सद्गुरु

യോഗാഭ്യാസം ദിനചര്യയായി മാറിക്കഴിയുമ്പോള്‍ ശരീരവും അതിനനുയോജ്യമായ വിധത്തില്‍ പെരുമാറാന്‍ തുടങ്ങുന്നു. ആവശ്യത്തിനു മാത്രം വേണ്ട ഭക്ഷണം കഴിയ്ക്കുക എന്നത് അതിന്റെ തനതായ ശീലമായി മാറുന്നു.

 

സദ്ഗുരു : പതിവായി യോഗാഭ്യാസം ചെയ്യുന്നവര്‍ക്ക്, ശരീരരത്തിനെ അതിന്‍റെ സമതുലിതമായ ആരോഗ്യാവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടു പോകുവാന്‍ കഴിയും. ചിലരുടെ ശരീരത്തില്‍ ദഹനം വേണ്ട വിധത്തില്‍ നടക്കുന്നുണ്ടാവില്ല. അതുകൊണ്ട് ആഹാരത്തെ മാംസമായി മാറ്റുന്ന പ്രക്രിയയും അവതാളത്തിലായിരിക്കും. അങ്ങനെയുള്ളവര്‍ ക്രിയായോഗ ചെയ്യുമ്പോള്‍ അത്‌ ദഹനത്തെ സഹായിക്കുന്നു. ദഹനാഗ്നികളെ ഉണര്‍ത്താന്‍ ക്രിയായോഗയ്ക്കു കഴിയും. അങ്ങിനെ, കഴിയ്ക്കുന്ന ആഹാരം വേണ്ടവിധത്തില്‍ ദഹിച്ച്‌ മാംസമായി പരിണമിക്കുകയും ശരീരഭാരം വര്‍ധിക്കുകയും ചെയ്യുന്നു.

ദഹന പ്രക്രിയ യഥാവിധി സംഭവിക്കുന്ന ശരീരത്തില്‍ മറ്റൊരു പ്രകാരത്തിലായിരിക്കും അതിന്റെ പ്രവര്‍ത്തനം. ആഹാരം മാംസമായിത്തീരുന്ന പ്രക്രിയയെ ക്രിയായോഗ ത്വരിതപ്പെടുത്തുന്നു. എന്നാല്‍ അവിടെ ആഹാരം മാംസമായി പരിണമിക്കുന്നതിലേറെ, സൂക്ഷ്‌മമായ ഊര്‍ജമായിത്തീരുകയാണ്‌ ചെയ്യുന്നത്‌. അങ്ങനെയുള്ളവര്‍ ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍തന്നേയും ശരീരഭാരം കൂടുന്നില്ല. കുറയുന്നതായി കാണുകയും ചെയ്യും.

ആഹാരം മാംസമായിത്തീരുന്ന പ്രക്രിയയെ ക്രിയായോഗ ത്വരിതപ്പെടുത്തുന്നു. എന്നാല്‍ അവിടെ ആഹാരം മാംസമായി പരിണമിക്കുന്നതിലേറെ, സൂക്ഷ്‌മമായ ഊര്‍ജമായിത്തീരുകയാണ്‌ ചെയ്യുന്നത്‌.

ദഹന പ്രക്രിയയില്‍ വരുന്ന വ്യത്യാസമാണ്‌ ഭാരം കൂടുവാനും കുറയുവാനും കാരണമാകുന്നത്‌. മുറതെറ്റാതെയുള്ള യോഗാഭ്യാസം കൊണ്ട് ശരീരത്തിന്‌ ഒരു നവചൈതന്യം കൈവരുന്നു. നിങ്ങളുടെ മനോഭാവത്തില്‍ത്തന്നെ മാറ്റം വരുന്നു. ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയുന്നു. അതുകൊണ്ടുതന്നെ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവിലും കുറവു വരുത്താന്‍ കഴിയുന്നു. ശരീരവും അതിനനുയോജ്യമായ വിധത്തില്‍ പെരുമാറാന്‍ തുടങ്ങുന്നു. ആവശ്യത്തിനു മാത്രം വേണ്ട ഭക്ഷണം കഴിയ്ക്കുക എന്നത് അതിന്റെ തനതായ ശീലമായി മാറുന്നു. ഇതെല്ലാം സംഭവിക്കുന്നത്‌ നിങ്ങള്‍ സ്വയം ബോധപൂര്‍വം നിയന്ത്രിക്കുന്നതുകൊണ്ടല്ല, ആരുടേയും നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ടുമല്ല.

ചിലര്‍ വേറെ ചില വ്യായാമങ്ങള്‍ പതിവായി ചെയ്യുന്നുണ്ടാകാം. ഭക്ഷണകാര്യത്തില്‍ കര്‍ശനമായ നിഷ്‌ഠയും പാലിക്കുന്നുണ്ടാകാം. അതെല്ലാം ചെയ്യുന്നത്‌ ബോധപൂര്‍വമുള്ള നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ്‌. എന്നാല്‍ യോഗാഭ്യാസത്തില്‍ ഈ നിയന്ത്രണത്തിന്റെ ആവശ്യമില്ല. വെറുതെ പരിശീലനം തുടര്‍ന്നുകൊണ്ടിരുന്നാല്‍ മാത്രം മതി. അതു താനേ ശരീരത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളും. അമിതമായി ഭക്ഷണം കഴിക്കാന്‍ നിങ്ങളെ അനുവദിക്കുയില്ല. സമീകൃതമായ ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സാധാരണ രീതിയിലുള്ള വ്യായാമങ്ങളും യോഗാഭ്യാസവും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഇതാണ്‌.

ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി ഞങ്ങള്‍ ആരേയും യോഗ പഠിപ്പിക്കാറില്ല. ശരീരം മെലിയാനോ, തലവേദനയും നടുവേദനയും മാറ്റാനോ വേണ്ടിയുള്ളതല്ല യോഗാഭ്യാസം. യോഗ പതിവായി ചെയ്യുന്നവരില്‍, ഇതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണ്‌. ആരോഗ്യം മെച്ചപ്പെടുന്നു, മനസ്സ്‌ ശാന്തവും പ്രസന്നവുമാകുന്നു, പെരുമാറ്റം സൌമ്യവും സ്‌നേഹപൂര്‍ണവുമാകുന്നു. ഇതെല്ലാം യോഗയുടെ പാര്‍ശ്വഫലങ്ങളാണ്‌, യഥാര്‍ത്ഥ ലക്ഷ്യങ്ങളല്ല. ശരീരഭാരം കുറയ്ക്കാന്‍ മാത്രമാണെങ്കില്‍, ടെന്നീസു കളിക്കാം, നീന്താം, അതിനെല്ലാമുപരി ഭക്ഷണം ക്രമീകരിക്കാം. ആരോഗ്യ സംരക്ഷണത്തിന്‌ ഇതെല്ലാം ധാരാളം. യോഗാഭ്യാസത്തിന്റെ ആവശ്യമില്ല.

കേവലം ഭൌതികമായ ഈ പരിതിക്കപ്പുറത്തേക്ക്‌ മനോബുദ്ധികളെ ഉയര്‍ത്തികൊണ്ടു പോവുക എന്നതാണ്‌ യോഗയുടെ യഥാര്‍ത്ഥ ലക്ഷ്യം. നിങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ആ തലത്തെ ഉയര്‍ത്തിക്കൊണ്ടുവരണം. അപ്പോഴാണ്‌ ഈ പ്രകൃതി അതിന്റെ ആയിരമായിരം അത്ഭുതക്കാഴ്‌ചകളുമായി നമുക്കു മുമ്പില്‍ പീലിവിടര്‍ത്തുന്നത്, സങ്കല്‍പത്തില്‍ പോലുമില്ലാതിരുന്ന അനുഭവങ്ങള്‍ യഥാര്‍ത്ഥ്യങ്ങളായി തെളിഞ്ഞുവരുന്നത്. അതിനു കാരണം യോഗയില്‍ കൂടി ഈ ഭൌതീകതക്കെല്ലാം അപ്പുറത്തുള്ള അവര്‍ണനീയമായൊരു വ്യാപ്തി നിങ്ങളില്‍ സജീവമാകുന്നു എന്നതുകൊണ്ടാണ്.

ഗര്‍ഭാവസ്ഥ പ്രത്യേകം ശ്രദ്ധിക്കേണ്ട കാലം

ഗര്‍ഭാവസ്ഥ ഏതൊരു സ്‌ത്രീയുടേയും ജീവിതത്തില്‍ നിര്‍ണായകമായൊരു കാലഘട്ടമാണ്‌. അതുകൊണ്ടുതന്നെ ഗര്‍ഭശുശ്രൂഷ അത്യധികം ശ്രദ്ധ ചെലുത്തേണ്ടുന്ന ഒരുവിഷയമാണ്‌.

ഗര്‍ഭിണികളുടെ ചുറ്റുപാടും എന്തെല്ലാം ഉണ്ടായിരിക്കണം എന്നത് പഴയ കാലത്ത്‌ നന്നേ ഗൌരവമുള്ള ഒരു വിഷയമായിരുന്നു. ആരെയൊക്കെ അവള്‍ കാണണം, ഏതെല്ലാം തരക്കാരെ ഒഴിവാക്കണം, എന്തെല്ലാം നിറങ്ങളും മണങ്ങളും രുചികളുമാണ്‌ അവള്‍ക്ക്‌ ഹിതമായിരിക്കുക, എന്തെല്ലാം കേള്‍ക്കണം, കേള്‍ക്കാതിരിയ്ക്കണം, ഏതു തരം പുസ്‌തകങ്ങളാണ്‌ വായിക്കേണ്ടത്‌, വായിയ്ക്കാന്‍ പാടില്ലാത്തത്‌, അങ്ങനെ അവളുടെ ചുറ്റുപാടുകള്‍ അവള്‍ക്കനുകൂലമായ വിധത്തില്‍ എപ്പോഴും സജ്ജീകരിക്കപ്പെട്ടിരുന്നു. ആ കാലമൊക്കെ എന്നേ മണ്‍മറിഞ്ഞുപോയി. ഇന്ന്‍ ഗര്‍ഭിണികള്‍ സിനിമ കാണാന്‍ പോകുന്നു, ഓഫീസുകളില്‍ ഒരേ ഇരിപ്പില്‍ ഇരുന്ന് എട്ടും പത്തും മണിക്കൂര്‍ പണിയെടുക്കുന്നു, ബാറുകളില്‍ സമയം ചിലവഴിക്കുന്നു. സ്ഥിതി ആകെ മാറി മറിഞ്ഞിരിക്കുന്നു.

പണ്ടൊക്കെ അമൂല്യമായൊരു നിധി എന്ന പോലെയാണ്‌ ഗര്‍ഭിണികളെ ബന്ധുക്കള്‍ സംരക്ഷിച്ചിരുന്നത്‌. അതിനു സവിശേഷമായ കാരണമുണ്ട്‌. ഗര്‍ഭസ്ഥശിശുവിന്‌ കഴിയുന്നത്ര സ്വാസ്ഥ്യം നല്‍കണം, പിറന്നു വീഴും മുമ്പുതന്നെ അവനില്‍ അല്ലെങ്കില്‍ അവളില്‍ ഹിതകരമായ വാസനകളും സങ്കല്‍പങ്ങളും നാമ്പെടുക്കണം. അമ്മയുടെ വിചാരവികാരങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെ വലിയ തോതില്‍തന്നെ സ്വാധീനിക്കുന്നു എന്നതാണ്‌ സത്യം. അതു മാത്രമല്ല, ഗര്‍ഭത്തിലെ ഭ്രൂണത്തിന്‌ ജീവന്‍ വെയ്ക്കുന്നതിനു മുമ്പു തന്നെ അമ്മ സ്വന്തം ശരീരത്തിന്റേയും മനസ്സിന്റേയും നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്‌, എന്നാല്‍ മാത്രമേ തന്റേതിനേക്കാള്‍ ഒരു പടിയെങ്കിലും ഉയര്‍ന്ന ഒരു ജീവിതം സ്വന്തം സന്താനത്തിന്‌ പ്രദാനം ചെയ്യാനാവുകയുള്ളു.

ഗര്‍ഭത്തിലെ ഭ്രൂണത്തിന്‌ ജീവന്‍ വെയ്ക്കുന്നതിനു മുമ്പു തന്നെ അമ്മ സ്വന്തം ശരീരത്തിന്റേയും മനസ്സിന്റേയും നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്‌, എന്നാല്‍ മാത്രമേ തന്റേതിനേക്കാള്‍ ഒരു പടിയെങ്കിലും ഉയര്‍ന്ന ഒരു ജീവിതം സ്വന്തം സന്താനത്തിന്‌ പ്രദാനം ചെയ്യാനാവുകയുള്ളു.

അതു കൊണ്ട്‌ പഴയ കാലത്ത്‌ ഗര്‍ഭധാരണംതന്നെ അതീവ ശ്രദ്ധയോടെ നിര്‍വ്വഹിക്കപ്പെട്ടിരുന്ന ഒരു സംഗതിയായിരുന്നു. വിവാഹശേഷം വധൂ-വരന്മാര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടും മുമ്പായിത്തന്നെ ഭഗവദ്‌ ദര്‍ശനം നടത്തുന്ന പതിവുണ്ടായിരുന്നു. രണ്ടോ മൂന്നോ ദിവസം അവിടെ ഭജനമിരിയ്ക്കുന്ന സമ്പ്രദായവുമുണ്ടായിരുന്നു, സത്‌സന്താനമുണ്ടാകണെ എന്ന പ്രാര്‍ത്ഥനയോടെ. ഏതു നിലയിലും മാതാപിതാക്കന്‍മാരേക്കാള്‍ ഉത്തമനായ ഒരു മകന്‍, ഓരോ തലമുറയുടേയും മോഹമായിരുന്നു. അനുഗ്രഹീതമായൊരു ജീവിതം, അതിനുവേണ്ട എല്ലാ മുന്നൊരുക്കങ്ങളും ഓരോ മാതാവും പിതാവും വളരെ ശ്രദ്ധാപൂര്‍വ്വം നിര്‍വഹിക്കുമായിരുന്നു.