ശവമായിത്തന്നെ കഴിയണോ അതോ ശിവമാകണോ?
ഈ ശരീരം വെറുമൊരു ശവമാണോ, അതോ ഇതിന്റെ സാദ്ധ്യതകള്‍ ബോധപൂര്‍വം പ്രയോജനപ്പെടുത്തി നമുക്ക് പരമമായ ആ പദത്തിലേക്ക്… ശിവനിലേക്ക് ഉയരാനാകുമോ?
 
 

सद्गुरु

യോഗശാസ്ത്രത്തില്‍ നമ്മുടെ ശരീരത്തെ അതിശയകരമായ ഒരു ഉപകരണമായി കാണുന്നു. മനുഷ്യന്റെ നട്ടെല്ലിനെ മേരുദണ്ഡം എന്നാണ് പറയുക, അതായത് - പ്രപഞ്ചത്തിന്റെ അച്ചുതണ്ട്.

മനുഷ്യ ശരീരത്തിന്‍റെ കരുത്ത് പരിഗണിക്കുമ്പോള്‍ മൃഗങ്ങളോളം വരില്ല അവന്‍റെ കായിക ബലം. ഉദാഹരണത്തിന് ഒരു പുല്‍ച്ചാടിയെ നോക്കാം. അതിന്റെ ശരീരത്തിന്‍റെ നീളം എത്രയാണോ അതിനെക്കാള്‍ ഏതാണ്ട് നൂറു മടങ്ങ് നീളത്തില്‍ അതിനു ചാടാനാവും. അഞ്ചോ ആറോ അടി ഉയരമുള്ള ഒരു മനുഷ്യന് അഞ്ഞൂറോ അറുന്നൂറോ അടി ഉയരത്തില്‍ ചാടാനാവുമോ? ഒളിമ്പിക്സാണ് മനുഷ്യന്റെ കരുത്തു തെളിയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മത്സരം. ആ ഒളിമ്പിക്സില്‍ ഏറ്റവും നല്ല നിലവാരമുള്ള പ്രദര്‍ശനം കാഴ്ച വച്ച വ്യക്തിക്കും ഏതെങ്കിലുമൊരു മൃഗത്തോടു മത്സരിക്കേണ്ടി വന്നാല്‍ അവന്‍റെ സ്ഥിതി പരുങ്ങലിലാകും, ഏറ്റവും ചെറിയ ഉറുമ്പിനോടായാലും ശരി, ഒരു ഞാഞ്ഞുളിനോടായാലും ശരി.

അതേ മനുഷ്യന്‍ പക്ഷെ വേറൊരു കാര്യത്തില്‍ ഏറെ മുന്നിലാണ്. ചിന്തിക്കാനുള്ള കഴിവ്, ഇതിനും അപ്പുറത്തേക്ക് ചിന്തിക്കാനുള്ള കഴിവ് – സാമാന്യമായ നിലനില്പിനപ്പുറത്തേക്ക് കടന്നു ചിന്തിക്കാനുള്ള കഴിവ്...

മനുഷ്യന്‍ പക്ഷെ വേറൊരു കാര്യത്തില്‍ ഏറെ മുന്നിലാണ്. ചിന്തിക്കാനുള്ള കഴിവ്, ഇതിനും അപ്പുറത്തേക്ക് ചിന്തിക്കാനുള്ള കഴിവ് – സാമാന്യമായ നിലനില്പിനപ്പുറത്തേക്ക് കടന്നു ചിന്തിക്കാനുള്ള കഴിവ്...

മനുഷ്യനെന്ന നിലയില്‍ ജീവിതത്തെ സമഗ്രമായി നോക്കിക്കാണാന്‍ നമുക്ക് കഴിയും. പക്ഷെ അതിന് സാമാന്യമായ നിലനില്പിനു വേണ്ടി എപ്പോഴും എന്തെങ്കിലുമൊക്കെ സംഭരിക്കുക എന്ന നൈസര്‍ഗിഗമായ ജന്മവാസനക്കപ്പുറത്തേക്കും നമ്മുടെ ചിന്തകളും പ്രവൃത്തികളും കടന്നു ചെല്ലണം. ജീവിതത്തിലെ സുഖസൌകാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ന് സ്വാഭാവികമായ ഈ ജന്മവാസന മനുഷ്യന്‍ ഉപയോഗപ്രദമാക്കുന്നത്. അതിനപ്പുറത്തേക്ക് കടക്കാന്‍ അവര്‍ വലിയ ശ്രമമൊന്നും നടത്തിയിട്ടില്ല.

പഴയകാലത്ത് അതിജീവനം എന്നാല്‍ രണ്ടു നേരത്തെ ഭക്ഷണം എന്നായിരുന്നു അര്‍ത്ഥം. ഇന്നത്തെ സ്ഥിതിയോ? സ്വന്തമായി ഒരു ബി എം ഡബ്ലിയു ഇല്ലെങ്കില്‍ നിലനില്‍പ്പ്‌ ആവില്ല എന്നാണവസ്ഥ!

നമ്മുടെ സാദ്ധ്യതകളെ നമ്മള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നു എന്നതിന്‍റെ തെളിവാണത്. മനുഷ്യന്റെ ബുദ്ധിയും പരിശ്രമവും, ജീവിതം കൂടുതല്‍ കൂടുതല്‍ ആഡംബരപൂര്‍ണമാക്കാന്‍ മാത്രമുള്ളതല്ല. അതിന്റെ ഉദ്ദേശം വളരെ ബൃഹത്തായതാണ്.

നട്ടെല്ലിനെ പ്രപഞ്ചത്തിന്റെ അച്ചുതണ്ടായി പരാമര്‍ശിക്കപ്പെടുന്നു

മനുഷ്യന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ശരീരം തന്നെയാണ്. അതില്‍തന്നെ ഒട്ടേറെ വ്യത്യസ്തമായ ഭാഗങ്ങള്‍ ഉണ്ട്, ഓരോന്നും ഓരോരോ കാര്യങ്ങള്‍ നിര്‍വഹിക്കാനായി രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. യോഗശാസ്ത്രത്തില്‍ നമ്മുടെ ശരീരത്തെ അതിശയകരമായ ഒരു ഉപകരണമായി കാണുന്നു. മനുഷ്യന്റെ നട്ടെല്ലിനെ മേരുദണ്ഡം എന്നാണ് പറയുക, അതായത് - പ്രപഞ്ചത്തിന്റെ അച്ചുതണ്ട്.

ആധുനിക ശാസ്ത്രം പ്രപഞ്ചത്തെ കാണുന്നത് ഒരു സ്പന്ദനമായിട്ടാണ്. കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചാല്‍, ഒരേ ഊര്‍ജ്ജം തന്നെ പലേ രീതിയില്‍ സ്പന്ദിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യ ശരീരത്തിലെ സ്പന്ദനത്തിന്റെ ഉറവിടം നട്ടെല്ലാണ്. അതെത്രത്തോളം സൂക്ഷ്മമാണോ അത്രത്തോളം ദൂരത്തേക്കെത്താന്‍ അവനത് സഹായകരമാകും. സാന്ദ്രത കൂടുംതോറും ആ സ്പന്ദനം ചുറ്റുവട്ടത്ത് തങ്ങി നില്‍ക്കുകയെ ഉള്ളൂ. അത് വളരെ വളരെ സൂക്ഷ്മമാണെങ്കില്‍ അതിനെ എവിടെ വേണമെങ്കിലും, എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ക്കു വാരിവിതറാം, ഫലം ദൂരവ്യാപകമായിരിക്കും. നിങ്ങളിലെ സ്പന്ദനം ദൂരവ്യാപകമാകുകയാണെങ്കില്‍ അതിനനുസരിച്ചിട്ടുള്ളതായിരിക്കും നിങ്ങളുടെ കണ്ടറിയാനുള്ള കഴിവും. അസാധാരണമായ ഒരു ഉള്‍ക്കാഴ്ച്ചക്ക് നിങ്ങള്‍ സ്വാഭാവികമായും പാത്രമാവുന്നു.

മനുഷ്യ ശരീരത്തിലെ സ്പന്ദനത്തിന്റെ ഉറവിടം നട്ടെല്ലാണ്. അതെത്രത്തോളം സൂക്ഷ്മമാണോ അത്രത്തോളം ദൂരത്തേക്കെത്താന്‍ അവനത് സഹായകരമാകും

വളരെയധികം പരിമിതികളുള്ള ഒരു ജീവന്‍ എന്ന നിലയില്‍ ഇപ്പോള്‍ നിങ്ങളുടെ ഗ്രഹണ ശക്തിയും വളരെ പരിമിതമാണ്. സ്വന്തം ഇന്ദ്രിയങ്ങളെക്കൊണ്ടു ഗ്രഹിക്കാന്‍ കഴിയുന്നത്‌ മാത്രമേ നിങ്ങള്‍ക്കറിയാനാകുന്നുള്ളൂ. നിങ്ങളിലെ "ഞാന്‍" അത്രക്കും പരിമിതനാണ്. സ്വന്തം അനുഭവങ്ങള്‍ മാത്രമാണ് നിങ്ങളെ സംബന്ധിച്ചിടത്തോളം "അറിവ്." എന്നാല്‍ അവനവനിലുള്ള സ്പന്ദനത്തിന്റെ സൂക്ഷ്മത ക്രമത്തില്‍ വര്‍ദ്ധിപ്പിച്ച് കൊണ്ട്, ഇന്ദ്രിയാനുഭവങ്ങള്‍ക്കപ്പുറത്തേക്കും നിങ്ങളുടെ അനുഭവ മണ്ഡലത്തെ വ്യാപിപ്പിക്കാന്‍ സാധിക്കും - അതിനാകട്ടെ പരിധികള്‍ ഒന്നുമില്ലതാനും.

ശിവന്‍ മൂന്നാം കണ്ണു തുറക്കുന്ന അവസ്ഥയെപ്പറ്റി നമ്മള്‍ സാധാരണ സംസാരിക്കാറുണ്ട്‌. എന്താണതിനര്‍ത്ഥം?

എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറത്തേക്ക്, അനന്തതയിലേക്ക് ശിവന്‍ തന്റെ അനുഭവമണ്ഡലത്തെ വ്യാപിപ്പിച്ചു എന്നാണ്. അങ്ങിനെ വരുമ്പോള്‍ ഈ പ്രപഞ്ചം മുഴുവന്‍ ശിവന്റെ അല്ലെങ്കില്‍ അത്തരത്തിലുള്ള വ്യക്തിയുടെ ഒരു ഭാഗമായി തീരുന്നു. സ്വാഭാവികമായും ആ വ്യക്തി പ്രപഞ്ചത്തിന്റെ അച്ചുതണ്ട്, കേന്ദ്രസ്ഥാനവും ആകുന്നു. ഈ ധാരണ മനസ്സില്‍ വെച്ചുകൊണ്ടാണ്‌ നട്ടെല്ലിനെ മേരുദണ്ഡം എന്ന് പറയുന്നത്. പ്രപഞ്ചത്തിന്‍റെ അച്ചുതണ്ടാണ് എന്നുവെച്ചാല്‍ അതിന് ഒരു സവിശേഷ രീതിയില്‍ സ്പന്ദിക്കാനായാല്‍ ഒരു വ്യക്തിയുടെ നട്ടെല്ല് ഈ പ്രപഞ്ചത്തിന്റെ അച്ചുതണ്ടാകും.

സാമാന്യമായി പറഞ്ഞാല്‍ ഒരാളും ശരീരത്തെ ഒരുപകരണമായി കാണുന്നില്ല. അവരുടെ കാഴ്ചയില്‍ ഞാനും ശരീരവും ഒന്നായി കുഴഞ്ഞു കിടക്കുകയാണ്. ശരീരത്തില്‍ നിന്നും വിഭിന്നമായി ഒരു "ഞാന്‍" ഇല്ലതന്നെ. ചുരുക്കിപ്പറഞ്ഞാല്‍, അവരെ സംബന്ധിച്ചടത്തോളം ഞാന്‍ എന്നാല്‍ ഈ ശരീരമാണ്. ശരീരമാണ് ഞാന്‍ എന്ന ധാരണ തെളിയുന്നതോടെ, അതിനോട് വൈകാരീകമായ ഒരു ബന്ധം ഉളവാകുന്നു. പിന്നീടൊരിക്കലും അതിനെ ഒരു ഉപകരണമായി കാണാന്‍ ഒരാള്‍ക്കുമാവില്ല.

ഈ ശരീരത്തെ ഏതു രീതിയില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാം. എങ്ങിനെ വേണമെന്ന് നിങ്ങള്‍ക്കുതന്നെ തീരുമാനിക്കാം - അതിനെ ഭക്ഷണവും, മറ്റു സാധനങ്ങളും സമ്പാദിക്കുന്നതിന് മാത്രമായാണോ ഉപയോഗിക്കേണ്ടത്, വലിയ വലിയ സാഹസ കൃത്യങ്ങളാണോ ഇതിനെക്കൊണ്ട് നിര്‍വഹിക്കേണ്ടത്, അതോ അതിന്റെ അനന്ത സാദ്ധ്യതകള്‍ മനസ്സിലാക്കി അവ സഫലമാകാനുള്ള ശ്രമമാണോ നടത്തേണ്ടത്?

ശരീരത്തെ മഹത്തായ ഒരുപകരണമായാണ് പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ആദ്യം വേണ്ടത് ഞാന്‍ ഈ ശരീരമാണ് എന്ന ധാരണ കൈയൊഴിയുകയാണ്. നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയിട്ടുള്ളതാണ് ഈ ശരീരം. കാലാകാലങ്ങളായി നിങ്ങള്‍ കഴിച്ചിട്ടുള്ള ഭക്ഷണമാണല്ലോ ശരീരമായി രൂപാന്തരം പ്രാപിച്ചിട്ടുള്ളത്. നിങ്ങള്‍ സമ്പാദിച്ചു കൂട്ടിയതിനെ "ഞാന്‍" എന്ന് പറയാനാവുമോ? കുറച്ചു കാലത്തേക്ക് വേണമെങ്കില്‍ "എന്റേത് " എന്ന് അവകാശപ്പെടാം എന്ന് മാത്രം . അല്ലാതെ ഒരിക്കലും അതിനെ "ഞാന്‍" എന്ന് അവകാശപ്പെടാനാവില്ല.

പഞ്ചഭൂതങ്ങളുടെ ശുദ്ധികരണം

യോഗശാസ്ത്രത്തില്‍ ഭൂതശുദ്ധി എന്നൊരു ഏര്‍പ്പാടുണ്ട്‌. പഞ്ചഭൂതങ്ങളില്‍ നിന്നും മുക്തി നേടുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവനവനും പഞ്ചഭൂതങ്ങള്‍ക്കുമിടയില്‍ വ്യക്തമായ ഒരകലം പാലിക്കാന്‍ കഴിഞ്ഞാല്‍ സ്വാഭാവികമായും അവനവനും ശരീരവും വെവ്വേറ ആയിക്കൊള്ളും. ഞാന്‍ ശരീരമാണ് എന്ന ധാരണ താനേ അപ്രത്യക്ഷമാകും.

വാസ്‌തവത്തില്‍ യോഗ്ശാസ്ത്രമനുസരിച്ച് ശരീരം എന്നു പറയുന്നത് ആകാശം, ഭൂമി, അഗ്നി, വായു, ജലം എന്നീ പഞ്ചഭൂതങ്ങളുടെ ഒരു കളിക്കളമാണ്‌. “പഞ്ചഭൂതനിര്‍മ്മിതമായ പാവ” എന്നാണ്‌ ഭാരതീയര്‍ ശരീരത്തെക്കുറിച്ചു പറയാറ്‌. 72% ജലവും 12% ഭൂമിയും 6% വായുവും 4% അഗ്നിയും ബാക്കി ആകാശവും കൂടിച്ചേര്‍ന്നതാണീ ശരീരം. ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും നിങ്ങളുടെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. പഞ്ചഭൂതങ്ങളുടെ കൈവലയങ്ങളില്‍ നിന്നു മുക്തമാകലാണ്‌ ഭൂതശുദ്ധി, ഭൌതികതലത്തില്‍ നിന്നു മുക്തമാവുക എന്നു സാരം. ഭൌതികതല പരിമിതികളെ മറികടക്കാനും അതിന്നതീതമായ മാനത്തിന്റെ സന്നിധിയിലെത്താനും വേണ്ടി അനുഷ്‌ഠിക്കുന്ന അടിസ്ഥാനയോഗസാധനയാണ്‌ ഭൂതശുദ്ധി.

ഭൂത എന്നുപറഞ്ഞാല്‍ ഘടകം. ഭൂതശുദ്ധി എന്നാല്‍, ഈ ഘടകങ്ങളെ ശുദ്ധികരിക്കുക അല്ലെങ്കില്‍ ഈ ഘടകങ്ങളുടെ കെടുതിയില്‍ നിന്നും രക്ഷപ്പെടുക, അതായത് ശാരീരികപ്രക്രിയയില്‍ നിന്നും മുക്തമാകുക. മിക്ക മനുഷ്യരും അവരുടെ ശരീരശാസ്ത്രപരമായും മനഃശാസ്‌ത്രവിഷയകമായും ഉള്ള പ്രക്രിയകളില്‍ അടിമപ്പെട്ടു കിടക്കുകയാണ്. ഈ ശരീരം കഴിക്കുന്ന ഭക്ഷണത്തില്‍ കൂടി സംഭരിച്ച ഒന്നാണ്. അതുപോലെതന്നെ നമ്മുടെ മാനസികമായ പ്രകൃതി ബാഹ്യമായ മുദ്രകുത്തലിലൂടെ സംഭരിച്ചതും.

നിങ്ങളുടെ അനുഭവമണ്ഡലത്തില്‍ ഇതുവരെ നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത വ്യാപ്തിയിലേക്ക് പ്രവേശിക്കണമെങ്കില്‍, ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത്, നിങ്ങളുടെ ഉള്ളിലുള്ള ഈ പഞ്ചഭൂതങ്ങളുടെ ശുദ്ധികരണമാണ്

ഇതിന്റെ രണ്ടിന്റെയും നടുവില്‍ കിടന്നമര്‍ന്ന്, അസ്തിത്വപരമായി നിങ്ങളാരാണ്‌, നിങ്ങള്‍ എന്ന അസ്തിത്വത്തിന്‍റെ പ്രകൃതം, അതപ്പാടെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോകുന്നു. നിങ്ങളുടെ അനുഭവമണ്ഡലത്തില്‍ ഇതുവരെ നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത വ്യാപ്തിയിലേക്ക് പ്രവേശിക്കണമെങ്കില്‍, ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത്, നിങ്ങളുടെ ഉള്ളിലുള്ള ഈ പഞ്ചഭൂതങ്ങളുടെ ശുദ്ധികരണമാണ്. അത് പവിത്രമാകുമ്പോള്‍, എന്താണ് ശാരീരികം, എന്താണു മാനസികം, എന്താണ് അസ്തിത്വപരം ഇതിന്‍റെയെല്ലാം അന്തരം നിങ്ങള്‍ക്ക് വ്യതിരിക്തമായി തിരിച്ചറിയാന്‍ കഴിയും.

ശരീരത്തെ അതില്‍ നിന്നും വേറെയായി കാണാന്‍ കഴിഞ്ഞാല്‍, എത്ര അതിശയകരമായ ഒരു ഉപകരണമാണ് പ്രകൃതി തനിക്ക് കനിഞ്ഞു നല്‍കിയിട്ടുള്ളത് എന്നത് ബോദ്ധ്യമാകും. അതിനെപ്രതി ആനന്ദവും ആദരവും തോന്നും. ശരീരത്തില്‍ എല്ലാവിധ ചേരുവകളും ഒരുക്കി വെച്ചിട്ടുണ്ട്. അതുപയോഗിച്ചുകൊണ്ട് മോചനവുമാകാം ബന്ധനവുമാകാം. അവനവനില്‍ അന്തര്‍ലീനമായിട്ടുള്ള പ്രാണശക്തിയെ പ്രയോജനപ്പെടുത്തി സ്വയം ഈശ്വരനായിത്തീരാം, അല്ലെങ്കില്‍ ശവമായി കിടക്കാം.

shavaഇഛ അനുസരിച്ചു ശരീരമെന്ന അത്ഭുതകരമായ ഈ ഉപകരണത്തെ പ്രയോജനപ്പെടുത്താം, ശിവമായോ ശവമായോ തീരാം. രണ്ടിനുമുള്ള സാധ്യതകള്‍ ഈ ഉപകരണത്തിനകത്തുണ്ട്. ശിവന്‍ പരമമായ പദമാണ്, ശവം എന്നാല്‍ വെറും ജഡവും. നിങ്ങള്‍ എന്തായി തീരുന്നു എന്നത് നിങ്ങളുടെ വിവേകത്തെ ആശ്രയിച്ചിരിക്കും . മനുഷ്യന് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത തലങ്ങളിലേക്ക് ഈ ശരീരത്തിന് നിങ്ങളെ എത്തിക്കാനാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതെങ്കിലും അദ്ധ്യാത്മ തത്ത്വമോ യോഗ ദര്‍ശനമോ ഒന്നുമല്ല ഞാന്‍ പറയുന്നത്.

ഒരു ബ്രഷ് ചായത്തില്‍ മുക്കി നെടുകെ കോറിയത് പോലെ; തുടക്കത്തില്‍ നല്ല കട്ടിയിലാകും പിന്നീട് കട്ടി കുറഞ്ഞു കുറഞ്ഞു വരും, ഒടുവില്‍ നേര്‍ത്തുനേര്‍ത്ത് ഒന്നുമില്ലാതാകും. സൃഷ്ടി പ്രക്രിയയില്‍ മനുഷ്യന്‍ എന്ന നിലയില്‍ നമ്മളെ ഒരു തരത്തില്‍ പറഞ്ഞാല്‍, ഇതുമായി താരതമ്യപ്പെടുത്താം – സാന്ദ്രമായ അവസ്ഥയില്‍ നിന്നും അതിസൂക്ഷ്മമായ അവസ്ഥയിലേക്ക്, ജഡം എന്ന അവസ്ഥയില്‍ നിന്നും പരമോന്നതമായ അവസ്ഥയിലേക്ക്....

 
 
 
 
  0 Comments
 
 
Login / to join the conversation1