ശാരീരികാരോഗ്യത്തിന് കായികവിനോദങ്ങള്‍
 
 

सद्गुरु

ശാരീരികമായ ആരോഗ്യത്തിന് പ്രധാനമായും വേണ്ട ഒരു ഘടകമാണ് കായികവിനോദങ്ങള്‍.

ചെറുപ്പത്തില്‍ ഞാന്‍ കളിക്കാത്ത കളികള്‍ ഇല്ല. കയറില്‍ പിടിച്ച് മുകളിലേക്കു കയറും, ശരീരം വളച്ച് ചെയ്യുന്ന ജിംനാസ്റ്റിക്സ്, മുഷ്ടിയുദ്ധം, കബടി, ബാഡ്മിന്‍റന്‍ തുടങ്ങി ഒന്നുംതന്നെ ബാക്കി വയ്ക്കാതെ ഞാന്‍ കളിച്ചിരുന്നു.
എന്‍റെ ബാല്യകാലത്ത് ക്രിക്കറ്റ് ആരു കളിച്ചാലും ഞാന്‍ കൂട്ടത്തില്‍ കൂടും. ബാറ്റ് ചെയ്യാന്‍ അവര്‍ അനുവദിക്കുകയില്ല.പക്ഷേ ഫീല്‍ഡ് ചെയ്യാന്‍ സമ്മതിക്കും. അതുതന്നെ എന്നെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നു.
ഇപ്പോഴും കുഞ്ഞുങ്ങള്‍ കളിക്കുന്നതു കണ്ടാല്‍ ഞാനും അവര്‍ക്കൊപ്പം കൂടും.

കോളേജിലായപ്പോള്‍ ഹോക്കിടീമില്‍ അംഗമായി. മോട്ടോര്‍സൈക്കിള്‍ ഓടിക്കാനായിരുന്നു എനിക്ക് അപ്പോള്‍ ഏറെ ഇഷ്ടം. അതുപോലെ പറക്കാനും എനിക്ക് ഇഷ്ടമായിരുന്നു. അല്പസമയം പറക്കുവാന്‍ പലമണിക്കൂറിന്‍റെ തയ്യാറെടുപ്പ് വേണമായിരുന്നു.

എനിക്ക് ഇരുപത്തിരണ്ടു വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ നീലഗിരിയില്‍നിന്നും ഗ്ലൈഡറില്‍ പറന്നു. വളരെദൂരെയുള്ള ഒരു സ്ഥലത്ത് ഞാന്‍ ഇറങ്ങി. സൂര്യനെ ലക്ഷ്യംവച്ച് ദിക്കുനിര്‍ണ്ണയിച്ച് കാടിനുള്ളില്‍ ഏറെദൂരം നടന്നുകൊണ്ടേയിരുന്നു.

എനിക്ക് ഇരുപത്തിരണ്ടു വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ നീലഗിരിയില്‍നിന്നും ഗ്ലൈഡറില്‍ പറന്നു. വളരെദൂരെയുള്ള ഒരു സ്ഥലത്ത് ഞാന്‍ ഇറങ്ങി. സൂര്യനെ ലക്ഷ്യംവച്ച് ദിക്കുനിര്‍ണ്ണയിച്ച് കാടിനുള്ളില്‍ ഏറെദൂരം നടന്നുകൊണ്ടേയിരുന്നു.

കയ്യിലുണ്ടായിരുന്ന ഒരേ ഒരു സാന്‍ഡ്വിച്ച് തിന്നു. വിശപ്പു മാറിയില്ല.അവിടവിടെ ഒന്നുരണ്ടു ഗ്രാമങ്ങള്‍ കണ്ടു. ആ ഗ്രാമവാസികള്‍ക്ക് തമിഴല്ലാതെ മറ്റൊരു ഭാഷയും അറിയില്ലായിരുന്നു. എനിക്കാണെങ്കില്‍ തമിഴ് അറിയുകയുമില്ല. വല്ലവിധേനയും ഒരു ചായക്കട കണ്ടെത്തി, അവിടെ ചൂടുള്ള ഇഡ്ഢലികള്‍ തയ്യാറാക്കുന്നുണ്ടായിരുന്നു. പത്തിരുപത്തഞ്ച് ഇഡ്ഢലി തിന്നാനുള്ള വിശപ്പുണ്ടായിരുന്നു. പക്ഷേ കയ്യിലുള്ള കാശ് വളരെ കുറവാണ്. പരിചയക്കാര്‍ ആരെയെങ്കിലും കണ്ടുമുട്ടുന്നത് എപ്പോഴാണ് എന്ന് അറിയാത്ത ആ അവസ്ഥയില്‍ കാശു മുഴുവന്‍ ചെലവാക്കാന്‍ പറ്റില്ല. അതുകൊണ്ട് ഒന്നരരൂപയ്ക്ക് രണ്ടു ഇഡ്ഡലി മാത്രം വാങ്ങിതിന്നു.

എന്‍റെയൊപ്പം വന്നവര്‍ക്ക് എന്നെ കണ്ടുപിടിക്കാന്‍ രണ്ടര ദിവസം വേണ്ടിവന്നു. ഇങ്ങനെ ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും പറക്കാനുള്ള ആഗ്രഹം കുറഞ്ഞില്ല.

കഠിനഹൃദയരായ ജയില്‍പുള്ളികള്‍പോലും കളികളില്‍ ഏര്‍പ്പെടുമ്പോള്‍ സഹജസ്വഭാവത്തിലേക്കു മാറുന്നതു ഞാന്‍ കണ്ടിട്ടുണ്ട്.

ആദ്യമായി ജയിലില്‍ പോയി കുറ്റവാളികളെ കാണാനുള്ള അനുമതി ലഭിച്ചു. ജയിലിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ തന്നെ പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരത്തിന്‍റെ വീചികള്‍ കാറ്റിലലയുന്നത് ഞാനറിഞ്ഞു. ഏതാണ്ട് ഇരുനൂറു ജയില്‍പുള്ളികളെ കളിസ്ഥലത്ത് വരാന്‍ പറഞ്ഞു.

"ക്ലാസ്സെടുക്കാനല്ല, നിങ്ങളോടൊപ്പം കളിക്കാനാണ് വന്നിരിക്കുന്നത്" എന്നു ഞാന്‍ പറഞ്ഞപ്പോള്‍ത്തന്നെ അവരുടെ മുഖത്ത് മാറ്റമുണ്ടായി. കളികള്‍ തുടങ്ങി. ആദ്യം അല്പം മടികാട്ടിക്കൊണ്ടിരുന്നവര്‍ കുറേക്കഴിഞ്ഞപ്പോഴേക്കും സ്വയം മറന്ന് കളികളില്‍ മുഴുകി. ആര്‍ത്തുകൂവി കുട്ടികളെപ്പോല അവര്‍ കളിച്ചുരസിച്ചു. തുള്ളിച്ചാടി, കളികളെല്ലാം കഴിഞ്ഞ് ഞാന്‍ മടങ്ങവേ എന്‍റെ കൈകളില്‍ പിടിച്ചുകൊണ്ട് 'പോകരുതേ" എന്നു പറഞ്ഞ് പലരും കണ്ണീര്‍ വാര്‍ത്തു.

കളിയുടെ മഹത്വമാണത്

ഒരിക്കല്‍ ശങ്കരന്‍പിള്ള സ്നേഹിതന്‍റെ വീട്ടില്‍ പോയി. അപ്പോള്‍ അയാള്‍ തന്‍റെ നായയോടൊപ്പം ചെസ്സ് കളിക്കുകയായിരുന്നു.

"കൊള്ളാമല്ലോ. ഇത്രയും ബുദ്ധിയുള്ള നായേ ഞാന്‍ കണ്ടിട്ടേയില്ല" എന്ന് അത്ഭുതത്തോടെ ശങ്കരന്‍പിള്ള പറഞ്ഞു.'നിങ്ങള്‍ പറയുന്നതുപോലെ ഇതിന് അത്ര വലിയ ബുദ്ധിയൊന്നുമില്ല. പത്തു കളിക്കിടെ മൂന്നുപ്രാവശ്യം അത് എന്നോടു തോറ്റു കഴിഞ്ഞു."ഒരുപക്ഷേ ഇതൊരു തമാശക്കഥയായിരിക്കാം. പക്ഷേ കളിക്കുമ്പോള്‍ തോല്‍വി സംഭവിച്ചാലും തുടര്‍ന്നു കളിക്കാന്‍ മനക്കരുത്ത് ആവശ്യമാണ്.

കളിയുടെ കാതലായ കാര്യവും അതുതന്നെയാണ്. വിജയമാണ് കളിയുടെ ലക്ഷ്യമെങ്കിലും പരാജയത്തേയും തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ കഴിയുമ്പോഴേ കളി പൂര്‍ണ്ണമാവൂ. ഏതു കളിയായാലും പരിപൂര്‍ണ്ണമായ ശ്രദ്ധയര്‍പ്പിച്ചു കളിക്കണം. കളിയില്‍മാത്രം ശ്രദ്ധിച്ചു കളിയ്ക്കണം. അല്ലാതെ അതിന്‍റെ ഫലത്തെപ്പറ്റി ചിന്തിച്ച്, കളിയിലുള്ള ശ്രദ്ധ ചിതറാന്‍ അനുവദിക്കരുത്.

നിങ്ങള്‍ ഏതു രംഗത്തു് പ്രവര്‍ത്തിച്ചാലും അതില്‍ പൂര്‍ണ്ണമായി ശ്രദ്ധ ചെലുത്തി ചെയ്താല്‍ മാത്രമേ അത് തൃപ്തികരമാവൂ. ഉദ്യോഗസ്ഥലത്തുമാത്രമല്ല വീട്ടില്‍ ഭാര്യയോടും മക്കളോടും ഭര്‍ത്താവിനോടും എല്ലാം ആത്മാര്‍ത്ഥമായ അടുപ്പം കാട്ടിയില്ലെങ്കില്‍ ജീവിതം ഒരു കെണിയായിത്തീരും, നരകമായിത്തീരും മറിച്ചാണെങ്കില്‍ ജീവിതം സ്വര്‍ഗ്ഗമാവുകയും ചെയ്യും.

ഇത്തരത്തില്‍ പൂര്‍ണ്ണമായ അടുപ്പമില്ലാതെ നിങ്ങള്‍ ആസ്വദിച്ച കാര്യങ്ങള്‍ ഉണ്ടോ? ഇങ്ങനെ പ്രവര്‍ത്തിച്ച് ഏതെങ്കിലും നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ടോ? ജീവിതത്തിന്‍റെ ഏതു ഘട്ടത്തിലിരിക്കുമ്പോഴും വിജയം നിര്‍ണ്ണയിക്കുന്ന ഘടകം എന്താണ്? ശരീരവും മനസ്സും എത്രത്തോളം നിങ്ങളുടെ നിയന്ത്രണത്തിലാണ് എന്നുള്ളതാണ് പ്രധാനം. കളിയും അങ്ങനെതന്നെ.

ഒരു നേതാവിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്. പൂര്‍ണ്ണമായ ഈടുപാടോടെ പ്രവര്‍ത്തിക്കുക അതില്‍ ഒട്ടും കുറവില്ലാതെ പ്രവര്‍ത്തിക്കണം. നേടണം എന്നു കരുതിയാണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും തോല്‍വിയില്‍ മനം തളരാതെ; ഇനിയും അവസരം ലഭിക്കും എന്ന വിശ്വസാത്തോടെ പ്രവര്‍ത്തനം തുടരാനുള്ള മനക്കരുത്തുണ്ടാവണം.

മനസ്സ് പരിപൂര്‍ണ്ണമായും ശാന്തമായാല്‍ ജയാപജയങ്ങള്‍ എല്ലാംതന്നെ ലളിതമായി അനുഭവപ്പെടും. ജീവിതം പോരാട്ടമില്ലാതെ മുന്നോട്ടുപോകും.

ജീവിതത്തിന്‍റെ ഏറ്റവും ലളിതമായ ഭാഗവും ഇതുതന്നെയാണ്. മനസ്സ് പരിപൂര്‍ണ്ണമായും ശാന്തമായാല്‍ ജയാപജയങ്ങള്‍ എല്ലാംതന്നെ ലളിതമായി അനുഭവപ്പെടും. ജീവിതം പോരാട്ടമില്ലാതെ മുന്നോട്ടുപോകും. മനസ്സിനു സ്വസ്ഥതയില്ലെങ്കില്‍ ഓരോ ചെറിയ കാര്യംപോലും കഠിനമായി തോന്നും. ലളിതമായ കാര്യങ്ങള്‍ പോലും സങ്കീര്‍ണ്ണമായി അനുഭവപ്പെടും. കളികളിലുള്ള കാര്യങ്ങളും ഇതൊക്കെയാണ്.

ഈശാ നടത്തിയ ഗ്രാമോത്സവകളികളില്‍ ഈ കാര്യം പ്രത്യക്ഷമായിത്തന്നെ കാണാന്‍ സാധിച്ചു. ഏതാണ്ട് മുന്നൂറോളം ഗ്രൂപ്പുകള്‍ കളിക്കാനുണ്ടായിരുന്നു. മൂന്നുലക്ഷത്തോളം കാണികളും ഉണ്ടായിരുന്നു. ഒരു കാര്യത്തിനും മുന്നോട്ടിറങ്ങാന്‍ മടികാട്ടിയിരുന്ന പലരും കളികളില്‍ മുഴുകിയപ്പോള്‍ സ്വന്തം അണികളെ നയിക്കാന്‍ തയ്യാറായി. അവരുടെ കഴിവുകള്‍ അങ്ങനെ പ്രകടമായി.

കളിക്കുമ്പോള്‍ മറ്റൊരാളിനെക്കൂടി ചേര്‍ത്ത് സ്വന്തമാണെന്ന് കരുതി കളിക്കാനാവുന്നു. സ്വന്തം ടീമിലുള്ളവരെ; ഇഷ്ടമോ ഇഷ്ടക്കേടോ കാട്ടാതെ പരിഗണിക്കാനാവുന്നു. ഭിന്നതകളെല്ലാം മറന്ന് ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ മറ്റൊരാളിനെ സ്വയം അംഗീകരിച്ച് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് ഒരു നല്ല സമൂഹത്തിന്‍റെ അടിസ്ഥാനഘടകം.

ആയിരക്കണക്കിനു മണിക്കൂറുകള്‍ ഉപദേശിക്കുന്നതിനേക്കാള്‍, പല ദൈവങ്ങളുടെ പേരു പറഞ്ഞ് മതപ്രബോധനം നടത്തുന്നതിനേക്കാള്‍, ഒരു മണിക്കൂര്‍ ഒരുമിച്ചു കളികളില്‍ ഏര്‍പ്പെടുത്തിയാല്‍ മനുഷ്യര്‍ക്ക് ശക്തമായ സാമൂഹ്യ ഉണര്‍വും കെട്ടുറപ്പും ലഭിക്കുന്നു.

കളികളുടെ പ്രധാനഗുണം എന്താണ്? പകുതിശ്രദ്ധയോടെ കളിക്കാന്‍ സാദ്ധ്യമല്ല. മനസ്സും ശരീരവും ഒരു ലക്ഷ്യത്തെ ലാക്കാക്കി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കളികളിലൂടെ അവസരം ലഭിക്കുന്നു. ഒരു മൈതാനത്തില്‍ കളിക്കുന്നുവെന്നിരിക്കട്ടെ. മനസ്സും ശരീരവും പൂര്‍ണ്ണമായും അര്‍പ്പിച്ച് ശ്രദ്ധയോടെ കളിച്ചാല്‍ മാത്രമേ കളി ശരിയാവൂ. ഇല്ലെങ്കില്‍ പോക്കുതന്നെ.

ഒരു പന്ത് എറിയുമ്പോഴും ഈ തത്വം തന്നെയാണ് തുണ ചെയ്യുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഉദ്ദേശിക്കുന്ന വേഗത്തില്‍ അത് എത്തണമെങ്കില്‍ മനസ്സും ശരീരവും ഏകോപിച്ചു പ്രവര്‍ത്തിക്കണം. ജീവിതവും ഇത്തരത്തിലുള്ള ഒരു കളിയാണ്. തീവ്രമായ അര്‍പ്പണമനോഭാവം ഉണ്ടെങ്കിലേ അത് പൂര്‍ണ്ണമാവൂ. അതില്ലാതെ അര്‍ദ്ധമനസ്സോടെ ജീവിച്ചാല്‍ ജീവിതംതന്നെ ദുസ്സഹമാവും.

ഇങ്ങനെ ശരീരവും മനസ്സും ലക്ഷ്യോന്മുഖമാക്കിവയ്ക്കാന്‍, അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ പ്രേരകമായിരിക്കുന്നതുകൊണ്ടാണ് കളികള്‍ എന്നെ ആകര്‍ഷിക്കുന്നത്. ആരോഗ്യത്തിന് അടിസ്ഥാനമായ കാര്യങ്ങള്‍ അറിഞ്ഞതുപോലെ അതിനു ഹാനികരമായതിനേക്കുറിച്ചും നിങ്ങള്‍ മനസ്സിലാക്കുന്നതു നന്ന്.

 
 
  0 Comments
 
 
Login / to join the conversation1