ശ്മശാനവാസിയായ ശിവന്‍ - എന്താണതിന്‍റെ പൊരുള്‍?
'ശ്മ' എന്നാല്‍ ശവം എന്നാണര്‍ത്ഥം, ‘ശാന്‍’ എന്നാല്‍ ശയ്യ, കിടക്ക എന്നും. ശവം കിടക്കുന്നിടം, അതാണ് ശിവന്‍റെ വാസസ്ഥാനം. ശിവന്‍ ശ്മശാനത്തില്‍ ചെന്ന് ഇരുപ്പുറപ്പിച്ചിരിക്കുന്നത് കേവലം വിരസതകൊണ്ടാണ്. എത്ര അര്‍ത്ഥശൂന്യമാണ് ഈ ജീവിതനാടകം! ശ്മശാന ഭൂമിയില്‍ സംഭവിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സത്യം.
 
 

सद्गुरु

ശ്മശാനവാസിയായാണ് ശിവനെ ചിത്രീകരിച്ചിട്ടുള്ളത്. എന്താണതിന്‍റെ പൊരുള്‍, ഏതു തത്വത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്? അത് വിവരിക്കുന്നതോടൊപ്പം ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള ചില സത്യങ്ങളും സദ്‌ഗുരു ഇവിടെ ചര്‍ച്ചചെയ്യുന്നു

സദ്‌ഗുരു: മരണത്തിന്‍റേതായ ആ നിമിഷം, അല്ലെങ്കില്‍ എന്നുവേണമെങ്കിലും അത് സംഭവിക്കാമെന്ന ഭയം, മനുഷ്യമനസ്സിനെ ഏറ്റവുമധികം ആശങ്കാകുലമാക്കുന്ന ചിന്തയാണത്. മനസ്സിനെ ഇത്രയും ആഗാധമായി തീവ്രമായി സ്പര്‍ശിക്കുന്ന വേറൊരു ചിന്തയില്ലതന്നെ. ദു:ഖമായാലും പ്രണയമായാലും ആനന്ദ നിവൃതിയായാലും, ഒന്നുംതന്നെ അതിനോടടുത്തെത്തുന്നില്ല. എല്ലാറ്റിലും ശക്തമാണ്, തീവ്രമാണ് മരണഭയം. അതുകൊണ്ടാണ് ശിവന്‍ ശ്മശാനത്തില്‍ ചെന്നിരിക്കുന്നത്. ശ്മശാനഭൂമിക്ക് കായാന്തമെന്നും പറയാറുണ്ട്. കായം ശരീരമാണ്, അന്തം എന്നാല്‍ അവസാനം എന്നാണര്‍ത്ഥം. അപ്പോള്‍ കായാന്തമെന്നാല്‍, ശരീരം അവസാനിക്കുന്ന ഇടം.

ശ്മശാനം കായാന്തമാണ്; ജീവാന്തമല്ല. ഈ ഭൂമിയില്‍നിന്നും സ്വന്തമാക്കിയിട്ടുള്ളതൊക്കെ ഇവിടെത്തന്നെ വിട്ടിട്ടു പോകണം. ഈ ശരീരമാണ് സര്‍വ്വവും എന്ന ചിന്തയാണ് നിങ്ങളുടെ ജീവിതത്തെ ഇക്കാലമത്രയും മുന്നോട്ടു നയിച്ചിട്ടുള്ളത് എങ്കില്‍ അത് കൈവിട്ടുപോകുന്ന നിമിഷം അങ്ങേയറ്റം ദു:ഖകരമായിരിക്കും പ്രകടമായ ശരീരത്തിനപ്പുറം എന്തോ ഒന്നുണ്ട് എന്ന ചിന്ത നിങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എങ്കില്‍ മരണം നിങ്ങളെ സംബന്ധിച്ചിടത്തോളം ദു:സ്സഹമായൊരു സംഭവമാവുകയില്ല. താന്‍ ആരാണ്, എന്താണ് എന്നതിനെകുറിച്ച് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മരണത്തെ ഒരു മഹാദുരന്തമായി കാണാനാവില്ല. അവരെ സംബന്ധിച്ചിടത്തോളം കായാന്തം മറ്റൊരു നിമിഷം മാത്രം. എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം മരണം എന്നും ഭയാനകം തന്നെയാണ്. തന്‍റേതെന്ന് ഇതുവരെയായും മുറുകെപിടിച്ചുകൊണ്ടിരുന്ന സര്‍വതും, സ്വന്തം ദേഹമടക്കം ഉപേക്ഷിക്കേണ്ടിവരുന്നു, ആ നിമിഷം ആര്‍ക്കായാലും ഏറ്റവും ഭീതിജനകമാണ്.

തന്‍റേതെന്ന് ഇതുവരെയായും മുറുകെപിടിച്ചുകൊണ്ടിരുന്ന സര്‍വതും, സ്വന്തം ദേഹമടക്കം ഉപേക്ഷിക്കേണ്ടിവരുന്നു, ആ നിമിഷം ആര്‍ക്കായാലും ഏറ്റവും ഭീതിജനകമാണ്

മരണമില്ലായ്മ – അമരത്വം –അതു സര്‍വ്വര്‍ക്കും സഹജമായിട്ടുള്ള ഒരവസ്ഥയാണ്. മരണമെന്നത് നമ്മുടെ ഒരു തെറ്റിദ്ധാരണമാത്രമാണ്. ജീവിതത്തിനെകുറിച്ചുള്ള ഒരു തെറ്റായ കാഴ്ചപ്പാട് എന്നു പറയാം. ഭൗതികശരീരത്തിന് നിശ്ചയമായും അന്ത്യമുണ്ട്, അതാണല്ലോ കായാന്തം. രൂപംകൊണ്ട ശരീരം ഒരുനാള്‍ ഇല്ലാതാവുകതന്നെ ചെയ്യും, എന്നാല്‍ താന്‍ ദേഹമല്ല ദേഹിയാണ് എന്നുറച്ചു വിശ്വസിക്കാനായാല്‍, കായത്തില്‍നിന്നും ജീവനിലേക്ക് ചിന്തകളെ പിടിച്ചുയര്‍ത്താനായാല്‍, അമരത്വമാണ് അതിന്‍റെ സഹജമായ ഭാവം എന്ന് സ്വയം മനസിലാക്കാനാവും. നിങ്ങള്‍ മര്‍ത്ത്യനാണൊ അമര്‍ത്ത്യനാണൊ എന്നത് സ്വന്തം കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുന്നു.
'

ശിവന്‍ ശ്മശാനത്തില്‍ ചെന്ന് ഇരുപ്പുറപ്പിച്ചിരിക്കുന്നത് കേവലം വിരസതകൊണ്ടാണ്. ലോകത്തില്‍ മനുഷ്യര്‍ ആടികൊണ്ടിരിക്കുന്ന നാടകം അദ്ദേഹത്തെ അങ്ങേയറ്റം മുഷിപ്പിച്ചിട്ടുണ്ടാകും. എത്ര അര്‍ത്ഥശൂന്യമാണ് ഈ ജീവിതനാടകം! ശ്മശാന ഭൂമിയില്‍ സംഭവിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സത്യം. ശരിയായ ജ്ഞാനോദയത്തെ ആത്മസാക്ഷാത്കാരം എന്നാണ് പറയുക. അത് ഏതെങ്കിലും തരത്തിലുള്ള ഒരു സിദ്ധിയൊ നേട്ടമോ അല്ല. നിങ്ങള്‍ക്കത് കാണാനാകുന്നുണ്ടോ... എങ്കില്‍ അത് നിങ്ങള്‍ക്കുള്ളതാണ്. അനുഭവിക്കാന്‍ ആകുന്നില്ലായെങ്കില്‍ അത് നിങ്ങള്‍ക്കുള്ളതല്ല. അടിസ്ഥാനപരമായി മാറ്റങ്ങളൊന്നുമില്ല, ഉള്ളത് കാഴ്ചപ്പാടിന്‍റെ പ്രശ്നം മാത്രമാണ്. അങ്ങനെയൊരു കാഴ്ചപ്പാടുണ്ടാക്കാന്‍ ഇന്ദ്രീയങ്ങളുടെ സഹായം മാത്രം പോരാ, തെളിവുറ്റ പ്രജ്ഞയും കൂടി വേണം. അപ്പോഴേ കായം (ശരീരം) മാത്രമല്ല അതിനപ്പുറത്ത് ജീവനുംകൂടി ഉണ്ട് എന്ന് തിരിച്ചറിയാനാകൂ. മെല്ലെ മെല്ലെ കായത്തിലുള്ള പിടി അയഞ്ഞ് ജീവനില്‍ പൂര്‍ണമായും പിടി മുറുക്കി കഴിഞ്ഞാല്‍, നിങ്ങള്‍ സ്വാഭാവികമായും അമര്‍ത്ത്യനായി. അമരത്വം നേടാനായി പ്രത്യേകമായ ഒരു പ്രയത്നവും ചെയ്യേണ്ടതില്ല. താന്‍ അമരനാണ് എന്ന് സ്വയം ബോദ്ധ്യപ്പെടുത്തുക മാത്രമേ വേണ്ടു.

സുരക്ഷിതത്വം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനുള്ള പ്രവര്‍ത്തനം എപ്പോഴും ഒരു ഒതുങ്ങിയ മട്ടിലായിരിക്കും, കാരണം, അപകടങ്ങളില്‍ ചെന്നുപെടാതെ ഒഴിഞ്ഞ് ഒതുങ്ങി നില്‍ക്കുക, അതു മാത്രമാണല്ലോ നിലനില്‍പ്പിനാവശ്യം

ജീവിതം നിലനിര്‍ത്തികൊണ്ടുപോകണം, അതിനെകുറിച്ചു മാത്രമാണ് രാപ്പകല്‍ നമ്മുടെ ചിന്ത. അതിനപ്പുറത്തേക്ക് നമ്മുടെ ശ്രദ്ധ ചെല്ലുന്നില്ല. നമ്മുടെ ശരീരത്തില്‍ അടിസ്ഥാനപരമായി രണ്ടു ശക്തികള്‍ നിലനില്‍ക്കുന്നുണ്ട്, ഒന്ന് ജീവിതം നിലനിര്‍ത്തികൊണ്ടു പോകാനുള്ളതാണ്, രണ്ടാമത്തേത് എല്ലാ അതിരുകളും ലംഘിച്ച് ജീവിതത്തെ അനന്തമാക്കിത്തീര്‍ക്കാനുള്ള ത്വരയാണ്. ജീവിതത്തിന്‍റെ സുരക്ഷിതത്വം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനുള്ള ശക്തിയുടെ പ്രവര്‍ത്തനം എപ്പോഴും ഒരു ഒതുങ്ങിയ മട്ടിലായിരിക്കും, കാരണം, അപകടങ്ങളില്‍ ചെന്നുപെടാതെ ഒഴിഞ്ഞ് ഒതുങ്ങി നില്‍ക്കുക, അതാണല്ലോ നിലനില്‍പ്പിനാവശ്യം. എന്നാല്‍ അതിരുകള്‍ കടന്ന് അനന്തതയിലേക്ക് കൈ എത്തിക്കാനാണ് നിങ്ങളുടെ സഹജവാസന എങ്കില്‍, നിങ്ങളുടെ ആന്തരിക ഊര്‍ജം മുഴുവനായും അതില്‍ കേന്ദ്രീകരിച്ചിരിക്കും. അതുകൊണ്ടുതന്നെ ജീവിതം പൂര്‍ണമായും ഊര്‍ജസ്വലമായിരിക്കും.

നിലനില്‍പ്പിനുള്ള വാസന എല്ലാ ജീവജാലങ്ങളിലും നൈസര്‍ഗികമായിട്ടുള്ളതാണ്. പരിണാമ ചക്രത്തിലൂടെ മുന്നേറി നമ്മളിപ്പോള്‍ മനുഷ്യരില്‍ എത്തി നില്‍ക്കുകയാണ്. അതോടെ ബുദ്ധിയും ബോധവും കൂടുതലായി നമ്മളില്‍ ഉണര്‍ന്നു വന്നിരിക്കണം. നിലനില്‍പ്പിനായുള്ള സഹജവാസനയെ പിന്‍തള്ളി അനന്തതയെ പുല്‍കാനുള്ള വാസനയെ കൂടുതല്‍ പ്രബലമാക്കേണ്ട സമയം ഇതാണ്. നമ്മളില്‍ അന്തര്‍ലീനമായിട്ടുള്ള രണ്ടു വാസനകളില്‍ ഒന്ന് സഹജമായിട്ടുള്ള വീര്യത്തെ കൂടുതല്‍ ശക്തിമത്താക്കാനുള്ള ശ്രമത്തിലാണ്, രണ്ടാമത്തേതാകട്ടെ കൂടുതല്‍ ഒതുക്കാനുള്ള ശ്രമത്തിലും.

ശിവന്‍ തന്‍റെ വാസസ്ഥാനം കായാന്തത്തിലേയ്ക്ക് - ശ്മശാനത്തിലേക്കുമാറ്റി. 'ശ്മ' എന്നാല്‍ ശവം എന്നാണര്‍ത്ഥം, ‘ശാന്‍’ എന്നാല്‍ ശയ്യ, കിടക്ക എന്നും. ശവം കിടക്കുന്നിടം, അതാണ് ശിവന്‍റെ വാസസ്ഥാനം. ജീവിച്ചിരിക്കുന്നവരുമായി ഇടപഴകുക തികച്ചും പാഴ് വേലയാണെന്ന് അവിടുത്തേക്കു തോന്നി. അവരെ ഉണര്‍ത്തുകയും ആത്മവീര്യത്തിനു മൂര്‍ച്ചകൂട്ടുകയും എളുപ്പമുള്ള കാര്യമല്ല എന്ന് ശിവന് ബോദ്ധ്യമായി. മനുഷ്യന്‍റെ ആ ആന്തരിക ചോദനയെ ഉണര്‍ത്താന്‍, ജ്വലിപ്പിക്കാന്‍, സൂത്രങ്ങള്‍ പലതും പ്രയോഗിക്കേണ്ടതുണ്ട്. ജനനവും മരണവുമാണ് ജീവിതത്തിലെ അതിപ്രധാന മുഹുര്‍ത്തങ്ങള്‍. അതുകൊണ്ടുതന്നെ ഈറ്റില്ലവും, ശ്മശാനവും തുല്ല്യ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം ഈ രണ്ടിടങ്ങളിലാണ് യഥാര്‍ത്ഥ നാടകങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ ഈറ്റില്ലാം തെല്ലു മുമ്പിലായി നില്‍ക്കുന്നു.
പരിമിതികള്‍ ഉണ്ടാവുക എന്നത് വലിയൊരു അപാരാധമാണൊ? തീര്‍ച്ചയായും അല്ല, എന്നാല്‍ പരിമിതികളില്‍ പെട്ടുപോവുക, അത് നിശ്ചയമായും വലിയൊരു തെറ്റുതന്നെയാണ്. ദു:ഖം അല്ലെങ്കില്‍ വേദന സഹിക്കേണ്ടിവരിക തെറ്റാണോ? ആ വേദന നിങ്ങള്‍ക്ക് സുഖമായി തോന്നുന്നുണ്ടെങ്കില്‍, ആ ദു:ഖം നിങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതൊരു തെറ്റല്ല.

ശാരീരികമായ എല്ലാ പരിമിതികളും ലംഘിച്ച് ആത്മീയത എന്ന അനന്തതയെ പുല്‍കാനാണ് നിങ്ങളുടെ മനസ്സ് കുതിക്കുന്നത് എങ്കില്‍ അതിന് ഏറ്റവും പറ്റിയ പരിസരം ശ്മശാനഭൂമിയാണ്

ജീവിതത്തിലെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ ഇടത്തിലാണ് ശിവന്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു ഇടം നിങ്ങളില്‍ ഭയം ജനിപ്പിക്കുന്നുവെങ്കില്‍, നിങ്ങളില്‍ മുറ്റിനില്‍ക്കുന്നത് നിലനില്‍പ്പിനെ കുറിച്ചും, സ്വന്തം സുരക്ഷിതത്ത്വത്തെകുറിച്ചുമുള്ള ആശങ്കയാണെങ്കില്‍ അങ്ങനെയൊരു പരിസരം തീര്‍ച്ചയായും നിങ്ങള്‍ക്ക് സുഖപ്രദമാവുകയില്ല. എന്നാല്‍ ശാരീരികമായ എല്ലാ പരിമിതികളും ലംഘിച്ച് ആത്മീയത എന്ന അനന്തതയെ പുല്‍കാനാണ് നിങ്ങളുടെ മനസ്സ് കുതിക്കുന്നത് എങ്കില്‍ അതിന് ഏറ്റവും പറ്റിയ പരിസരം ശ്മശാനഭൂമിയാണ്. എങ്ങനെയെങ്കിലും ജീവിതം നിലനിര്‍ത്തിക്കൊണ്ടുപോരാന്‍ പാടുപെടുന്നവരുടെ കാര്യത്തില്‍ ശിവന് യാതൊരു താല്‍പര്യവുമില്ല. കുറച്ചൊരു ബുദ്ധിയും, കാര്യക്ഷമതയുള്ള കര്‍മ്മേന്ദ്രിയങ്ങളും മാത്രമേ അതിന് ആവശ്യമുള്ളൂ. മണ്ണിരയായാലും പുല്‍ച്ചാടിയായാലും മറ്റേതൊരു നിസ്സാര ജീവിയായാലും, അവയുടേതായ രീതിയില്‍ അവ ജീവിതം നിലനിര്‍ത്തികൊണ്ടുപോകുന്നുണ്ട്. വാസ്തവത്തില്‍ അത്രയും ബുദ്ധിയേ ഈയൊരു സംഗതിക്കാവശ്യമുള്ളൂ. അതുകൊണ്ട് നിങ്ങളുടെ ഒരേയൊരു താല്‍പര്യം ജീവസന്ധാരണം മാത്രമാണ് എങ്കില്‍ ശിവന്‍ നിങ്ങളുടെ കാര്യത്തില്‍ ഒന്നുംതന്നെ ചെയ്യാനില്ല അവിടുന്ന് കാത്തിരിക്കുകയാണ്, നിങ്ങളൊന്ന് മരിച്ചു കിട്ടാന്‍, നിങ്ങളുടെ കായാന്തത്തിനുവേണ്ടി.

 

 
 
  0 Comments
 
 
Login / to join the conversation1