ശുഭാപ്തിവിശ്വാസം
1930–കളിലാണ് ‘ശുഭകരമായ ചിന്തകളിലൂടെ വിജയം കൈവരിക്കുക’ എന്നൊരു മന്ത്രം ലോകത്തിനാദ്യമായി ലഭിച്ചത്‌, അതായത് മംഗളമയമായ മനോഭാവം വച്ചു പുലര്‍ത്തുക, അത് വിജയസാദ്ധ്യതകളിലേക്ക് നമ്മെ നയിക്കും എന്ന്. പക്ഷെ, അസ്ഥാനത്തുള്ള ശുഭാപ്‌തി വിശ്വാസം അനുകൂലമല്ലാത്ത ഫലമായിരിക്കാം നിങ്ങളുടെ മുമ്പിലെത്തിയ്ക്കുക.സദ്‌ഗുരു തന്റെ സ്വതച്ചിത്തമായ ശൈലിയില്‍ ഈ വാദത്തെ തള്ളിക്കളയുന്നു.
 
 

सद्गुरु

സംഭവങ്ങളെ, സാഹചര്യങ്ങളെ ഗുണകരമോ ദോഷകരമോ ആയി വകുപ്പു തിരിക്കേണ്ട ആവശ്യമേയില്ല എന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. എന്തിനേയും അതാതിന്റെ രീതിയില്‍ കാണുക, സമീപിയ്ക്കുക എന്നാണദ്ദേഹം പറയുന്നത്‌.

സന്തോഷമായിരിക്കും എന്ന്‍ തീരുമാനിക്കുന്നതിനോടൊപ്പം തന്നെ മനസ്സിലേക്കു കടന്നുവരും, അനാവശ്യമായ ആശങ്കകളും, ഉത്‌കണ്‌ഠകളും.

സദ്ഗുരു : പലയിടത്തും പലതലത്തിലും പലരും ഊന്നിപ്പറയാറുള്ള ഒരു മഹത്വചനമായിത്തീര്‍ന്നിരിക്കുന്നു ‘താങ്കളുടെ മനോഭാവം എപ്പോഴും ശുഭാത്മകമായിരിക്കട്ടെ!’ എന്നത്. അവര്‍ നമ്മളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്‌, എന്തു കാര്യം ചെയ്യുമ്പോഴും, എന്ത് പ്രശ്നം നേരിടുമ്പോഴും ശുഭാപ്തിവിശ്വാസത്തോടെ നേരിടുക, അത്‌ ജീവിതത്തിലെ വിജയസാദ്ധ്യതകളെ വര്‍ദ്ധിപ്പിയ്ക്കും, മാത്രമല്ല അതില്‍ നിന്ന് മംഗളമായ ഫലം കാംക്ഷിക്കുകയും ചെയ്യാം എന്നതാണ്.

ഇന്നിന്ന കാര്യങ്ങള്‍ എനിക്കു ചെയ്യാന്‍ സാധിക്കും, ഇന്നിന്ന ലക്ഷ്യങ്ങള്‍ ഞാന്‍ നേടിയിരിക്കും, ഇങ്ങനെയൊക്കെ തന്നോടു തന്നെ അടിക്കടി പറഞ്ഞുകൊണ്ടിരിക്കുവാന്‍ വ്യവസായ രംഗത്തും കായിക രംഗത്തും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരോട്‌ പ്രത്യേകിച്ചും നിര്‍ദ്ദേശിക്കാറുണ്ട്. ലക്ഷ്യത്തില്‍ത്തന്നെ ശ്രദ്ധ ഉറപ്പിക്കുവാനും അതിനുവേണ്ടി മാത്രം മനസ്സിരുത്തി പ്രയത്‌നിക്കുവാനും ഈ മനോഭാവം സഹായിക്കുമത്രെ. മേല്‍പറഞ്ഞ മന്ത്രം നമ്മുടെ പലരുടേയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നുണ്ട്‌. അതുകൊണ്ടാണല്ലോ സ്ഥാനത്തും അസ്ഥാനത്തും നമ്മള്‍ ‘ശുഭചിന്തകളോടെയിരിക്കൂ, ശുഭാത്മകമായ മനോഭാവം പുലര്‍ത്തൂ,’ എന്ന ഈ ഉപദേശം മറ്റുള്ളവര്‍ക്ക്‌ സമൃദ്ധമായി പകര്‍ന്നു നല്‍കുന്നത്‌ അതേസമയം ഈ ചിന്താഗതിയെ വിമര്‍ശിക്കുന്നവര്‍ ധാരാളമു‌ണ്ട്. അവരുടെ അഭിപ്രായത്തില്‍ ഗുണാത്മകചിന്തകള്‍ നമ്മുടെ വിജയത്തിന്റെ രഹസ്യമല്ല, മറിച്ച്‌, വിജയത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്‌.

സാഹചര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി അതിനനുസരിച്ച്‌ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങുമ്പോള്‍, സ്വന്തം ബുദ്ധിയും കഴിവും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുമ്പോള്‍, ഫലങ്ങള്‍ താനേ ശുഭമായി കലാശിയ്ക്കും.

നല്ലതു മാത്രമേ ചിന്തിക്കൂ എന്ന്‍ ശാഠ്യം പിടിക്കുമ്പോള്‍ പലപ്പോഴും ചീത്ത ചിന്തകളായിരിക്കും കൂടുതലായി കടന്നുവരുന്നത്‌. മനസ്സിന്റെ പ്രകൃതംതന്നെ അതാണ്‌. എന്താണോ വേണ്ടെന്നു വിചാരിക്കുന്നത്‌ അധികപക്ഷവും സംഭവിക്കുന്നത്‌ അതായിരിക്കും. ശുഭാശുഭചിന്തകളുടെ കാര്യത്തിലും സംഭവിക്കുന്നത്‌ അതാണ്‌. സന്തോഷമായിരിക്കും എന്ന്‍ തീരുമാനിക്കുന്നതിനോടൊപ്പം തന്നെ മനസ്സിലേക്കു കടന്നുവരും, അനാവശ്യമായ ആശങ്കകളും, ഉത്‌കണ്‌ഠകളും. വരുന്നതിനെ വരുന്ന പടി സ്വീകരിക്കുകയാണ്‌ ഏറ്റവും നല്ല വഴി. ഒന്നിനേയും നന്മയായും തിന്‍മയായും വകതിരിച്ചു കാണേണ്ട ആവശ്യമില്ല. ഇത്‌ രണ്ടുംകൂടി ചേര്‍ന്നതാണ്‌ ജീവിതമെന്നിരിക്കേ ഒന്നിനെ തള്ളാനും, മറ്റേതിനെ കൊള്ളാനും നമുക്കു സാധിക്കുമെന്ന ചിന്തയേ അബന്ധമല്ലേ? ജീവിതത്തില്‍ നല്ല കാര്യങ്ങളും നന്നല്ലാത്ത കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കും, അതിനെ ചുറ്റിപ്പറ്റി സിദ്ധാന്തങ്ങളും മനോഭാവങ്ങളുമൊന്നും പുതുതായി വികസിപ്പിച്ചെടുക്കേണ്ട കാര്യമില്ല. അവനവന്റെ പാട്ടിലിരിക്കുക. അനുകൂലമായൊ പ്രതികൂലമായൊ ഉള്ള ചിന്തകള്‍ വേണ്ട. ചുററുപാടും സംഭവിക്കുന്നതിനെകുറിച്ചുള്ള ഒരവബോധം, അത്രയേവേണ്ടു.

ഓരോ സന്ദര്‍ഭവും, സാഹചര്യവും ഓരോരോ തരത്തിലുള്ള പ്രതികരണമാണാവശ്യപ്പെടുന്നത്‌. എല്ലാറ്റിനേയും ശുഭചിന്തകളോടുകൂടി മാത്രമേ സമീപിക്കൂ എന്നു ശഠിച്ചു നിന്നാല്‍ അതെപ്പോഴും ശരിയായി എന്നു വരില്ല. പലപ്പോഴും അബന്ധമായിത്തീര്‍ന്നുവെന്നു വരാം. കാരണം ഞാന്‍ ഇന്ന വിധത്തില്‍ പെരുമാറുമെന്ന മുന്‍തീര്‍പ്പോടുകൂടിയാണ്‌ നിങ്ങള്‍ ആ വിഷയത്തെ സമീപിക്കുന്നത്‌. അസ്ഥാനത്തുള്ള ശുഭാപ്‌തി വിശ്വാസം അനുകൂലമല്ലാത്ത ഫലമായിരിക്കാം നിങ്ങളുടെ മുമ്പിലെത്തിയ്ക്കുക. അതേസമയം എന്തിനേയും ഏതിനേയും കുറിച്ച്‌ ദോഷചിന്തകള്‍ വെച്ചു പുലര്‍ത്തുന്നതും തെറ്റാണ്‌. ചുറ്റുപാടുകളെ മനസ്സിലാക്കുക. അതനുസരിച്ച്‌ പ്രതികരിയ്ക്കുക, പ്രവര്‍ത്തിയ്ക്കുക. വസ്‌തുതകളെ അതാതിന്റെ രീതിയില്‍ നോക്കി കാണുകയാണ്‌ ഏററവും നല്ല വഴി. അനുഭവങ്ങള്‍ വരുന്നു, പോകുന്നു. രണ്ടും കണ്ടറിയുന്ന സാക്ഷിയാണ്‌ നിങ്ങള്‍. ഒന്നിനെക്കുറിച്ചും മുന്‍വിധി വേണ്ട, സാഹചര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി അതിനനുസരിച്ച്‌ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങുമ്പോള്‍, സ്വന്തം ബുദ്ധിയും കഴിവും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുമ്പോള്‍, ഫലങ്ങള്‍ താനേ ശുഭമായി കലാശിയ്ക്കും.

 

Photo credit to : https://upload.wikimedia.org/wikipedia/commons/d/d3/Phra_Ajan_Jerapunyo-Abbot_of_Watkungtaphao..jpg

 
 
  0 Comments
 
 
Login / to join the conversation1