सद्गुरु

ശൂന്യ എന്ന പ്രാപഞ്ചിക പ്രതിഭാസമാണ് ഇന്ന് സദ്ഗുരു നമുക്കു വേണ്ടി എടുത്തിരിക്കുന്ന വിഷയം. നമ്മുടെയും ഈ പ്രപഞ്ചത്തിന്‍റേയും തൊണ്ണൂറ്റി ഒന്‍പത് ശതമാനവും ഇതു തന്നെയാണ്. എന്നിട്ടും നമ്മള്‍ അതിനെക്കുറിച്ച് ബോധവാന്‍മാരല്ല. ആ മഹാ ശൂന്യതയെ തൊട്ടറിയാന്‍ അദ്ദേഹം ധ്യാനാത്മകമായൊരു സമീപനത്തെക്കുറിച്ചും പറയുകയാണ്. സംയമയുടെ അടിസ്ഥാനമാണ് ശൂന്യത.

ശൂന്യയ്ക്ക് എന്തു പ്രസക്തി? അങ്ങനെ ചോദിച്ചാല്‍, 'ശൂന്യ' എന്ന വാക്കിന് ഒഴിവ്, ഒന്നുമില്ലായ്മ എന്നൊക്കെയാണ് അര്‍ത്ഥം. എന്നാല്‍ ഇംഗ്ലീഷിലെ 'EMPTINESS'എന്ന വാക്ക് സത്യത്തില്‍ ശൂന്യതയ്ക്ക് പകരം വയ്ക്കാനാവില്ല. കാരണം അതിന് നെഗറ്റീവായ അര്‍ത്ഥമാണ് - ഒരിടത്ത് ഉണ്ടായിരിക്കേണ്ട ഒന്നിന്‍റെ അഭാവം എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ 'ശൂന്യത' എന്നാല്‍ ഒന്നിന്‍റെ അഭാവമല്ല - അത് നിസീമമായ ഒരു സാന്നിധ്യം തന്നെയാണ്. പൂജ്യം കണ്ടെത്തിയതു തന്നെ നമ്മള്‍ ഇന്ത്യക്കാരാണല്ലോ! അപ്പോള്‍, ഒരു വസ്തുവിന്‍റെ അഭാവമല്ല എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ഒരു ഒഴിവാണ് ശൂന്യത! നമ്മള്‍ പൂജ്യം കണ്ടെത്തിയപ്പോള്‍ ഉദ്ദേശിച്ചതും ഒരു അസാനിധ്യമല്ല, മറിച്ച് എല്ലാത്തിന്‍റേയും അവസാനം വരുന്ന ആത്യന്തികമായ സംഖ്യയാണ്. പൂജ്യം എന്നാല്‍ ശൂന്യം എന്നു തന്നെയാണ് അര്‍ത്ഥം. പക്ഷേ മറ്റേതൊരു സംഖ്യക്കും മൂല്യം നല്‍കുവാനുള്ള ക്ഷമത അതിനുണ്ട്. ശൂന്യതയും അങ്ങനെ തന്നെ. ആധുനിക ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ പ്രപഞ്ചത്തിന്‍റെ 99% അതാണ്. അപ്രകാരം തന്നെ ഒരു പരമാണുവിന്‍റെ തൊണ്ണൂറ്റി ഒമ്പതുശതമാനവും അതാണ്. നമ്മുടെ അസ്ഥിത്വത്തിന്‍റെ, അഥവാ ജീവിതത്തിന്‍റെ തൊണ്ണൂറ്റി ഒമ്പതുശതമാനവും അതു തന്നെ - ശൂന്യം. എന്നാല്‍ നമ്മള്‍ ജീവിതമായതു കൊണ്ട് ഒരു തിരഞ്ഞെടുക്കലിനുള്ള സ്വാതന്ത്ര്യമുണ്ട് . പ്രപഞ്ചമെന്ന ഈ മഹാ ശൂന്യതയില്‍ ഒരു കൊച്ചു മനുഷ്യജീവിയായി ജീവിച്ചു മരിക്കാം. അല്ലെങ്കില്‍ സകല സൃഷ്ടികള്‍ക്കും വിളഭൂമിയായ ആ മഹാ ശൂന്യത തന്നെയായി മാറാം. ശൂന്യ ധ്യാനത്തിലൂടെ നാം ചെന്നെത്തുന്നത് അതിലേക്കു തന്നെ.

'ശൂന്യത' എന്നാല്‍ ഒന്നിന്‍റെ അഭാവമല്ല - അത് നിസീമമായ ഒരു സാന്നിധ്യം തന്നെയാണ്.

മനുഷ്യന്‍റെ അഭിപ്രായത്തില്‍ സമസ്ത ചരാചരങ്ങളിലും വെച്ച് ഏറ്റവും കേമമായത് അവന്‍ തന്നെ. നിങ്ങളുടെ കുടുംബത്തില്‍ നിങ്ങള്‍ ഒരു പ്രധാനപ്പെട്ട വ്യക്തിയായിരിക്കും. ചിലപ്പോള്‍ താമസിക്കുന്ന നഗരത്തിലും നിങ്ങള്‍ ഏറെക്കുറേ പ്രമുഖനായ ഒരു വ്യക്തിയായിരിക്കും. എങ്കിലും നിങ്ങള്‍ ഇല്ലാതെയും അവര്‍ ജീവിതം തുടരും. ഇനി ഭാരതമെന്ന ദേശത്തിന്‍റെ കാര്യമെടുത്താല്‍, അവിടെ നിങ്ങള്‍ വളരെ നിസ്സാരനായ ഒരു പൗരന്‍ മാത്രം- നാളെ നിങ്ങള്‍ വിട വാങ്ങിയാലും ആരും അറിയില്ല. ലോകം മൊത്തത്തില്‍ എടുത്താലോ, നിങ്ങള്‍ ജീവിതമെന്ന നഗരത്തിലെ ഒരു തുള്ളി മാത്രം- നാളെ നിങ്ങള്‍ വിടവാങ്ങിയാലും ആരും അറിയില്ല. ലോകം മൊത്തത്തില്‍ എടുത്താലോ, നിങ്ങള്‍ ജീവിതമെന്ന സാഗരത്തിലെ ഒരു തുള്ളിമാത്രം . സമസ്ത പ്രപഞ്ചവുമായി തുലനം ചെയ്യുമ്പോല്‍ നിങ്ങള്‍ വെറും തുച്ഛം. ബോധപൂര്‍വ്വം നിങ്ങളാരും ഒരു പക്ഷേ ഇങ്ങനെ ചിന്തിക്കാറില്ലെങ്കിലും- ഉള്ളിന്‍റെ ഉള്ളില്‍, ഈ സത്യം എല്ലാവര്‍ക്കും അറിയാം. ആ കയ്ക്കുന്ന സത്യമറിഞ്ഞതിന്‍റെ വെപ്രാളമാണ് ഇന്ന് കാണുന്ന എല്ലാ പരാക്രമങ്ങളും, അലങ്കാരങ്ങളും, സുഖഭോഗങ്ങളുടെ കുന്നുകൂടലുമെല്ലാം. കാരണം, എല്ലാവരും സ്വന്തം ജീവിതത്തെ വിലയുളള ഒന്നാക്കി മാറ്റാനുള്ള തത്രപ്പാടിലാണ്!

അത്, സമ്പത്തായാലും, പണമായാലും, ഞാന്‍ എന്ന ഭാവമായാലും, പഠിപ്പിന്‍റെ പട്ടികയാലും, കുടുംബ മഹിമയാലും ശരി- എന്‍റേത് കൊള്ളാവുന്ന ഒരു ജീവിതമാണെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ഒരു ഭഗീരഥ പ്രയത്‌നമാണ്. നേരു പറഞ്ഞാല്‍ നിങ്ങളുടേയും എന്‍റേയുമൊക്കെ ശരീരത്തിലെ ഓരോ പരമാണുവും ശൂന്യമാണന്നിരിക്കെ, സകല സൃഷ്ടികളുടേയും സ്രോതസ്സായ ഈ ശൂന്യതയാണ് നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും സ്പന്ദിക്കുന്നത്. ഈ തിരിച്ചറിവ് നമ്മുടെ ജീവിതാനുഭവമായി മാറിയാല്‍, ജീവിതത്തിന്‍റെ സ്വഭാവം തന്നെ മറ്റൊന്നാവും. ആ അനുഭവത്തിനായുള്ള അന്വേഷണത്തിലാണ് രാജാക്കന്‍മാര്‍ പോലും യാചകരാവാന്‍ സ്വയം തയ്യാറാവുന്നത്. ഗൗതമ ബുദ്ധന്‍ ഒരു ഭിക്ഷാംദേഹിയായി കൊട്ടാരം വിട്ടിറങ്ങിയത്. പരമശിവന്‍ ഒരു നിത്യവൈരാഗിയായി, ഭസ്മ ഭൂഷിതനായി ഇരിക്കുന്നത്. എന്നു വെച്ചാല്‍, അലങ്കാരങ്ങളും ആടയാഭരണങ്ങളും ചമയങ്ങളും വെച്ചുകെട്ടലും ആവശ്യമില്ലാത്ത അലങ്കാരശൂന്യമായ എന്തോ ഒന്ന്, ഒരു ജീവിത രീതി അവര്‍ കണ്ടെത്തിയിരുന്നു! പ്രപഞ്ചത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ആ സംഗതി തന്നെയാണ് - ശൂന്യത. ഞാന്‍ ഇപ്പോള്‍, ഇവിടെ വെറുതെ ഇങ്ങനെ ഇരിക്കുമ്പോഴും അത് സ്വാഭാവികമായിത്തന്നെ പൂര്‍ണ്ണതയിലാണ്. ജീവിതത്തെക്കുറിച്ച് ഇവ്വിധമൊരു ശൂന്യതാദര്‍ശനത്തിന് ഒരുപാട് പ്രയത്‌നം തന്നെ വേണ്ടി വരും. എന്നാല്‍, അതിനൊക്കെ ഇന്ന് ആര്‍ക്കും തന്നെ സമയമില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു ഗുരു ആയി ജീവിക്കുന്നതിന്‍റെ അവസ്ഥയിതാണ്. നമ്മുടെ ശരീരത്തിലെ ഓരോ പരമാണുവിലും ഓരോ കോശത്തിലും ശൂന്യ തന്നെയാണ്. അതു കൊണ്ടു ശൂന്യ ഒരു ധ്യാനമായി പൊതിഞ്ഞു നിങ്ങള്‍ക്കു തരുന്നു. ഒരു തരം ശൂന്യഗുളിക! ഇങ്ങനെയൊക്കെ പറഞ്ഞ്, ആത്മീയതയെ ഞാനൊരു തമാശയാക്കി മാറ്റുകയാണോ എന്നു തോന്നിയേക്കാം, എന്തു ചെയ്യാനാണ്. മനുഷ്യര്‍ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതി തന്നെ ഒരു തമാശയായിരിക്കുകയാണ്. ജീവിതമെന്ന വിശാലതയില്‍, നാം മനുഷ്യര്‍ വളരെ നിസാരന്‍മാര്‍, പക്ഷേ നമ്മുടെ വിചാരത്തില്‍ നാം വലിയ രാജാക്കന്മാര്‍, സംസ്‌ക്കാരസമ്പന്നന്‍മാര്‍. തന്‍റെ വീട്, കുടുംബം, ആഭരണങ്ങള്‍, ഭൂസ്വത്ത്, ഇത്യാദികളൊക്കെ തന്നേക്കാള്‍ പ്രിയങ്കരമായി പോറ്റുന്ന മനുഷ്യരെയാണ് എവിടേയും കാണാവുന്നത്. മരിക്കുന്ന ദിവസം വരെ അതിനെ നിലനിര്‍ത്താനുള്ള ജീവിത പോരാട്ടത്തിലാണവര്‍. ആ പോരാട്ടത്തിനിടയില്‍ അവര്‍ മരിച്ചു വീഴുന്നു. ജീവിച്ചിരിക്കെ ഇക്കാര്യം അവരെ ബോദ്ധ്യപ്പെടുത്താന്‍ പലതും പറഞ്ഞു നോക്കി,പക്ഷെ ഫലിച്ചില്ല. ഉറ്റവരുടെ മരണത്തിലൂടെ മാത്രമേ ആളുകള്‍ക്ക് സത്യത്തിലേക്ക് മനസ്സു തുറക്കാനുള്ള താല്‍പര്യമുണരൂ എന്നതാണവസ്ഥ! വല്ലാത്തൊരു നിര്‍ഭാഗ്യം തന്നെ.

നമ്മുടെ ശരീരത്തിലെ ഓരോ പരമാണുവിലും ഓരോ കോശത്തിലും ശൂന്യ തന്നെയാണ്. അതു കൊണ്ടു ശൂന്യ ഒരു ധ്യാനമായി പൊതിഞ്ഞു നിങ്ങള്‍ക്കു തരുന്നു.

പരീക്ഷയില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ ചിലര്‍ക്ക് വലിയ സന്തോഷമാണ്. ശേഷിച്ച ഒരു ശതമാനത്തിന്‍റെ കാര്യം മറക്കാന്‍ അവര്‍ക്കു സമ്മതമാണ്. ഇപ്പോള്‍ തൊണ്ണൂറ്റി ഒമ്പതു ശതമാനം ശൂന്യമാണ്. ഒരു ശതമാനം സൃഷ്ടിയും. ശൂന്യ ധ്യാനത്തില്‍ നിങ്ങള്‍ ആ ഒരു ശതമാനത്തെ കുറച്ചു സമയത്തേക്ക് വിട്ടു കളയുകയും ബാക്കി തൊണ്ണൂറ്റി ഒമ്പതു ശതമാനത്തെ ആസ്വദിക്കുകയും ചെയ്യുന്നു. ആ തൊണ്ണൂറ്റി ഒമ്പതു ശതമാനത്തെ നിങ്ങള്‍ ഇതു വരെ അവഗണിക്കുകയായിരുന്നു. ഇതു മഹാ അബദ്ധമാണ്. പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ പല താളപ്പിഴകളും സംഭവിക്കുന്നു. ഒരാളുടെ കീശ എന്‍റേതിനേക്കാള്‍ വീര്‍ത്തിരിക്കുന്നത് കണ്ടാല്‍ മനസ്സിടിയുന്നു. മറ്റവന്‍റെ പത്തായപ്പുരയില്‍ അരിച്ചാക്കുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടാല്‍ എന്‍റെ മനസ്സിന്‍റെ നിലവറ കാലിയാകുന്നു. മറ്റവന്‍റെ ഹൃദയം എന്നേക്കാള്‍ സമ്പന്നമാണെന്ന് തോന്നിയാല്‍ എന്‍റെ മനസ്സ് ദരിദ്രമാവുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ മനസ്സിനെ മെരുക്കാനുള്ള പുതിയ കളികള്‍ പഠിപ്പിക്കുന്നത്. പിന്നെ ശൂന്യതയാണ് പൂര്‍ണ്ണതയേക്കാള്‍ എളുപ്പം.

ശൂന്യതയെന്നാല്‍ ഒന്നുമില്ലായ്മ- nothingness കുറച്ചുകൂടി വ്യക്തമായിട്ട് എഴുതിയാല്‍, 'no'-'thing'. ഭൗതിക പ്രകൃതത്തിന് അതീതമാണത്. ശൂന്യമെന്നാല്‍ ഒന്നും ചെയ്യായ്ക എന്നു പറയാം. പക്ഷെ ഒന്നും ചെയ്യാതിരിക്കൂ, വെറുതെ ഇരിക്കൂ എന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവന് കൂടുതല്‍ അസ്വസ്ഥതയേറും. വെറുതേ ഇരിക്കുംതോറും ഒരുവന്‍ കൂടുതല്‍ കിറുക്കനാവുന്നു. ഒന്നും ചെയ്യാതിരിക്കാനും ഒരു പിന്തുണയുടെ ആവശ്യമുണ്ട്. ഒന്നുമില്ലായ്മയില്‍, ശൂന്യതയില്‍ നീന്തുവാന്‍, ഞങ്ങള്‍ പിടിവള്ളിയായി ഒരു കയറിട്ടു തരുന്നു. എന്തു കയര്‍? ശൂന്യതയെന്നാല്‍ നിശ്ശബ്ദത! NO THINGNESS നിശ്ശബ്ദതതയാണെങ്കില്‍, SOME-THINGNESS- ശബ്ദമാണ്. മന്ത്രം! നിശ്ശബ്ദത അതിരു കവിഞ്ഞ് നിങ്ങളെ ശ്വാസം മുട്ടിക്കുമ്പോള്‍ നിങ്ങള്‍ക്ക് മന്ത്രമാകുന്ന ചരടില്‍ പിടിക്കാം.

മന്ത്രങ്ങള്‍ ഒരുപാടുണ്ട്. നമുക്ക് അതില്‍ ഏറ്റവും പരിചിതം, ഓങ്കാര മന്ത്രമായിരിക്കും. സ്പഷ്ട്ടതയോടെ, ശബ്ദത്തോടെ ഉരുവിട്ടാല്‍ ശക്തി നല്‍കുന്ന ഒരു മന്ത്രമാണത്. പിന്നെയുളളത് ബീജമന്ത്രങ്ങളാണ്. അര്‍ത്ഥശൂന്യമായ ശുദ്ധശബ്ദങ്ങളാണവ, 'മന്ത്രം' എന്നാല്‍ ശുദ്ധനാദം (ശബ്ദം) തന്നെ. ബീജമെന്നാല്‍ വിത്ത്. വിത്തുകള്‍ സവിശേഷമായ ചില രീതിയില്‍ വേണം സൂക്ഷിക്കുവാന്‍. അവ മണ്ണില്‍ വിതച്ചു കഴിഞ്ഞാല്‍, അതിന് ആവശ്യമായ ഈര്‍പ്പം നല്‍കണം- എങ്കിലേ മുളയ്ക്കൂ! വിത്ത് അതിന്‍റെ കര്‍ത്തവ്യങ്ങളൊക്കെ മുറയ്ക്ക് നടത്തിക്കൊള്ളും. മണ്ണും അതിന്‍റെ പണികള്‍ കൃത്യമായി നിറവേറ്റും. അവയ്ക്ക് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുകയാണ് നിങ്ങളുടെ പണി. ഇതു പോലെ ശൂന്യധ്യാനത്തില്‍ - വേണ്ടവിധം പരിശീലിച്ചാല്‍ തീര്‍ച്ചയായും ഫലമുണ്ടാകും.