ശരീരം അവസാനിക്കുന്ന ഇടം
 
 

सद्गुरु

ജീവിതത്തിന്‍റെയും മരണത്തിന്‍റെയും അര്‍ത്ഥം സദ്ഗുരു ഇവിടെ വിശദീകരിക്കുന്നു.

ജീവിതത്തിന് പല മാനങ്ങളുണ്ട് - ജനനം, ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം … സ്നേഹവും, വാത്സല്യവും, മാധുര്യവും, ബന്ധങ്ങളിലുണ്ടാകുന്ന ചവര്‍പ്പും, വിജയത്തിന്‍റെ ആഹ്ലാദവും, നഷ്ടങ്ങളെക്കുറിച്ചുള്ള നൈരാശ്യവും, സുഖവും, ദുഃഖവും ഒക്കെ ജീവിതത്തിന്‍റെ ഭാഗങ്ങളാണ്. സാമാന്യമായൊരു സമചിത്തത പാലിക്കാന്‍ സാധിക്കുന്ന മനസ്സിന് ഇതെല്ലാം അതാതിന്‍റെ രീതിയില്‍ കൈകാര്യം ചെയ്യാനാവും. എന്നാല്‍ ജീവിതത്തിന്‍റെ ഏറ്റവും മുഖ്യമായ സംഗതി അതിന്‍റെ അവസാനമാണ് - മരണം...അതേവര്‍ക്കും അനിവാര്യമാണ്. മരണം - അത് സാധാരണ മനസ്സിന് മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നല്ല. മരണം നമ്മുടെ അറിവിന്‍റെ പരിധിക്കപ്പുറത്തുള്ളതാണ്- മനുഷ്യന് മരണമുണ്ട് - ജനിച്ചുവോ എങ്കില്‍ മരിക്കുകയും ചെയ്യും. അതുകൊണ്ട് ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം മരണത്തിനാണ് മേല്‍കയ്യ്. നമ്മള്‍ അമര്‍ത്യരായിരുന്നു എങ്കില്‍ നമുക്ക് ബാല്യമോ യൌവ്വനമോ വാര്‍ദ്ധക്യമോ ഒന്നും അനുഭവിക്കേണ്ടിവരുമായിരുന്നില്ല. ജനനം എന്ന സംഭവംപോലും അപ്രസക്തമായേനെ.

ജീവിതത്തിന്‍റെ അടിസ്ഥാന രേഖയാണ് മരണം. മരണം എന്താണ് എന്നറിയുമ്പോഴേ ജീവിതം എന്താണെന്ന്‍ മനസ്സിലാക്കാനാവൂ. ജീവിതം വേണ്ടവിധം കൈകാര്യം ചെയ്യാനും മരണത്തെക്കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കണം, കാരണം ജീവിതവും, മരണവും രണ്ടല്ല, ഒന്നാണ് - ശ്വാസോച്ഛ്വാസങ്ങള്‍ പോലെ, ഒന്നില്‍നിന്നും മറ്റതിനെ ഇഴ പിരിച്ചെടുക്കാനാവില്ല.

മരണം ആസന്നമാണെന്ന ബോദ്ധ്യം വരുമ്പോള്‍ എല്ലാവരും താനേ ചോദിക്കുന്ന ഒരു ചോദ്യമാണ് "ഇതിന്‍റെ അര്‍ത്ഥം എന്താണ്? മരണത്തിനപ്പുറമുള്ളതെന്താണ്?

മരണത്തെ അഭിമുഖീകരിക്കുമ്പോഴാണ് സാധാരണയായി മനുഷ്യമനസ്സില്‍ ആദ്ധ്യാത്മിക ചിന്ത ഉയരുന്നത്. അത് നമ്മുടെ തന്നെ മരണമാകാം അല്ലെങ്കില്‍ നമുക്ക് വേണ്ടപ്പെട്ട മറ്റൊരാളുടേതാകാം. ആ ആളില്ലാതെ താന്‍ എങ്ങനെ ജീവിക്കും എന്ന ആശങ്ക മനസ്സില്‍ ദൃഡമായ ഒരു സന്ദര്‍ഭം. മരണം ആസന്നമാണെന്ന ബോദ്ധ്യം വരുമ്പോള്‍ എല്ലാവരും താനേ ചോദിക്കുന്ന ഒരു ചോദ്യമാണ് "ഇതിന്‍റെ അര്‍ത്ഥം എന്താണ്? മരണത്തിനപ്പുറമുള്ളതെന്താണ്?

ജീവിതം എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ നേരിട്ടനുഭവിച്ചുകൊണ്ടിരിക്കേ, അത് പൊടുന്നനെ മരണത്തോടെ അവസാനിക്കുകയാണ് എന്ന്‍ വിശ്വസിക്കാന്‍ ആര്‍ക്കായാലും പ്രയാസമുണ്ടാകും. മരണം തോട്ടുമുമ്പില്‍ വന്നു നില്‍ക്കേ, ഇതിനപ്പുറം എന്തോ ഉണ്ട് എന്നു വിശ്വസിക്കാന്‍ മനസ്സ് തിടുക്കം കൂട്ടും. ആ വിശ്വാസം എത്രതന്നെ ഉറപ്പിക്കാന്‍ ശ്രമിച്ചാലും അതിനെക്കുറിച്ച് ഒരു അനിശ്ചിതത്വം ബാക്കി നില്‍ക്കുകതന്നെ ചെയ്യും, കാരണം അനുഭവങ്ങളില്‍നിന്നും ആര്‍ജ്ജിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത്. മരണത്തെക്കുറിച്ച് മനസ്സിന് കേട്ടറിവല്ലേയുള്ളൂ , നേര്‍ അനുഭവം ഇല്ലല്ലോ!

മരണാനന്തരം മനുഷ്യന്‍ ഈശ്വരന്‍റെ മടിത്തട്ടില്‍ ചെന്നിരിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ത്തന്നെ പോവുകയല്ലേ ഉചിതം? ഇത്രയും വലിയൊരു ഭാഗ്യം - അത് വെച്ചുനീട്ടുന്നതെന്തിന്?അതുപോലെത്തന്നെ സ്വര്‍ഗ്ഗ നരകങ്ങളെക്കുറിച്ചും നമ്മള്‍ വേണ്ടുവോളം കേട്ടിട്ടുണ്ട് . മാലാഖമാരെക്കുറിച്ചും വിശ്വാസങ്ങള്‍ നിലവിലുണ്ട് - അതുപോലെ ഇനിയും എത്രയോ കാര്യങ്ങള്‍! പക്ഷെ ആര്‍ക്കും ഒന്നിനെക്കുറിച്ചും തീര്‍ത്തു പറയാനാവില്ല. മരണാനന്തര ജീവിതത്തെക്കുറിച്ച് ആലോചിച്ച് സമയം പാഴാക്കേണ്ടതില്ല, കാരണം എത്ര ആലോചിച്ചാലും ഒരു എത്തും പിടിയും കിട്ടില്ല , അത് നിങ്ങളുടെ വകുപ്പല്ല.

മരണത്തെ മനസ്സിലാക്കാന്‍ പ്രജ്ഞയിലൂടെ മാത്രമേ സാദ്ധ്യമാകൂ,അതായത് അതിസൂക്ഷ്മമായ ബോധം. ആ ഒരു ബോധം ഉണ്ടെങ്കില്‍, ഒന്നിനെക്കുറിച്ച് ചിന്തിക്കാതെത്തന്നെ അതിനെക്കുറിച്ച് അറിയാനാകും. അതിനെക്കുറിച്ചുള്ള വസ്തുതകള്‍ ശേഖരിക്കേണ്ട ആവശ്യംപോലും ഉണ്ടാകില്ല. നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങളെ നിരീക്ഷിച്ചാല്‍ മനസ്സിലാകും, പല കാര്യങ്ങളും അവ മനസ്സിലാക്കുന്നത് സ്വാഭാവികമായിട്ടാണ് എന്ന്‍. അവയ്ക്ക് പഠിപ്പിന്‍റെയോ ആലോചനയുടെയോ ആവശ്യമില്ല.

മരണത്തെ മനസ്സിലാക്കാന്‍ പ്രജ്ഞയിലൂടെ മാത്രമേ സാദ്ധ്യമാകൂ,അതായത് അതിസൂക്ഷ്മമായ ബോധം. ആ ഒരു ബോധം ഉണ്ടെങ്കില്‍, ഒന്നിനെക്കുറിച്ച് ചിന്തിക്കാതെത്തന്നെ അതിനെക്കുറിച്ച് അറിയാനാകും.

ചിന്തിച്ചു നോക്കൂ ...ശ്വാസോച്ച്വാസം ചെയ്യാന്‍ ആരാണ് നമ്മളെ പഠിപ്പിച്ചത് - അതിനെപറ്റി നമ്മള്‍ പ്രത്യേകമായി ചിന്തിച്ചിട്ടുണ്ടോ? ആ പ്രക്രിയ സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനുപുറകിലുള്ളത് പ്രപഞ്ചസ്രഷ്ടാവിന്റെ വൈഭവമാണ്, അല്ലാതെ നിങ്ങളുടെ ബുദ്ധിയോ മിടുക്കോ അല്ല. മനുഷ്യശരീരമെന്ന ഈ മികവുറ്റ എന്നാല്‍ അത്രയുംതന്നെ സങ്കീര്‍ണമായ ഈ യന്ത്രം നിങ്ങളുടെ ഇഷ്ടത്തിന് ഈശരന്‍ വിട്ടുതന്നിരുന്നുവെങ്കില്‍, എന്തൊക്കയാണ് സംഭവിക്കുക എന്നു പറയാനാവില്ല.

നിങ്ങളുടെ ഇടപെടലുകള്‍ കൂടാതെ, അറിവോ അനുവാദമോ കൂടാതെ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. വിചാരങ്ങള്‍ക്കും അപ്പുറത്താണ് പ്രജ്ഞയുടെ സ്ഥാനം. എല്ലാ സൃഷ്ടിയുടെയും മൂല സ്രോതസ്സ് പ്രജ്ഞയാണ്. അതില്‍ചെന്ന്‍ തൊടാനായാല്‍ ജീവിതത്തിനും മരണത്തിനും ഇടയിലുണ്ടെന്നു കരുതപ്പെടുന്ന അതിര്‍വരമ്പ് ലംഘിക്കാനാകും. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു അതിര്‍ത്തിരേഖയില്ല. ഈ നിമിഷത്തില്‍ത്തന്നെ നിങ്ങള്‍ ജീവിക്കുന്നുണ്ട് , മരിക്കുന്നുമുണ്ട്. ഒരാള്‍ ഇന്നുണ്ട്, നാളെയില്ല , അതായത് അയാള്‍ മരിച്ചുപോയി എന്നര്‍ത്ഥം. അത് സമൂഹത്തിന്‍റെ ദൃഷ്ടിയില്‍ മാത്രമാണ്. നമ്മുടെ പരിമിതമായ അറിവും അനുഭവവും അടിസ്ഥാനമാക്കി നമ്മള്‍ എത്തിച്ചേരുന്ന ഒരു നിഗമനം. എന്നാല്‍ പ്രപഞ്ച പശ്ചാത്തലത്തില്‍ ജീവിതവും മരണവുമില്ല, എല്ലാം ഒരു ലീലയാണ്.

 
 
 
  0 Comments
 
 
Login / to join the conversation1