‍തന്നെയാണ്. ബഹ്യമായ മറ്റൊന്നല്ല.
സ്നേഹം ഉപാധികളില്ലാത്തതാണ്. ഉപാധികളോടുകൂടിയ സ്നേഹത്തെ, കച്ചവടം എന്നല്ലാതെ സ്നേഹമെന്നു പറയാനാവില്ല. എന്തോ കൊടുത്തു, മറ്റെന്തോ വാങ്ങി, അതാണല്ലോ കച്ചവടം. നമ്മുടെ ജീവിതത്തില്‍ ഏറ്റവും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് സ്നേഹം. മനുഷ്യര്‍ സ്വതവേ സ്നേഹിക്കാന്‍ കഴിയുന്നവരാണ്. എന്നാല്‍ പലവിധ ആശയങ്ങളും അഭിപ്രായങ്ങളും വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ ചേര്‍ന്ന് ആ കഴിവിനെ തീര്‍ത്തും വികലമാക്കിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ, സ്നേഹത്തില്‍ സര്‍വ്വതുമുണ്ട്, ജീവിതമൊഴികെ എന്നതാണ്

ഇപ്പോഴത്തെ അവസ്ഥ, സ്നേഹത്തില്‍ സര്‍വ്വതുമുണ്ട്, ജീവിതമൊഴികെ എന്നതാണ്.

സ്വര്‍ഗത്തില്‍നിന്നും ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ള ഒരു ചരക്കല്ല സ്നേഹം. പലരും പറഞ്ഞു കേള്‍ക്കാം, ‘ഞാന്‍ ഈശ്വരനെ സ്നേഹിക്കുന്നു’ അല്ലെങ്കില്‍ ‘ഈശ്വരന്‍ എന്നെ സ്നേഹിക്കുന്നു’ എന്ന്. അവരുടെ ധാരണ, സ്വര്‍ഗത്തില്‍നിന്നും പതിച്ചു കിട്ടുന്ന ഏതോ ഗുണവിശേഷമാണ് സ്നേഹം എന്നാണ്. വാസ്തവത്തില്‍ ആര്‍ക്കാണ് ഉറപ്പിച്ചു പറയാനാവുക, ദൈവം ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടൊ ഇല്ലയൊ എന്ന്? പ്രപഞ്ചമെന്ന മഹാസൃഷ്ടി ആരെയും അമ്പരിപ്പിക്കുന്നതുതന്നെ, സംശയമില്ല. ഈ സൃഷ്ടി നടത്തിയ ശക്തിയെ നമ്മളെല്ലാവരും പ്രണമിക്കുന്നു, എന്നാല്‍ ആര്‍ക്കറിയാം ആ ദൈവം ആനന്ദമാണൊ, സ്നേഹമാണൊ, സമാധാനമാണൊ എന്ന്?

സ്നേഹം മാനുഷികമായൊരു വികാരമാണ്. വേണമെന്നുണ്ടെങ്കില്‍ മനുഷ്യന് ആരേയും സ്നേഹിക്കാന്‍ സാധിക്കും. പക്ഷെ നമ്മള്‍ ചെയ്യുന്നത്, ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും സ്വര്‍ഗത്തിലേക്കു കയറ്റി അയച്ച് ഭൂമിയില്‍ തന്നിഷ്ടംപോലെ ജീവിതം ധൂര്‍ത്തടിക്കുകയാണ്. സ്നേഹം, ആനന്ദം, സമാധാനം ഇതൊക്കെ മനുഷ്യന് അവകാശപ്പെട്ടതാണ്, യഥേഷ്ടം സ്വന്തമാക്കാവുന്നവയുമാണ്. സ്നേഹം എന്നത് ഇനിയൊരാളുമായി ബന്ധപ്പെട്ടതാണ് എന്നു കരുതേണ്ട. അവിടെ രണ്ടുപേരുടെ ആവശ്യമില്ല. നിങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍ സംഭവിക്കുന്ന ഒന്നാണ് സ്നേഹം. അവനവന്‍റെ ഉള്ളിലുള്ള ആ സംഭവത്തെ ഇനിയൊരാള്‍ക്ക് അടിമപ്പെടുത്തേണ്ടതില്ല. ദിവസവും ഒരു പതിനഞ്ചൊ ഇരുപതോ മിനിറ്റ് നിങ്ങള്‍ക്ക് യാതൊരുവക താല്‍പര്യവുമില്ലാത്ത എന്തിന്‍റെയെങ്കിലും മുമ്പില്‍ ചെന്നിരിക്കുക, അത് കല്ലോ, മരമോ, പുഴുവോ, പുഴയോ എന്തോ ആകട്ടെ. ഏതാനും ദിവസം കഴിഞ്ഞാല്‍ നിങ്ങള്‍ തന്നെ സ്വയം ആലോചിച്ച് അത്ഭുതപ്പെടും. നിങ്ങളുടെ മനസ്സില്‍ അതിനോടൊരു സ്നേഹം നാമ്പിട്ടിരിക്കുന്നു. സ്വന്തം ഭാര്യയോടും മക്കളോടും തോന്നുന്ന അതേ മമത തികച്ചും അന്യമായ ആ വസ്തുവിനോടു നിങ്ങള്ക്ക് തോന്നുന്നു. ആ വസ്തുവിന് നിങ്ങള്‍ക്കു തോന്നുന്ന സ്നേഹത്തെ കുറിച്ച് ബോധമില്ല. അത് കാര്യമാക്കേണ്ട, എല്ലാറ്റിനേയും സ്നേഹത്തോടെ നോക്കാന്‍ ശീലിക്കൂ. ജീവിതം അതീവ ഹൃദ്യമായൊരനുഭവമാണെന്ന് താനെ മനസ്സിലാവും. സ്നേഹം താന്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ല, അത് തന്‍റെ സ്വഭാവമാണ്. അതാണ് സത്യം.

 
 
  0 Comments
 
 
Login / to join the conversation1